വാട്സ്ആപ്പിലൂടെ വെജ് റ്റു ഹോം
Tuesday, August 13, 2019 3:50 PM IST
ഓണ്‍ലൈന്‍ ബിസിനസിന്റെ കാലമാണല്ലോ ഇത്. ഒരു ഓണ്‍ലൈന്‍ ഓര്‍ഡറില്‍ എന്തും വീട്ടുപടിക്കലെത്തുന്നകാലം. കറിവയ്ക്കാനുള്ള പച്ചക്കറിയും മുട്ടയും മാംസവുമെല്ലാം കര്‍ഷകനു തന്നെ ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കാനായാല്‍ പിന്നെ വിപണിയന്വേഷിച്ച് മറ്റെവിടെയും നടക്കേണ്ടി വരില്ല. ഓണ്‍ലൈന്‍ ബിസിനസ് മാതൃകകള്‍ കൃഷിയില്‍ കൊണ്ടുവന്ന് പുതിയ തരംഗം സൃഷ്ടിക്കുകയാണ് ആലപ്പുഴ പുത്തനമ്പലത്തിലെ ഭാഗ്യയില്‍ ഭാഗ്യരാജ് എന്ന യുവകര്‍ഷകന്‍. കൊമേഴ്‌സില്‍ ബിരുദവും എച്ച്.ആര്‍ ആന്‍ഡ് ഫിനാന്‍സില്‍ എംബിഎയും കഴിഞ്ഞ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ പൂനെ ഓഫീസില്‍ ക്വാളിറ്റി ടെസ്റ്ററായി ലഭിച്ച ജോലിയുമുപേക്ഷിച്ചാണ് ഭാഗ്യരാജ് കൃഷിയിലേക്കു തിരിഞ്ഞത്. കമ്പനിയിലെ സമ്മര്‍ദ്ദവും വീട്ടില്‍ ത ന്നെ നില്‍ക്കാനുള്ള ആഗ്രഹവുമെല്ലാം ശക്തമായപ്പോള്‍ കൃഷിയായി പാത. കൃഷിയോട് ചെറുപ്പത്തിലേ തന്നെ താത്പര്യമുണ്ടായിരുന്നു. ജോലിയൊക്കെ രാജിവച്ച് കൃഷി ജീവിതമാര്‍ഗമാക്കാനുറച്ച് നാട്ടിലെത്തിയപ്പള്‍ കൂടെക്കൂടാന്‍ ചങ്ക് ബ്രോകള്‍ അനവധി. പച്ച ക്കറി കൃഷി ചെയ്ത് സ്വന്തം കടയിലൂടെ വില്‍ക്കുകയും മറ്റുകര്‍ഷകരെ കൃഷിയില്‍ സ്വയം പര്യാപ്തരാക്കുകയും ചെയ്യുന്ന സുജിത്ത് എന്ന നാട്ടുകാരനായ യുവകര്‍ഷകനെ പരിചയപ്പെട്ടത് വഴിത്തിരിവായി.
