നടുവേദന ഒരു രോഗമാണോ?
നടുവേദന ഒരു രോഗമാണോ?
Friday, March 5, 2021 4:50 PM IST
ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെപ്പോലെ നമ്മുടെ ജീവിതത്തില്‍ പലപ്പോഴായി സന്ദര്‍ശിച്ച് ചിലപ്പോള്‍ തിരിച്ചുപോകാന്‍ മടിച്ച് സ്ഥിരതാമസക്കാരനായി മാറുന്ന ഒന്നാണ് നടുവേദന. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഒരു പ്രാവശ്യമെങ്കിലും നടുവേദന അനുഭവിച്ചിട്ടില്ലാത്തവര്‍ വളരെ വിരളമായിരിക്കും. ഈ വില്ലനെ അല്പം ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ അകറ്റിനിര്‍ത്താന്‍ സാധിക്കും. ലോകമെമ്പാടുമുള്ള ജനസംഖ്യയില്‍ 80 ശതമാനം വ്യക്തികളും നടുവേദന അനുഭവിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഡോക്ടറെ സമീപിക്കുന്ന അഞ്ചു പേരില്‍ ഒരാളെങ്കിലും നടുവേദനമൂലമാണ് ഡോക്ടറെ സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിതനാകുന്നത്. അമേരിക്കന്‍ ഐക്യനാടുകളില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിദിവസങ്ങളും ജോലിസമയവും നഷ്ടപ്പെടുന്നത് നടുവേദനമൂലമാണെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേവലം ഒരു ആരോഗ്യപ്രശ്‌നം എന്നതിനേക്കാള്‍ നമ്മുടെ സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ വളരെ വ്യാപകമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു പ്രശ്‌നമായി നടുവേദന ഇന്ന് ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു.

നടുവേദന ഒരു രോഗമാണോ?

നടുവേദന ഒരു രോഗമെന്നതിനെക്കാള്‍ രോഗലക്ഷണമായിാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. നെട്ടല്ലിന്റെ ഏറ്റവും താഴത്തായി സ്ഥിതിചെയ്യുന്ന അഞ്ചു കശേരുക്കളും സേത്രം എന്ന അസ്ഥിയും ചേര്‍ന്ന വളരെ പരിമിതമായ ഭാഗത്തുണ്ടാകുന്ന വേദനയെയാണ് നടുവേദന എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്. ഈ വേദന പലപ്പോഴും നിതംബത്തിലേക്കും തുടകളിലേക്കും കാലുകളിലേക്കും കടന്നുവരാം. നടുവേദനയോട് അനുബന്ധിച്ചുതന്നെ മാംസപേശികള്‍ വലിഞ്ഞ് മുറുകുന്നതുകൊണ്ട് നട്ടെല്ലിന്റെ ചലനസ്വാതന്ത്ര്യം വളരെ കുറഞ്ഞു പോകാറുണ്ട്. നട്ടെല്ലിനുണ്ടാകുന്ന പിടിത്തം , മാംസപേശിയുടെ വലിച്ചുമുറുക്കം, നട്ടെല്ലിനുണ്ടാകുന്ന മറ്റു പല രോഗങ്ങള്‍ എന്നിവകൊണ്ടും ഉണ്ടാകാം. ചില സാഹചര്യങ്ങളില്‍ നടുവേദനയ്‌ക്കൊപ്പം കാലുകള്‍ക്കു മരവിപ്പും ബലക്കുറവും അനുഭവപ്പെടാറുണ്ട്. വളരെ അപൂര്‍വമായ അവസരങ്ങളില്‍ മലമൂത്ര വിസര്‍ജനത്തിന്റെ താളം തെറ്റുന്നതും കണ്ടുവരാറുണ്ട്. പലപ്പോഴും നടുവേദനയുടെ യഥാര്‍ഥ കാരണം കണ്ടുപിടിക്കുകയെന്നത് ഉത്തരം ലഭിക്കാത്ത ഒരു സമസ്യയാണ്. വിവിധങ്ങളായ കാരണങ്ങള്‍ ഒന്നിച്ച്, ഒരേസമയംതന്നെ ഒരു രോഗിയില്‍ നിലനില്‍ക്കുമ്പോള്‍ ചികിത്സ വളരെ ശ്രമകരവും രോഗിയുടെയും ചികിത്സകന്റെയും മനോവീര്യം ഒന്നുപോലെ കെടുത്തുന്നതുമാണ്.

