ക്ഷീരമേഖലയിലെ പ്രതിസന്ധിക്കു പരിഹാരം പാല്‍വില വര്‍ധന മാത്രമോ?
ക്ഷീരമേഖലയിലെ പ്രതിസന്ധിക്കു പരിഹാരം പാല്‍വില വര്‍ധന മാത്രമോ?
Saturday, November 30, 2019 3:37 PM IST
പാല്‍ വിലവര്‍ധന നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്ന ക്ഷീരകര്‍ഷകന് ഒരു താങ്ങാകുമെന്നു പ്രതീക്ഷിക്കാം. അധികവിലയുടെ 83.75 ശതമാനം അഥവാ ലിറ്ററിനു മൂന്നു രൂപ 35 പൈസ വീതം ക്ഷീരകര്‍ഷകനു ലഭിക്കും. എന്നാല്‍ കേരളത്തിലെ ക്ഷീരമേഖല ഇന്നു നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ വിലവര്‍ധന കൊണ്ടു മാത്രം കഴിയില്ലെന്നതു തീര്‍ച്ചയാണ്.

ഈ മേഖലയില്‍ ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ അതിജീവനം അസാധ്യമാകും. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ പാലുത്പാദക രാഷ്ട്രങ്ങളില്‍ നിന്ന് ഒരു നിയന്ത്രണവുമില്ലാതെ പാല്‍ ഇന്ത്യയിലേക്കൊഴുകാന്‍ പോകുകയാണ്. ഇതിനു വഴിയൊരുക്കുന്ന റീജിയണല്‍ കോംപ്രഹന്‍സീവ് ഇക്കണോമിക് പാര്‍ട് ണര്‍ഷിപ്പ് (ആര്‍സിഇപി) എന്ന സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിടാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്ന സമയമാണിത്.

തീറ്റയില്‍ തട്ടി വീഴാതിരിക്കാന്‍

പാല്‍ ഉത്പാദനച്ചെലവ് ഉയരുന്ന തിന്റെ മുഖ്യകാരണം കാലിത്തീറ്റയുടെ അനിയന്ത്രിതമായ വിലവര്‍ധനവു തന്നെയാണ്. കാലിത്തീറ്റയുടെ ഗുണനിലവാരവും മെച്ചപ്പെടുത്തണം. കാലിത്തീറ്റയിലെ മാംസ്യത്തിന്റെ ശതമാനം ഉയര്‍ത്താന്‍ മികച്ച മാംസ്യസ്രോതസുകള്‍ ഉള്‍പ്പെടുത്തുന്നതിനു പകരം ഏറ്റവും വില കുറഞ്ഞ മാംസ്യസ്രോതസുകളിലൊന്നായ യൂറിയ അനുവദനീയമായ അളവിലും അധികം പല കാലിത്തീറ്റകളിലും ഉപയോഗിക്കുന്നു. കാലിത്തീറ്റയിലെ ഉയര്‍ന്ന അളവിലുള്ള യൂറിയ ആദ്യഘട്ടത്തില്‍ ഉത്പാദനം ഉയര്‍ത്തുമെങ്കിലും ക്രമേണ പശുക്കളുടെ ആരോഗ്യം ക്ഷയിപ്പിക്കും. യൂറിയയുടെ അളവ് അധികരിക്കുന്നതോടെ പശുവിന്റെ ആമാശയത്തിലെ മിത്രാണുക്കള്‍ പോലും നശിക്കും.

