സുധീഷിനിത് സുവര്‍ണകാലം
Saturday, April 11, 2020 4:14 PM IST
കുടുംബ പ്രേക്ഷകരുടെ പ്രിയ താരം സുധീഷ് സിനിമയില്‍ എത്തിയിട്ട് മൂന്നു പതിറ്റാണ്ടോളം പിന്നിട്ടിരിക്കുന്നു. അച്ഛനും പിന്നാലെ സുധീഷും ഇപ്പോള്‍ അദ്ദേഹത്തിന്റെ മകനും സിനിമയില്‍ എത്തിക്കഴിഞ്ഞു. കാരക്ടര്‍ വേഷങ്ങളില്‍ എന്നും തിളങ്ങിയ സുധീഷ് അടുത്ത കാലത്തായി പാത്രാവിഷ്കാരത്തില്‍ ഏറെ പുതുമയും കൊണ്ടുവന്നു. സിനിമാപാരമ്പര്യം തലമുറകളിലൂടെ കൈമാറുന്ന സുധീഷിന്റെ വിശേഷങ്ങളിലൂടെ...
അഭിനയത്തിലും അപ്പിയറന്‍സിലും പുതിയ ഭാവം കൊണ്ടുവരാനായതിനെക്കുറിച്ച്?
നിവിന്‍ പോളി നായകനാകുന്ന പടവെട്ട് എന്ന ചിത്രത്തിനു വേണ്ടിയാണ് ഇപ്പോള്‍ താടി വളര്‍ത്തിയിരിക്കുന്നത്. ഇടക്കാലത്ത് കുറച്ച് ചിത്രങ്ങളില്‍ ഈ അപ്പിയറന്‍സില്‍ എത്തി. അത്തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നതു തീവണ്ടി എന്ന സിനിമയ്ക്കു ശേഷമാണ്.
മുമ്പു ചെയ്തിരുന്ന സ്ഥിരം കഥാപാത്രങ്ങളില്‍ നിന്നും മാറി പുതുമ ഇപ്പോള്‍ കിട്ടുന്നുണ്ട്. നായകന്റെ കൂട്ടുകാരന്, അനിയന് എന്നിങ്ങനെയുള്ള കഥാപാത്രങ്ങളില്‍ നിന്നും മാറി പ്രായമുള്ള ഒരു കഥാപാത്രമായി തീവണ്ടിയിലൂടെ എത്തിയപ്പോള്‍ അതു പുതുമ സൃഷ്ടിച്ചു. ആ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോള്‍ അത്തരം കഥാപാത്രം എനിക്കു നല്കാന് മറ്റു ഫിലിം മേക്കേഴ്സിനും ധൈര്യമുണ്ടായി.
തീവണ്ടിയിലെ കഥാപാത്രം ഒരു പൊളിച്ചെഴുത്തലായിരുന്നോ?
തീര്‍ച്ചയായും. അത്തരം ഒരു മാറ്റം ഞാനും ഏറെനാളായി ആഗ്രഹിച്ചിരുന്നു. എന്നും സിനിമ കാണുകയും അതിനൊപ്പം സഞ്ചരിച്ച് ട്രെന്ഡിലുണ്ടാകുന്ന മാറ്റമൊക്കെ അറിയുന്ന ഒരാളാണ് ഞാന്‍. ഇടക്കാലത്ത് സിനിമ വളരെ മാറിയപ്പോഴും എനിക്ക് അവസരം കിട്ടാതിരുന്നതില്‍ വിഷമം ഉണ്ടായിരുന്നു.
സിനിമയില്‍ ഒരു ഇമേജ് കിട്ടിയാല്‍ അതെന്നും ആ കലാകാരന് ഒപ്പം കാണും. പിന്നീടുള്ള കഥാപാത്രങ്ങള്‍ എത്തുന്നതും അത്തരത്തിലുള്ളതാകും. ഒരു മാറ്റം വരുത്തണമെന്നു മന:പ്പൂര്‍വം ചിന്തിച്ചു ചെയ്താല്‍ ചിലപ്പോള്‍ അത് അംഗീകരിക്കപ്പെടണം എന്നില്ല. പക്ഷേ, അതെൻ ജീവിതത്തില്‍ താനേ സംഭവിക്കുന്നത് തീവണ്ടി എന്ന ചിത്രത്തിലൂടെയാണ്.
തുടക്കം മുതല്‍ പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ കഴിഞ്ഞിട്ടുണ്ടല്ലോ?
