റബറില്‍ നിന്നു വര്‍ഷം 65,000 കിലോ തേന്‍
റബറില്‍ നിന്നു വര്‍ഷം 65,000 കിലോ തേന്‍
Monday, September 30, 2019 4:53 PM IST
റബറില്‍ നിന്ന് വര്‍ഷം 65,000 കിലോ തേന്‍ ഉത്പാദിപ്പിച്ച് അഗ്മാര്‍ക്ക് മുദ്രയോടെ വില്‍പന നടത്തുകയാണ് തൃശൂര്‍ അവിണിശേരിയിലെ മഠത്തിപ്പറമ്പില്‍ സജയകുമാര്‍. സ്വന്തമായി ഭാരത് ബീ കീപ്പിംഗ് സെന്റര്‍ ആരംഭിച്ച് വില്‍പനയും തുടങ്ങി.

റബര്‍ തളിര്‍ക്കുന്നതോടെ തേന്‍ ഉത്പാദന കാലമായി. കുരുന്നിലകള്‍ പകുതി മൂപ്പെത്തുന്നതോടെ ഇലഞെട്ടിലുള്ള തേന്‍ഗ്രന്ഥികള്‍ തേന്‍ പൊഴിക്കുകയായി. ഒരേക്കര്‍ റബര്‍ തോട്ടത്തില്‍ പത്ത് തേനീച്ചക്കോളനികളാണ് സ്ഥാപിക്കുന്നത്. ആരോഗ്യമുള്ള വേലക്കാരി ഈച്ചകളുള്ള കോളനികള്‍ സ്ഥാപിച്ചാല്‍ തേന്‍ ഉത്പാദനം മെച്ചപ്പെടുമെന്ന് സജയകുമാര്‍ പറയുന്നു. മൂന്നു ഘട്ടങ്ങളായാണ് കേരളത്തില്‍ റബര്‍ മരങ്ങള്‍ തളിര്‍ക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് റബര്‍ മരങ്ങള്‍ ആദ്യം തളിരിടുന്നത്. ശേഷമാണ് കോട്ടയം, പാലാ തുടങ്ങി മധ്യകേരളത്തില്‍ തളിര്‍ത്തു തുടങ്ങുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അവസാനം തളിരിടുന്നത്. തേന്‍ ഉത്പാദകരായ കര്‍ഷകര്‍ റബര്‍ തോട്ടങ്ങളില്‍ മാറിമാറി തേനീച്ചപ്പെട്ടികള്‍ സ്ഥാപിച്ചാണ് ഓരോവര്‍ഷവും തേനുത്പാദിപ്പിക്കുന്നത്. രാത്രിയിലാണ് തേനീച്ചക്കോളനികള്‍ മാറ്റി സ്ഥാപിക്കുന്നത്. വൈകുന്നേരം ആറിനു ശേഷം ഈച്ചകളെല്ലാം കൂട്ടില്‍ കയറിക്കഴിയുമ്പോള്‍ പെട്ടിയുടെ പ്രവേശന കവാടം അടയ്ക്കുന്നു. നേരം പുലരുന്നതിനുമുമ്പേ കൂടുകള്‍ മാറ്റിസ്ഥാപിക്കണം. പ്രാദേശിക തേനീച്ചവളര്‍ത്തലുകാര്‍ക്ക് പെട്ടികള്‍ മാറ്റി സ്ഥാപിക്കേണ്ടിവരുന്നില്ല. ആറ് ഫ്രെയ്മുകളാണ് സാധാരണ ഒരു തേനീച്ചപ്പെട്ടിയിലുള്ളത്. പ്രത്യേകം തയാറാക്കിയ സ്റ്റാന്‍ഡില്‍ അടിപ്പലക സ്ഥാപിച്ചാണ് പെട്ടികള്‍ ഉറപ്പിക്കുന്നത്. പെട്ടികള്‍ക്കു മുകളില്‍ ഉള്‍മൂടിയും മേല്‍മൂടിയും സ്ഥാപിച്ച് തേനീച്ചക്കോളനികളെ സുരക്ഷിതമാക്കുന്നു.