നിലമൊരുക്കല്‍ യന്ത്രസഹായത്തോടെ
വര്‍ഷത്തില്‍ ഒരിക്കല്‍ കൃഷി തുടങ്ങുന്നതിനു മുമ്പ് ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഉഴുതുമറിക്കും. ഇതിനൊപ്പം മണ്ണിന്റെ പിഎച്ച് ക്രമീകരിക്കുന്നതിന് കുമ്മായം തൂളി അതും മണ്ണില്‍ ഉഴുതുചേര്‍ക്കും. ഒരേക്കര്‍ നിലമുഴാന്‍ മൂന്നു മണിക്കൂര്‍ ധാരാളം മതിയാകും. അതിനുശേഷം യന്ത്രസഹായത്താല്‍തന്നെ വാരങ്ങള്‍ കോരും. ഇതില്‍ ആദ്യം ചാണകമിടും. പിന്നീട് കോഴിവളംകൂടി ചേര്‍ത്ത് പുറത്ത് മണ്ണിടും. ഇതിനുമുകളില്‍ ചാരവും കോഴിക്കാഷ്ഠവും ഇടും. ഏറ്റവും മുകളിലായി ഉമിയും തൂളി മള്‍ച്ചിംഗ് ഷീറ്റുകൊണ്ട് വാരം മൂടും. രണ്ടോ മൂന്നോ ദിവസത്തിനു ശേഷം മള്‍ച്ചിംഗ് ഷീറ്റില്‍ ദ്വാരങ്ങളുണ്ടാക്കി വിത്തോ തൈകളോ നടും. ഒരു മള്‍ച്ചിംഗ് ഷീറ്റുപയോഗിച്ച് മൂന്നു കൃഷിവരെ ചെയ്യാമെന്ന് ഭാഗ്യരാജ് പറയുന്നു. കോഴിവളം തമിഴ്‌നാട്ടില്‍ നിന്നാണെടുക്കുന്നത് ചാക്കിന് 95 രൂപനിരക്കില്‍ ഓര്‍ഡര്‍ അനുസരിച്ച് കോഴിവളം വീട്ടിലെത്തും. ഒരേക്കറിലേക്ക് 800 ചാക്ക് കോഴിവളമാണ് വേണ്ടത്. 22 കിലോയാണ് ഒരു ചാക്കിന്റെ തൂക്കം.
ജലസേചനത്തിന് ഡ്രിപ് റിഗേഷന്‍
മള്‍ച്ചിംഗ് ഷീറ്റിനുള്ളില്‍ ഡ്രിപ് ഇറിഗേഷന്‍ പൈപ്പിട്ടാണ് ജലസേചനം. ആഴ്ചയിലൊരിക്കല്‍ അഗ്രം തുറന്ന് വെള്ളം പമ്പ് ചെയ്യുന്നതിനാല്‍ പൈപ്പ് വൃത്തിയാകും. ഇതിലൂടെ മാസത്തില്‍ രണ്ടുതവണ ഗോമൂത്രം കയറ്റിവിടും. ഇതു കഴിഞ്ഞു ലഭിക്കുന്ന കായകള്‍ക്ക് രുചിയും തൂക്കവും കൂടുമെന്ന് ഈ യുവകര്‍ഷകന്‍ പറയുന്നു. ഫില്‍ട്ടറിംഗ് സംവിധാനത്തിലൂടെ ജലം കടന്നുപോകുന്നതിനാല്‍ പൈപ്പില്‍ തടസമോ മറ്റോ ഉണ്ടാകാറില്ല.
അത്യുത്പാദന ശേഷിയുള്ള വിത്ത്
ബെയറിന്റെ അത്യുത്പാദന ശേ ഷിയുള്ള സാമ്രാട്ട് എന്ന വെണ്ട വിത്താണ് കൃഷിചെയ്യാനുപയോഗിക്കുന്നത്. നാംധാരിയുടെ സിറ എന്നയിനം വിത്താണ് പച്ചമുളക് കൃഷിയിലെ കൂട്ടാളി. വെണ്ട വിത്തിട്ട് കിളിര്‍പ്പിക്കുകയാണു ചെയ്യുന്നത്. എന്നാല്‍ പച്ചമുളക് വിത്തിടാന്‍ പ്രയാസമായതിനാല്‍ തൈവാങ്ങിയാണ് നടുന്നത്. വെണ്ട വിത്ത് ഓണ്‍ലൈനി ല്‍ ഓര്‍ഡര്‍ ചെയ്യും. 7000 വിത്തുള്ള പായ്ക്കറ്റിന് 3000 രൂപയാണ് വില. കടകളില്‍ നിന്നു വിത്തുവാങ്ങുന്നതിനേക്കാള്‍ വളരെ വിലക്കുറവില്‍ ഓണ്‍ലൈനില്‍ നിന്നു ലഭിക്കുമെന്ന് ഭാഗ്യരാജ് പറയുന്നു. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിനു സമീപമുള്ള സ്വന്തം കടയിലൂടെയാണ് പ്രധാനമായും പച്ചക്കറികള്‍ വില്‍ക്കുന്നത്. വിഷരഹിതപച്ചക്കറികളായതിനാല്‍ വിലകൂട്ടി വാങ്ങാന്‍ ആളുകള്‍ നിരവധിയുണ്ട്. ഇതിനാല്‍ വിപണി പ്രശ്‌നമാകുന്നില്ല.
