കൃഷിയിടമായാല്‍ ഇങ്ങനെ വേണം
കൃഷിയിടമായാല്‍ ഇങ്ങനെ വേണം
Saturday, October 12, 2019 4:56 PM IST
വെറുതെ പറയുന്നതല്ല. ഒന്നിനും വിലയില്ലാത്ത ഈ കാലത്ത് സമ്മിശ്ര കൃഷിയേ ശരിയാകൂ. ഇത് തിരിച്ചറിയുന്നതിലാണ് യഥാര്‍ഥ കര്‍ഷകന്റെ മിടുക്ക്. കോട്ടയം പാമ്പാടിക്കടുത്ത് കൂരോപ്പട വാക്കയില്‍ ജോയിമോനും കുടുംബവും ഇക്കാര്യം തിരിച്ചറിഞ്ഞവരാണ്.

പ്രവൃത്തിപഥത്തിലെത്തിച്ചവരുമാണ്. ദീര്‍ഘനാളത്തെ പ്രവാസി ജീവിതത്തിനൊടുവില്‍ 2004 ലാണ് ജോയിയും കുടുംബവും നാട്ടില്‍ തിരിച്ചെത്തുന്നത്. അന്ന് കൃഷിയെന്നാല്‍ റബറും പിന്നെ അല്ലറ ചില്ലറയും: ഇതായിരുന്നു നാട്ടിലെ രീതി. 2014 വരെ അങ്ങനെയങ്ങു തുടര്‍ന്നു. റബറിന് നല്ല വിലയുള്ള കാലം. നാട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ജോയിമോന്‍ ഒരു കടുംകൈയങ്ങുചെയ്തു. റബര്‍ മുറിച്ചുമാറ്റി വാഴയും പച്ചക്കറിയും കിഴങ്ങുവിളകളുമടങ്ങുന്ന സമ്മിശ്ര കൃഷിയിലേക്കു തിരിഞ്ഞു.

വെറും കൃഷിയായിരുന്നില്ല. രണ്ടും കല്പിച്ചുറപ്പിച്ച ശാസ്ത്രീയകൃഷി. എരുമയും പശുവും ആടും കോഴിയും താറാവും മുയലുമൊക്കെയുള്ള അഞ്ചേക്കര്‍ മാതൃകാ കൃഷി. ശരിക്കു പറഞ്ഞാല്‍ മണ്ണില്‍ ചരിത്രമെഴുതുന്ന കര്‍ഷകന്‍.

വിദഗ്ധരെ കൂട്ടി കൃഷി

കടുംകൈയ്ക്കിറങ്ങിയത് ഒറ്റയ്ക്കായിരുന്നില്ല. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പുകള്‍, മുന്‍ അറിവുകളുള്ള കര്‍ഷകര്‍ ഇവരുടെയല്ലാം നിര്‍ദ്ദേശങ്ങള്‍,

പ്രായോഗിക അറിവുകള്‍, ആനുകൂല്യങ്ങള്‍ ഇതെല്ലാം അറിഞ്ഞുറപ്പിച്ചു.

അഞ്ചേക്കറില്‍ 'വാക്കയില്‍ ഫാം സ്' രൂപപ്പെടുത്തലായി അടുത്തപണി. കൂരോപ്പട കൃഷി ഓഫീസര്‍ സി. അമ്പിളി, പാമ്പാടി കൃഷി അസി. ഡയറക്ടര്‍ കോര തോമസ്, വെറ്ററിനറി ഡോക്ടര്‍ കുര്യാക്കോസ് മാത്യു തുടങ്ങിയവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ഫാം ഡിസൈന്‍ പൂര്‍ത്തിയാക്കി.

തീര്‍ത്തും ശാസ്ത്രീയമായിരുന്നു ഫാമിന്റെ രൂപകല്പന. കാലികള്‍ക്കു വേണ്ട തൊഴുത്ത് വായൂസഞ്ചാരമുള്ളതായിരിക്കണം. ആടിനും, മുയലിനും അങ്ങനെതന്നെയാകണം. വെള്ളക്കെട്ട് ഒഴിവാക്കണം. കോഴി വേണം; പക്ഷേ കൃഷിയിടത്തിനു ശല്യമാകരുത്. താറാവും നല്ലതാണ്. പക്ഷെ കൃഷി കിളച്ചാല്‍ ശരിയാകില്ല. പടുതാക്കുളത്തില്‍ മീന്‍ വളര്‍ത്താം. എന്നാല്‍ കൃഷി നനയ്ക്കാനുമാകണം.

പച്ചക്കറി വിളകള്‍ കാര്യമായിത്തന്നെ വേണം. നനയും കളയും വളപ്രയോഗവുമാണ് പ്രശ്‌നം. പുതയിടീലും വെള്ളവും വളവും ഒരുമിച്ച് ചുവട്ടിലെത്തുന്ന ഫെര്‍ട്ടിഗേഷനാണ് പരിഹാരം. പന്തല്‍ വേണ്ടവയ്ക്ക് പന്തലിടുന്നത് ശ്രദ്ധയോടെയാകണം. അല്ലെങ്കില്‍ ചെടിയുടെ പകുതി വളര്‍ച്ചയില്‍ തന്നെ പന്തല്‍ നിലംപൊത്തും.

