ഭക്ഷണത്തിന്‍റെ പറുദീസയൊരുക്കി ആഡംബര വിനോദ യാത്രക്കപ്പല്‍
ഭക്ഷണത്തിന്‍റെ പറുദീസയൊരുക്കി ആഡംബര വിനോദ യാത്രക്കപ്പല്‍
Tuesday, September 15, 2020 4:35 PM IST
ലോകത്തിലെ ഭക്ഷണം എല്ലാം രുചിച്ചുനോക്കണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവരുണ്ടോ? അതിന് ഒരേയൊരു മാര്‍ഗമേയുള്ളൂ. ഏതെങ്കിലും ഒരു ആഡംബര യാത്രക്കപ്പലില്‍ യാത്ര ചെയ്യുക. ലോകോത്തര വിഭവങ്ങള്‍ തേടി ഇനി നാടുതോറും അലയേണ്ടതില്ല. എല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിയിരിക്കുകയാണ് ഈ കപ്പലില്‍. ഭക്ഷണത്തിന്റെ പറുദീസ എന്നു വിശേഷിപ്പിക്കാവുന്ന ഹോളണ്ട് അമേരിക്ക ലൈനിന്റെ വെസ്റ്റര്‍ഡാം എന്ന ആഡംബരക്കപ്പലിലെ എക്‌സിക്യൂട്ടീവ് ഷെഫ് ആയ ബിറ്റാ കുരുവിള സംസാരിക്കുന്നു...

രുചിവൈവിധ്യം ഒരുക്കി

അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ബ്രിട്ടന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ യാത്രക്കാര്‍ എത്തുന്നത്. ലോകത്തിലെ മറ്റു സ്ഥലങ്ങളില്‍ നിന്നുള്ളവരും ഉണ്ടാകും. എല്ലാവരെയും ഒരു പോലെ തൃപ്തിപ്പെടുത്തുകയാണ് എക്‌സിക്യൂട്ടീവ് ഷെഫായ എന്റെ ഉത്തരവാദിത്വം. 2500 യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ ദിവസവും എല്ലാ നേരങ്ങളിലും നാലായിരത്തോളം പേര്‍ക്ക് വിഭവങ്ങളൊരുക്കണം. പന്ത്രണ്ട് റസ്റ്റോറന്റുകളും ബാറുകളുമുണ്ട്. എട്ടു കിച്ചണുകളിലാണ് ഈ വിഭവങ്ങളെല്ലാം തയാറാക്കുന്നത്.

വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്കു പുറമേ കൊഷേര്‍ ഫുഡ്, ഗ്ലൂന്‍ ഫ്രീ, ലാക്ടോസ് ഫ്രീ, കീറ്റോ ഡയറ്റ്, ഷുഗര്‍ ഫ്രീ തുടങ്ങി പ്രത്യേക ഡയറ്റ് ഭക്ഷണങ്ങളും ആവശ്യമനുസരിച്ച് കപ്പലില്‍ ലഭ്യമാക്കും. സാലഡും ഓംലറ്റും പാസ്തയും പീസയും നൂഡില്‍സും വാഫിളും എല്ലാം നമുക്ക് ഇഷ്ടമുള്ള ചേരുവകള്‍ ചേര്‍ത്ത് തയാറാക്കും. 24 മണിക്കൂറും ഭക്ഷണം ലഭിക്കുന്ന ലിഡോ മാര്‍ക്കറ്റ് റസ്റ്റോറന്റും റോര്‍ഡാം ഡൈനിംഗ് റൂമും എപ്പോഴും ഫുള്ളായിരിക്കും.

ഡൈനിംഗ് റൂമില്‍ രണ്ടു നിലകളിലായി 1200 സീറ്റിംഗ് കപ്പാസിറ്റിയാണുള്ളത്. വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 9.30 വരെയാണ് ഡിന്നര്‍ ടൈം. ഭക്ഷണം സൗജന്യമാണെങ്കിലും സീറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യണം. മാത്രമല്ല നിശ്ചിത തീം അനുസരിച്ച് കാഷ്വല്‍, ഫോര്‍മല്‍ വസ്ത്രങ്ങള്‍ അണിഞ്ഞു വേണം ഡൈനിംഗ് റൂമില്‍ എത്താന്‍. ഏറ്റവും തിരക്ക് കിച്ചണില്‍ ഉണ്ടാകുന്ന സമയം ഇതാണ്.

