ഉയരങ്ങള്‍ കീഴടക്കി പെണ്ണൊരുമ
Saturday, August 31, 2019 4:53 PM IST
പുതുകേരളം പണിയുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണെന്ന ധാരണ പൂര്‍ണമായി ശരിയല്ല. ഇവിടെ മനോഹരമായ നിര്‍മിതികള്‍ കെട്ടിപ്പൊക്കാന്‍ മലയാളികളായ ഒരു നിര വനിതാ തൊഴിലാളികളും രംഗത്തുണ്ട്.
2500 വനിതാ മേസ്തിരിമാരും 200 വനിതാ ആശാരിമാരും ഉള്‍പ്പെടുന്ന നിര്‍മാണസേന. വനിതാനിരയില്‍തന്നെ 100 വനിത ഇലക്ട്രീഷ്യന്‍മാരും 50 പ്ലംബര്‍മാരും. കോട്ടയം ഏറ്റുമാനൂര്‍ വെട്ടിമുകളിലെ അര്‍ച്ചന വിമന്‍ സെന്ററില്‍ പരിശീലനം നേടിയവരാണ് നാടിനും വീടിനും കരുത്തായി മാറിയ വനിതകള്‍. സ്ത്രീശാക്തീകരണത്തിന് മഹനീയ മാതൃകയായി വിദേശങ്ങളില്‍വരെ അര്‍ച്ചന വിമന്‍സ് സെന്റര്‍ പെരുമ നേടിയിയിരിക്കുന്നു. ഇവിടത്തെ പരിശീലനത്തിന് വിദേശത്തുനിന്നും വിദഗ്ധര്‍ എത്തുന്നുമുണ്ട്. ഒബ്ലേറ്റ മിഷനറീസ് ഓഫ് മേരി ഇാക്കുലേറ്റ് സന്യാസിനീ സഭാംഗം സിസ്റ്റര്‍ ത്രേസ്യാ മാത്യുവിന്റെ സമര്‍പ്പിത കര്‍മശേഷിയും നേതൃപാടവവുമാണ് ഈ ശാക്തീകരണത്തിന്റെ കരുത്ത്.
പണിയിടങ്ങളില്‍ മണ്ണരിക്കലും സിമന്റ് കുഴയ്ക്കലും ചുമടുമായി പണിയെടുത്തിരുന്ന സ്ത്രീകള്‍ അര്‍ച്ചനയിലൂടെ ആശാരിയും കല്ലാശാരിയുമായി. ഇവര്‍ക്ക് പുരുഷന്മാരുടെ അതേ നിരക്കില്‍ വേതനവും ലഭിക്കുന്നു.
7000 അടി വിസ്തീര്‍ണത്തില്‍ മൂന്നു നിലയിലൊരു മന്ദിരം. ഇതില്‍ നിരവധി മുറികളും ഹാളുകളും കിടപ്പുമുറികളും. ക്ലാസ് മുറികള്‍, ഐ.ടി ലാബ്, മഴവെള്ള സംഭരണി തുടങ്ങിയ സൗകര്യങ്ങളും. ഇവിടമാണ് വെിമുകളിലെ അര്‍ച്ചന വിമന്‍സ് സെന്ററിന്റെ ആസ്ഥാനം. ഈ ആസ്ഥാനമന്ദിരം അടിമുടി പണിതീര്‍ത്തതും പെണ്ണൊരുമതന്നെ. പ്ലാനും സ്‌കെച്ചും വരച്ച് മന്ദിരത്തിന്റെ അകവും പുറവും അപ്പാടെ പണിതത് അര്‍ച്ചനയില്‍ പരിശീലനം നേടിയ വനിതകളാണ്. പുതിയ സാങ്കേതികവിദ്യയും നവീന യന്ത്രങ്ങളും ഉപയോഗിച്ചു വിദേശികള്‍ നല്‍കിയ പരിശീലനം ആശാരിപ്പണിയില്‍ കൂടുതല്‍ ഭംഗിയും വേഗതയും സമ്മാനിച്ചു. ഫെറോ സിമന്റ് ടെക്‌നോളജി ഉപയോഗിച്ച് മുറികളില്‍ ഷെല്‍ഫുകള്‍. അടുക്കളയില്‍ തടിയില്‍ തീര്‍ത്ത ഒന്നാന്തരം കിച്ചണ്‍ ക്യാബിനറ്റും പെണ്ണൊരുമ തീര്‍ത്തു.