സംസ്ഥാനത്തു ലഭ്യമായ വിവിധ കാലിത്തീറ്റകള്‍ എങ്ങനെ പശുക്കളുടെ ആരോഗ്യത്തെ ബാധിക്കുന്നെന്ന് ഒരുപഠനം നടത്തുകയുണ്ടായി. ഓണാട്ടുകര പ്രദേശത്തെ നാലു മാസം മുതല്‍ നാലു വയസുവരെയുള്ള പശുക്കളിലാണ് പഠനം നടത്തിയത്. ഒരു കാലിത്തീറ്റ സ്ഥിരമായി നല്‍കുന്ന പശുക്കളില്‍ പോഡോഡെര്‍മറ്റെറ്റിസ് പോലുള്ള രോഗങ്ങള്‍ കൂടുതലാണെന്നു പഠനത്തില്‍ നിരീക്ഷിച്ചിരുന്നു. വിപണിയില്‍ ലഭ്യമായ കാലിത്തീറ്റകളെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോവുന്ന പല ക്ഷീര സംരംഭങ്ങളിലും പശുക്കളിലെ വന്ധ്യത, അകിടുവീക്കം, കീറ്റോണ്‍ രോഗം തുടങ്ങിയ ഉത്പാദന, പ്രത്യു ത്പാദന പ്രശ്‌നങ്ങള്‍ കാണുന്നുണ്ട്. ഉപാപചയ രോഗങ്ങള്‍ വ്യാപകമാവുന്നതിനും പാലുത്പാദനക്കുറവിനും പിന്നില്‍ കാലിത്തീറ്റയുടെ ഗുണനിലവാരക്കുറവാണെന്ന ആശങ്ക തള്ളിക്കളയാന്‍ സാധിക്കില്ല.

കാലിത്തീറ്റയുടെ ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്) ഗുണനിലവാരം ഉറപ്പുവരുത്താന്‍ നിയമ നിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല.

ഇതോടൊപ്പം പാലിന്റെ ഉത്പാദനവും ഗുണനിലവാരവും ഉയര്‍ത്താന്‍ പര്യാപ്തമായ ടി.എം.ആര്‍. (സമ്പൂര്‍ ണ മിശ്രിത തീറ്റ) അടക്കമുള്ള നൂതന തീറ്റകള്‍ കര്‍ഷകര്‍ക്കു പരിചയപ്പെടുത്തണം. അവയുടെ ഉപയോഗം ചെറുകിട ക്ഷീരകര്‍ഷകര്‍ക്കിടയില്‍ വ്യാപകമാക്കണം. പൊതുമേഖലാ കാലിത്തീറ്റ നിര്‍മാണ സ്ഥാപനങ്ങള്‍ ഇത്തരം നൂതന കാലിത്തീറ്റകളുടെ നിര്‍മാണത്തിനും വിതരണത്തിനും മുന്തിയ പരിഗണന നല്‍കേണ്ടതുണ്ട്.

കേരളത്തില്‍ സുലഭമായ വാഴ, കൈതച്ചക്ക, മരച്ചീനി തുടങ്ങിയ വയുടെ വിളവെടുപ്പിനു ശേഷമുള്ള അവശിഷ്ടങ്ങള്‍ അടക്കമുള്ള പാരമ്പര്യേതരതീറ്റകള്‍ ശാസ്ത്രീയ മായി സംസ്‌കരിച്ച് കാലിത്തീറ്റയാക്കണം. ബ്ലോക്ക് തലങ്ങളില്‍ തീറ്റ സംസ്‌കരണത്തിനും സംരക്ഷ ണത്തിനുമായി ഫീഡ് ബാങ്കുകള്‍ രൂപീകരിക്കണം. ക്ഷീരസംഘങ്ങളുടെ നേതൃത്വത്തില്‍ ഭൂമി പാട്ടത്തിനെടുത്ത് തീറ്റപ്പുല്‍കൃഷി വ്യാപകമാക്കണം.

കുറഞ്ഞവിലയ്ക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു കാലിത്തീറ്റ ചേരുവകള്‍ സംഭരിച്ച് സ്വന്തമായി കാലിത്തീറ്റകള്‍ നിര്‍മിക്കാന്‍ കര്‍ഷക കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കണം. ചെറുകിടരീതിയില്‍ സമ്പൂര്‍ണ മിശ്രിത തീറ്റയടക്കം ഉത്പാദിപ്പിക്കാനുള്ള പരിശീലനങ്ങളും സാങ്കേതിക സഹായങ്ങളും ഇത്തരം കൂട്ടായ്മകള്‍ക്ക് ലഭ്യമാകണം. ചെറുകാലിത്തീറ്റ നിര്‍മാണയന്ത്രങ്ങള്‍ വാങ്ങുന്നതിനായുള്ള സബ്‌സിഡികളും അനുവദിക്കാം. വെറ്ററിനറി സര്‍വകലാശാലയുടേതടക്കമുള്ള കാലിത്തീറ്റ നിര്‍മാണ സ്ഥാപനങ്ങളില്‍ കര്‍ഷകര്‍ക്ക് ഇതിനായി പരിശീലനങ്ങള്‍ നല്‍കാം.