ശരിയായ പരിചരണം നല്‍കിയില്ലെങ്കില്‍ തേന്‍കാലത്തിനു കാത്തു നില്‍ക്കാതെ തേനീച്ചകള്‍ കൂട്ടം പിരിയാന്‍ സാധ്യതയുണ്ട്. ഇത് തടയാനായി റാണി സെല്ലുകള്‍ നശിപ്പിക്കണം. ആഴ്ചയില്‍ ഒരു ദിവസം കോളനികള്‍ തുറന്ന് പുഴു അറകള്‍ പരിശോധിച്ച് റാണിസെല്ലുകള്‍ ഉണ്ടെങ്കില്‍ അവയെ നശിപ്പിക്കണം. ഒന്നില്‍ കൂടുതല്‍ റാണിമാരുണ്ടായാല്‍ വേലക്കാരിഈച്ചകള്‍ ഓരോ റാണിമാരോടൊപ്പം മറ്റൊരിടംതേടി യാത്രയാകും. വേലക്കാരി ഈച്ചകളുടെ എണ്ണം കൂട്ടി തട്ടുകളുടെ എണ്ണം വര്‍ധിപ്പിച്ച് തേന്‍ ഉത്പാദനം വര്‍ധിപ്പിക്കാം. കോളനികളുടെ എണ്ണം കൂട്ടുന്നതിനെക്കാള്‍ ലാഭം തേന്‍തട്ടുകളുടെഎണ്ണം വര്‍ധിപ്പിക്കുന്നതാണെന്ന് സജയകുമാര്‍ പറയുന്നു. ആരോഗ്യപരമായ അന്തരീക്ഷം നിലനില്‍ക്കുന്ന കോളനികളിലെ ഒരു തട്ടില്‍ നിന്ന് കുറഞ്ഞത് ഒന്നര കിലോ തേന്‍ ഒരു പ്രാവശ്യം ലഭിക്കും. തേന്‍ ഉത്പാദന കാലമായ ഫെബ്രുവരി-മേയ് മാസങ്ങളില്‍ എട്ടുതവണ തേന്‍ ശേഖരിക്കാം. ഹോര്‍ട്ടിക്കോര്‍പ്പിന്റെ ഡീലര്‍ഷിപ്പുള്ള സജയ്കുമാര്‍ പരിശീലനപരിപാടികള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെങ്കിലും 1100 കോളനികള്‍ സംരക്ഷിക്കുന്നുമുണ്ട്. മികച്ച കര്‍ഷകരില്‍ നിന്ന് തേന്‍ ശേഖരിച്ച് വിപണനം നടത്തുന്നു.


ജീവിതത്തിന്റെ ഗതി തിരിച്ച യാത്ര

ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്കിടയില്‍ മനസില്‍ തോന്നിയ ഒരു യാത്ര ചെന്നുനിന്നത് തേനീച്ച പരിശീലന കേന്ദ്രത്തിലാണ്. തുടര്‍ന്ന് എവിടെ തേനീച്ച പരിശീലനം ഉണ്ടായാലും ഒരു നിയോഗം പോലെ അവിടെയെത്തും. പരിശീലനശേഷം തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ സജയ്കുമാറിന്റെ തേനീച്ചപ്പെട്ടികള്‍ സ്ഥാനം പിടിച്ചു. ദിവസവും 200 മില്ലിഗ്രാം തേനും 800 മില്ലി ലിറ്റര്‍ വെള്ളവും മാത്രം ഭക്ഷിച്ച് ആറു മാസത്തോളം ജീവിച്ചത് റിക്കാര്‍ഡായി. പിന്നീട് തേനും പഴങ്ങളും പച്ചക്കറികളുമാണ് ഭക്ഷണം. ഇതിലൂടെ പ്രകൃതിയുടെ വരദാനമായ തേനിന്റെ അദ്ഭുതസിദ്ധികള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. തേനീച്ചവളര്‍ത്തലില്‍ പരിശീലനവും നല്‍കുന്നുണ്ട്.