നടുവേദനയുടെ കാരണങ്ങള്‍

നടുവേദനയുടെ കാരണങ്ങള്‍ നിരവധിയാണ്. നിസാരമായ കാരണങ്ങള്‍ മുതല്‍ വളരെ ഗൗരവമുള്ള രോഗങ്ങള്‍ വരെ നടുവേദനയുടെ കാരണങ്ങളാകാം. ജന്മനാ ഉണ്ടാകുന്ന നെട്ടല്ലിന്റെ വൈകല്യങ്ങള്‍, നെട്ടല്ലിനുണ്ടാകുന്ന വിവിധങ്ങളായ വളവുകള്‍ എന്നിവയെല്ലാംതന്നെ നടുവേദനയിലേക്കു നയിക്കാം. നെട്ടല്ലിനും നട്ടെല്ലിനോട് അനുബന്ധിച്ചുള്ള സന്ധിബന്ധങ്ങള്‍ക്കും നെട്ടല്ലിനെ പൊതിയുന്ന മാംസപേശികള്‍ക്കും ഉണ്ടാകുന്ന വിവിധങ്ങളായ ക്ഷതങ്ങള്‍ നടുവേദനയുടെ സര്‍വസാധാരണയായ കാരണമാണ്. ആരോഗ്യവാന്മാരായ ചെറുപ്പക്കാര്‍ക്ക് ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്‌നമായ പുറത്തേക്കു തള്ളുക, ഡിസ്‌കിന്റെ ആവരണത്തില്‍നിന്നും പുറത്തേക്കു ചാടിപ്പോകുക എന്നീ അവസ്ഥകള്‍ വളരെ കഠിനമായ നടുവേദന ഉണ്ടാക്കുന്നതാണ്. നടുവേദനയെത്തുടര്‍ന്ന് കാലുകളിലേക്കും വേദന സഞ്ചരിക്കാറുണ്ട്. നട്ടെല്ലിനെ ബാധിക്കുന്ന ക്ഷയരോഗം, പഴുപ്പുണ്ടാക്കുന്ന നിരവധി ബാക്ടീരിയകളുടെയും ഫംഗസുകളുടെയും കടന്നാക്രമണം എന്നിവയെല്ലാംതന്നെ നടുവേദനയുടെ കാരണങ്ങളാണ്.

പ്രായമായവരുടെ കൂട്ടുകാരന്‍

പ്രായമായവരില്‍ സ്ത്രീപുരുഷ ഭേദമന്യേ അസ്ഥിശോഷവും തേയ്മാനവും അപചയവും വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന നടുവേദനയുടെ കാരണങ്ങളാണ്. പ്രായമായവരില്‍ കണ്ടുവരുന്ന മറ്റു പല അവയവങ്ങളെ ബാധിക്കുന്ന അര്‍ബുദരോഗത്തിന്റെ നെല്ലിലേക്കുള്ള പടര്‍ന്നുപിടിക്കലും വിദൂര നിക്ഷേപവും നടുവേദനയുടെ വളരെ ഭയപ്പെടുത്തുന്ന കാരണങ്ങളാണ്. നെട്ടല്ലിന്റെ സംരക്ഷണവലയത്തില്‍ കഴിയുന്ന സുഷുമ്‌ന കാണ്ടത്തിനും ഞരമ്പുകള്‍ക്കും ഉണ്ടാകുന്ന നിരവധിയായ രോഗങ്ങളും നടുവേദനയായിട്ടാണു പ്രത്യക്ഷപ്പെടുന്നത്. വൃക്കയുടെയും വന്‍കുടല്‍പോലുള്ള മറ്റ് ആന്തരിക അവയവങ്ങളുടെയും രോഗങ്ങള്‍ നടുവേദനയായി അനുഭവപ്പെടുന്നതു വിരളമല്ല.

കുട്ടികൾക്ക് നടുവേദനയോ?

കൊച്ചുകുട്ടികളില്‍ നടുവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ വളരെ വിരളമാണ്. സാധാരണയായി കളിക്കുമ്പോഴുണ്ടാകുന്ന വീഴ്ചകളും ക്ഷതങ്ങളും മൂലമുണ്ടാകുന്ന നടുവേദന കുറച്ചു ദിവസങ്ങള്‍കൊണ്ടുതന്നെ അപ്രത്യക്ഷമാകും. അനേക ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന നടുവേദന, വിദഗ്ധ ചികിത്സ അര്‍ഹിക്കുന്ന അപകടസൂചനയാണ് പലപ്പോഴും നല്‍കുന്നത്.

