കാറില്‍വരും കറവക്കാരന്‍
കാറില്‍വരും കറവക്കാരന്‍
Monday, December 23, 2019 5:23 PM IST
കറവയ്ക്ക് ആളില്ലാത്തതിനാല്‍ പശുവളര്‍ത്തല്‍ നിറുത്തിയെന്നും പശുവിനെ വിറ്റെന്നും പരിഭവം വേണ്ട. കറവക്കാരന്‍ രാവിലെയും വൈകുന്നേരവും കാറിലെത്തി പശുവിനെ കറന്നു തരും. എത്ര പശുക്കളുണ്ടെങ്കിലും യന്ത്രത്തില്‍ കറക്കാന്‍ കറവക്കാരെ സജ്ജമാക്കുകയാണ് മില്‍മ. പാറശാല കാരോട് ചെറുകുഴിക്കര സുജിത് ഭവനില്‍ സുജിത് ഇത്തരത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ കറവക്കാരനാണ്. സ്വന്തം തൊഴുത്തില്‍ 12 പശുക്കളെ വളര്‍ത്തുന്നതിനൊപ്പം ഈ ക്ഷീരകര്‍ഷകന്‍ കറവജോലി വിജയകരമായി നിര്‍വഹിക്കുന്നു. ഏഴു വര്‍ഷം ഗള്‍ഫില്‍ ടെക്‌നിക്കല്‍ ജോലിക്കുശേഷം മടങ്ങിയെത്തി പശുവളര്‍ത്തലും കറവജോലിയും നടത്തുന്നതില്‍ ഈ ചെറുപ്പക്കാരന് അഭിമാനം മാത്രം.

മില്‍മ നല്‍കിയ നാനോ കാറില്‍ കറവയന്ത്രങ്ങള്‍ മാത്രമല്ല കറന്റു പോയാല്‍ കറവയ്ക്കുള്ള മോട്ടറും കരുതലായുണ്ട്. മൂന്നോ നാലോ മിനിറ്റേ വേണ്ടിവരൂ യന്ത്രത്തില്‍ ഒരു പശുവിനെ കറന്നെടുക്കാന്‍. 15 ലിറ്റര്‍ വരെ പാല്‍ ഞൊടിയിടയില്‍ കറന്ന് ഏല്‍പ്പിച്ചശേഷം സുജിത് അടുത്ത വീട്ടിലേക്ക് നാനോയില്‍ നീങ്ങുകയായി. കറവ നടത്താന്‍ ആളില്ലെന്ന പേരില്‍ കാരോട് ഗ്രാമത്തില്‍ ഇപ്പോള്‍ ആരും പശുവിനെ വളര്‍ത്താതിരിക്കുന്നില്ല. ആരു വിളിച്ചാലും കാറില്‍ എത്താന്‍ സുജിത് റെഡി. കറവ നടത്താന്‍ ആളായതോടെ പലരും പശുവളര്‍ത്തലില്‍ സജീവമാവുകയും ചെയ്തിരിക്കുന്നു. കറവക്കാരനെ കാറിലെത്തിച്ച് കറവ നടത്തിക്കൊടുക്കുന്ന മില്‍മയുടെ കാല്‍വയ്പ്പിലെ ആദ്യകണ്ണിയാണ് ഈ 32 കാരന്‍. പദ്ധതി വിജയിച്ചതോടെ വിവിധ ജില്ലകളില്‍ മില്‍മയുടെ കാറില്‍ കറവ ജോലി നടത്താന്‍ നിരവധി പേര്‍ മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നു. കാറും കറവയന്ത്രവും ജനറേറ്ററുമെല്ലാം മില്‍മയുടെ മുതല്‍മുടക്കാണ്.

രാവിലെ മൂന്നിനുണര്‍ന്ന് സുജിത് തൊഴുത്തു വൃത്തിയാക്കി പശുക്കളെ കറന്ന് ചെങ്കവിളയിലെ പാല്‍സംഭരണകേന്ദ്രത്തിലെത്തിക്കും. അഞ്ചു മണിയോടെ കാര്‍ ഓടിച്ച് ഐര, ചെങ്കവിള, കാരോട് ഗ്രാമങ്ങളിലേക്ക് സുജിത് എത്തുകയായി. ദിവസം ഇരുപതിലേറെ തൊഴുത്തുകളില്‍ രാവിലെയും വൈകുന്നേരവുമെത്തി പശുക്കളെ കറന്നുകൊടുക്കും. കറവയ്ക്ക് എത്തുംമുമ്പേ വീട്ടുകാര്‍ തൊഴുത്തും പശുക്കളെയും വൃത്തിയാക്കിയിട്ടുണ്ടാവും. കറവയിലൂടെ മാന്യമായ വരുമാനം ഇദ്ദേഹത്തിനു ലഭിക്കുന്നുണ്ട്. അതിലുപരി വലിയൊരു സേവനം ചെയ്യുന്നതിന്റെ സംതൃപ്തിയും. പരമ്പരാഗത കറവക്കാരന് മാസം ആയിരം രൂപയാണ് പ്രതിഫലമെങ്കില്‍ യന്ത്രവുമായി കാറില്‍ എത്തുന്ന സുജിത്തിന് പശു ഒന്നിന് 650 രൂപ നല്‍കിയാല്‍ മതിയാകും. ഇത്തരത്തില്‍ ക്ഷീരകര്‍ഷകന് ഒരു പശുവിന്റെ കറവയില്‍ നിന്നു ലാഭം 350 രൂപ.