പാലൊഴുക്കിനെ നിയന്ത്രിക്കാന്‍

കേരളത്തില്‍ പാലിന്റെ വില ഉയര്‍ന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ പാല്‍ ഇവിടേക്ക് ഒഴുകാനുള്ള സാധ്യതയുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള പാലൊഴുക്കിനെ നിയന്ത്രിക്കാന്‍ ഗുണനിലവാരപരിശോധന ചെക്ക്‌പോസ്റ്റുകളില്‍ കാര്യക്ഷമമാക്കണം. ഗുണനിലവാരമില്ലെ ന്ന് കണ്ടെത്തിയാല്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയോ തിരിച്ചയക്കുകയോ വേണം. ഒപ്പം നിയമനടപടികളും വേണം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ക്ഷീരവികസന വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനാവശ്യമാണ്.

ക്ഷീരാരോഗ്യമേഖലയില്‍

കര്‍ഷകര്‍ക്ക് രാത്രികാലങ്ങളിലെ അടിയന്തര സാഹചര്യങ്ങളില്‍ വെറ്ററിനറി ഡോക്ടറുടെ സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ തെരഞ്ഞെടുത്ത ബ്ലോക്ക് പഞ്ചായത്തുകളില്‍ 2014-ല്‍ തുടക്കമിട്ട പദ്ധതിയാണ് രാത്രികാല മൃഗചികിത്സാ സേവന പദ്ധതി. ഘട്ടം ഘട്ടമായി വിപുലപ്പെടുത്തി ഇപ്പോള്‍ സംസ്ഥാനത്തെ 105 ബ്ലോക്ക് പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കുന്നുണ്ട്. പശുക്കളുടെ പ്രസവമടക്കമുള്ള അടിയന്തര സാഹചര്യങ്ങള്‍ ഏറ്റവുമധികം സംഭവിക്കുന്ന രാത്രികാലങ്ങളില്‍ വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമായത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരം തന്നെയാണ്. സേവനങ്ങള്‍ക്കൊപ്പം മരു ന്നും രാത്രികാല ചികിത്സാപദ്ധതിയില്‍ സൗജന്യമാണ്. എങ്കിലും ക്ഷീരകര്‍ഷകര്‍ ഏറെയുള്ള പല മേഖലകളും ഇപ്പോഴും ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇത് സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകളിലും വ്യാപിപ്പിക്കണം.

തൈലേറിയ അടക്കമുള്ള പുതിയ രോഗങ്ങള്‍ക്കെതിരായ മരുന്നുകള്‍ മൃഗാശുപത്രികള്‍ വഴി ലഭ്യമാക്കിയാല്‍ ചികിത്സാച്ചെലവ് കുറയ്ക്കാന്‍ സാധിക്കും.

ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ ഫലപ്രദമാവാന്‍

അപ്രതീക്ഷിതമായി സംഭവിക്കുന്ന സാമ്പത്തിക നഷ്ടങ്ങളെ അതിജീവിക്കാനുള്ള മികച്ച പോംവഴിയാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷകള്‍. ക്ഷീരമേഖലയ്ക്കായി സര്‍ക്കാര്‍ തലത്തില്‍ ഗോസമൃദ്ധി, ക്ഷീരസാന്ത്വനം തുടങ്ങിയ പദ്ധതികള്‍ നിലവിലുണ്ട്. കൂടാതെ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ്, ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ്, നാഷണല്‍ അഷ്വറന്‍സ് തുടങ്ങിയ കമ്പനികള്‍ക്കും ക്ഷീര ഇന്‍ഷ്വറന്‍സ് പദ്ധതികളുണ്ട്.