വാട്‌സ്ആപ്പ് വഴി ഓണ്‍ലൈന്‍ വില്‍പന
വാട്‌സ്ആപ്പിന്റെ സാധ്യതകള്‍ പ്ര യോജനപ്പെടുത്തിയാണ് ഭാഗ്യരാജ് ഓണ്‍ലൈന്‍ പച്ചക്കറി വ്യാപാരം ശക്തമാക്കുന്നത്. പ്രദേശത്തെ 100 ലധികം ജൈവകര്‍ഷകരും ഭാഗ്യരാജിന്റെ ഓണ്‍ലൈന്‍ വിപണിയിലേക്ക് ഉത്പന്നമെത്തിക്കുന്നു. 200 ലധികം അംഗങ്ങളുള്ള നാല് വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിനാണ് ഭാഗ്യരാജ്. ഓരോദിവസവും ലഭ്യമായ പച്ചക്കറികളും കൂടാതെ നാടന്‍കോഴി, കുട്ടനാടന്‍ താറാവ്, കാട എന്നിവയുടെയുമെല്ലാം ഇറച്ചിയും ലഭ്യമായ സമയത്ത് മുട്ടയും ഓര്‍ഡര്‍ അനുസരിച്ച് വീടുകളില്‍ എത്തിച്ചുകൊടുക്കുന്നു. രാവിലെ തന്നെ ഓരോദിവസത്തെയും നാടന്‍, വരവ് പച്ചക്കറികളുടെ വിവരവും വിലയും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇടും. ആവശ്യമുള്ളവര്‍ ഓര്‍ഡര്‍ ഈ ഗ്രൂപ്പില്‍ തന്നെയിട്ട് ലൊക്കേഷനും ഷെയര്‍ ചെയ്താല്‍ പച്ചക്കറിയും ഇറച്ചിയുമെല്ലാം വീട്ടിലെത്തും.

ഇതറിയാത്തവര്‍ക്ക് മൊബൈലി ല്‍ നേരിട്ടുവിളിച്ച് ഓര്‍ഡര്‍ നല്‍കുകയുമാകാം. ആലപ്പുഴ ജില്ലയിലെ അരൂര്‍ മുതല്‍ ആലപ്പുഴ നഗരം വരെയാണ് ഇപ്പോള്‍ പച്ചക്കറിയെത്തിക്കുന്നത്. ഇത് ഒരു ആപ്ലിക്കേഷനാക്കി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും ആലോചിച്ചു വരുന്നു. വെജ് റ്റു ഹോം എന്നാണ് വാട്‌സ്ആപ്പ് പച്ചക്കറി വില്‍പന രീതിക്കു നല്‍കിയിരിക്കുന്ന പേര്. വീടുകളിലെത്തിച്ചു നല്‍കുന്നതിന് പ്രത്യേകം ചാര്‍ജ് ഒന്നും വാങ്ങിക്കുന്നില്ല. ഇതിനായി നാലഞ്ച് ജീവനക്കാരുമുണ്ട് കൂട്ട്. ആലപ്പുഴ എസ്പി ഓഫീസില്‍ ആഴ്ചയില്‍ 5000 രൂപയ്ക്കുമുകളില്‍ പച്ചക്കറി ഓര്‍ഡര്‍ ഉദ്യോഗസ്ഥര്‍ തന്നെ നല്‍കും. എല്‍ഐസി, ജലസേചനവകുപ്പ് തുടങ്ങി സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം വെജ് റ്റു ഹോം പച്ചക്കറിയെത്തുന്നു. 1000പേര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ സ്ഥിരം ഓര്‍ഡര്‍ നല്‍കുന്നു. മെസേജ് വഴിയും ഫോണ്‍ ചെയ്തും ഓര്‍ഡര്‍ നല്‍കുന്നവരുമുണ്ട്.
