ഡി ഡേയിലെ ഡാര്‍ളിംഗ്
Saturday, December 22, 2018 3:26 PM IST
പെണ്ണേ പെണ്ണേ നിന്‍ കല്ല്യാണമായ്...
പൊന്നും മിന്നും നിന്‍ കണ്ണാരമായ്...
പാട്ടിലെ ഈ വരികളൊക്കെ ശരിയാണ്. പക്ഷേ പൊന്നും മിന്നും മാത്രമല്ല ഇന്നത്തെ പെണ്‍കുട്ടികള്‍ക്കു പ്രധാനം. വിവാഹം നിശ്ചയിക്കുന്ന നാള്‍ മുതല്‍ ആരംഭിക്കും തങ്ങളുടെ ഡി ഡേയ്ക്കായുള്ള ഒരുക്കങ്ങള്‍. സാരിയെക്കുറിച്ചും ആഭരങ്ങളെക്കുറിച്ചും ഏകദേശം ധാരണയിലെത്തിക്കഴിഞ്ഞാല്‍ പിന്നെ വിവാഹദിവസത്തെ മേക്കപ്പ് ആണ് ഏറ്റവും പ്രധാനം. ഒരു ദിവസത്തെ മേക്കപ്പ്‌കൊണ്ട് വിവാഹദിവസം തിളങ്ങിനില്‍ക്കാന്‍ സാധിക്കണമെന്നില്ല. മാത്രമല്ല മേക്കപ്പ് മാറ്റിക്കഴിഞ്ഞാലും പുതുപ്പെണ്ണിന്റെ മുഖത്ത് തിളക്കം വേണമല്ലോ. ഇവിടെയാണ് പ്രീ െ്രെബഡല്‍ സെഷന്റെ പ്രാധാന്യം.
എന്താണ് പ്രീ ബ്രൈഡല്‍ സെഷന്‍?
വിവാഹദിവസത്തെ മേക്കപ്പ് മനോഹരവും പെര്‍ഫെക്ടും ആക്കുന്നതില്‍ പ്രീ െ്രെബഡല്‍ സെഷന് വലിയ പ്രാധാന്യമാണുള്ളത്. മുഖക്കുരു, മുഖത്തെ അമിത രോമവളര്‍ച്ച, കരിവാളിപ്പ്, താരന്‍, മുടികൊഴിച്ചില്‍, മുഖത്തെ കറുത്ത പാടുകള്‍ തുടങ്ങി ചര്‍മത്തിന്റെ എല്ലാ പ്രശ്‌നങ്ങളും പ്രീ െ്രെബഡല്‍ സെഷനിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കും. വിവാഹത്തിനു രണ്ടോ മൂന്നോ മാസം മുന്‍പ് പ്രീ െ്രെബഡല്‍ ട്രീറ്റ്‌മെന്റ് ആരംഭിക്കണം.
മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ തെരഞ്ഞെടുക്കുമ്പോള്‍
എത്രയൊക്കെ ഒരുക്കങ്ങള്‍ നടത്തിയാലും ഡി ഡേയുടെ ക്രെഡിറ്റ് മുഴുവന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിനാണ്. വധു സുന്ദരിയായിരുന്നാലും അല്ലെങ്കിലും എല്ലാവരും ആദ്യം തിരക്കുന്നത് 'ആരാണ് മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ്?' എന്നാണ്. അതുകൊണ്ടുതന്നെ വിവാഹത്തിനും അനുബന്ധചടങ്ങുകള്‍ക്കും വധൂ വരന്മാരെ ഒരുക്കാന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ തെരഞ്ഞെടുക്കുമ്പോള്‍ പ്രഫഷണല്‍ ആര്‍ട്ടിസ്റ്റുകളെ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പ്രവൃത്തി പരിചയം തന്നെയാണ് പ്രധാന മാനദണ്ഡം. അവര്‍ മുമ്പ് ചെയ്തിട്ടുള്ള മേക്കപ്പിന്റെ ചിത്രങ്ങള്‍ കൂടി നോക്കി പൂര്‍ണമായും തൃപ്തിയായാല്‍ മാത്രം വര്‍ക്ക് ഏല്‍പ്പിക്കാം. ഇതിനോടൊപ്പം തന്നെ പ്രീ െ്രെബഡല്‍ ട്രയലും നിര്‍ബന്ധമായി നടത്തണം. നിങ്ങളുടെ മനസിലുള്ള സ്‌റ്റൈല്‍ ഒരുപക്ഷേ നിങ്ങളുടെ മുഖത്തിന് ഇണങ്ങണമെന്നില്ല.