ഇതുകൂടാതെ സ്‌പെഷാലിറ്റി റസ്റ്റോറന്റുകളുണ്ട്. അവിടെ ഭക്ഷണം കഴിക്കാന്‍ പ്രത്യേക ചാര്‍ജ് നല്‍കണം. റൂമില്‍ ഓര്‍ഡറനുസരിച്ചും ഭക്ഷണം എത്തിച്ചു നല്‍കും. ദിവസവും വൈകുന്നേരം നാലിനാണ് ഡിന്നറിനുള്ള മെനു രുചിച്ചു നോക്കി ചെക്ക് ചെയ്യുന്നത്. എക്‌സിക്യൂട്ടീവ് ഷെഫ് അപ്രൂവ് ചെയ്താലേ ആ വിഭവം ടേബിളില്‍ എത്തൂ.

? ഒരാള്‍ക്ക് കഴിക്കാന്‍ നല്‍കുന്ന ഭക്ഷണത്തിന് കണക്കുണ്ടോ

ഓരോ റസ്റ്റോറന്റ് അനുസരിച്ചാണ് ഭക്ഷണത്തിന്റെ ലഭ്യത. അളവില്ലാത്ത ഭക്ഷണം, ഇഷ്ടമനുസരിച്ച് എത്ര വേണമെങ്കിലും കഴിക്കാവുന്ന റസ്റ്റോറന്റുകളുണ്ട്. 24 മണിക്കൂറും ആവോളം ഭക്ഷണം ആസ്വദിക്കാവുന്ന റസ്റ്റോറന്റുകളാണിത്. നിശ്ചിത സമയത്ത് സീറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത് ഓര്‍ഡറനുസരിച്ച് ഭക്ഷണം തയാറാക്കി നല്‍കുന്ന രണ്ടു നിലകളിലായുള്ള ഡൈനിംഗ് റൂമുണ്ട്. കൂടാതെ നിശ്ചിത ചാര്‍ജ് നല്‍കി ഇഷ്ടഭക്ഷണം പ്രത്യേകമായി തയാറാക്കിക്കാവുന്ന സ്‌പെഷാലിറ്റി റസ്റ്റോറന്റുകളുണ്ട്. ഓരോ ആഡംബരക്കപ്പലുകളിലെയും സ്‌പെഷാലിറ്റി റസ്റ്റോറന്റുകള്‍ വിഭിന്നമാകാം. ഞങ്ങളുടെ ആഡംബരക്കപ്പലില്‍ ഒരു ഡസനിലധികം റസ്റ്റോറന്റുകളും ബാറുകളുമുണ്ട്.

കനലെത്തോ ഇറ്റാലിയന്‍ ഫൈന്‍ ഡൈനിംഗ് റസ്റ്റോറന്റ്, പിനാക്കിള്‍ ഗ്രില്‍ റെസ്റ്റോറന്റ് തുടങ്ങിയവ പെയ്ഡ് റസ്റ്റോറന്റുകളാണ്.

? ഭക്ഷണത്തിന് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ എത്തുന്നത് ഏതു റെസ്റ്റോറന്റിലാണ്

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലിഡോ മാര്‍ക്കറ്റിലാണ് കപ്പലിനുള്ളിലെ വിനോദ സഞ്ചാരികള്‍ ഏറ്റവും സമയം ചെലവഴിക്കുന്നതെന്ന് പറയാം. പേരു പോലെ തന്നെ ഇത് ലോകോത്തര ഭക്ഷണ മാര്‍ക്കറ്റാണ് എന്നു പറയാം. ഇവിടെ ആദ്യം കയറുമ്പോള്‍ എവിടെ തുടങ്ങണം എന്ന് അന്തിച്ചു നിന്നുപോകും. അത്രയധികം വെറൈറ്റി വിഭവങ്ങള്‍ അണിനിരത്തിയിട്ടുണ്ട്. ഏതു സമയത്തും ഇവിടെ കാപ്പിയും ചായയും ലഭ്യമാണ്. ഇഷ്ടമനുസരിച്ച് ഇവിടെ നിന്ന് വിഭവങ്ങള്‍ സ്വയം എടുത്ത് ഇഷ്ടംപോലെ കഴിക്കാം. അല്ലെങ്കില്‍ പറഞ്ഞാല്‍ മതി ഇഷ്ടമനുസരിച്ചുള്ള വിഭവങ്ങള്‍ തയാറാക്കി നല്‍കാന്‍ ക്രൂ റെഡിയാണ്. ഹെല്‍ത്ത് അലര്‍ട്ടുള്ള സമയമാണെങ്കില്‍ സ്റ്റാഫ് തന്നെ വിളമ്പി നല്‍കും.

ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങള്‍

ബ്രേക്ക് ഫാസ്റ്റ് സമയത്ത് ഹെല്‍ത്തി ബാറിലാണ് കൂടുതല്‍ തിരക്കുണ്ടാകുക. നട്‌സ്, സീരില്‍സ്, ഫ്രഷ് വെജിറ്റബിള്‍സ് തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്.

കോള്‍ഡ് മീറ്റ് ആന്‍ഡ് കോള്‍ഡ് കട്‌സ്, ചോയിസ് ഓഫ് ബ്രേക്ക്ഫാസ്റ്റ് സ്വീറ്റ് റോള്‍സ് ആന്‍ഡ് പേസ്ട്രീസ്, സ്‌മോക്ക്ഡ് സാല്‍മണ്‍ വിത്ത് ബേഗിള്‍, വെറൈറ്റി ഓഫ് എഗ് പ്രിപ്പറേഷന്‍, ലൈവ് പാന്‍ കേക്ക്, ലൈവ് വാഫിള്‍, ലൈവ് ക്രപ്‌സ്, ചോയിസ് ഓഫ് ബ്രേക്ക്ഫാസ്റ്റ്, എഗ് സാന്‍ഡ്‌വിച്ചസ്, ജ്യൂസുകള്‍, ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ്, ഏഷ്യന്‍ കോഞ്ചി, ഇന്‍ഡ്യന്‍ ബ്രേക്ക്ഫാസ്റ്റ്, ഡ്രൈ നട്‌സ്, ഡ്രൈഫ്രൂട്‌സ,് ഫ്രഷ് ഫ്രൂട്‌സ്, ഡയറി ഉത്പന്നങ്ങളായ വിവിധതരം ചീസ്, മില്‍ക്ക്, യോഗര്‍ട്ട്, ഇറ്റാലിയന്‍ ബ്രേക്ക്ഫാസ്റ്റ്, ഫ്രിട്ടാ, മുസിലി തുടങ്ങി ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിഭവങ്ങള്‍ ലഭ്യമാണ്. 40 ലധികം വ്യത്യസ്ത തരത്തിലുള്ള ബ്രെഡുകളാണ് ബ്രെഡ് ബേക്കറികളില്‍ തയാറാക്കുന്നത്.


ലഞ്ച്, ഡിന്നര്‍ വിഭവങ്ങള്‍

ലിഡോ മാര്‍ക്കറ്റിലെ സാലഡ് സ്റ്റേഷന്‍, ഡൈവ് ഇന്‍ ബര്‍ഗര്‍ സ്റ്റേഷന്‍, മെക്‌സിക്കന്‍ ടാക്കോ ബാര്‍, ന്യൂയോര്‍ക്ക് പിസ സെന്റര്‍, ഫ്രഷ് ജെലാത്തോ ഐസ്‌ക്രീം സ്റ്റേഷന്‍, ലൈവ് സാന്‍ഡ്‌വിച്ച് ബാര്‍, ലൈവ് ഇറ്റാലിയന്‍ പാസ്താ സ്റ്റേഷന്‍, തീംഡ് ഏഷ്യന്‍ കോര്‍ണര്‍ (തായ്, ജാപ്പനീസ്, വിയറ്റ്‌നാമീസ്, ഇന്‍ഡ്യന്‍, മലേഷ്യന്‍, ചൈനീസ്, ഇന്‍ഡോനേഷ്യന്‍, ഫിലിപ്പിനോസ്, സിംഗപ്പൂരിയന്‍, പാന്‍ ഏഷ്യന്‍ തുടങ്ങിയവ), സൂപ്‌സ് ആന്‍ഡ് ബ്രെഡ് സ്റ്റേഷന്‍, ജാപ്പനീസ് സുഷി സ്റ്റേഷന്‍, ഫ്രഷ് ഫ്രൂട്ട് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് ലഞ്ച്, ഡിന്നര്‍ സമയത്ത് തിരക്കുള്ളത്.

