കോര്‍പ്പറേറ്റ് പിടിയിലമര്‍ന്ന അമേരിക്കന്‍ കൃഷി മോഡല്‍
അമേരിക്കന്‍ മാതൃകയിലാണ് മോദി സര്‍ക്കാരിന്‍റെ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും തയാറാ ക്കിയിരിക്കുന്നത്. രണ്ടു തലമുറകള്‍കൊണ്ട് കോര്‍പ്പറേറ്റുകള്‍ ചെറുകിട കുടുംബ കൃഷിയിട ങ്ങളെ വിഴുങ്ങിയതാണ് അമേരിക്കയിലെ കാര്‍ഷിക പരിഷ്‌കാര ങ്ങളുടെ നേര്‍ചിത്രം. ഇതേ പരിഷ് കരണ പാത പിന്തുടരുന്ന ഇന്ത്യയില്‍ ഇതു സംഭവിക്കാന്‍ അത്രയും സമയമെടുക്കില്ല. ഒരിക്കല്‍ അമേരിക്കയുടെ ഐശ്വ ര്യമായിരുന്ന കുടുംബ കൃഷിയിടങ്ങള്‍ക്ക് ഇത് അടച്ചുപൂട്ടലിന്റെ കാലം. ഇന്ത്യക്കും അരനൂറ്റാ ണ്ടു മുമ്പെ ഈ നിയമങ്ങള്‍ നടപ്പാക്കിയ രാജ്യമാണ് അമേ രിക്ക. ഇന്ന് പൂര്‍ണമായും കോര്‍ പറേറ്റുകളുടെ പിടിയിലാണ് അമേരിക്കയിലെ കൃഷി. വയലി ലെ വിത്തു മുതല്‍ തീന്‍മേശ യിലെ വിഭവങ്ങള്‍ വരെ കോര്‍പ്പ റേറ്റുകളുടെ സമ്പൂര്‍ണ നിയന്ത്ര ണത്തിലാണ്. ഇന്ത്യയി ലേതു പോലെ അമേരിക്കയിലും ചെറു കിട കര്‍ഷകരുടെ ആത്മഹത്യ വലിയ പ്രശ്‌നമാണ്. 50 ദശല ക്ഷം ഡോളറാണ് ആത്മഹത്യാ പ്രവണതയുള്ള കര്‍ഷകര്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിനാ യി പുതിയ ഫാം ബില്ലില്‍ നീക്കി വച്ചിരിക്കുന്നത്.

'വലുതാകുക അല്ലെങ്കില്‍ പുറത്തു പോവുക'

"വലുതാകുക അല്ലെങ്കില്‍ പുറത്തു പോവുക' (Get big or get out) എന്ന മുദ്രാവാക്യ ത്തോടെ റിച്ചാര്‍ഡ് നിക്‌സണ്‍ പ്രസിഡന്‍റായിരുന്ന 1971-ലാണ് അമേരിക്കന്‍ കാര്‍ഷിക മേഖല യിലെ വിപണി പരിഷ് കാര ങ്ങള്‍ ആരംഭിച്ചത്. കൃഷി അഗ്രിബി സിനസായി കണ്ട് ഗവണ്‍മെന്റ് കാര്‍ ഷിക മേഖലയില്‍ നിന്നു പിന്മാറ ണമെന്നായിരുന്നു നിക്‌സണ്‍ ഗവണ്‍ മെന്റിന്റെ നയം. വിപണിക്കാവശ്യ മുള്ളത് വന്‍തോതില്‍ ഉത്പാദി പ്പിക്കാന്‍ കര്‍ഷകരോട് ആവശ്യപ്പെട്ടു. ചോളം, സോയാബീന്‍ തുടങ്ങിയ വയുടെ കൃഷി സര്‍ക്കാര്‍ പ്രോത്സാ ഹിപ്പിച്ചു. പുതിയ വിളകള്‍ക്കു വേണ്ടി വന്‍തോ തില്‍ വായ്പ എടുത്ത കര്‍ഷകര്‍ പെട്ടെന്നു തന്നെ കടക്കെ ണിയിലായി. 1990-ല്‍ അമേരിക്കയിലെ കാര്‍ഷികോത്പാദനത്തിന്റെ 50 ശതമാനം കുടുംബകൃഷിയുടെ സംഭാ വനയായിരുന്നു. ഇന്നത് 25 ശതമാന ത്തില്‍ താഴെയാണ്. അതേസമയം ഇന്ന് 70 ശതമാനം ഉത്പാദനവും നാലു ശതമാനം മാത്രമുള്ള വന്‍കിട കോര്‍പറേറ്റ് കൃഷി ഭൂമികളുടെ സംഭാ വനയാണ്. അമേരിക്കന്‍ ധാന്യ വിപണിയുടെ 80 ശതമാനവും നിയ ന്ത്രിക്കുന്നത് നാല് വന്‍കിട കോര്‍പ്പ റേറ്റ് കമ്പനികളാണ്.

