പ്രതീക്ഷയോടെ നിര്‍ഭയ....
പ്രതീക്ഷയോടെ നിര്‍ഭയ....
Monday, October 21, 2019 3:41 PM IST
മലയാള സിനിമയില്‍ നായകന്‍മാര്‍ക്ക് ടൈറ്റില്‍ റോളുകള്‍ വലിയ പുതുമയുള്ള കാര്യമല്ല. പക്ഷേ 'ഉദാഹരണം സുജാത', 'ജൂണ്‍' പോലെ നായികമാര്‍ ടൈറ്റില്‍ കഥാപാത്രമാകുന്ന ചിത്രങ്ങള്‍ വിരളമായി സംഭവിക്കുന്നതാണ്. അബ്രഹാമിന്റെ സന്തതികള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന 'നിര്‍ഭയ' എന്ന ചിത്രത്തിലെ ടൈറ്റില്‍ റോളില്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് മലയാളത്തിന്റെ പ്രിയ നായിക നമിത പ്രമോദ്... പഴയകാല നായിക സുമലതയെ ഓര്‍മിപ്പിക്കുന്നതാണ് നമിതയുടെ സൗന്ദര്യം. മികച്ച അഭിനേത്രിക്കുള്ള ദീപിക വിമന്‍ എംപവര്‍മെന്റ് അവാര്‍ഡ് കരസ്ഥമാക്കിയ നമിത പ്രമോദിന്റെ വിശേഷങ്ങളിലേക്ക്..

നിര്‍ഭയയുടെ പ്രതീക്ഷകള്‍

ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് നിര്‍ഭയ. നീതിക്കു വേണ്ടിയുള്ള അവളുടെ പോരാട്ടമാണ് ചിത്രത്തിന്റെ കഥാതന്തു. ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ കൂടുതലൊന്നും പറയാനുള്ള അവകാശമെനിക്കില്ല.

? നിര്‍ഭയ എന്ന പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് വരുന്ന സംഭവവുമായി ബന്ധപ്പെതാണോ കഥ...

(ചെറുചിരിയോടെ) ആയിരിക്കാം. ചെറിയൊരു സാമ്യമൊക്കെ ഉണ്ടാകാം. പെണ്‍കുി കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ്. അതുപോലെ തന്നെ ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്ന ബോബന്‍ സാമുവല്‍ ചിത്രം 'അല്‍ മല്ലു'വിലും വളരെ ശക്തമായ കഥാപാത്രമാണ് ലഭിച്ചത്. ജോലിക്കായി വിദേശത്തെത്തുന്ന പെണ്‍കുട്ടി നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് ചിത്രം പറയുന്നത്. ന്യൂജനറേഷന്‍ പെണ്‍കുട്ടികളുമായി ഏറെ ബന്ധപ്പെടുത്താവുന്ന നല്ല ചിത്രമാകുമെന്നാണ് പ്രതീക്ഷ.

? അഭിനയം സീരിയസായി കണ്ടുതുടങ്ങിയത് എപ്പോഴാണ്

ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സത്യന്‍ അന്തിക്കാട് സാറിന്റെ 'പുതിയ തീരങ്ങളില്‍' നായിക വേഷത്തിലെത്തുന്നത്. അപ്പോഴൊക്കെ അഭിനയിക്കുകയാണെന്ന ബോധ്യമുണ്ടായിരുന്നു. എന്നാല്‍ അതൊരു പാഷനായി മാറുന്നത് മൂന്നു കൊല്ലം മുമ്പാണ്.

സിനിമയ്ക്കുള്ള മാനദങ്ങള്‍

തുടക്കകാലത്ത് സംവിധായകന്‍, നായകനടന്‍ എന്നിവയ്ക്കാണ് പ്രാമുഖ്യം നല്‍കിയിരുന്നത്. എന്നാല്‍ ക്രമേണ അതില്‍ മാറ്റം വന്നു. ഇപ്പോള്‍ എനിക്ക് വരുന്ന കൂടുതല്‍ സിനിമകളും സ്ത്രീ കേന്ദ്രീകൃതമായ പ്രമേയങ്ങളാണ്. അത്തരം സിനിമകള്‍ നമ്മള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉത്തരവാദിത്തവും കൂടും. അതുകൊണ്ടുതന്നെ വണ്‍ലൈന്‍ കേട്ട് കഥ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ഫുള്‍ സ്‌ക്രിപ്റ്റ് ആവശ്യപ്പെടും. സ്‌ക്രിപ്റ്റ് നന്നായി വായിക്കും. അതിനുശേഷമേ ടെക്‌നിക്കല്‍ വിഭാഗത്തെക്കുറിച്ച് ചോദിക്കൂ. കാമറ, എഡിറ്റിംഗ് അടക്കമുള്ളവ എനിക്ക് തൃപ്തികരമാണെങ്കില്‍ ആ സിനിമ ചെയ്യും.