ഡൈനിംഗ് റൂമില്‍ ഓരോ ദിവസവും പ്രത്യേക മെനു ഉണ്ട്. മൂന്നു തരം അപ്പിറ്റൈസര്‍, രണ്ടു തരം സൂപ്പ്, രണ്ടു തരം സലാഡ്, മൂന്ന് വ്യത്യസ്ത സീഫുഡ്, അഞ്ച് തരം മീറ്റ്, ഒരു വെജിറ്റേറിയന്‍ പാസ്ത എന്നിവയാണ് മെയിന്‍ കോഴ്‌സ്, മൂന്ന് റഗുലര്‍ ഡെസേര്‍ും ഒരു ഷുഗര്‍ ഫ്രീ ഡസേര്‍ട്ടും, വിവിധതരം ഐസ്‌ക്രീമുകള്‍, ചീസ് ആന്‍ഡ് ഫ്രൂട്‌സ് എന്നിങ്ങനെ ആറു കോഴ്‌സ് സെറ്റ് മെനുവാണിത്. സര്‍ഫ് ആന്‍ഡ് ടഫ് (ഗ്രില്‍ഡ് ലോബ്സ്റ്ററും മീറ്റും അടങ്ങിയ വിഭവം) ആണ് ഏറ്റവും പോപ്പുലറായ വിഭവം. റോസ്റ്റഡ് ഓസ്‌ട്രേലിയന്‍ ലാംപ് ചോപ്‌സ്, വിവിധതരം മീറ്റ് സ്റ്റേക്കുകള്‍, സാല്‍മണ്‍, ഹാലിബ്, പ്രോണ്‍സ് തുടങ്ങിയവയെല്ലാം മെനുവില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഓര്‍ഡര്‍ ചെയ്യുന്ന വിഭവമാണ്.

കളര്‍ഫുള്‍ ഡെസേര്‍് സ്റ്റേഷന്‍

നൂറിലധികം വെറൈറ്റി പേസ്ട്രികള്‍, 25 തരം കപ്പ് കേക്കുകള്‍, മാക്കറോണികള്‍, കുക്കീസ്, ഐസ്‌ക്രീമുകള്‍, വിവിധ തരം പൈ വിഭവങ്ങള്‍ തുടങ്ങി വര്‍ണാഭവും അത്യാകര്‍ഷകവുമായ സ്ഥലമാണ് ഡെസേര്‍ട്ട് സ്റ്റേഷന്‍. ഇവിടെയും ഇഷ്ടമുള്ള വിഭവങ്ങള്‍ തിരഞ്ഞെടുക്കാം. ഓരോ ദിവസവും വിവിധ തരത്തിലും രുചിയിലും ആകൃതിയിലുമുള്ള വ്യത്യസ്ത തരം വിഭവങ്ങളാണുണ്ടാവുക.
.
തീം ഫെസ്റ്റിവല്‍സ്

ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ക്രൂസ് ചെയ്യുന്ന രാജ്യങ്ങളനുസരിച്ച് തീം ഫെസ്റ്റിവല്‍സ് ഒരുക്കാറുണ്ട്. പ്രാദേശിക വിഭവങ്ങളാണ് ഇതിന്റെ പ്രത്യേകത. മിക്ക രാജ്യങ്ങളിലെയും വിശേഷ ദിവസങ്ങളിലും തീം ഫെസ്റ്റിവലും ഹെറിറ്റേജ് ഡിന്നറും നടത്താറുണ്ട്. മെക്‌സിക്കന്‍, ഗ്രീക്ക്, ഇറ്റാലിയന്‍, ഇന്‍ഡ്യന്‍, റഷ്യന്‍, കരീബിയന്‍, ഹവായിന്‍, അലാസ്‌ക്കന്‍, ചൈനീസ് തുടങ്ങി സന്ദര്‍ശിച്ച രാജ്യങ്ങളിലെ രുചിഭേദങ്ങള്‍ ഇതുവഴി ആസ്വദിക്കാന്‍ യാത്രക്കാര്‍ക്കു കഴിയും.

