വില്‍പത്രം തയാറാക്കല്‍
വില്‍പത്രം തയാറാക്കല്‍
Tuesday, June 2, 2020 3:54 PM IST
മരണശേഷം തന്റെ സ്വത്തുക്കളെ സംബന്ധിച്ച് നിയമാനുസൃതമായി നടപ്പില്‍ വരുത്തണമെന്ന് ഒരാള്‍ ആഗ്രഹിക്കുന്ന ഉദ്ദേശങ്ങളുടെ നിയമപരമായ രേഖയാണ് വില്‍പത്രം എന്നറിയപ്പെടുന്നത്. ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം 1925 (Indian Succession Act, 1925) സെക്ഷന്‍ 59 മുതലുള്ള ഭാഗങ്ങളിലാണ് ഇതിന്റെ വിവരണം ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

വില്‍പത്രം രണ്ടുതരം

രണ്ടുതരം വില്‍പത്രങ്ങള്‍ ആണ് നിലവില്‍ ഉള്ളത്.
1. പ്രിവിലേജ്ഡ് വില്‍ 2. അണ്‍ പ്രിവിലേജ്ഡ് വില്‍

പ്രിവിലേജ്ഡ് വില്‍

സായുധസേനയിലെ അംഗങ്ങള്‍ തയാറാക്കുന്ന വില്‍പ്പത്രമാണ് പ്രിവിലേജ്ഡ് വില്‍. തങ്ങളുടെ ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും മരണം സംഭവിക്കാം എന്നുള്ളതുകൊണ്ടാണ് അവ പ്രിവിലേജ്ഡ് വില്‍ എന്നറിയപ്പെടുന്നത്.

അണ്‍ പ്രവിലേജ്ഡ് വില്‍

മറ്റുള്ള ആളുകള്‍ തയാറാക്കുന്ന വില്‍പ്പത്രങ്ങള്‍ എല്ലാം അണ്‍പ്രിവിലേജ്ഡ് വില്‍പത്രങ്ങള്‍ ആണ്.

വില്‍ എഴുതാം

പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും തന്റെ വില്‍പത്രം എഴുതാം. അന്ധ ബധിര മൂകരോ മാനസികവിഭ്രാന്തി ഉള്ളവരോ എഴുതുന്ന വില്‍പത്രങ്ങള്‍ അസാധുവാണ്.

വില്‍പത്രം എന്നത് സ്വത്തുക്കള്‍ നമ്മുടെ അവകാശികള്‍ക്കു ലഭിക്കുവാന്‍ വേണ്ടി എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കാര്യമാണ്. വില്‍പത്രം എഴുതുന്നതിന് മുദ്രപ്പത്രം ആവശ്യമില്ല. ഒരു വെള്ളപേപ്പറില്‍ വില്‍പ്പത്രം എഴുതാം. സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെറും 500 രൂപ ഫീസടച്ച് വില്‍പത്രം രജിസ്റ്റര്‍ ചെയ്യാം. സാധാരണഗതിയില്‍ ഒരു വസ്തു ഭാഗം വയ്ക്കുകയാണെങ്കില്‍ അതിന്റെ വിലയ്ക്കനുസരിച്ചുള്ള മുദ്രപ്പത്രങ്ങള്‍ വാങ്ങേണ്ടതും ഫീസും ഒടുക്കേണ്ടിയും വരും. ഇത്തരം വലിയ ബാധ്യത വില്‍പത്രം എഴുതുന്നതുമൂലം ഒഴിവാകുന്നു.

വില്‍പത്രത്തില്‍ തന്റെ സ്വത്തുക്കള്‍ താന്‍ ആഗ്രഹിക്കുന്ന ആള്‍ക്ക് കിട്ടത്തക്കവിധം (ബന്ധുക്കള്‍ ആവണം എന്നില്ല) എഴുതി വയ്ക്കാവുന്നതാണ്. വില്‍പത്രം അത് എഴുതുന്ന ആള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം യാതൊരു സാധുതയും ഉണ്ടായിരിക്കുന്നതല്ല. എഴുതിയ ആളുടെ മരണശേഷം അതിനു നിയമസാധുത കൈവരുകയും അത് അവകാശികള്‍ക്ക് ലഭിക്കുകയും ചെയ്യും. കൂടാതെ അത് എഴുതുന്ന ആള്‍ക്ക് വില്‍പത്രം റദ്ദ് ചെയ്യുവാനോ എത്രപ്രാവശ്യം വേണമെങ്കിലും മാറ്റി എഴുതുന്നതിനോ ഉള്ള അവകാശം ഉണ്ടായിരിക്കും.

വില്‍പ്പത്രം തയാറാക്കുമ്പോള്‍ താന്‍ ചെയ്യുവാന്‍ പോകുന്ന കര്‍മത്തെക്കുറിച്ച് സ്വയം പൂര്‍ണബോധ്യം ഉണ്ടായിരിക്കണം. അതു നന്നായി വായിച്ച് മനസിലാക്കിയശേഷം വേണം അതില്‍ ഒപ്പ് വയ്ക്കാന്‍. രണ്ട് സാക്ഷികള്‍കൂടി വില്‍പത്രത്തില്‍ ഒപ്പുവയ്‌ക്കേണ്ടതാണ്.