നിര്‍മാണ രംഗത്തെ സംരംഭകര്‍
വീടുകളിലും പുരയിടങ്ങളിലും ചെറുകിട പണിയും കുറഞ്ഞ വരുമാനവുമായി കഴിഞ്ഞിരുന്ന സ്ത്രീകള്‍ അര്‍ച്ചനയുടെ കീഴില്‍ വിവിധ തൊഴിലുകള്‍ പരിശീലിച്ച് നിര്‍മാണ രംഗത്ത് സംരംഭകരായി മാറി. സിമന്റ് ഇഷ്ടിക, ഫര്‍ണിച്ചര്‍, കട്ടിള, ജനാല, ഫര്‍ണിച്ചര്‍, മഴവെള്ളസംഭരണി തുടങ്ങി വിവിധ ഗ്രാമങ്ങളില്‍ സ്ത്രീകളുടേതായി ഒേറെ സംരഭങ്ങള്‍. വീടുകളും മറ്റ് കെട്ടിടങ്ങളും കരാറെടുത്തു പണിയാനും സ്ത്രീ സേന രംഗത്തുണ്ട്. തറ നിര്‍മാണം മുതല്‍ ഫര്‍ണിച്ചര്‍, വയറിംഗ്, പ്ലംബിംഗ് വരെ ഉള്‍പ്പെടുന്ന കരാര്‍ അര്‍ച്ചന തൊഴില്‍ക്കൂട്ടായ്മ കരാറെടുത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നു. സുനാമിത്തിരകള്‍ നാശം വിതച്ച കൊല്ലം ആലപ്പാട്ട് പഞ്ചായത്തില്‍ സിസ്റ്റര്‍ ത്രേസ്യായുടെ നേതൃത്വത്തില്‍ മുമ്പ് വനിതകള്‍ 42 വീടുകള്‍ നിര്‍മിച്ചിരുന്നു.
അര്‍ച്ചനയില്‍ പരിശീലനം നേടിയ വനിതകളില്‍ സ്വന്തമായി വീടില്ലാത്തവര്‍ വിരളം. ഇവര്‍ക്കുള്ള വീടുകള്‍ ഇവര്‍ ഒരുമിച്ചുകൂടി നിര്‍മിക്കുന്നു. രണ്ടുമുറിയും അടുക്കളയും ചേര്‍ന്ന വീട് പണിയാന്‍ ഇവര്‍ക്ക് മൂന്നുമാസം മതി. ഇവരുടെ തൃപ്തികരമായ വരുമാനംകൊണ്ട് പലരുടെയും മക്കള്‍, എന്‍ജിനിയറിംഗ്, നഴ്‌സിംഗ് കോഴ്‌സുകള്‍ക്കു പഠിക്കുന്നു. ചിലരുടെ മക്കള്‍ നല്ല ജോലിയിലുമെത്തി. നീല യൂണിഫോമില്‍ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടെയാണ് ഏതു നിര്‍മാണരംഗത്തും അര്‍ച്ചന തൊഴില്‍സേനയെ കാണാനാവുക.
സോളാര്‍ ലാംബ് പരിശീലനം, വേയ്സ്റ്റ് മാനേജ്‌മെന്റ് പരിശീലനം, ഓര്‍ഗാനിക് ഫാമിംഗ്, ടൈലറിങ്ങ്, ഹോളോബ്രിക്‌സ് നിര്‍മാണം, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ടെക്‌നോളജി, കണ്‍സ്ട്രക്ഷന്‍ ഇന്‍ സൂപ്പര്‍ വിഷന്‍ കോഴ്‌സ്, വീട് നിര്‍മാണത്തിന് പ്ലാനും എസ്റ്റിമേറ്റും തയാറാക്കല്‍ തുടങ്ങിയവയും അര്‍ച്ചനയുടെ പ്രധാന പ്രവര്‍ത്തനങ്ങളാണ്.