കേരളായൂണിവേഴ്‌സിറ്റിയിലെ ഷട്ടില്‍ബാഡ്മിന്റന്‍ കളിക്കാരനായിരുന്ന ഭാഗ്യരാജിന് അല്‍പം അഭിനയവുമൊക്കെയുണ്ടായിരുന്നു. വീ ണ്ടും ജ്വാലയായ് എന്ന സീരിയലില്‍ കപ്യാര്‍ ടോമിച്ചനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഭാഗ്യരാജാണ്.
ഭാര്യ ആതിരയും അച്ഛന്‍ ബാലസുന്ദറും അമ്മ പുഷ്പയുമെല്ലാം ഭാഗ്യരാജിന്റെ കൃഷിക്കൊപ്പം തന്നെയുണ്ട്. വിഷു, ഓണം, ക്രിസ്മസ് ദിവസങ്ങളില്‍ പൊതിച്ചോറും ബിരിയാണിയുമൊക്കെയുണ്ടാക്കി വഴിയരുകിലിരിക്കുന്നവര്‍ക്ക് നല്‍കുന്ന പതിവുണ്ട് ഭാഗ്യരാജിന്. പച്ചക്കറികൃഷിയിലൂടെ കിട്ടുന്ന ലാഭത്തിന്റെ പത്തുശതമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നു. മാസത്തിലെ അവസാന ഞായറാഴ്ച സമീപത്തെ വൃദ്ധസദനത്തില്‍ ഇത്തരത്തില്‍ ഭാഗ്യരാജും സുഹൃത്തുക്കളും ചേര്‍ന്ന് ഊണുനല്‍കുന്നുണ്ട്.
അരങ്ങേറ്റം പാട്ടക്കൃഷിയിലൂടെ
കൂറ്റുവേലി സ്‌കൂളിനു സമീപമുള്ള 80 സെന്റ് പാട്ടത്തിനെടുത്തായിരുന്നു കൃഷിയിലെ അരങ്ങേറ്റം. ചീരയും വെണ്ടയും ഇടകലര്‍ത്തിയുള്ള കൃഷിയാണ് നടത്തിയത്. രണ്ടും തമ്മില്‍ 45 സെന്റീമീറ്റര്‍ ഇടയകലം ക്രമീകരിച്ചു. നട്ട് 25-30 ദിവസത്തിനുള്ളില്‍ തന്നെ വെണ്ട വിളവെടുപ്പിനു തയാറായി. 600 കിലോ ചീര 30 ദിവസത്തിനുള്ളില്‍ തന്നെ വിളവെടുത്തു. കിലോയ്ക്ക് 80 രൂപ ശരാശരി വില ലഭിച്ചു. പിന്നീട് മണ്ണിലെ വളം കുറയുന്നതനുസരിച്ച് വിളവും താണു. ചീരപറിച്ച ശേഷം ഒന്നു കിളച്ച് ഇതില്‍ വെണ്ടയും മത്തനും മാറിമാറി നട്ടു. ചിലയിടത്ത് ചീര തന്നെയായിരുന്നു രണ്ടാം പ്രാവശ്യവും നട്ടത്.
ഒരു വെണ്ടയില്‍ നിന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ വിളവെടുക്കാം. 20 പ്രാവശ്യം വരെ ഇങ്ങനെ ഫലം ലഭിക്കും. ഒരു ചെടിക്ക് 40 ദിവസത്തെ ആയുസുണ്ട്. 600 കിലോ വെണ്ടയ്ക്കയും വിളഞ്ഞു. കിലോയ്ക്ക് ശരാശരി 35 രൂപ നിരക്കില്‍ വെണ്ട വില്‍പന നടന്നു. ഭൂമി ഒരുക്കി കൃഷി ചെയ്യാന്‍ ഒന്നരലക്ഷം രൂപ ചെലവായി. എന്നാല്‍ ഇത് എട്ടുമാസത്തെ കൃഷിയില്‍ നിന്നു തന്നെ തിരിച്ചുകിട്ടി. ബാക്കി നാലുമാസത്തെ കൃഷി ലാഭക്കണക്കിലേക്കുമാറി. കൃഷിവകുപ്പില്‍ നിന്ന് സബ്‌സിഡിയായി 35,000 രൂപയും ലഭിച്ചു. ഇതെല്ലാം കൂടുതല്‍ സ്ഥലത്തേക്ക് ഉത്പാദനം വ്യാപിപ്പിക്കുന്നതിനുള്ള പ്രചോദനമായി.