കറവയന്ത്രം പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതി അതാത് വീടുകളില്‍ നിന്നു നല്‍കും. വൈദ്യുതിയി ല്ലാതെ വന്നാല്‍ മോട്ടറില്‍ യന്ത്രം പ്രവര്‍ത്തിപ്പിച്ച് കറന്നെടുക്കും. ഇന്ധനച്ചെലവ് അധികമായി നല്‍കണമെന്നു മാത്രം. രാവിലത്തെ കറവ എട്ടു മണിയോടെ തീര്‍ത്ത് സുജിത് വീട്ടിലേക്കു മടങ്ങി സ്വന്തം കൃഷിയില്‍ സജീവമാകും. അച്ഛന്‍ സുരേന്ദ്രന്‍ നായരും അമ്മ വസന്തകുമാരിയും ഭാര്യ നിഷയും കൃഷിയില്‍ സഹായത്തിനുണ്ടാകും. ഉച്ചകഴിഞ്ഞു സ്വന്തം കറവയ്ക്കുശേഷം കറവയ്ക്കായി വീണ്ടും യാത്ര. സുജിത് വളര്‍ത്തുന്ന 12 പശുക്കളില്‍ എട്ടെണ്ണത്തിനെ ഇപ്പോള്‍ കറക്കുന്നുണ്ട്. ജേഴ്‌സി, എച്ച്എഫ് ഇനം പശുക്കളില്‍ നിന്ന് ദിവസം 90 ലിറ്റര്‍വരെ പാല്‍ ലഭിക്കുന്നു. സംഭരണ കേന്ദ്രത്തില്‍ ലിറ്ററിന് 41 രൂപ വരെ വില കിട്ടുന്നുണ്ട്.


കൃഷി എന്നാല്‍ വാഴയാണ് സുജിത്തിനു പ്രധാനം. ഏത്തന്‍, പൂവന്‍, ഞാലിപ്പൂവന്‍, പാളയംകോടന്‍ തുട ങ്ങി എല്ലായിനം വാഴയും തോട്ടത്തിലുണ്ട്. തൊഴുത്തിലെ ചാണകമാണ് വാഴത്തോട്ടത്തിലേക്കുള്ള വളം. അതിനാല്‍ നല്ല തൂക്കമുള്ള കുലകള്‍ ലഭിക്കുന്നു. രാസവളം ഉപയോഗിക്കാറേയില്ല. സ്വന്തം തൊഴുത്തിലെ ചാണകം ഉപയോഗിക്കുന്നതിനാല്‍ കേടു കുറവാണുതാനും. പശുക്കള്‍ക്ക് വേണ്ടിടത്തോളം തീറ്റ പ്പുല്ല് പുരയിടത്തില്‍ വളര്‍ന്നുണ്ട്. കൂടാതെ മില്‍മ സംഘത്തില്‍നിന്ന് കാലിത്തീറ്റയും വാങ്ങും. പശുക്കളുടെ എണ്ണം വര്‍ധിക്കുംതോറും കൂടുതല്‍ വരുമാനം എന്നതാണ് കറവ ജോലിയുടെ നേട്ടം. അമ്പതു പശുക്കളെ കറന്നാല്‍ മാസം മുപ്പതിനായിരത്തിലേ റെ രൂപ ലഭിക്കും. കാറിന്റെ ഇന്ധനവും അറ്റകുറ്റപ്പണികളും കറവക്കാരന്‍ വഹിക്കണമെന്ന വ്യവസ്ഥയിലാണ് മില്‍മ കാര്‍ നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെട്ട തിരുവനന്തപുരം മേഖലയിലാണ് സഞ്ചരിക്കുന്ന കറ വയന്ത്രങ്ങള്‍ എന്ന സംരംഭം വിജയകരമായി നടപ്പിലാക്കിയിരിക്കുന്നത്. നാനോ കാറുകളുടെ ഇരുവശത്തുമാ യി രണ്ടു കറവ യന്ത്രങ്ങള്‍ സ്ഥാപിച്ചതാണ് ഒരു യൂണിറ്റ്.

കറവയന്ത്രങ്ങളും കറവക്കാരനും വന്നതോടെ സമയലാഭത്തിനു പുറമെ ക്ഷീരകര്‍ഷകന് സാമ്പത്തിക ലാഭ വും ഏറി. യന്ത്രമുപയോഗിച്ച് ഒരു പശുവിനെ കറക്കാന്‍ ശരാശരി അഞ്ചു മിനിറ്റു മതിയാകും. ചുരത്തിക്കഴി ഞ്ഞാല്‍ പരമാവധി ഏഴു മിനിറ്റി നുള്ളില്‍ കറന്നു തീരണമെന്നാണു ശാസ്ത്രീയ വശം. കൈ ഉപയോഗിച്ചുള്ള കറവയില്‍ പത്തു മിനിറ്റു മുതല്‍ 15 വരെ മിനിറ്റ് വരെ സമയം വേണ്ടിവരും.

ഇക്കാരണത്താല്‍ പാലിന്റെ അള വില്‍ കുറവുണ്ടാകുന്നു എന്ന പരാതി യന്ത്രം വന്നതോടെ തീരുകയാ ണ്. ഒരു യൂണിറ്റിന് ദിവസം ശരാശരി 100 പശുക്കളെവരെ യന്ത്രത്തില്‍ കറക്കാന്‍ കഴിയും. ഒന്നോ രണ്ടോ പ ശുവുള്ളവര്‍ക്ക് സ്വന്തമായി കറ വയന്ത്രം വാങ്ങുക എന്നതു ബുദ്ധി മുട്ടുള്ള കാര്യമാണ്. ഒരു യന്ത്രത്തിന് ഏകദേശം 50,000 രൂപ വിലയുള്ള സാഹചര്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കു പുതിയ പദ്ധതി വലിയ ആശ്വാസമായിരിക്കുന്നു. ഫോണ്‍: സുജിത്ത്-8281837567

റെജി ജോസഫ്‌