കുടുംബിനികള്‍ക്ക് സംരംഭമാക്കാം

വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും ചെറിയൊരു വരുമാനമാര്‍ഗമായി തേനീച്ച വളര്‍ത്തലാരംഭിക്കാം. ഇതിനുതകുന്ന കാലാവസ്ഥയും അനുകൂലഘടകങ്ങളും നമ്മുടെ നാട്ടിലുണ്ട്. വളര്‍ച്ചാക്കാലം ആരംഭിക്കുന്ന ഓഗസ്റ്റില്‍ തേനീച്ച വളര്‍ത്തല്‍ തുടങ്ങാം. ഇതിനുവേണ്ട സാങ്കേതികവിദ്യ 45 ഞായറാഴ്ചകളിലെ പരിശീലനത്തിലൂടെ സജയ്കുമാര്‍ നല്‍കുന്നുണ്ട്. വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ മികച്ച വരുമാനം ഉറപ്പാക്കാന്‍ നൂതന സാങ്കേതിക വിദ്യകള്‍ മനഃപാഠമാക്കിയാല്‍ സാധിക്കുമെന്നാണ് സജയ്കുമാറിന്റെ അഭിപ്രായം. കൃഷിയിടത്തില്‍ തേനീച്ചകള്‍ക്ക് അഭയവും മഴക്കാലത്ത് ഭക്ഷണവും നല്‍കിയാല്‍ വിയര്‍പ്പൊഴുക്കാതെ നല്ല വരുമാനം നേടാം.
തേന്‍ സുലഭമല്ലാത്ത വര്‍ഷകാലത്ത് ഈച്ചകള്‍ക്ക് പഞ്ചസാര ലായനിയോ തേന്‍ ലായനിയോ ആഹാരമായി നല്‍കണം. സജയകുമാറിന്റെ പക്കല്‍ പരിശീലനം നേടുന്നവര്‍ക്ക് സബ്‌സിഡിയോടുകൂടി കോളനികള്‍ നല്‍കുന്നുണ്ട്. ഇതിനായി ഒരു തേനീച്ച നഴ്‌സറി തന്നെ യുണ്ട്. വിവിധതരം പുഷ്പച്ചെടികളും ഫലവൃക്ഷങ്ങളും ഔഷധച്ചെടികളും വളരുന്ന പ്രദേശങ്ങളില്‍ നിന്ന് മികച്ചതേന്‍ ഉത്പാദിപ്പിച്ചെടുക്കാന്‍ കഴിയും. ഇതിന് ഔഷധഗുണങ്ങള്‍ ഏറെയുണ്ടാകും. ഒരു കോളനിയുണ്ടെങ്കില്‍ ഒരു വീടിനാവശ്യമായ തേന്‍ ശേഖരിക്കാന്‍ കഴിയും. തേനീച്ച വളര്‍ത്തലില്‍ താത്പര്യമുള്ള കര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ പരിശീലനം നല്‍കുന്നുണ്ട്. പ്രകൃതിയോട് ചേര്‍ന്നു ജീവിക്കുകയും തേനീച്ചയുടെ ഗുണങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന സജയകുമാറിന് തേനീച്ചകള്‍ കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ.

തേനൂറും കരുതല്‍

സ്വന്തം പഞ്ചായത്തിലെ എല്ലാ കുട്ടികള്‍ക്കും ഇരുപത്തിയഞ്ച് ഗ്രാം വീതം തേന്‍ എല്ലാമാസവും സൗജന്യമായി നല്‍കുന്നുണ്ട് സജയകുമാര്‍. 22 വയസുവരെയുള്ള കുട്ടികള്‍ക്കാണ് 2013 മുതല്‍ തേന്‍ നല്‍കി വരുന്നത്. 2012 ല്‍ അങ്കണവാടിയിലെ കുട്ടികള്‍ക്ക് പോഷകഭക്ഷണം എന്ന നിലയിലായിരുന്നു തുടക്കം. ഒരു വര്‍ഷം പതിനഞ്ച് ലക്ഷത്തോളം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഒരു നേരത്തെ ആഹാരത്തിനായി ബുദ്ധിമുട്ടിയ ദാരിദ്ര്യത്തിന്റെ നാളുകളില്‍ നിന്ന് മുക്തി നേടുവാന്‍ സഹായിച്ചത് തേനീച്ചകളായിരുന്നു. ആ തേനീച്ചകളുടെ മഹാത്മ്യം വളരുന്ന തലമുറയ്ക്ക് പകര്‍ന്നു നല്‍കുകയാണിദ്ദേഹം. ഫോണ്‍: 9495320199.

നെല്ലി ചെങ്ങമനാട്