മേക്കപ്പ് ആര്‍ട്ടിസ്റ്റുമായി സംസാരിക്കുക
വിവാഹത്തിന് ഒരുങ്ങാന്‍ ഉദ്ദേശിക്കുന്ന രീതി, ഹെയര്‍ സ്‌റ്റൈല്‍, ഐ മേക്കപ്പ് തുടങ്ങിയവയെക്കുറിച്ച് ബ്യൂട്ടീഷനുമായി സംസാരിക്കുക. ഇഷ്ടപ്പെട്ട മോഡല്‍ ഏതെങ്കിലുമുണ്ടെങ്കില്‍ അതിന്റെ ചിത്രം കൈയില്‍ കരുതുകയോ ആര്‍ട്ടിസ്റ്റിന്റെ മുന്‍ വര്‍ക്കുകളില്‍ നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കുകയോ ചെയ്യാം. ഇതു നിങ്ങള്‍ക്ക് ഇണങ്ങുമോ എന്നു നോക്കേണ്ടതും പ്രധാനമാണ്. അലര്‍ജിയുള്ള ക്രീമുകളോ ബ്രാന്‍ഡുകളോ ഉണ്ടെങ്കില്‍ അതു പ്രത്യേകം എടുത്തു പറയുക.
ഫേഷ്യല്‍
വധുവിന്റെ അടുത്ത സുഹൃത്ത് എന്നാണ് ഫേഷ്യലുകളെ പറയുന്നത്. ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസത്തിനായി ഒരുങ്ങുമ്പോള്‍ ചര്‍മത്തിന് അല്‍പം കരുതല്‍ കൂടുതല്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. ഫേഷ്യല്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ചര്‍മത്തിനു ചേരുന്ന ഫേഷ്യലുകള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മൃതകോശങ്ങള്‍ നീക്കി ചര്‍മത്തിന് ഉണര്‍വും ഉന്മേഷവും നല്‍കാന്‍ ഫേഷ്യലിലൂടെ സാധിക്കും.
വാക്‌സിംഗ് രണ്ടു മാസം മുന്‍പ്
വിവാഹത്തിനു രണ്ടു മാസം മുന്‍പ് വാക്‌സിംഗ് ചെയ്തു തുടങ്ങാം. സൗന്ദര്യ സംരക്ഷണത്തിന്റെ മാത്രമല്ല, വ്യക്തിശുചിത്വത്തിന്റെ കൂടെ ഭാഗമാണ് വാക്‌സിംഗ്. പെെട്ടന്ന് വാക്‌സ് ചെയ്യുമ്പോള്‍ ചര്‍മം ചുവന്നു തടിക്കാനോ ചൊറിച്ചിലോ മറ്റ് ഇന്‍ഫെക്ഷനുകളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വിവാഹത്തോടടുത്ത് അത്തരം ഒരു റിസ്‌ക് എടുക്കുന്നതു ബുദ്ധിയല്ലാത്തതുകൊണ്ടാണ് രണ്ടു മാസം മുന്‍പ് വാക്‌സിംഗ് ചെയ്യണം എന്നു പറയുന്നത്. മാത്രമല്ല വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പ് മാറ്റാനും വാക്‌സിംഗ് സഹായിക്കും.
മുടിയഴകിന് കെരാറ്റിന്‍ ട്രീറ്റ്‌മെന്റ്
കറുകറെ ഇടതൂര്‍ന്നു കിടക്കുന്ന മുടി എന്നും പെണ്ണിനഴകാണ്. കട്ടിയില്ലാത്ത പരുപരുത്ത മുടി ഒരു പെണ്ണും ആഗ്രഹിക്കുന്നില്ലല്ലോ. എന്നാല്‍ ഇന്നു ജീവിതരീതികളിലുണ്ടായ മാറ്റങ്ങളുടെ ഫലമായി പെണ്‍കുട്ടികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് മുടിയുമായി ബന്ധപ്പെട്ടവ. താരന്‍, കനം കുറഞ്ഞ് മുടി പൊട്ടിപ്പോകുക, അറ്റം മുറിഞ്ഞു പോകുക തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും.
മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കാന്‍ കെരാറ്റിന്‍ ട്രീറ്റ്‌മെന്റ് വളരെ സഹായകമാണ്. ആറു മുതല്‍ എട്ടു മാസം വരെ കെരാറ്റിന്‍ ട്രീറ്റ്‌മെന്റ് നിലനില്‍ക്കും. അതായത് വിവാഹത്തിനു മാത്രമല്ല അതിനു ശേഷവും മുടിയുടെ ഭംഗി നിലനില്‍ക്കും. സ്പായും പ്രോട്ടീന്‍ ട്രീറ്റ്‌മെന്റും ചെയ്യുന്നതും വളരെ നല്ലതാണ്. വിവാഹത്തിന് ഒരു മാസം മുന്‍പ് കെരാറ്റിന്‍ ട്രീറ്റ്‌മെന്റ് ചെയ്യാം.
ഡീ ടാനിംഗ് ട്രീറ്റ്‌മെന്റ്
അമിതമായി വെയിലേറ്റ് മുഖത്ത് കരിവാളിപ്പു വീണിട്ടുണ്ടെങ്കില്‍ അതു മാറ്റാന്‍ ഡീ ടാനിംഗ് ട്രീറ്റ്‌മെന്റ് സഹായിക്കും.
ശരീര സൗന്ദര്യത്തിന് ബോഡി പോളിഷിംഗ്
മുഖംപോലെ തന്നെ പ്രധാനമാണല്ലോ ശരീരത്തിന്റെ സൗന്ദര്യ വും. ശരീരത്തിന് അഴകും തിളക്കവും കിട്ടാന്‍ ഫുള്‍ ബോഡി വാക്‌സിംഗ്, ബോഡി പോളിഷിംഗ് എന്നിവ ചെയ്യാം. നാല്‍പാമരാദി വെളിച്ചെണ്ണ, ചെമ്പരത്ത്യാദി വെളിച്ചെണ്ണ തുടങ്ങിയവ പതിവായി ദേഹത്ത് തേച്ചു കുളിക്കുന്നതും ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും. സോപ്പ് ഒഴിവാക്കി പയര്‍പൊടി, കടലമാവ്, സ്‌നാന ചൂര്‍ണം എന്നിവ ഉപയോഗിക്കുന്നതും നല്ലതാണ്.
പുത്തന്‍ പരീക്ഷണങ്ങള്‍ മൂന്നു മാസം മുന്‍പ്
തലമുടിക്കു ഭംഗി കൂട്ടാന്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതു മൂന്നു മാസം മുന്‍പെങ്കിലും വേണം. ഹെയര്‍ കളറിംഗ്, സ്‌ട്രെയിറ്റനിംഗ്, കര്‍ളിംഗ് തുടങ്ങിയവ ചെയ്യുന്നതിനു മുന്‍പ് ടെംപററി ആയി ചെയ്തു നോക്കുക. ഇണങ്ങുന്നുണ്ട്, അലര്‍ജിയൊന്നുമില്ല എന്നുറപ്പാക്കിയതിനു ശേഷമാകാം പെര്‍മനന്റ് ചെയ്യുന്നത്.
ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ തന്നെ ക്ലന്‍സിംഗ്, ടോണിംഗ്, മോയ്‌സ്ച്ചറൈസിംഗ്
ആരോഗ്യമുള്ള ചര്‍മത്തിന് ഇവ മൂന്നും വളരെ അത്യാവശ്യമാണ്. കൃത്യമായി ചര്‍മം വൃത്തിയാക്കുന്നതു ചര്‍മത്തിലെ സുഷിരങ്ങള്‍ തുറക്കുന്നതിനും അതുവഴി ചര്‍മത്തിനു ശ്വസിക്കാനും സഹായിക്കുന്നു. രാവിലെ ഉറക്കമുണര്‍ന്നാലുടന്‍ മുഖം തണുത്ത വെള്ളമുപയോഗിച്ചു കഴുകണം. കഴിവതും സോപ്പിനു പകരം ഫേസ് വാഷ് ഉപയോഗിക്കാന്‍ ശ്രമിക്കുക. മുഖം കഴുകിയാലുടന്‍ ചര്‍മത്തിനിണങ്ങുന്ന മോയിസ്ച്ചറൈസര്‍ പുരട്ടണം. പുറത്തേക്കു പോവുകയാണെങ്കില്‍ നിര്‍ബന്ധമായും സണ്‍സ്‌ക്രീന്‍ ലോഷനോ ക്രീമോ ഇടണം.
