ഭക്ഷ്യവനത്തിലെ വിസ്മയക്കാഴ്ചകള്‍
ഭക്ഷ്യവനത്തിലെ വിസ്മയക്കാഴ്ചകള്‍
Saturday, September 5, 2020 4:06 PM IST
കോവിഡ് വന്നപ്പോള്‍ പലരും ഭക്ഷ്യക്ഷാമം ഭയന്നിരുന്നു. എന്നാല്‍ പാലാ, പൈക, പാംപ്ലാനിയില്‍ ജിമ ബിജിക്കും ഭര്‍ത്താവ് ബിജി ഏബ്രഹാമിനും ഇത്തരം ഭയമൊന്നുമുണ്ടായിരുന്നില്ല, കാരണം ഇവരുടെ കൃഷിയിടം ഭക്ഷ്യവിളകള്‍ നിറയുന്ന ഒരു തോട്ടമാണ്. ഒരു ഭക്ഷ്യവനം. കൃഷിയെന്നാല്‍ ചോരയ്‌ക്കൊപ്പം ലയിച്ചിട്ടുള്ളതാണിവര്‍ക്ക്.

ഭക്ഷ്യവിള - ആദ്യവിള

കോവിഡിനൊപ്പം കാലാവസ്ഥാ വ്യതിയാനവും അതുണ്ടാക്കുന്ന കുഴപ്പങ്ങളും ഇവര്‍ മുന്നില്‍ക്കാണുന്നു. ഇവയെ നേരിടാന്‍ നാടിനിണങ്ങിയ ഭക്ഷ്യവിളകള്‍ വേണമെന്നാണ് ഇവരുടെ അഭിപ്രായം.

ഇതുകൊണ്ടാണ് തെങ്ങ്, പ്ലാവ്, മാവ്, പേര, സപ്പോട്ട, ചാമ്പയിനങ്ങള്‍, ചെറി, നെല്ലി, പാഷന്‍ ഫ്രൂട്ട് തുടങ്ങിയ വിളകള്‍ ഇവര്‍ തങ്ങളുടെ കൃഷിയിടത്തിലെത്തിച്ചത്.

പച്ചക്കറി സമൃദ്ധി

പച്ചക്കറി ഇവിടെ ഭംഗിയായി വിളയുന്നു. കാന്താരിച്ചീനി മുതല്‍ കൂര്‍ക്കക്കിഴങ്ങു വരെ മികച്ച വിളവു നല്‍കുന്നു. വാഴ, ചേന, കാച്ചില്‍, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍ എന്നിവയാല്‍ സമൃദ്ധമാണ് പാംപ്ലാനിയില്‍ പുരയിടം.

രണ്ടു കിലോ തൂക്കം വരുന്ന കോശേരി മാവാണിവിടെ താരം. വിത്തെന്നത് പേരിനു മാത്രമാണിവയ്ക്ക്. നല്ല രുചിയും. കൃത്യമായി മൂപ്പു നോക്കി വിളവെടുക്കണമെന്നു മാത്രം. ഗുണത്തിനും മണത്തിനും പേരു കേട്ട ചുവന്നിഞ്ചിയും തോട്ടത്തിനു സൗരഭ്യമേകുന്നു.

വിപണിയറിഞ്ഞ് വിള

പുതിയ വിളകളെ പരീക്ഷിക്കാനൊരുങ്ങുമ്പോള്‍ വിപണികൂടി പരിഗണിക്കണമെന്നിവര്‍ പറയും. ഏതെങ്കിലും ഒരു വിളയ്ക്കു പിറകെ പായാതെ സമ്മിശ്രകൃഷി കൃഷി ചെയ്താല്‍ ലാഭമുണ്ടാകും. കുരുമുളക്, കവുങ്ങ്, ജാതി, കൊക്കോ തുടങ്ങിയ വിളകള്‍ക്കും ഈ കൃഷിയിടത്തില്‍ ഇടമുണ്ട്. മംഗള, കാസര്‍ഗോഡന്‍ ഇനങ്ങളാണ് കവുങ്ങുകള്‍. വേനലിനെ പ്രതിരോധിക്കുന്ന, തൂക്കം കൂടിയ കാസര്‍ഗോഡനാകും നമ്മുടെ കാലാവസ്ഥയ്ക്കിണങ്ങുകയെന്നത് ഇവരുടെ അനുഭവം.

പറമ്പായാല്‍ കുളം വേണം

പറമ്പായാല്‍ കുളം വേണം - കുളത്തില്‍ മീനും. ഇതു കാലം പഴയതല്ല. ഏതുപറമ്പിലും കുളമുണ്ടാക്കാം. മണ്ണുനീക്കി ശരിയായി പടുതയിട്ടാല്‍ നല്ല സുന്ദരന്‍ പടുതാക്കുളമായി. പാംപ്ലാനിയില്‍ കൃഷിയിടത്തില്‍ ഗിഫ്റ്റ് തിലാപ്പിയയുടെ ചാകരക്കാലമാണിത്.