ഇതില്‍ ചേരുന്നവരും ഒരു തവണ ഇന്‍ഷ്വര്‍ ചെയ്താല്‍ വര്‍ഷാവര്‍ഷം പുതുക്കുന്നവരും കുറവു തന്നെ. കാര്‍ഷിക മേഖലയില്‍ വിള ഇന്‍ ഷ്വറന്‍സ് പദ്ധതികള്‍ക്ക് ലഭിക്കുന്ന ജനകീയതയും സ്വീകാര്യതയും കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ക്ക് ലഭിക്കുന്നില്ല. ഉയര്‍ന്ന വാര്‍ഷിക പ്രീമിയം പല കര്‍ഷകരെയും പിന്തിരിപ്പിക്കുന്ന പ്രധാന ഘടകമാണ്.



ക്ഷീരമേഖലയില്‍ ഇന്‍ഷ്വറന്‍സ് പ്രോത്സാഹിപ്പിക്കുന്നതിനും കൃത്യമായ ധാരണ വളര്‍ത്തുന്നതിനുമായി ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടി കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതികളുടെ നടത്തിപ്പില്‍ ഭാഗമാക്കണം. ഇന്‍ ഷ്വറന്‍സ് പ്രീമിയത്തിന്റെ ഒരു വിഹി തം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിയില്‍ നിന്നു കണ്ടെത്തിയാല്‍ കര്‍ഷകര്‍ക്കുമേലുള്ള പ്രീമിയം ഭാരം കുറയും.

പാല്‍ മാത്രമല്ല, പാലുത്പന്നങ്ങളും

ക്ഷീരകര്‍ഷകരെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നതിനായി ക്ഷീരമേഖലയില്‍ മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം. ഒരു ക്ഷീര സംരംഭത്തില്‍ ഉത്പാദിപ്പിക്കുന്ന ആകെ പാലിന്റെ 40 ശതമാനമെങ്കിലും മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കണം. ചെറുകിട ക്ഷീരകര്‍ഷകര്‍ക്ക് പാലുത്പന്ന നിര്‍മാണത്തില്‍ സ്റ്റൈപ്പന്റോടു കൂടി പരിശീലനം നല്‍കണം. ചെറുകിട യൂണിറ്റുകള്‍ തുടങ്ങാന്‍ പലിശരഹിത വായ്പകളും സാങ്കേതിക സഹായവും ലഭ്യമാക്കണം. ക്ഷീരോ ത്പന്ന നിര്‍മാണയൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി കര്‍ഷക കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കണം. വെറ്ററിനറി സര്‍വകലാശാലയടക്കമുള്ള സ്ഥാപനങ്ങളെ ഇതിനായി ആശ്രയിക്കാം. ക്ഷീര സഹകരണ സംഘങ്ങളിലും മൂല്യവര്‍ധന സംരംഭങ്ങള്‍ കര്‍ഷകരുമായി ചേര്‍ന്ന് തുടങ്ങാം.


ക്രീം മാറ്റാത്തതും സംസ്‌കരണ പ്രക്രിയനടത്താത്തതുമായ ഫാം ഫ്രഷ് മില്‍ക്കിന് ആവശ്യക്കാര്‍ ഏറുന്ന കാലം കൂടിയാണിത്. ഫാമില്‍ നിന്നു നറുംപാല്‍ നേരിട്ട് ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിച്ച് വിപണി കണ്ടെത്തുന്നവരും വരുമാനം നേടുന്നവരും ഏറെയുണ്ട്. ക്ഷീരസംഘങ്ങളില്‍ പാല്‍ നല്‍കുന്നതിനൊപ്പം തന്നെ ഫാം ഫ്രഷ് മില്‍ ക്കിന്റെ വിപണി സാധ്യത ക്ഷീരകര്‍ഷകര്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം,