ആദ്യകൃഷിയിലെ ലാഭം കൊണ്ട് കൃഷി ഒരേക്കറിലേക്ക് വ്യാപിപ്പിച്ചു. സ്ഥലമൊന്നു മാറിയെന്നു മാത്രം. സെന്റ് മൈക്കിള്‍സ് കോളജിന്റെ ഒരേക്കറിലായിരുന്നു കൃഷി. ഇവിടെ നെയ് കുമ്പളമാണ് കൃഷി ചെയ്തത്. 1500 കിലോ നെയ് കുമ്പളം ഇവിടെ വിളഞ്ഞു. കിലോയ്ക്ക് 60 രൂപ നിരക്കില്‍ ഇതും വിറ്റുപോയി. ഒറ്റക്കൃഷിയേ നടത്തിയുള്ളൂയെങ്കിലും ഇതും ലാഭമായിരുന്നു. പിന്നെ പച്ചക്കറി, വെണ്ട എന്നിവയെല്ലാം കൃഷിചെയ്തുവന്നപ്പോള്‍ ആഫ്രിക്കന്‍ ഒച്ച് വില്ലനായി. ഇതിനാല്‍ ഇവിടത്തെ കൃഷി താത്കാലികമായി നിര്‍ത്തി. ഇപ്പോള്‍ ഏഴു സ്ഥലങ്ങളിലായി ഒമ്പതേക്കറിലാണ് ഭാഗ്യരാജിന്റെ പച്ചക്കറിക്കൃഷി. വെണ്ടയും പച്ചമുളകുമാണ് പ്രധാനം. അതിനുശേഷം മത്തന്‍ നടും. കോഴി, താറാവ്, മത്സ്യം എന്നിവയുമുണ്ട് കൃഷിയിടത്തില്‍.
കൃഷി വ്യാപനവും
കൃഷിചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് കൃഷി ചെയ്തു കൊടുക്കുന്നുമുണ്ട് ഭാഗ്യരാജ്. സ്‌കൂളുകളിലും വീടുകളിലുമെല്ലാം ഈ യുവകര്‍ഷകന്‍ കൃഷിയുമായെത്തുന്നു. കൃഷിയിലെ ലാഭത്തില്‍ നിന്നു തന്നെ താന്‍ ഒരു കാര്‍ വാങ്ങിയെന്നും അഭിമാനത്തോടെ ഭാഗ്യരാജ് പറയുന്നു. മാസം 50, 000 രൂപയില്‍ കുറയാത്ത വരുമാനം കൃഷി നല്‍കുന്നു. പിന്നെ സന്തോഷവും സമാധാനവും വേറെ.
കൃഷി തുടങ്ങുന്ന ഒരാഴ്ചമാത്രമാണ് നല്ല ജോലിയുള്ളത്. പിന്നീട് വിളവെടുക്കാനുള്ള സമയത്തേ ജോലിയുള്ളൂ. കീടരോഗ ബാധകളും കാര്യമായില്ല. ഉപയോഗിക്കുന്ന വിത്തിന്റെ ഗുണവും ഇതിനു പിന്നിലുണ്ടെന്നു ഭാഗ്യരാജ് പറയുന്നു. വീട്ടുമുറ്റത്തെ പന്തലില്‍ കയറ്റിയ പാഷന്‍ഫ്രൂട്ടും നൂറുമേനിയായിരുന്നു വിളവു നല്‍കിയത്. എവിടെയുള്ള ഭൂമിയായാലും തനിക്കു നല്‍കിയാല്‍ കൃഷി നടത്താന്‍ സന്നദ്ധനുമാണ് ഈ യുവകര്‍ഷകന്‍. കൃഷിയിടമുള്ളവരുമായി ചേര്‍ന്ന് കൃഷി നടത്താനും തയാറാണ്.
ഫോണ്‍: ഭാഗ്യരാജ്- 9995564936.
ടോം ജോര്‍ജ്
ഫോണ്‍- 93495 99023.