?എന്താണ് സെയില്‍ എവേ പാര്‍ട്ടി

അഞ്ചു മണിക്കു മുന്‍പായി പോര്‍ട്ടു വിടുന്ന ദിവസങ്ങളില്‍ നാലു മുതല്‍ അഞ്ചു വരെ ഡെസ്റ്റിനേഷന്‍ സെയില്‍ എവേ പാര്‍ട്ടികളും ഓപ്പണ്‍ പൂള്‍ ഡക്ക് ഏരിയായില്‍ ഒരുക്കുന്നു. പെയ്ഡ് ഡ്രിങ്ക്‌സ് വിത്ത് ഫ്രീ സ്‌നാക്ക്‌സ് ആണ് ഒരുക്കുക. നാവില്‍ കൊതിയൂറുന്ന ബാര്‍ബിക്യൂ, ഗ്രില്‍ഡ് വിഭവങ്ങളാണ് ഇതിന്റെ ആകര്‍ഷണം.

? ഒരു ദിവസം എത്ര മീല്‍സ് വേണം

യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ നാലായിരത്തോളം പേര്‍ക്ക് ദിവസവും ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍, ലേറ്റ്‌നൈറ്റ് സ്‌നാക്ക്‌സ് തുടങ്ങിയവ തയാറാക്കണം. ഒരു ദിവസം 16,000 മീല്‍സ് തയാറാക്കണം. മൂന്നും നാലും എട്ടും തവണ വരെ കഴിക്കുന്നവരുണ്ട്.

? ഭക്ഷണ സാധനങ്ങള്‍ എത്ര ദിവസത്തേക്ക് ലോഡു ചെയ്യും

സാധാരണയായി ക്രൂസിന്റെ ദൈര്‍ഘ്യമനുസരിച്ച് 7, 14 ,21 എന്നിങ്ങനെയുള്ള ദിവസത്തേക്കു ഭക്ഷ്യ പാനീയ സാമഗ്രികള്‍ ഹോം പോര്‍ട്ടില്‍ നിന്നു തന്നെ ലോഡ് ചെയ്യും. ഡെക്ക് ഒന്നിലെ പ്രത്യേക ഡോര്‍ വഴി സാധനങ്ങള്‍ കയറ്റി ആ നിലയുടെ തൊട്ടു താഴെയുള്ള ഡെക്ക് എ, ഡെക്ക് ബി എന്നീ രണ്ടു നിലകളിലെ സ്റ്റോര്‍ റൂമുകളിലാണ് സംഭരിക്കുക. ഫ്രൂട്‌സ്, വെജിറ്റബിള്‍സ്, ഡ്രൈ പ്രൊവിഷന്‍സ്, ബിവറേജ്, ഡയറി പ്രൊഡക്ട്‌സ്, മത്സ്യ മാംസാദികള്‍ തുടങ്ങിയവയെല്ലാം തരംതിരിച്ചു സൂക്ഷിക്കാന്‍ പ്രത്യേകം മുറികളുണ്ട്. മത്സ്യമാംസാദികള്‍ പോലെയുള്ള സാധനങ്ങള്‍ കേടാകാതെ സൂക്ഷിക്കാന്‍ ഏകദേശം 2500 ചതുരശ്ര അടി വലിപ്പമുള്ള എട്ട് ഫ്രിഡ്ജുകളുണ്ട്. മൂന്നാഴ്ചത്തേക്കുവരെയുള്ള സാധനങ്ങള്‍ സൂക്ഷിച്ചു വയ്ക്കാനുള്ള സൗകര്യമുണ്ട്.

? ഒരാഴ്ചത്തെ ഭക്ഷണത്തിന് എത്ര ചെലവു വരും

ഒരാഴ്ചത്തേക്ക് ഏകദേശം അഞ്ചു കോടി രൂപയുടെ ഭക്ഷണ പാനീയങ്ങള്‍ വേണ്ടിവരും. ഏകദേശം 1,80,000 കിലോ (180 ടണ്‍) ഭക്ഷണ പാനീയങ്ങള്‍ ആവശ്യമാണ്.

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു ക്രൂസ് നടത്തുന്നത് ജീവിതകാലം മുഴുവന്‍ മധുരതരമാക്കും. ഏറ്റവും ഗുണമേന്മയുള്ള ലോകോത്തരവിഭവങ്ങള്‍ ആവോളം ആസ്വദിക്കാമെന്നതു തന്നെയാണ് ക്രൂസ് യാത്രയുടെ ആകര്‍ഷണീയത.