മണിച്ചിത്രത്താഴില്‍ ലാലേട്ടന് കിണ്ടി എന്നു വിളിച്ചതിനു ശേഷം ഇപ്പോഴും ആ വിളി എവിടെനിന്നെങ്കിലുമൊക്കെ കേള്‍ക്കാറുണ്ട്. പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴും ഞാനും എന്റെ കഥാപാത്രവും ഉണ്ടെന്നുള്ള തിരിച്ചറിവ് ആ വിളി നല്‍കുന്നുണ്ട്.
പിന്നെ, ഇപ്പോഴത്തെ പുതിയ ലുക്കൊക്കെ കാണുമ്പോള്‍ പഴയ ആള്‍ക്കാര്‍ക്ക് ഇതു ഞാന്‍ തന്നെയാണോ എന്നു സംശയമൊക്കെ തോന്നുന്നുണ്ട്. എങ്കിലും ന്യൂജെനറേഷന് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഞാന്‍ ഒരു പുതിയ ആളെന്നുള്ള ധാരണയാണുള്ളത്. എല്ലാ പ്രേക്ഷകരും നമ്മളെ അംഗീകരിക്കുന്നു എന്നതിലാണ് സന്തോഷം.
സിനിമാബന്ധങ്ങള്‍ ഉണ്ടായിരുന്നിട്ടും അവസരങ്ങള്‍ക്കായി അത് ഉപയോഗപ്പെത്തിയില്ലേ?
നല്ല ബന്ധങ്ങള്‍ സിനിമയില്‍ ഉണ്ടെങ്കിലും അവസരങ്ങള്‍ ചോദിക്കുന്നതിനായി ബന്ധം ഉണ്ടാക്കുന്നതില്‍ കുറച്ചു മടിയുള്ള ആളാണ് ഞാന്‍. അതു നല്ല ശീലമല്ല എന്നെനിക്കറിയാം. മറ്റൊരാളെ ബുദ്ധിമുട്ടിക്കേണ്ട എന്നു ചിന്തിക്കും. നമ്മുടെ ബന്ധങ്ങള്‍ കൂടുതലും പഴയ ആള്‍ക്കാരുമായിട്ടായിരുന്നു. ഫാസില്‍ സാറിന്റെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
അദ്ദേഹത്തെ പോലെ സീനിയേഴ്സ് പലരും ഇപ്പോള്‍ സിനിമ ചെയ്യുന്നില്ല എന്നതാണു കാര്യം. അതുകൊണ്ടാകാം മുന്നിലേക്ക് വരാന്‍ എനിക്കും കഴിയാതെ പോയത്. പിന്നെ ശ്രമം എത്ര വിജയിച്ചാലും വീണ്ടും ശ്രമം വേണമെന്നതാണ് സത്യം. ഇപ്പോള്‍ ചെറിയ രീതിയില്‍ ശ്രമം ഉണ്ടെന്നു പറയാം.
ഒരു ഒഴുക്കു പോലെ ഇപ്പോള്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നുണ്ട്. എങ്കിലും തീവണ്ടിയിലെ പോലെ പുതിയൊരു മാറ്റം ഇനിയും ഉണ്ടാകണം എന്നാണ് ആഗ്രഹിക്കുന്നത്. പടവെട്ടിലൂടെ അത് പ്രതീക്ഷിക്കുന്നുണ്ട്.
അച്ഛന്റെ പാതയില്‍ എങ്ങനെയാണ് ചലച്ചിത്ര നടനായി എത്തുന്നത്?
അച്ഛന് റിയര്‍ ആകുമ്പോള്‍ ഡെപ്യൂട്ടി കളക്ടര്‍ ആയിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിനൊപ്പം എന്നും നാടകം ഉണ്ടായിരുന്നു. അങ്ങനെ അച്ഛനൊപ്പം നാടകം ചെയ്താണ് ഞാനും സിനിമയിലെത്തുന്നത്. ഒന്നാം ക്ലാസ് മുതല്‍ നാടകത്തിനു വേണ്ടി സ്റ്റേജില്‍ കയറിയിരുന്നു.
അഭിനയിക്കാന്‍ സാധിക്കണം എന്നാണ് എപ്പോഴും ആഗ്രഹിച്ചിുള്ളത്. നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തിയപ്പോള്‍ കുറച്ചുകൂടി നാച്ചുറലായി അഭിനയിക്കാന്‍ സാധിച്ചു. അതൊരു ചലഞ്ചായി കരുതിയതുകൊണ്ടു നിരവധി സിനിമകളുടെ ഭാഗമായി. ഇപ്പോഴും സിനിമയ്ക്കൊപ്പം മുന്നോട്ടു പോകാനാകുന്നു.