കംപ്യൂട്ടറും നടുവേദനയും

കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് നടുവേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു മിഥ്യാധാരണ പലരിലും പ്രബലമാണ്. കംപ്യൂട്ടര്‍ ഉപയോഗിക്കുക എന്നതിനേക്കാള്‍ മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരുന്നുള്ള ഏതുജോലിയും നടുവേദനയ്ക്കു കാരണമാകും. ഓഫീസിലും ഐടി മേഖലയിലുമെല്ലാം ജോലി ചെയ്യുന്നവരുടെ ഒരു സാധാരണപ്രശ്‌നമായി നടുവേദന മാറിക്കഴിഞ്ഞിട്ടുണ്ട്. വളരെ സമയം അനങ്ങാതെ, ഒരേ ഇരുപ്പ് ഇരിക്കുമ്പോള്‍ നെട്ടല്ല് അവലംബിക്കുന്ന മോശമായ ഭാവം ആണ് നടുവേദനയുടെ പ്രധാനകാരണം. കഴുത്തും നെല്ലും അനാരോഗ്യകരമായ രീതിയില്‍ മണിക്കൂറുകളോളം ഒരേ രീതിയില്‍വച്ച് മൊബൈല്‍ ഫോണിലൂടെ സംസാരിക്കുന്നവര്‍ക്കു നടുവേദനയുടെ സാധ്യത വളരെ കൂടുതലാണ്. മാംസപേശികള്‍ക്കുണ്ടാകുന്ന വലിച്ചിലും ക്ഷീണവും നിരന്തരക്ഷതവും മൂലമാണ് വേദനയുണ്ടാകുന്നത്. ബോധപൂര്‍വമായ ശ്രമങ്ങളിലൂടെ നട്ടെല്ലിന്റെ ആരോഗ്യകരമായ ഭാവം നിലനിര്‍ത്താനും നട്ടെല്ലിനെ ബലപ്പെടുത്താനും കഴിയും. വ്യായാമത്തിലൂടെയും ജോലിസ്ഥലത്തായിരിക്കുമ്പോള്‍ നെട്ടല്ലിലുണ്ടാകുന്ന ആയാസവും ക്ഷീണവും കുറയ്ക്കാന്‍ ഉതകുന്ന ക്രമീകരണങ്ങള്‍ നടത്തിയും നടുവേദന ഒഴിവാക്കാം.


കുടവയര്‍ എന്ന വില്ലന്‍

നമ്മുടെ ജീവിതശൈലിയിലും ആഹാരക്രമത്തിലും പ്രവര്‍ത്തനമേഖലയിലും ഉണ്ടായിട്ടുള്ള സമൂലമായ മാറ്റങ്ങള്‍ നടുവേദനയുടെ ഒരു പ്രധാനമായ കാരണമാണ്. കായികാധ്വാനവും വ്യായാമവും ഇല്ലാതെപോയതുകൊണ്ട് മാംസപേശികള്‍ക്കുണ്ടാകുന്ന ബലക്കുറവും ദുര്‍മേദസുമൂലം ബലൂണ്‍പോലെ വീര്‍ത്ത കുടവയറും നടുവേദനയുടെ ആക്കംകൂട്ടുന്ന ഘടകങ്ങളാണ്. കായികാധ്വാനമുള്ള ജോലികളില്‍നിന്നും അധ്വാനം കുറഞ്ഞ ജോലികളിലടക്കമുള്ള മാറ്റവും സൂര്യപ്രകാശവും ശുദ്ധവായുവും ലഭിക്കാത്ത ജീവിതസാഹചര്യങ്ങളും പ്രവര്‍ത്തനമേഖലകളും പ്രകൃതിദത്തമായ ആഹാരപദാര്‍ഥങ്ങള്‍ക്കു പകരം സംസ്‌കരിച്ച ആഹാരസാധനങ്ങളുടെ ഉപയോഗവുമെല്ലാം നട്ടെല്ലിന്റെ ബലം കുറയ്ക്കുന്നതിനും നടുവേദന ഉണ്ടാകുന്നതിനും മതിയായ കാരണങ്ങളാണ്.