വില്‍പത്രം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ ആര്‍ക്കും അതിന്റെ പകര്‍പ്പ് ലഭിക്കുകയില്ല. എഴുതിയ ആളുടെ മരണശേഷം മരണ സര്‍ിഫിക്കറ്റ് ഹാജരാക്കുന്ന ഏതൊരാള്‍ക്കും അതിന്റെ പകര്‍പ്പുകള്‍ ലഭിക്കും. തന്റെ മരണശേഷം വില്‍പത്രം നടപ്പാക്കുന്നതിന് ഒരു ബന്ധുവിനെയോ അഭിഭാഷകനെയോ ചുമതലപ്പെടുത്താം. ഇതിനായി അവര്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി നല്കി ചുമതലപ്പെടുത്തണം.

വില്‍പത്രത്തില്‍ ഉള്‍പ്പെടുത്തേണ്ട വസ്തുവകകള്‍

സ്ഥലം, വീട്, ഫ്‌ളാറ്റ്, ബാങ്ക് ഡെപ്പോസിറ്റുകള്‍, ജൂവലറി, കമ്പനി ഷെയറുകള്‍ എന്നിവയും ഇപ്പോള്‍ ഉള്ളതും ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുള്ളവയും വില്‍പത്രത്തില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ സാധിക്കും. തന്റെ മരണശേഷം എങ്ങനെ ശവസംസ്‌കാരം നടത്തണം എന്നതും മരണപത്രത്തില്‍ പ്രതിപാദിക്കുവാന്‍ സാധിക്കും.

വില്‍പത്രം എങ്ങനെ എഴുതാം

വില്‍പത്രങ്ങള്‍ പ്രധാനമായും മൂന്ന് വിധത്തില്‍ ഉണ്ട്.

1. രജിസ്റ്റര്‍ ചെയ്യപ്പെട്ട വില്‍പത്രങ്ങള്‍

വില്‍പത്രം തയാറാക്കിയശേഷം സബ് രജ്‌സ്ട്രാര്‍ ഓഫീസില്‍ പോയി 500 രൂപ ഫീസ് ഒടുക്കിയാല്‍ അത് രജിസ്റ്റര്‍ ചെയ്യാം. സ്വന്തമായി തയാറാക്കുവാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒരു അഭിഭാഷകന്റെ സേവനം തേടാവുന്നതാണ്. അസുഖബാധിതന്‍ ആണെങ്കില്‍ പ്രത്യേകം ഫീസ് അടച്ചശേഷം അപേക്ഷിച്ചാല്‍ സബ് രജിസ്ട്രാര്‍ വീട്ടില്‍ വന്ന് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കും.


2. വെള്ള കടലാസില്‍ എഴുതുന്ന വില്‍പത്രങ്ങള്‍

വെള്ളക്കടലാസില്‍ വില്‍പത്രങ്ങള്‍ എഴുതാം. ടൈപ്പ് ചെയ്‌തോ, സ്വന്തം കൈപ്പടയിലോ എഴുതാവുന്നതാണ്. ഇതിനു താഴെ എഴുതിയ ആള്‍ ഒപ്പുവയ്ക്കണം. എഴുതിയ ആളുടെ മരണശേഷം തര്‍ക്കമുണ്ടാകാതിരിക്കാന്‍ ഇത്തരം വില്‍പ്പത്രങ്ങള്‍ Probate (കോടതി മുഖേന അംഗീകരിപ്പിക്കല്‍) ചെയ്യേണ്ടതാണ്.


3. ഡിപ്പോസിഷന്‍

തന്റെ മരണശേഷം മാത്രമേ മറ്റുള്ളവര്‍ക്ക് വില്‍വത്രം വായിക്കാവൂ എന്നുള്ളവര്‍ക്കാണ് ഇത്തരം രീതികള്‍ അനുയോജ്യം. വില്‍പത്രം വെള്ളപ്പേപ്പറില്‍ തയാറാക്കി അത് മുദ്രവച്ച കവറില്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ കൊണ്ടുപോയി D-eposition of will ന് അപേക്ഷിക്കാം. ജില്ലാ രജിസ്ട്രാര്‍ അത് ഭദ്രമായി സൂക്ഷിക്കും. വില്‍പത്രം എഴുതിയ ആള്‍ മരിച്ചശേഷം അവകാശികള്‍ അപേക്ഷിക്കുന്ന മുറയ്ക്ക് അത് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്‌ട്രേഷനുവേണ്ടി ഹാജരാക്കുന്നു.