1987ല്‍ അടൂര്‍ ഗോപാലകൃഷ്ണന് സാറിന്റെ അനന്തരം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഡിഗ്രി പൂര്‍ത്തിയാക്കുന്നതുവരെ ഓരോ വര്‍ഷവും ഒന്നു രണ്ടു ചിത്രങ്ങള്‍ വീതം ചെയ്തു. ഡിഗ്രി കഴിയുന്ന സമയത്താണ് മണിച്ചിത്രത്താഴ് റിലീസാകുന്നത്.
അവിടം മുതല്‍ നിറയെ അവസരങ്ങളെത്തി. അതിനുശേഷം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് നിരവധി ചിത്രങ്ങളുടെ ഭാഗമായി. ഒരു വര്‍ഷം പത്തു സിനിമകളില്‍ വരെ അഭിനയിച്ചിട്ടുണ്ട്. അതിനു ശേഷം 2018- 19 കാലഘട്ടത്തിലാണ് നിറയെ ചിത്രങ്ങള്‍ ചെയ്യുന്നത്. അങ്ങനെ സിനിമയായി ജീവിത മാര്‍ഗം. ഇതുവരെ ബുദ്ധിമുട്ട് ഉണ്ടാക്കാത്തവിധം സിനിമയുമായി ജീവിക്കാന്‍ സാധിക്കുന്നുണ്ട്.

അച്ഛന്റെ പിന്തുടര്ച്ചയെന്നവണ്ണം മകനും സിനിമയില്‍ എത്തിയല്ലോ?
സംവിധായകന് സിദ്ധാര്‍ഥ് ശിവയുമായുള്ള പരിചയത്തിലാണ് മകന് രുദ്രാക്ഷ് സിനിമയിലേക്കെത്തുന്നത്. മുമ്പുതന്നെ ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. ഒരിക്കല്‍ കുടുംബത്തിനൊപ്പം സിദ്ധു കാണാനിടയായപ്പോഴാണ് രുദ്രാക്ഷിനോട് അഭിനയിക്കാന്‍ ഇഷ്ടമുണ്ടോയെന്ന് സിദ്ധു ചോദിക്കുന്നത്. അവനു താല്പര്യം എന്നറിഞ്ഞപ്പോള്‍ സിദ്ധു ആദ്യം പറഞ്ഞത് നീന്തല്‍ പഠിക്കാനാണ്.
എന്റെ ആദ്യ ചിത്രം അനന്തരത്തില്‍ ചെന്നപ്പോള്‍ അടൂര്‍ സാറും നീന്തല്‍ പഠിക്കാനാണ് ആദ്യം പറഞ്ഞത്. കൊച്ചൗ പൗലോ അയ്യപ്പ കൊയ്ലോയില് പ്രധാന സംഗതി നീന്തലായിരുന്നു. അതുകൊണ്ടുതന്നെ കാര്യമായി അവന് നീന്തല്‍ പഠിച്ചു. ചാക്കോച്ചനാണ് നായകന് എന്നു പറഞ്ഞിരുന്നു. മകനെ സംബന്ധിച്ചിടത്തോളം ആദ്യ സിനിമ തന്നെ സിനിമ എന്താണെന്നു പഠിക്കുന്നതിനുള്ള അവസരമായിരുന്നു.
ചാക്കോച്ചനൊപ്പം സൗഹൃദം തുടരുന്നുണ്ടോ?
അദ്ദേഹവുമായി ഇപ്പോഴും നല്ല സൗഹൃദമുണ്ട്. ചാക്കോച്ചന്റെ ആദ്യ സിനിമയില്‍ ഞാനുണ്ടായിരുന്നു. എന്റെ മകന് ആദ്യമായി കാമറയ്ക്കു മുന്നില്‍ വന്നപ്പോള്‍ ഒപ്പം ചാക്കോച്ചനും ഉണ്ടായി. അവന്റെ ആദ്യ സിനിമയുടെ നിര്‍മാതാവും ചാക്കോച്ചന് ആയിരുന്നു.
ആദ്യ ചിത്രം വളരെ പ്രേക്ഷക പ്രശംസ നേടിക്കൊടുത്തിട്ടും പിന്നീട് രുദ്രാക്ഷിനെ വെള്ളിത്തിരയില്‍ കണ്ടില്ല?