മാനസിക പ്രശ്‌നങ്ങളും നടുവേദനയും

ഒരു വ്യക്തിയുടെ മാനസികാവസ്ഥയും നടുവേദനയും തമ്മില്‍ വളരെ അഭേദ്യമായ ബന്ധമുണ്ട്. മാനസിക പ്രശ്‌നങ്ങള്‍ ഇതു പല രോഗികളിലും യഥാര്‍ഥമായ കാരണങ്ങളില്ലാത്ത നടുവേദനയുമായി വര്‍ഷങ്ങളോളം ആശുപത്രികളില്‍നിന്നും ആശുപത്രികളിലേക്കും ഡോക്ടര്‍മാരില്‍നിന്ന് ഡോക്ടര്‍മാരിലേക്കും എത്തിച്ചേരുന്നതായി കാണാന്‍ സാധിക്കും. വളരെനാള്‍ നീണ്ടുനില്‍ക്കുന്ന നടുവേദന മൂലം മാനസിക സമ്മര്‍ദവും മനസിന്റെ താളം തെറ്റലും ഉണ്ടാകാറുണ്ടെന്നും ശാസ്ത്രപഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗനിര്‍ണയവും സ്ഥിരീകരണവും

വളരെ വ്യത്യസ്തങ്ങളായ കാരണങ്ങള്‍കൊണ്ട് ഉണ്ടാകുന്ന നടുവേദനയുടെ കാരണം കണ്ടുപിടിക്കുന്നത് ഒരു ചികിത്സകന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ്. സാധാരണയായി എക്‌സ്‌റേ, സിടി, എംആര്‍ഐ തുടങ്ങിയ പരിശോധനകളും രക്തത്തിന്റെ വിവിധങ്ങളായ പരിശോധനകള്‍കൊണ്ടും 90 ശതമാനം രോഗികളിലും രോഗനിര്‍ണയം സാധ്യമാണ്. ശേഷിക്കുന്ന രോഗികളില്‍ നടുവേദനയുടെ യഥാര്‍ഥകാരണം കണ്ടെത്തുക എന്നത് ഒരു ബാലികേറാമലയാണ്.

ചികിത്സാവിധികള്‍

രോഗനിര്‍ണയത്തിനുശേഷം രോഗത്തിന്‍റെ സ്വഭാവമനുസരിച്ച് വിവിധങ്ങളായ ചികിത്സാവിധികള്‍ തീരുമാനിക്കപ്പെടുന്നു. എങ്കിലും പൊതുവായി പറഞ്ഞാല്‍ വേദനാസംഹാരികളും വിശ്രമവുമാണു നടുവേദനയ്ക്കുവേണ്ടി പ്രാഥമികമായി നിര്‍ദേശിക്കുന്നത്. വേദന കുറയുന്നതോടുകൂടി മാംസപേശികളെ ബലപ്പെടുത്താനുള്ള വ്യായാമങ്ങള്‍ക്കും അസ്ഥികളെ ബലപ്പെടുത്തുന്ന മരുന്നുകള്‍ക്കും ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്കും ജോലിയുടെ രീതിയിലും ജോലി സ്ഥലത്തു വരുത്തേണ്ട ക്രമീകരണങ്ങള്‍ക്കുമാണ് ഊന്നല്‍ നല്‍കുന്നത്. നെട്ടല്ലിനും മാംസപേശികള്‍ക്കും ബലം ലഭിക്കുന്നതുവരെ ഉപയോഗിക്കാവുന്ന പല തരത്തിലുള്ള ബല്‍റ്റുകളും വിപണിയില്‍ ലഭ്യമാണ്. ഇങ്ങനെയുള്ള ചികിത്സാരീതികള്‍ പരാജയമാകുമ്പോള്‍ രോഗത്തിന്‍റെ സ്ഥിതിയനുസരിച്ചു വിവിധങ്ങളായ ശസ്ത്രക്രിയകളും അത്യന്താപേക്ഷിതമായി തീരും.

വളരെ നിസാരമെന്നു കരുതി പലപ്പോഴും അവഗണിക്കപ്പെടുന്ന നടുവേദന ചിലപ്പോള്‍ വലിയദുരന്തത്തിലേക്കു നയിക്കാറുണ്ട്. പല ഗുരുതരമായ രോഗങ്ങളുടെയും മുന്നോടിയായും വഴികാട്ടിയായും ശാസ്ത്രലോകം നടുവേദനയെ കണക്കാക്കുന്നു. എത്രയും പെട്ടെന്ന് രോഗനിര്‍ണയം നടത്തുന്നതിനും മതിയായ ചികിത്സ ലഭ്യമാക്കുന്നതിനും ശ്രമിച്ചുകൊണ്ട് നടുവേദന അവഗണിക്കപ്പെടാത്തതുമൂലം നമ്മുടെയും നമ്മുടെ പ്രിയപ്പെട്ടവരുടെയും ജീവിതത്തിലേക്ക് കടന്നുവരാവുന്ന ദുരന്തങ്ങള്‍ നമുക്ക് ഒഴിവാക്കാം. ശാന്തമായ സമുദ്രത്തില്‍നിന്ന് വളരെ അപ്രതീക്ഷിതമായി സുനാമിതിരമാലകള്‍ ഉയര്‍ന്നുപൊങ്ങുന്നതുപോലെ നിസാരമെന്നു കരുതി അവഗണിക്കപ്പെടുന്ന നടുവേദനയുടെ മറനീക്കി മാരകമായ രോഗങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട് എന്ന തിരിച്ചറിവ് നടുവേദനയെ അവഗണിക്കാതിരിക്കാന്‍ സഹായകമാകും.