എങ്ങനെ കഷ്ടപ്പെട്ടായാലും വിളയിച്ചെടുക്കാം. വിറ്റഴിക്കാന്‍ ശരിക്കൊരു വിപണിയില്ലെങ്കില്‍ പെട്ടതുതന്നെ. ഇതെല്ലാം ശരിക്കു കണക്കുകൂട്ടിയായി തുടക്കം. വിഷമില്ലാ പച്ചക്കറി എത്രവന്നാലും മാന്യമായ വിലയ്ക്ക് വിദേശവിപണിയിലെത്തിക്കാന്‍ സ്വകാര്യ കയറ്റുമതി കമ്പനി യും കൃഷിവകുപ്പിന്റെ കര്‍ഷക കൂട്ടായ്മയായ കാഞ്ഞിരപ്പള്ളി ഗ്രീന്‍ഷോറും കര്‍ഷകരുടെ സ്വന്തം നാട്ടുചന്തകളും പിന്തുണയറിയിച്ചപ്പോള്‍ സംഗതി ഉഷാറായി.

കൃഷിയിടമെന്ന പഠനസ്ഥലം

ഇന്ന് വാക്കയില്‍ ഫാംസ് കൃഷി, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളുടെ അംഗീകൃത പഠനകേന്ദ്രമാണ്. കോഴ പ്രാദേശിക കൃഷി പരിശീലന കേന്ദ്രം, ആത്മ (അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി) എന്നിവയുടെ കര്‍ഷക പരിശീലന പരിപാടികള്‍ക്ക് ഈ കൃഷിയിടം വേദിയാകുന്നു.

വാഴ, തെങ്ങ്, പച്ചക്കറി, കിഴങ്ങുവിളകള്‍, പച്ചക്കറിത്തൈ നിര്‍മാണം, നടീല്‍ മുതല്‍ വിപണനം വരെ ശ്രദ്ധിക്കേണ്ട എല്ലാ വിഷയങ്ങളും കൃഷി - അനുബന്ധ വകുപ്പുകള്‍ ഈ കൃഷിയിടത്തില്‍ പഠനവിഷയങ്ങളാക്കുന്നു.

പശു, ആട്, മുയല്‍, കോഴി, താറാവ്, തുടങ്ങിയവയുടെ പരിപാലന രീതികള്‍ ശാസ്ത്രീയമായിത്തന്നെ ഈ വകുപ്പുകള്‍ ഇവിടെ പഠിപ്പിക്കുന്നു.


വൈവിധ്യമാര്‍ന്നതാകണം കൃഷിയിടം

വിവിധ വിളകളുടെ ജനിതക വൈവിധ്യത്താല്‍ ശ്രദ്ധേയമാണ് വാക്കയില്‍ ഫാംസ്. വാഴയാണെങ്കില്‍ തന്നെ പലയിനം. കിഴങ്ങുവിളകള്‍ പലതുണ്ട്. വള്ളിയില്‍ കിഴങ്ങുവിളയിക്കുന്ന അടതാപ്പ് വരെയുണ്ടിവിടെ.

പച്ചക്കറിയിലുമുണ്ട് ഇന വൈവിധ്യം. വെണ്ട, വെള്ളരി, പച്ചമുളക്, വഴുതന, നാടന്‍ മുളക്, നാടന്‍ വഴുതന, തക്കാളി, പാവല്‍, പയര്‍, കുറ്റിപ്പയര്‍, പടവലം, മത്തന്‍ എന്നിങ്ങനെ പോകുന്നു വാക്കയില്‍ ഫാംസിലെ ഈ വിശേഷങ്ങള്‍.

എരുമ, പശു, കാസര്‍ഗോഡന്‍, വെച്ചൂര്‍ എന്നിങ്ങനെ കിടാക്കളടക്കം പതിനെട്ടെണ്ണം. ആടിന്റെ മദര്‍ പ്രജനന യൂണിറ്റ് ശ്രദ്ധേയമാണ്. നാടിനിണങ്ങിയ മലബാറി, ജംനാപ്യാരി, ബീറ്റല്‍, സിരോഹി സങ്കരയിനങ്ങളാണിവിടെ. ലക്ഷണമൊത്ത ആട്ടിന്‍കുട്ടികളെ മിതമായ നിരക്കില്‍ ഇവിടെനിന്നും ആവശ്യക്കാര്‍ക്കു നല്‍കുന്നുമുണ്ട്.