ജില്ലകള്‍ പിന്നിട്ട്
ഒബ്‌ളേറ്റ് മിഷനറീസ് ഓഫ് മേരി ഇാക്കുലേറ്റിന്റെ ഇന്ത്യയിലെ സേവനവിഭാഗമായ ജ്യോതി ജീവപൂര്‍ണ തൃശൂരില്‍ തുടക്കം കുറിച്ച വനിത മേസ്തിരി സംഘം പിന്നീട് കൊല്ലത്തും ആലപ്പുഴയിലും തെള്ളകത്തും സേവനം തുടര്‍ന്ന് വെട്ടിമുകളില്‍ വലിയൊരു പരിശീലനകേന്ദ്രങ്ങമായി വളര്‍ന്നിരിക്കുന്നു. കേരളത്തിലെ എറ്റവും വലിയ വനിതാ നിര്‍മിതി കേന്ദ്രമായി വളര്‍ന്നിരിക്കുന്നു വെട്ടിമുകള്‍കുന്നിലെ അര്‍ച്ചന.
ഇത് ഒരുമയുടെ സ്‌നേഹാര്‍ച്ചന: സിസ്റ്റര്‍ ത്യേസ്യാ മാത്യു
പാലാ ഉരുളികുന്നം പാഴുക്കുന്നേല്‍ പരേതരായ മത്തായി മറിയാ ദമ്പതികളുടെ മകളാണ് വനിതാശാക്തീകരണം പുതിയ ഉയരങ്ങളിലെത്തിച്ച സിസ്റ്റര്‍ ത്രേസ്യാ മാത്യു. മനസും ആത്മാര്‍ത്ഥതയുമുള്ള ഏതു വനിതയും ജോലിയും വരുമാനവും തേടിയെത്തിയാല്‍ വെറും കൈയോടെ തിരികെ വിടാന്‍ എനിക്കാവില്ല. കാനഡയില്‍ ഉപരിപഠനം നേടിയശേഷം കേരളത്തില്‍ നാലു പതിറ്റാണ്ടിലേറെയായി സ്ത്രീശാക്തീകരണത്തിന് കരുത്ത് പകരുന്ന സിസ്റ്റര്‍ ത്രേസ്യാ പറയുന്നു. ജീവിതം പാവപ്പെട്ട അസംഘടിതരായ സ്ത്രീകളുടെയും അവരുടെ കുടുംബങ്ങളുടെയും ഉന്നമനത്തിനുള്ള അര്‍ച്ചനായി മാറ്റിയിരിക്കുന്നു ഈ സമര്‍പ്പിത ശുശ്രൂഷയിലൂടെ സിസ്റ്റര്‍ ത്രേസ്യാ. തുന്നലിലും എംബ്രോയ്ഡറിക്കും ഉപരി ഒരു തൊഴില്‍ പരിശീലനം ഗ്രാമങ്ങളില്‍ അന്യമായിരുന്ന കാലത്താണ് ഏവരെയും അതിശയിപ്പിച്ചുകൊണ്ട് ഈ സഹോദരി മേസ്തിരിപണി പഠിക്കാന്‍ വനിതകളെ സംഘടിപ്പിച്ചത്. തുടക്കത്തില്‍ സമൂഹം അതുള്‍ക്കൊണ്ടില്ല. പഠിക്കാന്‍ പലരും വിമുഖതയും കാണിച്ചു. മാനസികമായ കരുത്തും ഉത്തേജനവും നല്‍കി സിസ്റ്റര്‍ ഇവരെ നിര്‍മാണമേഖലയില്‍ സജീവമായി നിലനിറുത്തി. ത്യാഗോജ്ജ്വലമായ ഈ കഠിനതപസ്യയുടെ ഫലമാണ് ഒരുമയുടെ മുദ്ര അധ്വാനത്തില്‍ പതിപ്പിക്കുന്ന അര്‍ച്ചനയുടെ അധ്വാനസേന. ഓരോ വനിതയും ദിവസവും ആയിരവും അതില്‍കൂടുതലും രൂപ നേടുന്നതിനൊപ്പം കുടുംബം അവരുടെ ഭദ്രതനേടുകയും ചെയ്യുന്നു. എല്ലാവര്‍ക്കുമുണ്ട് ബാങ്ക് അക്കൗണ്ടും മറ്റ് സമ്പാദ്യങ്ങളും. എല്ലാവര്‍ക്കുണ്ട് കിടപ്പാടവും വീടും. കൃത്യതയും അച്ചടക്കവുമുള്ള പുത്തന്‍ തൊഴില്‍ സംസ്‌കാരം പഠിപ്പിക്കാനും പ്രചരിപ്പിക്കാനും അര്‍ച്ചനയിലൂടെ സാധിക്കുന്നു. ഒപ്പം വ്യക്തിത്വവികാസം, ആരോഗ്യസംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയിലും ബോധവത്കരണം നല്‍കുന്നു.