എഴുതിവച്ച ആളുടെ മരണശേഷം വസ്തു ലഭിക്കുന്നവിധം

വില്‍പത്രം എഴുതിയ ആളുടെ മരണശേഷം അയാളുടെ ഒറിജിനല്‍ വില്‍പത്രവും മരണ സര്‍ട്ടിഫിക്കറ്റും കൊണ്ട് അതത് വില്ലേജ് ഓഫീസില്‍ ചെന്ന് കഴിഞ്ഞാല്‍ ആരൊക്കെയാണോ അവകാശികള്‍ അവരെക്കൊണ്ട് കരം അടച്ചതിനുശേഷം വസ്തുക്കള്‍ അവരുടെ പേരിലേക്ക് മാറ്റിക്കൊടുക്കും. പിന്നീട് ആധാരം രജിസ്റ്റര്‍ ചെയ്യണം എന്ന് നിര്‍ബന്ധമില്ല.

ഏതൊക്കെ സാഹചര്യത്തില്‍ വില്‍പത്രം റദ്ദാക്കാം

1. വഞ്ചന, ബലപ്രയോഗം, ഭീഷണി എന്നിവകൊണ്ട് എഴുതിയ വില്‍പത്രമാണെന്ന് തെളിഞ്ഞാല്‍ അവ റദ്ദാക്കാം.
2.രജിസ്റ്റര്‍ ചെയ്യപ്പെട്ട വില്‍പത്രം ആണെങ്കില്‍കൂടിയും ഒറിജിനല്‍ നഷ്ടപ്പെട്ടാല്‍ ആ വില്‍പത്രം റദ്ദ് ചെയ്തതായി കണക്കാക്കാം.
3. വില്‍പത്രം എഴുതിയ ആള്‍ വിവാഹിതന്‍ ആയാല്‍ ആ വില്‍പത്രം റദ്ദ് ചെയ്യാം.
4. വില്‍പത്രം കത്തിച്ചു കളയുകയോ കീറിക്കളയുകയോ ചെയ്താല്‍ ആ വില്‍പത്രം അസാധുവായി കണക്കാക്കാവുന്നതാണ്.

വില്‍പത്രത്തിലെ പ്രധാന ഭാഗങ്ങള്‍

1. വ്യക്തിഗത വിവരങ്ങള്‍
എഴുതുന്ന ആളുടെ പേര്, പിതാവിന്റെ പേര്, വിലാസം, ജനനത്തീയതി ഇവ പ്രസ്താവിക്കണം.
2. തീയതി പ്രഖ്യാപനം
വില്‍പ്പത്രം തയാറാക്കുന്ന തീയതി വ്യക്തമായി പരാമര്‍ശിക്കേണ്ടത് പ്രധാനമാണ്.
3. സ്വതന്ത്രമായ ഒരു ഇച്ഛാശക്തി സാധൂകരിക്കുക
നിങ്ങള്‍ ഒരു വ്യക്തിയുടെ സ്വാധീനവലയത്തില്‍ അല്ല എന്നും ഏതെങ്കിലും ഒരു വ്യക്തിയുടെ താത്പര്യപ്രകാരമല്ല വില്‍പത്രം തയാറാക്കുന്നത് എന്നും വില്‍പത്രത്തില്‍ പ്രതിപാദിക്കേണ്ടതാണ്.
4. എക്‌സിക്യൂട്ടറുടെ വിശദാംശങ്ങള്‍ നല്കുക
വില്‍പത്രം നടപ്പാക്കേണ്ടുന്ന വ്യക്തിയാണ് എക്‌സിക്യൂട്ടര്‍. അതിനാല്‍ അയാളുടെ പേര്, വിലാസം അയാളുമായുള്ള ബന്ധം, പ്രായം എന്നിവ പരാമര്‍ശിക്കേണ്ടതാണ്.
5. സ്വത്തുക്കളുടെയും ഗുണഭോക്താക്കളുടെയും വിശദാശങ്ങള്‍

ഇതു വളരെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ്. വ്യക്തമായിത്തന്നെ എല്ലാ വിവരങ്ങളും ഇനംതിരിച്ച് പ്രതിപാദിക്കുക, ഓരോ വസ്തുവിന്റെയും ഗുണഭോക്താവിന്റെ പേര് പരാമര്‍ശിക്കുക, ബാങ്ക് അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, ഇന്‍ഷ്വറന്‍സ് എന്നിവയുടെ കൃത്യമായ വിവരങ്ങള്‍, ബാങ്കിന്റെ പേര്, നിക്ഷേപ നമ്പരുകള്‍ എ്ന്നിവ കൃത്യമായി രേഖപ്പെടുത്തണം.
6. ഒപ്പ്
മുകളിലുള്ള വിവരങ്ങള്‍ പരാമര്‍ശിച്ച ശേഷം വില്‍പത്രത്തില്‍ ഒപ്പുവയ്ക്കുക.
7. സാക്ഷികളുടെ ഒപ്പ്
രണ്ടു സാക്ഷികളെങ്കിലും വില്‍പത്രത്തില്‍ ഒപ്പുവയ്‌ക്കേണ്ടതാണ്. അവര്‍ തങ്ങളുടെ പേരും പിതാവിന്റെ പേരും വിലാസവും ഇതില്‍ പരാമര്‍ശിക്കണം.

അഡ്വ. വിമല്‍ കുമാര്‍
കേരള ഹൈക്കോടതി
ലെക്‌സ് എക്‌സ്‌പേര്‍ട്ട് ഗ്ലോബല്‍, എറണാകുളം