മാതൃ-പിതൃഗുണങ്ങള്‍ കൃത്യമായും പരിഗണിച്ച് വാങ്ങാമെന്ന മെച്ചവുമിവിടുണ്ട്. മേല്‍ത്തരം മുയല്‍കുഞ്ഞുങ്ങള്‍ക്കും ഇന്ന് വിപണിയുണ്ടെന്ന് ഈ മാതൃകാ കര്‍ഷകന്‍ പറയുന്നു.

പൊരുന്നയിരുന്ന് മുട്ടവിരിയിക്കുന്ന നാടന്‍ കോഴികള്‍, കരിങ്കോഴികള്‍, കേരളത്തിന്റെ തനത് ചാര, ചെമ്പല്ലി താറാവുകള്‍ ഇവയെയെല്ലാം ശരിയായി പരിപാലിച്ചാണ് കൃഷി. കുളത്തില്‍ നിന്നും സീസണില്‍ മീന്‍ പിടിച്ചു വില്‍ക്കാറുണ്ട്. ഇത്തരം വൈവിധ്യങ്ങള്‍ സംയോജിപ്പിക്കുന്നതിനാല്‍ തന്നെയാണ് ജോയിക്കിന്നും കൃഷിയില്‍ ചുവടുറപ്പിച്ചു നില്‍ക്കാനാകുന്നത്.

പഠിതാവിനൊപ്പം അധ്യാപകനും

ശരിക്കൊരു കര്‍ഷകന്‍ നിരന്തരം പഠിച്ചും പഠിപ്പിച്ചും കൊണ്ടിരിക്കണമെന്നു ജോയി പറയുന്നു. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ പഠിച്ച കൃഷിയറിവുകള്‍ യാഥാര്‍ഥ്യത്തില്‍ ചാലിച്ചവയായിരുന്നു. ഇത് വര്‍ഷങ്ങളായി തന്റെ ഫാമിലെത്തുന്ന സഹകര്‍ഷകര്‍ക്ക് പകരുന്നുമുണ്ട്. കൂടാതെ നാലായിരത്തോളം പഠിതാക്കളുള്ള പാമ്പാടി ഹരിതലോകം ഓണ്‍ലൈന്‍ ഫാംസ്‌കൂളിലെ അധ്യാപകന്‍ കൂടെയാണ് ജോയി.

കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളകള്‍ കൃഷിചെയ്യാന്‍ കഴിയുന്ന 'ജോയിസ് മള്‍ട്ടി സ്‌റ്റോറീഡ് റെയിന്‍ ഷെല്‍ട്ടര്‍', 'തൊഴിക്കുന്ന പശുവിനെ മെരുക്കുന്ന യന്ത്രം', 'മാതൃകാ മണ്ണിര കമ്പോസ്റ്റ് യൂണിറ്റ്' തുടങ്ങിയ കണ്ടുപിടിത്തങ്ങളും ഈ കര്‍ഷക മാതൃക കണ്ടെത്തിയിട്ടുണ്ട്.

ഒട്ടനവധി പുരസ്‌കാരങ്ങള്‍ ഇക്കാലയളവില്‍ ജോയിയെതേടിയെത്തിയിട്ടുണ്ട്. കൃഷി - മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പുകള്‍, മില്‍മ എന്നിവയുടെ ജില്ലാതല അവാര്‍ഡുകള്‍, തൊടുപുഴ ഗാന്ധിജി സ്റ്റഡിസെന്ററിന്റെ കര്‍ഷകതിലക് പുരസ്‌കാരം, പ്രവാസി കര്‍ഷക അവാര്‍ഡ്, കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടേതടക്കമുള്ള നിരവധി അംഗീകാരങ്ങള്‍ ഈ കര്‍ഷക മാതൃകയ്ക്ക് ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്.

നാട്ടുകാരുടെയും വീട്ടുകാരുടെയും ഉറച്ച പിന്തുണയും കൂട്ടായ കഠിനാധ്വാനവും ഒത്തുചേരുമ്പോള്‍ വിജയം തനിയെ തേടിയെത്തുമെന്ന് പറഞ്ഞ് ഈ യുവകര്‍ഷക മാതൃക തലകുനിയ്ക്കുന്നു.

കൃഷി ഉപജീവനമാര്‍ഗമായി സ്വീകരിക്കാനിഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കൂരോപ്പട വാക്കയില്‍ ഫാംസ് കാണണം. വിളിച്ചിട്ടേ പോകാവൂ. വിളിക്കുന്നവര്‍ വൈകുന്നേരം ഏഴു മുതല്‍ എട്ടു വരെയുള്ള സമയം തെരഞ്ഞെടുത്താല്‍ നന്ന്. ഫോണ്‍: 9744681731. ജോയിയും ഭാര്യ ബെറ്റി കുര്യനും മക്കളായ നവീന്‍ ജോയ്, ജീവന്‍ ജോയ് എന്നിവരും നിങ്ങളെ കാത്തിരിക്കുന്നു.

എ.ജെ. അലക്‌സ്‌റോയ്‌