മാര്‍ഗംകളിയിലെ ഊര്‍മ്മിള

മാര്‍ഗ്ഗംകളിയിലെ ഊര്‍മ്മിള എന്ന നായിക കഥാപാത്രത്തെ ഏറെ ഇഷ്ടപ്പെട്ടു. പെര്‍ഫോമന്‍സിന് ഏറെ സാധ്യതകള്‍ ഉള്ള അത്തരത്തിലുള്ള ഒരു കഥാപാത്രത്തിനാണ് ഞാന്‍ കാത്തിരുന്നത്. അങ്ങനെ എനിക്ക് ഇഷ്ടപ്പെട്ട് ചെയ്ത ചിത്രമാണ് മാര്‍ഗംകളി. പലരും എന്നോട് ചോദിച്ചു ഇങ്ങനെയൊക്കെ അഭിനയിക്കുമോ എന്ന്. സത്യത്തില്‍ എന്റെ ഇമേജ് ബ്രേക്ക് ചെയ്ത കഥാപാത്രമാണ് ഊര്‍മ്മിള

? ഫഹദ്, ജയസൂര്യ, ദിലീപ്, നിവിന്‍ പോളി അടക്കമുള്ള താരങ്ങളുടെ നായികയായി. ഇവരെ എങ്ങനെ താരതമ്യം ചെയ്യാം

ഇവര്‍ എല്ലാവരും തന്നെ നല്ല അഭിനേതാക്കളാണ്. സ്വന്തം സിനിമകള്‍ മികച്ചതാക്കുന്നതിന് വളരെയധികം കഷ്ടപ്പെടുന്നവരുമാണ്. എല്ലാവരും വ്യത്യസ്തര്‍. നമ്മുടെ മമ്മൂക്ക, ലാലേട്ടന്‍ എന്നീ അള്‍ട്ടിമേറ്റ് താരങ്ങള്‍ക്കൊപ്പം വേറെ ആരുമില്ല. എല്ലാവരും തന്നെ അവരവരുടെ സിനിമകളുടെ പ്രമോഷനുകളിലടക്കം ശ്രദ്ധിക്കുന്നു. പക്ഷേ സത്യത്തില്‍ നമ്മുടെ സപ്പോര്‍ട്ടിംഗ് താരങ്ങളാണ് മിക്കപ്പോഴും ഞെട്ടിക്കുന്നത്. ഞാന്‍ അവരെ നിരീക്ഷിക്കാറുമുണ്ട്. സൗബിന്‍, സുരഭി എന്നിവര്‍ അസാധ്യ പെര്‍ഫോമേഴ്‌സാണ്. ഇവരൊക്കെ നമ്മളെ അതിശയിപ്പിക്കുന്നവരുമാണ്.

? ഹിറ്റ് ചിത്രങ്ങളില്‍ നായികയായിരുന്നിട്ടും കരിയറില്‍ ഒരു ബ്രേക്ക് എടുത്തിരുന്നോ

ബ്രേക്ക് എന്നതിലുപരി ഞാന്‍ സെലക്ടീവായതാണ്. തെലുങ്ക്, തമിഴ് സിനിമകള്‍ ചെയ്തിരുന്നു. കൂടാതെ സിനിമകള്‍ വാരിവലിച്ച് ചെയ്യണ്ട എന്നൊരു തീരുമാനമെടുത്തു. വര്‍ഷത്തില്‍ അഞ്ചാറ് പടമൊക്കെ ചെയ്തു കഴിഞ്ഞാല്‍ സ്വാഭാവികമായും അടുത്ത വര്‍ഷം അവസരങ്ങള്‍ കുറയും. അതുകൊണ്ടു ഒന്നോ രണ്ടോ നല്ല സിനിമകളും, നല്ല കഥാപാത്രങ്ങളും ലഭിച്ചാല്‍ നമ്മുടെ പ്രകടനവും അഭിനന്ദിക്കപ്പെടും. ജനമനസുകളില്‍ നില്‍ക്കുന്ന കഥാപാത്രങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നത്.

? പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയിലെയും കൈനകരി ജയശ്രീയും, ചന്ദ്രേട്ടന്‍ എവിടെയാ ചിത്രത്തിലെ വസന്തമല്ലികയും നര്‍ത്തകിമാരാണ്. എന്നാല്‍ നമിത നൃത്തം അഭ്യസിച്ചിില്ല... എങ്ങനെ മാനേജ് ചെയ്തു

പുള്ളിപ്പുലി ചെയ്യുന്ന സമയത്ത് ഡാന്‍സ് സീനുകള്‍ ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് ചെയ്യേണ്ട സീനുകള്‍ നേരത്തെ പ്രാക്ടീസ് ചെയ്ത് എടുത്തതാണ്. പക്ഷേ ചന്ദ്രേട്ടനുവേണ്ടി ഒന്നും ചെയ്തില്ല. അപ്പപ്പോള്‍ ഷൂട്ട് ചെയ്തതാണ്. അതുകൊണ്ടുതന്നെ കുറെ കഷ്ടപ്പെട്ടു. പതിനഞ്ച് തവണവരെ ടേക്ക് എടുത്തിട്ടുമുണ്ട്. സമയമെടുത്ത് ചെയ്‌തെങ്കിലും നന്നായി ചെയ്തുവെന്ന് കുറെപ്പേര്‍ പറഞ്ഞു കേട്ടപ്പോള്‍ സന്തോഷമായി.

ചെയ്യാന്‍ കഴിയാതെ പോയ വേഷം

തമിഴില്‍ നിന്നും കുറെ ഓഫര്‍ വന്ന സമയത്ത് മലയാളത്തില്‍ തിരക്കായതുകൊണ്ട് ചെയ്യാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും അങ്ങനെ ഒരു നഷ്ടബോധം തോന്നിയ ചിത്രമൊന്നുമില്ല. ശരിക്ക് പറഞ്ഞാല്‍ അങ്ങനെ സങ്കടപ്പെടുന്ന ആളല്ല ഞാന്‍. അങ്ങനെ തുടങ്ങിയാല്‍ അതിനെ സമയം കാണൂ. പ്രത്യേകിച്ച് സിനിമാരംഗത്ത്.

സിനിമാസൗഹൃദങ്ങള്‍

കുറെപ്പേര്‍ ഉണ്ട്. ഭയങ്കര സൗഹൃദം എന്ന് പറയാന്‍ ആരുമില്ല. ലാലു അങ്കിള്‍ (ലാല്‍ജോസ്), ദുല്‍ഖര്‍, ജയേട്ടന്‍ എന്നിവരുമായിാെക്കെ നല്ല സൗഹൃദത്തിലാണ്. എല്ലാവരുമായും നല്ല ബന്ധം സൂക്ഷിക്കുന്നു.

? മമ്മൂട്ടി, ലാലേട്ടന്‍ എന്നിവരോടൊപ്പം അഭിനയിച്ചിില്ല. പക്ഷേ സ്റ്റേജ് ഷോ ചെയ്തിട്ടുണ്ട്... എങ്ങനെയായിരുന്നു അനുഭവം

നമ്മള്‍ വളരെ ബഹുമാനിക്കുന്നവരാണ് ഇവര്‍ രണ്ടുപേരും. ഇവരൊക്കെ നമ്മളോട് തമാശകള്‍ പറയുകയോ, സംസാരിക്കുകയോ ഒക്കെ ചെയ്യുന്നത് ഭയങ്കര സന്തോഷമാണ്. റിഹേഴ്‌സലിനിടയ്ക്ക് മമ്മൂക്ക വന്നിട്ട് ഇവിടിരിക്ക്, ചോദിക്കട്ടെ എന്നൊക്കെ പറഞ്ഞ് സംസാരിക്കും. എനിക്കാണേല്‍ ഒടുക്കത്തെ ടെന്‍ഷനും. ഇതുകണ്ട് മമ്മൂക്ക ചോദിക്കും. 'എന്തിനാ വെറുതെ പേടിക്കുന്നേ? ഞാന്‍ എന്താ പിടിച്ച് തിന്ന്വോ?'. ഞാന്‍ അഭിനയിച്ച സീരിയയിലേ കാര്യമൊക്കെ പറയും. കുഞ്ഞിലേ തൊട്ടു കാണുന്നതാ ഞാന്‍ നിന്നെ എന്നൊക്ക പറഞ്ഞ് വളരെ കൂളാക്കും. അദ്ദേഹം വളരെ സ്വീറ്റാണ്.