സ്ത്രീകള്‍ കല്ലും ഇഷ്ടികയും വച്ച് സിമന്റ് പതിപ്പിച്ചാല്‍ അതുറപ്പോടെ നില്‍ക്കുമോ എന്ന ആശങ്ക ആദ്യമൊക്കെ പലര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ഇവരുടെ കാര്യപ്രാപ്തിയും കര്‍മശേഷിയും നേരില്‍ കണ്ടവര്‍ കാഴ്ചപ്പാടുകള്‍ തിരുത്തിപ്പറയാന്‍ നിര്‍ബന്ധിതരായി. കൃത്യമായ ടൈം ടേബിളില്‍ ഇവര്‍ പണിസ്ഥലത്തു നിലകൊള്ളുമ്പോള്‍ ജോലി നല്‍കുന്നവര്‍ക്കും സംതൃപ്തി.
മേസ്തിരി, ആശാരിപ്പണികളില്‍ മാത്രം തീരുന്നില്ല അര്‍ച്ചനയിലെ പരിശീലനം. നാടന്‍ പലഹാരങ്ങള്‍, എല്‍ഇഡി ലൈറ്റ്, സോളാര്‍ ലാംബ്, സോപ്പ്, സോപ്പുപൊടി, ലോഷന്‍, പേപ്പര്‍ ബാഗ്, ബാഗുകള്‍ എന്നിവ നിര്‍മിക്കുന്നതിലും തയ്യല്‍, ബ്യൂട്ടീഷന്‍ കോഴ്‌സുകളിലും ഇവിടെ പരിശീലനമുണ്ട്. മാലിന്യസംസ്‌കരണവും ഓര്‍ഗാനിക് ഫാമിംഗും മാത്രമല്ല കരാട്ടെ പരിശീലനവും ഇവിടെയുണ്ട്.
സ്ത്രീമുന്നേറ്റത്തിന്റെ അമരക്കാരിയായ സിസ്റ്റര്‍ ത്രേസ്യായെ തേടിയെത്തിയ അവാര്‍ഡുകള്‍ നിരവധി. 2003ല്‍ െ്രെപസ് ഫോര്‍ ക്രിയേറ്റിവിറ്റി ഇന്‍ റൂറല്‍ വിമന്‍സ് ലൈഫ് ജനീവ അവാര്‍ഡ്, 2013ല്‍ സ്ത്രീശക്തി അവാര്‍ഡ്, 2014ല്‍ എമിനന്റ് പേഴ്‌സാണിലിറ്റി അവാര്‍ഡ്, 2015ല്‍ പ്രിയദര്‍ശിനി അവാര്‍ഡ്, 2016ല്‍ ഗ്ലോറി ഓഫ് ഇന്ത്യ അവാര്‍ഡ്, ചങ്ങനാശേരി ചാസിന്റെ ഔട്ട്സ്റ്റാന്റിംഗ് വിമന്‍ എംപവര്‍മെന്റ് അവാര്‍ഡ്, 2017ല്‍ ഫെമിന ഇന്റര്‍നാഷണലിന്റെ സൂപ്പര്‍ വുമന്‍ അച്ചീവര്‍ അവാര്‍ഡ്, 2018ല്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജിന്റെ അലുംനെ അവാര്‍ഡ് തുടങ്ങിയവ ഇതില്‍പ്പെടുന്നു.
റെജി ജോസഫ്