ദുരന്തനിവാരണം ക്ഷീരമേഖലയില്‍

പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ എത്തുമ്പോള്‍ തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ കര്‍ഷകര്‍ നേരിടുന്ന പ്രയാസങ്ങള്‍ ചെറുതല്ല. റെയില്‍ പാളങ്ങ ള്‍ക്കും റോഡിനിരുവശവും മേല്‍പ്പാലങ്ങള്‍ക്കു മുകളിലുമെല്ലാം മഴയും വെയിലുമേറ്റ് ശുദ്ധമായ കുടിവെള്ളമോ വേണ്ടത്ര തീറ്റയോ ഇല്ലാ തെ പശുക്കളെ പാര്‍പ്പിക്കേണ്ടി വന്ന കാഴ്ച നൊമ്പരമുണര്‍ത്തുന്നതായിരുന്നു. ഭാവിയില്‍ ഇത്തരമൊരു സാഹചര്യമൊഴിവാക്കാന്‍ പ്രളയത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ ബ്ലോക്ക് തലത്തിലെങ്കിലും ഓരോ പൊതു കന്നുകാലി പരിപാലന കേന്ദ്രങ്ങള്‍ വീതം പണികഴിപ്പിക്കണം. വേണ്ടത്ര തീറ്റയും വെള്ളവും ചികിത്സയുമെല്ലാം ലഭ്യമാക്കാന്‍ സാഹചര്യവുമൊരുക്കണം.

പ്രകൃതിദുരന്തങ്ങളുടെ സാഹചര്യത്തില്‍ പ്രാദേശികമായി സ്വീകരിക്കേണ്ട അടിയന്തര നടപടികളെ കുറിച്ചും ശാസ്ത്രീയ മാര്‍ഗങ്ങളെ കുറിച്ചും കര്‍ഷകര്‍ക്കും ബോധവത്കരണം നല്‍കേണ്ടതുണ്ട്. തൊഴുത്തുകള്‍ പണികഴിപ്പിക്കാനും ഫാമുകള്‍ക്കായും സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രളയമടക്കമുള്ള ദുരന്തങ്ങളുടെ ഭൂമിശാസ്ത്രപരമായ സാധ്യതകള്‍ പരിഗണിക്കണം. തകര്‍ന്ന തൊഴുത്തുകള്‍ വീണ്ടും പഴയ രീതിയില്‍, പഴയ സ്ഥലത്തു തന്നെ പണികഴിപ്പിക്കുന്ന രീതിയില്‍ മാറ്റം വേണ്ടതുണ്ട്. സ്ഥിരമായി വെള്ളം കയറുന്ന താഴ്ന്ന പ്രദേശ ങ്ങളില്‍ കോണ്‍ക്രീറ്റ് തൂണു സ്ഥാ പിച്ച് തൊഴുത്തുകള്‍ അതിനു മുക ളില്‍ ഉയര്‍ത്തി നിര്‍മിക്കണം. ആവശ്യമെങ്കില്‍ ഇതിന് വിദഗ്ധരുടെ സഹാ യം തേടണം. ഇത്തരത്തിലുള്ള തൊ ഴുത്തുകള്‍ നിര്‍മിക്കാന്‍ കര്‍ഷകര്‍ക്ക് സബ്‌സിഡികള്‍ അനുവദിക്കണം.

തീറ്റപ്പുല്‍ കൃഷി, സംഭരിച്ചു വച്ച കാലിത്തീറ്റ, വൈക്കോല്‍ തുടങ്ങിയവെയല്ലാം വെള്ളം കയറി നശിച്ചതിനാല്‍ പശുക്കളടക്കമുള്ള വളര്‍ത്തു മൃഗങ്ങള്‍ക്ക് തീറ്റ ലഭ്യമാക്കാന്‍ വലിയ പ്രയാസം തന്നെയാണ് ഈ വര്‍ഷവും കര്‍ഷകര്‍ നേരിട്ടത്. പ്രളയാനന്തരമുണ്ടായിട്ടുള്ള പാല്‍ ഉത്പാദന കുറവിന്റെ മുഖ്യകാരണം പച്ചപ്പുല്ലും വൈക്കോലുമടക്കമുള്ള തീറ്റകളുടെ ക്ഷാമം തന്നെയാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിച്ച ടി. എം. ആര്‍. (സമ്പൂര്‍ണ മിശ്രിത തീറ്റ) കാലിത്തീറ്റകള്‍, സൈലേജ്, വൈക്കോല്‍, ബൈപ്പാസ് പ്രോട്ടീന്‍ കാലിതീറ്റകള്‍ എന്നിവയെല്ലാം ആണ് പ്രളയാനന്തരം ക്ഷീരമേഖലയ്ക്ക് ആശ്വാസമായത്.