ലാലേട്ടന്‍ വെര്‍സറ്റൈലാണ്.അദ്ദേഹത്തോടൊപ്പം ഞാന്‍ ഡാന്‍സ് ചെയ്തിട്ടുണ്ട്. ഭയങ്കര ഡെഡിക്കേറ്റഡാണ്. അ ഷോയ്ക്കിടയില്‍ അദ്ദേഹം ഇടയ്ക്ക് വീണു. പക്ഷേ ചാടി എഴുന്നേറ്റ് പെര്‍ഫോം ചെയ്തു. വര്‍ക്ക് ചെയ്യുന്ന സമയത്ത് എന്തുവന്നാലും ഹീ വില്‍ ബീ ദ ബെസ്റ്റ്..


പുതുതലമുറ സംവിധായകരെക്കുറിച്ച്

സിനിമയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടിലടക്കം ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ചെറിയ പ്രമേയങ്ങള്‍ കൊണ്ട് സിനിമ സൃഷ്ടിക്കുന്നവരാണ് ഇപ്പോള്‍ കൂടുതലും. അതില്‍ ഇനിയും മാറ്റം വരുമെന്നാണ് പ്രതീക്ഷ. സിനിമാരംഗത്ത് ഇനിയും മാറ്റങ്ങള്‍ വരുമെന്നാണ് ഞാന്‍ കരുതുന്നത്. സിനിമ മാറിക്കൊണ്ടേയിരിക്കും... അതങ്ങനെയാണ്..

? മഹേഷിന്റെ പ്രതികാരം തമിഴിലേക്കെത്തിയപ്പോള്‍ നായികയായി. പ്രിയദര്‍ശന്‍ എന്ന സീനിയര്‍ സംവിധായകനോടൊപ്പമുള്ള അനുഭവം

പ്രിയന്‍ സര്‍ നേരിട്ടാണ് നിമിര്‍ സിനിമയിലേക്ക് വിളിച്ചത്. മലയാളത്തിന്റെ നേര്‍പകര്‍പ്പ് ആയിരിക്കില്ല. തമിഴ് സംസ്‌ക്കാരത്തിലായിരിക്കും ചിത്രീകരിക്കുന്നത് എന്നൊക്കെ ആദ്യമേ പറഞ്ഞിരുന്നു. സീനിയര്‍ സംവിധായകരുടെ കൂടെ ജോലി ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. വളരെ നല്ല അനുഭവമായിരുന്നു പ്രിയന്‍ സാറിനോടൊപ്പം.

ഭയമുണ്ടായിരുന്നോ

സത്യം പറഞ്ഞാല്‍ എനിക്ക് ആദ്യം ഭയമുണ്ടായിരുന്നു. കാരണം പുള്ളിക്ക് ഭയങ്കര ഉയരമാണ്...(ചിരി). പിന്നെ ഭയങ്കര ദേഷ്യത്തിലാണ് സംസാരിക്കുക എന്നതൊക്കെയായിരുന്നു എന്റെ ചിന്തകള്‍. പക്ഷേ എന്റെ ഫസ്റ്റ് ഷോട്ട് കഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞു. മേക്കപ്പ് കൂടുതലാണ്. എന്നോട് മിണ്ടണ്ട. നിനക്ക് ഇഷ്ടമുള്ളത് ചെയ്‌തോ എന്നൊക്കെ... അതൊക്കെ നമ്മുടെ പേടി മാറ്റി. ഷൂട്ട് കഴിഞ്ഞപ്പോ പറഞ്ഞു. എന്റെ മോളെ പോലെയാണ് നീ... നന്നായി ചെയ്തു എന്നൊക്കെ അഭിനന്ദിച്ചു... വളരെ കംഫര്‍ട്ടബിളായിരുന്നു... പ്രിയന്‍സര്‍ വളരെ സ്വീറ്റ് ആയിട്ടുള്ള ആളാണ്.