ഇപ്പോള്‍ രുദ്രാക്ഷ് എട്ടാം ക്ലാസില്‍ പഠിക്കുകയാണ്. കൊച്ചൗ പൗലോ അയ്യപ്പകൊയ്ലോയ്ക്കു ശേഷം കുറച്ച് അവസരങ്ങളൊക്കെ അവനെ തേടി വന്നിരുന്നു. ആദ്യ സിനിമയില്‍ നല്ലൊരു വേഷമാണ് അവനു കിട്ടിയത്. അപ്പോള്‍ ഇനി ചെയ്യുമ്പോഴും നല്ല സിനിമയായിരിക്കണം എന്നുണ്ട്. അവന് പഠിച്ചുകൊണ്ടിരിക്കുകയണല്ലോ. കുറച്ചുകൂടി പക്വത വന്നു കഴിഞ്ഞാല്‍ അവനു തന്നെ സിനിമ തെരഞ്ഞെടുക്കാന്‍ സാധിക്കും.
തിരിച്ചുവരവില്‍ കഷണ്ടിയൊക്കെയുള്ള രൂപമായിരുന്നല്ലോ. അതില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നോ?
സിനിമ ഇന്ന് ഒരുപാട് മാറിയിരിക്കുന്നു. വിഗ് വച്ചാല്‍ അതു വിഗാണ് എന്നു പ്രേക്ഷകര്‍ക്ക് അറിയാം. നമ്മുടെ രൂപത്തില്‍ കൂടുതല്‍ എന്തു മാറ്റം വരുത്തിയാലും അതു പ്രേക്ഷകര്‍ക്ക് അറിയാം. പിന്നെ സിനിമയില്‍ കാരക്ടേഴ്സിന് അത് ആവശ്യമെങ്കില്‍ നമ്മള് മാറ്റം വരുത്താറുണ്ട്. ഇന്നു നാച്ചുറല്‍ ആക്ടിംഗാണ് സിനിമയില്‍. പിന്നെ ഹെയര്‍ സ്റ്റൈലില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കാണ് ബെസ്റ്റെന്നാണ് യുവതലമുറ പോലും പറയുന്നത്.
റിയലിസ്റ്റിക് സിനിമകള്‍ക്ക് ഇന്നു വളരെ സ്വകാര്യതയുണ്ട്. ആ മാറ്റത്തെ എങ്ങനെ കാണുന്നു?
മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും നല്ല കാലത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. പരീക്ഷണങ്ങള്‍ക്കും പുതുമകള്‍ക്കും ഇവിടെ അവസരമുണ്ട്. പണ്ട് ഒരു ട്രെന്‍ഡ് ഹിറ്റായാല്‍ പിന്നെ കുറേ വര്‍ഷം അതു തന്നെയാകും പിന്തുടരുന്നത്. ഇപ്പോള്‍ ഓരോ സിനിമയ്ക്കും ഓരോ സ്വഭാവമാണ്.
അവിടെ മൗലികമായ വഴിയിലൂടെ സഞ്ചരിക്കാന്‍ സംവിധായകനു സ്വാതന്ത്ര്യം കിട്ടുന്നു. അഭിനയത്തില്‍ പോലും ഇന്നു വളരെ മാറ്റം വന്നുകഴിഞ്ഞു. ഡ്രമാറ്റിക്കായും നാച്ചുറലായും അഭിനയിക്കാനുള്ള സാധ്യത ഉണ്ട്. ഒരു അഭിനേതാവ് എന്ന നിലയില്‍ അതു നമുക്ക് വളരെ ചലഞ്ചിംഗാണ്. അതു സിനിമയ്ക്കു ഗുണകരമായ കാര്യമാണെന്നു തോന്നുന്നുണ്ട്.
സിനിമയിലെ നിലനില്‍പ്പിനു കൂട്ടുകെട്ട് അനിവാര്യമാണോ?
അതു വളരെയധികം ഗുണം ചെയ്യുമെന്നാണ് തോന്നിയിട്ടുള്ളത്. ഒരു സിനിമയുടെ കച്ചവടം നോക്കുമ്പോള്‍ സാറ്റലൈറ്റ് റേറ്റുള്ള നായകന് വേണം എന്നതു ശരിയാണ്. എങ്കിലും സഹതാരങ്ങള്‍ക്കായി ഇന്ന് നിരവധി ഓപ്ഷനുകളുണ്ട്. പുതിയ ആള്ക്കാര് നിരവധി എത്തുന്നുമുണ്ട്. അപ്പോള്‍ ബന്ധങ്ങള്‍ ഒരു കലാകാരനെ സംബന്ധിച്ച് വളരെ ഗുണം ചെയ്യുമെന്നാണ് എനിക്കു തോന്നിയിുള്ളത്.
കുടുംബം
കോഴിക്കോടാണ് വീട്. മക്കള്‍ രുദ്രാക്ഷും മാധവും ഭാര്യ ധന്യയും അമ്മയും ചേരുന്നതാണ് എന്റെ കുടുംബം.
ലിജിന്‍ കെ. ഈപ്പന്