പകല്‍ മാത്രമല്ല, രാത്രിയിലും ചര്‍മത്തിനു പ്രത്യേക ശ്രദ്ധയും കരുതലും നല്‍കണം. യാതൊരു കാരണവശാലും മുഖത്തെ മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങരുത്. വെളിച്ചെണ്ണയോ വാസലിനോ പഞ്ഞിയില്‍ മുക്കി തുടച്ചെടുത്താല്‍ മേക്കപ്പ് പൂര്‍ണമായി നീക്കം ചെയ്യാം.
ഹോട്ട് ഓയില്‍ മസാജ്
വെളിച്ചെണ്ണ അല്ലെങ്കില്‍ നിങ്ങള്‍ പതിവായി തലയില്‍ തേക്കുന്ന എണ്ണ ചൂടാക്കി ചെറു ചൂടോടെ തലയില്‍ നന്നായി മസാജ് ചെയ്തു തേച്ചു പിടിപ്പിക്കുക. മസാജ് ചെയ്ത ശേഷം നല്ല കട്ടിയുള്ള ടല്‍ ചൂടു വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് തലയില്‍ ചുറ്റിവയ്ക്കണം. ഇത് മൂന്നു നാലു പ്രാവശ്യം ആവര്‍ത്തിക്കുക. ശേഷം മൈല്‍ഡ് ഷാംപു ഉപയോഗിച്ച് തല കഴുകാം. കണ്ടീഷണര്‍ ഇടാന്‍ മറക്കരുത്. ഒരുപിടി ഉലുവ വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം അരച്ച് തലയില്‍ പുരട്ടുക. അരമണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കണ്ടീഷന്‍ ചെയ്യാം. മാസത്തില്‍ രണ്ടു പ്രാവശ്യം ഇതാവര്‍ത്തിച്ചാല്‍ താരന്റെ ശല്യം മാറും. ദിവസവും തല കുളിക്കുന്നത് ഒഴിവാക്കുക. ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം മാത്രം തല കഴുകിയാല്‍ മതി.
വിവാഹത്തിനു മൂന്നോ നാലോ ദിവസം മുന്‍പ് ചെയ്യേണ്ടവ
ബ്ലീച്ചിംഗ്, ഫേഷ്യല്‍, ത്രെഡിംഗ്, പെഡിക്യുര്‍, മാനിക്യുര്‍, ഹെയര്‍ സ്പാ, റിലാക്‌സിംഗ് മസാജ്, ബോഡി സ്‌ക്രബ് ആന്‍ഡ് പോളിഷിംഗ് തുടങ്ങിയവ വിവാഹത്തിനു മൂന്നോ നാലോ ദിവസം മുന്‍പ് ചെയ്യേണ്ടതാണ്.
ഇത് ശ്രദ്ധിക്കാം
* ബ്ലീച്ച്, ഫേഷ്യല്‍ എന്നിവ ചെയ്തു കഴിഞ്ഞാല്‍ വെയില്‍ കൊള്ളാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
* സോപ്പ്, ഫേസ്‌വാഷ് തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യാം.
* പുറത്തേക്കിറങ്ങുമ്പോള്‍ കൈയും കാലും മറയുന്ന തരം വസ്ത്രങ്ങള്‍ ഉപയോഗിക്കുക. കഴുത്തില്‍ സ്‌റ്റോളും ഇടാം. വെയിലേറ്റുള്ള കരിവാളിപ്പ് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും.
* ജാതിക്കക്കുരു പൊടിച്ചത് തൈരില്‍ ചാലിച്ചു മുഖത്തു പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളഞ്ഞാല്‍ മുഖക്കുരുവിന്റെ പാടുകള്‍ മാറി മുഖശോഭ വര്‍ധിക്കും.
* പപ്പായ അരച്ച് മുഖത്തു പുരട്ടിയാല്‍ മുഖത്തിനു നിറം കിട്ടും.

അഞ്ജലി അനില്‍കുമാര്‍
വിവരങ്ങള്‍ക്ക് കടപ്പാട്: ആര്‍. ചിത്ര
ഉമ ഹെര്‍ബല്‍ ബ്യൂട്ടി പാര്‍ലര്‍, തിരുവനന്തപുരം