അന്യഭാഷാ ചിത്രാനുഭവങ്ങള്‍

ബജറ്റ്.. പിന്നെ അവിടത്തെ ഫൈറ്റ് രംഗങ്ങളൊക്കെ ഇത്തിരി കൂടുതലാണ്. ഇവിടെ നമ്മള്‍ മിതമായി ചെയ്യുന്നതൊക്കെ അവിടെ ഓവര്‍ഡോസില്‍ ചെയ്യണം. പടങ്ങളൊക്കെ കളര്‍ഫുള്ളാണ്. ടെക്‌നിക്കല്‍ ടീമിലൊക്കെ ഒരുപാട് ആള്‍ക്കാരുണ്ടാകും. അതു മാത്രമല്ല, അവിടെ ഒരു സിനിമയുടെ ചിത്രീകരണം തന്നെ കുറഞ്ഞത് അഞ്ചുമാസമെങ്കിലും എടുക്കും. ഞാന്‍ തമിഴിലും തെലുങ്കിലും ഓരോ സിനിമ ചെയ്തു കഴിഞ്ഞപ്പോള്‍ തന്നെ ഒരു വര്‍ഷം കഴിഞ്ഞു.

സെറ്റിലെ രസകരമായ അനുഭവം

(തെല്ലിട ആലോചന) അങ്ങനെ പ്രത്യേകിച്ച് എടുത്ത് പറയാന്‍ ഒന്നും ഓര്‍മ വരുന്നില്ല.. ചെറിയ ചെറിയ തമാശകള്‍ ഉണ്ടാകാറുണ്ട്.

സിനിമാ രംഗത്തെ വേദനിപ്പിച്ച അനുഭവം

സിനിമ ചെയ്യുമ്പോഴല്ലല്ലോ വേദനിക്കുന്നത്.. റിലീസായി പടം പൊട്ടുമ്പോഴല്ലേ വേദനിക്കുക (പൊട്ടിച്ചിരി)


? വിജയവും പരാജയവും ഒരു പോലെയാണോ കാണുന്നത്

(നീട്ടിയ മൂളല്‍) പറയുമ്പോള്‍ (ചിരി) പക്ഷേ അങ്ങനെയല്ല. അങ്ങനെയാണെന്ന് പലരും പറയും. പക്ഷേ പടം പൊട്ടിയതിന്റെ സങ്കടമാകും ഉള്ളില്‍. ഞാന്‍ നായികയായ ആദ്യ ചിത്രം പുതിയ തീരങ്ങള്‍, ഹിറ്റായിരുന്നില്ല. എനിക്ക് ഭയങ്കര സങ്കടമായിരുന്നു. പക്ഷേ സത്യന്‍ അങ്കിളിന്റെ നായിക എന്ന ലേബലിലാണ് എനിക്ക് പിന്നീട് കിട്ടിയ സിനിമകള്‍. അതെന്നെ ഉയരങ്ങളിലെത്തിച്ചു. അതിനുള്ള നന്ദിയും കടപ്പാടും എന്നും സത്യന്‍ അങ്കിളിനോടുണ്ടാകും. സിനിമാരംഗത്തെ എന്റെ ഗോഡ്ഫാദര്‍ സത്യനങ്കിളാണ്.

ഇനിയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വളരെ പെട്ടെന്നായിരുന്നു..
പോകാന്‍ ഇഷ്ടമുള്ള രാജ്യം യൂറോപ്പ്

ഇഷ്ട ഭക്ഷണം: ചില്ലിചിക്കന്‍

ഇഷ്ട വസ്ത്രം: (പതറല്‍) മാറിക്കൊണ്ടിരിക്കും. പക്ഷേ ഇവന്റ്‌സിനൊക്കെ പോകുമ്പോള്‍ സാരിയുടുക്കാന്‍ ഭയങ്കര ഇഷ്ടമാണ്..

വീക്ക്‌നെസ്: അങ്ങനെ പ്രത്യേകിച്ചൊന്നുമില്ലെന്നാ തോന്നുന്നെ

? വിവാഹശേഷം അഭിനയരംഗത്തുണ്ടാവില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു... എന്താണതിനുള്ള കാരണം