അപകടസൂചനകള്‍

ഉടന്‍തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കേണ്ട ചില രോഗലക്ഷണങ്ങള്‍ നടുവേദനയോടൊപ്പം കാണാറുണ്ട്. വിരലുകള്‍ക്കോ പാദത്തിനോ കാലുകള്‍ക്കോ ഉണ്ടാകുന്ന ബലക്കുറവ്, മലമൂത്ര വിസര്‍ജനത്തിനുണ്ടാകുന്ന തടസം, വിശ്രമംകൊണ്ടു കുറയാത്ത ശക്തമായ വേദന, നിരന്തരമായ പനി, ശരീരഭാരം കുറയല്‍, വിശപ്പില്ലായ്മ എന്നിവയെല്ലാം വളരെ ഗൗരവമായി പരിഗണിക്കേണ്ട ലക്ഷണങ്ങളാണ്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് അര്‍ബുദം ബാധിച്ചതിന്റെ ചരിത്രമുള്ള രോഗികളില്‍ ഒരു ചെറിയ നടുവേദനപോലും വളരെ ഗൗരവമായി പരിഗണിക്കേണ്ടതാണ്.

സ്ത്രീകളുടെ പേടിസ്വപ്‌നം

സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിനുശേഷം ഉണ്ടാകുന്ന നടുവേദന അസ്ഥിശോഷണത്തിന്റെ പ്രധാന ലക്ഷണമാണ്. ആര്‍ത്തവവിരാമത്തോടുകൂടി സ്‌ത്രൈണ ഗ്രന്ഥിയുടെ സ്രവമായ ഈസ്ട്രജന്റെ അഭാവമാണ് അസ്ഥിയുടെ ബലക്കുറവിലേക്കു നയിക്കുന്നത്. അസ്ഥിക്ഷയം ഏറ്റവും കൂടുതല്‍ ബാധിക്കുന്നതു നെട്ടല്ലിനെത്തന്നെയാണെന്നുള്ളതും പലപ്പോഴും ദുര്‍ബലമായ നട്ടെല്ലിന്റെ പല കശേരുക്കളും ഒടിഞ്ഞുപോകുന്നതുകൊണ്ടുമാണ് ഈ കാലയളവില്‍ നടുവേദന കലശലാകുന്നത്. വിട്ടുമാറാതെ പിന്തുടരുന്ന നടുവേദന പലരിലും ആര്‍ത്തവ വിരാമാനന്തര കാലഘട്ടത്തിലെ ഒരു പേടിസ്വപ്‌നമാണ്. ഗര്‍ഭപാത്രത്തിനും അണ്ഡാശയത്തിനും അണ്ഡവാഹിനി കുഴലുകള്‍ക്കും ഉണ്ടാകുന്ന നിരവധി രോഗങ്ങളില്‍ നടുവേദന ഒരു പ്രധാന ഘടകമാണ്. ആര്‍ത്തവ സമയത്തും ഗര്‍ഭകാലത്തും പ്രസവാനന്തരവും സ്ത്രീകളില്‍ കണ്ടുവരുന്ന നടുവേദന, സ്വാഭാവികവും സാധാരണഗതിയില്‍ നീണ്ടുനില്‍ക്കുകയോ വേദനയുടെ തീവ്രത വര്‍ധിക്കുകയോ ചെയ്താല്‍ ഉടന്‍തന്നെ വിദഗ്ധമായ വൈദ്യസഹായം തേടേണ്ടതാണ്.

പ്രഫ. ഡോ. പി.എസ്. ജോണ്‍
അസ്ഥിരോഗവിഭാഗം മേധാവി, പുഷ്പഗിരി മെഡിക്കല്‍ കോളജ്, തിരുവല്ല