യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്‍ക്കുന്നതിനാല്‍ സ്വര്‍ ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പാവയ്ക്ക) അപേക്ഷിച്ചു കയ്പു തീരെ കുറവായതിനാല്‍ sweet gourd എന്നും ഇംഗ്ലീഷില്‍ ഇതിനു വിളിപ്പേരുണ്ട്. വിയറ്റ്‌നാമുകാരാണ് സ്വര്‍ഗീയ ഫലം (fruit from heaven) എന്ന പേര് ഈ പച്ചക്കറി വിളയ്ക്കു നല്‍കിയത്. യൗവനവും ദീര്‍ഘായുസും ഊര്‍ജസ്വലതയും പ്രദാനം ചെയ്യാന്‍ ഈ പഴം അത്യുത്തമമെന്നത്രേ അന്നാട്ടുകാരുടെ വിശ്വാസം. ഇതാണ് ഗാക്.

കേരളത്തിന്റെ മണ്ണിലും കാലാവസ്ഥയിലും സമൃദ്ധമായി വളരുന്ന ഒരു സ്ഥായി പച്ചക്കറി വിളയാണ് ഗാക്. പാവല്‍ വര്‍ഗത്തില്‍പ്പെട്ട 'Momor- dica Cochin chinensis എന്ന ഈ ആനപ്പാവലിന്റെ മൂപ്പെത്താത്ത കായ്കളും ഇളംതണ്ടും കുരുന്നിലകളും പോഷക സമൃദ്ധമായ പച്ചക്കറിയാണ്. ഇളംകായകളുടെ പുറത്തെ മുള്ളുകള്‍ ചുരണ്ടി നീക്കി പാവല്‍ കറിവയ്ക്കുന്നതുപോലെ ആനപ്പാവലുപയോഗിച്ചും പലതരം കറികളും അച്ചാറുമൊക്കെ ഉണ്ടാക്കാം. മൂത്തുപഴുത്ത ഗാക് പഴങ്ങളിലെ പള്‍പ്പ് ബീറ്റാകരോട്ടിന്റെ ഒരു വലിയ സ്രോതസാണ്. പോഷക പാനീയങ്ങളും മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉണ്ടാക്കാന്‍ വിയറ്റ്‌നാം തുടങ്ങിയ തെക്കുകിഴക്കേഷ്യന്‍ രാജ്യങ്ങളില്‍ ഇവ വ്യാ പകമായി കൃഷി ചെയ്യുന്നു.

പുറം നിറയെ കുറ്റിമുള്ളുകളുള്ള കായ്കള്‍ക്ക് 500 ഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെ തൂക്കം വരും. പു ഷ്ടിയോടെ വളരുന്ന പെണ്‍ചെടിയില്‍ നിന്നു ശരാശരി 100 ലധികം കായ്കള്‍ വര്‍ഷത്തില്‍ 5-6 മാസങ്ങളിലായി പ്രതീക്ഷിക്കാം. ഒരിക്കല്‍ നട്ടാല്‍ വര്‍ഷങ്ങളോളം വിളവുതരും. വളരെ കരുത്തോടെ വളരുന്ന വള്ളിച്ചെടിയായതിനാല്‍ ബലമുള്ള ഒരു പന്തലോ അതല്ലെങ്കില്‍ വള്ളി പടര്‍ത്താന്‍ ബലമുള്ള വൃക്ഷത്തലപ്പുകളോ വേണമെന്നു മാത്രം. പരാഗണം ഉറപ്പാക്കാന്‍ ആണ്‍,പെണ്‍ ചെടികള്‍ അധികം ദൂരത്തിലല്ലാതെ നടണം. ഗ്രാഫ്റ്റിംഗ് വഴി ഒരേ ചെടിയില്‍ തന്നെ ആണ്‍,പെണ്‍ തലപ്പുകള്‍ വച്ചു പിടിപ്പിക്കാവുന്നതാണ്. ഇളം കായ്കള്‍ കിലോഗ്രാമിന് 80-100 രൂപ നിരക്കില്‍ കേരളത്തില്‍ അങ്ങിങ്ങായി ഇക്കോഷോപ്പുകളില്‍ ലഭ്യമാണ്. കാര്യമായ പരിചരണങ്ങളോ, രോഗകീടപ്രശ്‌നങ്ങളോ ഒന്നുമില്ലാത്ത വീ ട്ടുവളപ്പുകളില്‍ അനായാസം വളര്‍ത്താവുന്ന ഒരു ഔഷധ പച്ചക്കറിയാണു ഗാക്.

കൂടതൈകള്‍ക്കും ഒട്ടുതലകള്‍ ക്കും വിത്തിനും ICAR-NBPGR വെള്ളാനിക്കര, തൃശൂര്‍ പ്രാദേശിക കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0487-2370499.

ഡോ. ജോസഫ് ജോണ്‍ കെ., സുമ എ., ഹരീഷ് ജി.ഡി.
ശാസ്ത്രജ്ഞര്‍, നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്‌സസ്, വെള്ളാനിക്കര, തൃശൂര്‍