തികച്ചും വ്യക്തിപരമായ അഭിപ്രായമാണത്. വ്യത്യസ്ത അഭിപ്രായക്കാരുണ്ടാകാം. ഞാന്‍ കണ്ടുവളര്‍ന്നത് എന്റെ അമ്മയെയാണ്. എന്റെ അഭിപ്രായത്തില്‍ ഓഫീസ് ജോലിയോ അല്ലെങ്കില്‍ ബിസിനസോ പോലെയല്ല സിനിമ. അത് തികച്ചും വ്യത്യസ്തമായ ലോകമാണ്. അറുപത് അല്ലെങ്കില്‍ എഴുപത് ദിവസം മാറിനില്‍ക്കണം. അങ്ങനെയൊരു കണ്‍സപ്റ്റാണ്. വിവാഹശേഷം അങ്ങനെയൊരു സാഹചര്യത്തില്‍ ഞാന്‍ പൊരുത്തപ്പെടുമെന്ന് തോന്നുന്നില്ല. ഒരു പ്രൊഡക്ഷന്‍ സംരംഭമൊക്കെ നന്നാകും. അത് നമുക്ക് വീട്ടില്‍ നിന്ന് മാറി നില്‍ക്കാതെ കൈകാര്യം ചെയ്യാന്‍ പറ്റും. അഭിനയമാണെങ്കില്‍ നമ്മള്‍ മാനസികമായും ഏറെ തയ്യാറെടുക്കേണ്ടി വരും. കുറെ സമയം അതിനുവേണ്ടി ചിലവഴിക്കേണ്ടി വരുമ്പോള്‍ സ്വന്തം കുടുംബത്തില്‍ ശ്രദ്ധ കൊടുക്കാന്‍ സമയം കിട്ടിയെന്ന് വരില്ല. അതുകൊണ്ടാണ് അങ്ങനെയൊരു തീരുമാനത്തിലെക്കെത്തിയത്.

? സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വിമര്‍ശനങ്ങള്‍ ചിലപ്പോഴൊക്കെ അതിര് കടക്കുന്നതായി തോന്നുണ്ടോ

ചിലപ്പോഴല്ല... മിക്കപ്പോഴും... ഫേസ്ബുക്ക് ഉപയോഗിച്ചിരുന്ന സമയത്ത് ഒരുപാട് അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും കിട്ടിയിരുന്നു. വിമര്‍ശനങ്ങളെ അതിന്റെ ഗൗരവത്തില്‍ കണക്കിലെടുക്കാറുമുണ്ട്. പക്ഷേ നമ്മുടെ മാതാപിതാക്കളെ മോശമായി പരാമര്‍ശിക്കുക, മോശം വാക്കുകള്‍ ഉപയോഗിക്കുക തുടങ്ങിയവ അസഹനീയമാണ്. അങ്ങനെ ഒരു വ്യക്തിയെ അപമാനിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. വള്‍ഗര്‍ ചിത്രങ്ങള്‍ അയക്കുന്നവര്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. ഫേസ്ബുക്കില്‍ ഇത്തരം ചിത്രങ്ങളയച്ച ഒരാളുടെ പ്രൊഫൈല്‍ പരിശോധിച്ചപ്പോള്‍ അമ്പത് അമ്പത്തഞ്ച് വയസുള്ള ആളാണ്. കുടുംബ ഫോട്ടോയിലൊക്കെ കണ്ടാല്‍ തനി മാന്യന്‍. അങ്ങനെയുള്ളവരുടെ ഭാഗത്ത് നിന്നും ഇത്തരം പ്രവൃത്തികളുണ്ടാകുമ്പോള്‍ വല്ലാതെ വിഷമം തോന്നും. ഇത്തരം കാര്യങ്ങളില്‍ നിന്നും വരും തലമുറ ഏറെ മാറേണ്ടിയിരിക്കുന്നു. അതിനായി കൃത്യമായ ബോധവത്ക്കരണം നടത്തുക, സാമൂഹ്യമാധ്യമങ്ങളുടെ നെഗറ്റീവും പോസിറ്റീവുമായ വശങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തുക, പഠിപ്പിക്കുക ഇതൊക്കെയാണ് ചെയ്യേണ്ടത്. ഇത്തരത്തില്‍ വേണം പുതു തലമുറ വളര്‍ന്ന് വരേണ്ടത്.

പുതിയ പ്രൊജക്ടുകള്‍
അല്‍ മല്ലൂ, നിര്‍ഭയ, പ്രഫസര്‍ ഡിങ്കന്‍

ആഗ്രഹം
മമ്മൂക്കയുടെയും ലാലേട്ടന്റെയും കൂടെ അഭിനയിക്കണം.

ഹോബി
ഇടയ്‌ക്കൊക്കെ എന്തെങ്കിലും കുത്തിക്കുറിക്കും. പടം വരയ്ക്കും. കാരംസ് കളിക്കും. പിന്നെ സിനിമ കാണാനും പാട്ടു കേള്‍ക്കാനും ഇഷ്ടമാണ്.

ശരത്കുമാര്‍ ടി.എസ്