അടിയന്തിര സാഹചര്യങ്ങളില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി സമ്പൂര്‍ണ മിശ്രിത തീറ്റ, സൈലേജ് അടക്കമുള്ള തീറ്റകളുടെ ഉത്പാദനത്തിനും സംഭരണത്തിനും പൊതുമേഖലാ കാലിത്തീറ്റ നിര്‍മാണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം. കേരളത്തില്‍ കൊയ്ത്തുകാലങ്ങളില്‍ സുലഭമായി ലഭ്യമാവുന്ന വൈക്കോല്‍ കര്‍ഷകരില്‍ നിന്നു നേരിട്ടു സംഭരിക്കുന്നതിനും സമ്പൂര്‍ണ മിശ്രിതതീറ്റയുത്പാദിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ക്കും പൊതുമേഖലാ തീറ്റ നിര്‍മാണ കമ്പനികള്‍ രൂപം നല്‍കണം.

ആനുകൂല്യങ്ങളില്‍ ആനുപാതിക മാറ്റങ്ങള്‍

പാലിന്റെ വിലവര്‍ധന ഉത്പാദനച്ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ അപര്യാപ്തമാണെന്ന് ക്ഷീരകര്‍ഷകസംഘടനകള്‍ പറയുന്നു. ക്ഷീരകര്‍ഷകരുടെ പരാതികള്‍ പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ടതുണ്ട്. ഒരു ലിറ്റര്‍ പാലുത്പാദിപ്പിക്കാന്‍ 40 രൂപ ചെലവു വരുമെന്നാണ് കണക്ക്. കര്‍ഷകര്‍ ക്ഷീരസംഘങ്ങളില്‍ അളക്കുന്ന ഒരു ലിറ്റര്‍ പാലിന് നാലുരൂപ എന്ന തോതിലാണ് ഇപ്പോള്‍ സബ്‌സിഡി. എത്ര ലിറ്റര്‍ അളന്നാലും പ്രതിവര്‍ഷം പരമാവധി 40,000 രൂപയേ സബ്‌സിഡിയായി അനുവദിക്കൂ. കൂടുതല്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് ഇത് പ്രയോജനപ്പെടുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമില്ലെങ്കില്‍ ഈ സബ്‌സിഡി വീണ്ടും കുറയും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാകാനും സാമ്പത്തിക നഷ്ടം നികത്താനും പാല്‍വില വര്‍ധന യ്‌ക്കൊപ്പം സബ്‌സിഡിയിലും ആനുപാതിക മാറ്റങ്ങള്‍ വരുത്തണം.

ചെറുകിട കര്‍ഷകരുടെ ക്ഷീരസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കറവപ്പശുക്കളുടെ കാലിത്തീറ്റ സബ്‌സിഡി പത്തു മാസത്തേക്ക് പരമാവധി 10,000 രൂപ മാത്രമാണ്. ഇതനുസരിച്ച് ഒരു കര്‍ഷകന് കേവലം 100 കിലോഗ്രാം കാലിത്തീറ്റ മാത്രമാണ് ഒരു മാസം സബ്‌സിഡി നിരക്കില്‍ ലഭ്യമാവുക. ഇത് മാസം 200 കിലോഗ്രാമെങ്കിലുമാക്കണം. ഇത് ക്ഷീരസഹകരണ സംഘങ്ങള്‍ വഴി തന്നെ വിതരണം ചെയ്യുന്നതാണ് ഏറ്റവും ഉചിതം.