കൃഷിയിടത്തിലെ കൊക്കരോക്കൂട്ടം


നല്ല നാടന്‍ കോഴിമുട്ടയ്ക്ക് ഇന്ന് ആറര രൂപവിലയുണ്ട്. പ്രതിവര്‍ഷം ശരാശരി 320 മുട്ട നല്‍കുന്ന ബിവി - 380 ഇനത്തില്‍പ്പെട്ട കോഴികളായാല്‍ കുഴപ്പമില്ലാതെ പിടിച്ചു നില്‍ക്കാം. നല്ല തീറ്റ പരിവര്‍ത്തന ശേഷിയാണിവയ്ക്ക്. സമ്മിശ്ര തീറ്റയ്‌ക്കൊപ്പം പറമ്പില്‍ പാഴാകുന്ന ചക്കയും മാങ്ങയും കപ്പയിലയും ഇവയ്ക്കു തീറ്റയായി നല്‍കാം.

കൃഷിയെന്ന തുടര്‍പഠനം

കൃഷിയെന്നത് ഒരു ജീവിതചര്യയായി തുടരേണ്ടതാണ്. കൃഷിയറിവുകള്‍ പകര്‍ത്തേണ്ടതും പകരേണ്ടതുമാണ്. കൃഷി - അനുബന്ധ വകുപ്പുകള്‍, നാട്ടറിവു കൂട്ടങ്ങള്‍ എന്നിവയുമായി സുദൃഢ ബന്ധമുണ്ടാക്കി വേണം കൃഷിക്കിറങ്ങാന്‍. ആനുകൂല്യങ്ങള്‍ അവകാശമായി സ്വീകരിക്കാന്‍ മടികാണിക്കേണ്ടതില്ല. വീട്ടുകാരെല്ലാം കൂടി കൃഷിയിടത്തില്‍ ഒത്തുകൂടിയാല്‍ ഭക്ഷണമേശയ്ക്കു ചുറ്റും കൂടുതല്‍ സ്വാദും മണവും പരക്കുന്നത് നേരിട്ടറിയാമെന്ന് ഈ കൃഷി ദമ്പതികള്‍ പറയുന്നു. ഇന്നിന്റെ കൃഷിരീതികളെ കുറിച്ച് പറയാന്‍ ജിമയും ബിജിയും ഒരുക്കമാണ്. മക്കളായ ലിയോയും, കെവിനും, ഷായയും ഒപ്പം കൂടുമെന്നതുറപ്പ്.

കപിലയാണ് താരം

പശുവില്ലാത്ത കൃഷിയിടം പൂര്‍ണമാകില്ലെന്നു പറയുന്നതില്‍ ജിമയ്ക്കും ബിജിക്കും ഒരേ സ്വരം. പശു കാസര്‍ഗോഡന്‍ കപിലയാകുമ്പോള്‍ കളിമാറും. പാംപ്ലാനി തോട്ടത്തില്‍ കാസര്‍ഗോഡന്‍ കപിലയുടെ ശുദ്ധജനുസില്‍പെട്ട രണ്ടു പശുക്കളും അവയുടെ കിടാരികളുമുണ്ട്. നല്ല പോഷകമൂല്യമുള്ള പാലാണിവയുടേത്. പറമ്പിലെ കളയും പുല്ലും അത്യാവശ്യത്തിനു തവിടും നല്‍കിയാല്‍ സ്വര്‍ണത്തിന്റെ മൂല്യമുള്ള പാലാണിവ ചുരത്തുക. പറമ്പിലെ മുഴുവന്‍ കൃഷിക്കും ഇവയുടെ ചാണകവും മൂത്രവും മതിയാകുമെന്നിവരുടെ പക്ഷം.

കേരളത്തിന്റെ തനത് ആടിനമായ മലബാറിയുടെ മദര്‍യൂണിറ്റും ഇവിടെയുണ്ട്. പ്രത്യേക പരിചരണമില്ലാതെ കൃത്യമായ വരുമാനം എന്നതാണിവയുടെ പ്രത്യേകത. പറമ്പിലെ പുല്ല് ഇവയ്ക്ക് തീറ്റയാകുമ്പോള്‍ കൃഷിയിടം വൃത്തിയായിരിക്കും.

ഭക്ഷ്യവനത്തിലെ കാഴ്ചകള്‍

1. രണ്ടു കിലോ തൂക്കം വരുന്ന കോശേരി മാവ്.
2. നാടിനിണങ്ങിയ ഭക്ഷ്യവിളകള്‍.
3. കാസര്‍ഗോഡന്‍ കപിലയുടെ ശുദ്ധജനുസില്‍പെട്ട രണ്ടു പശുക്കളും അവയുടെ കിടാരികളും.
4. മലബാറി ആടിന്റെ മദര്‍യൂണിറ്റ്.
5. വിളകള്‍ എല്ലാം ഒത്തുചേരുന്ന സമ്മിശ്ര കൃഷിയിടം.

എ.ജെ. അലക്‌സ് റോയ്
അസി. കൃഷി ഓഫീസര്‍, കൃഷിഭവന്‍, എലിക്കുളം, കോട്ടയം
ഫോണ്‍: 9495021573, 8921944352.