മറുനാടന്‍ പശുക്കളെത്തുന്നു, ഒപ്പം രോഗങ്ങളും

സര്‍ക്കാരിന്റെ ക്ഷീരസംരംഭ പദ്ധതികളില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു പശുക്കളെ വാങ്ങണമെന്നാണ് നിര്‍ദ്ദേശം. സബ്‌സിഡിയാനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഈ നിര്‍ദ്ദേശം പാലിക്കണമെന്നതുകൊണ്ട് കര്‍ഷകര്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു പശുക്കളെ വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. കേരളത്തില്‍ പശുക്കളെ ലഭ്യമാക്കാന്‍ തമിഴ്‌നാട്, കര്‍ണാടക കേന്ദ്രീകരിച്ച് ലോബികളും സജീവമാണ്. ഹരിയാനയില്‍ നിന്നു പോലും കേരളത്തിലേക്കു പശുക്കളെത്തുന്നുണ്ട്. പശുക്കളെ വാങ്ങുന്നതിനായി പ്രതിവര്‍ഷം കോടിക്കണക്കിനു രൂപയാണ് കേരളത്തില്‍ നിന്ന് ഇതരസംസ്ഥാനങ്ങളിലേക്കൊഴുകുന്നത്.

പ്രത്യേകിച്ച് ആരോഗ്യപരിശോധനകളൊന്നും കൂടാതെ നമ്മുടെ തൊഴുത്തുകളില്‍ എത്തുന്ന ഈ മറുനാടന്‍ പശുക്കളില്‍ നിന്നു പ്രതീക്ഷിച്ച ഉത്പാദനം ലഭിക്കുന്നില്ല. തൈലേറിയ, അനാപ്ലാസ്മ, ബബീസിയ, ട്രിപ്പാനോസോംസ് തുടങ്ങിയ രക്താണു രോഗങ്ങളുടെ നിരക്കും ഈ പശുക്കളില്‍ കൂടുതലാണ്. വാങ്ങി വീട്ടിലെത്തിച്ചതിന്റെ പിറ്റേ ദിവസം മുതല്‍ രോഗങ്ങള്‍ തലപൊക്കാം. ഗുരുതരമായ അണുബാധകളായതിനാല്‍ ചികിത്സാ ചെലവുമേറും.

നല്ലയിനം കിടാക്കളെ ഇവിടെനിന്നു കണ്ടെത്തി കര്‍ഷകര്‍ക്കു നല്‍കാനുള്ള പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണം. കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള പശുക്കളെ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടു സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു കിടാരി പാര്‍ക്കുകള്‍. ആറുമാസം പ്രായമായ സങ്കരയിനം പശുക്കുട്ടികളെ വളര്‍ത്തി പ്രസവിപ്പിച്ചതിനു ശേഷം പശുവിനെയും കിടാവിനേയും കര്‍ഷകര്‍ക്ക് നല്‍കുന്നതായിരുന്നു ഈ പദ്ധതി. എന്നാല്‍ ഒരു കിടാരി പാര്‍ക്ക് മാത്രമാണു യാഥാര്‍ഥ്യമായത്. കിടാരി പാര്‍ക്കുകള്‍ വ്യാപകമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്.

രക്തപരാദരോഗങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നു പശുക്കളെ കൊണ്ടുവരു മ്പോള്‍ ചുരുങ്ങിയത് മൂന്നാഴ്ച മാറ്റി പാര്‍പ്പിച്ച് (ക്വാറന്റൈന്‍) നിരീക്ഷിക്കാനും രക്തം പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം മുഖ്യതൊഴുത്തിലെ മറ്റു പശുക്കള്‍ക്കൊപ്പം ചേര്‍ക്കാനും കര്‍ഷകര്‍ ശ്രദ്ധിക്കണം. രോഗാണുക്കളുടെ സാന്നിധ്യം കണ്ടെ ത്തുന്നപക്ഷം ഉടന്‍ ചികിത്സ ഉറപ്പാക്കാന്‍ മറക്കരുത്.

ഡോ. മുഹമ്മദ് ആസിഫ് എം.
ഡയറി കണ്‍സള്‍ട്ടന്റ്, ഫോണ്‍: 9495187522.
[email protected]