അമേരിക്കന്‍ കാര്‍ഷിക കടം 416 ബില്യണ്‍ ഡോളര്‍: അനാഥമായി കാര്‍ഷിക ഗ്രാമങ്ങള്‍

അരനൂറ്റാണ്ടിനിടെ അമേരിക്ക യിലെ നാലിലൊരു ഭാഗം കുടുംബ കൃഷി യിടങ്ങളും അടച്ചുപൂട്ടി. ഈ ഫാമുകളെല്ലാം കോര്‍പ്പ റേറ്റുകളുടെ കൈവശമായി. 2011-നു ശേഷം അമേരിക്കയിലെ കുടുംബ കൃഷി വീണ്ടും കടുത്ത പ്രതിസന്ധിയിലായി. 2011നും 2018നും ഇടയില്‍ കോര്‍പ്പറേ റ്റുകളോടു മത്സരിക്കാനാവാതെ ഒരു ലക്ഷത്തോളം കുടുംബ കൃഷി ഫാമുകള്‍ അടച്ചു പൂട്ടി.

2017-18 ല്‍ മാത്രം 12,000 ഫാമുകള്‍ പ്രവര്‍ത്തനം അവസാ നിപ്പിച്ചു. പശു ഫാമുകള്‍ ദിവസം ഒരെണ്ണം എന്ന നിരക്കിലാണ് അടച്ചുപൂട്ടുന്നത്. പകരം കമ്പ്യൂട്ട ര്‍ നിയന്ത്രിത ഫാക്ടറി ഫാമുകള്‍ നിലവില്‍ വന്നു. പല കാര്‍ഷിക ഗ്രാമങ്ങളും വിജനമായി.

2013-നു ശേഷം പകുതിയിലേറെ കര്‍ഷകര്‍ക്കും കൃഷി നഷ്ടത്തിലായി. 2019 ല്‍ അമേ രിക്കന്‍ കര്‍ഷകരുടെ കടം 416 ബില്യണ്‍ ഡോളര്‍ എന്ന സര്‍വ കാല റെക്കോര്‍ഡിലെത്തി. അമേ രിക്കയുടെ ഗ്രാമീണ സ്വപ്നം ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു.

* സമാന്തര വിപണികള്‍

എപിഎംസിയെ മറികടക്കാനുള്ള പുതിയ നിയമം രണ്ട് സമാന്തര വിപണികളെ സൃഷ്ടിക്കുന്നു. പരമ്പ രാഗത എപിഎംസി വിപണികളും സര്‍ക്കാരിന് ഒരു മേല്‍നോട്ടവുമി ല്ലാത്ത പുതിയ ട്രേഡ് ഏരിയകളും. പുതിയ നിയമം വരുന്നതോ ടെ ഇടത്തട്ടുകാര്‍ ഇല്ലാതാകുന്നില്ല. ആദ്യഘട്ടത്തില്‍ കോര്‍പ്പറേറ്റുകള്‍ ഉയര്‍ന്ന വില നല്‍കി വാങ്ങുമെന്ന തിനാല്‍ ട്രേഡ് ഏരിയകളില്‍ കൂടുത ല്‍ കച്ചവടം നടക്കും. ഇവിടെ കച്ചവടം എംഎസ്പി നിരക്കില്‍ നടത്തണമെന്ന് നിബന്ധനയില്ലാത്തതിനാല്‍ പിന്നീട് വിലയിടിക്കാം. അടച്ചു പൂട്ടുന്ന എപിഎംസി മണ്ഡികളിലെ ഇടത്തട്ടുകാര്‍ സ്വകാര്യ കച്ചവട ക്കാരുടെ ഏജന്റുമാരായി പുതിയ അവതാരമെടുക്കുമെന്ന് ബീഹാറിന്റെ അനുഭവം പഠിപ്പിക്കുന്നു. 1955-ലെ അവശ്യവസ്തു നിയമം ഭേദഗതി ചെയ്തതോടെ കോര്‍പ്പറേറ്റുകള്‍ക്ക് ഒരു പരിധിയുമില്ലാതെ ഭക്ഷ്യവസ്തു ക്കള്‍ സംഭരിക്കാം. പുതിയ ട്രേഡ് ഏരിയകളില്‍ നിന്നുള്ള സംഭരണ ത്തിന് പരിധികളോ നിയന്ത്രണമോ ഇല്ല. ഇതേ പരിഷ്‌കാരങ്ങള്‍ നടപ്പാ ക്കിയ അമേരിക്കയിലേതു പോലെ സമീപ ഭാവിയില്‍ നമ്മുടെ കാര്‍ഷിക മേഖലയുടെ നിയന്ത്രണം ഏതാനും കുത്തകകളുടെ പിടിയില്‍ അമരും. കുറഞ്ഞ താങ്ങുവില ഉറപ്പില്ലാതാ കുന്നതോടെ കര്‍ഷകര്‍ കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന കരാര്‍ കൃഷി യിലേ ക്കു തിരിയും. അവിടെയും കര്‍ഷകരെ കാത്തിരിക്കുന്നത് ഊരാക്കുടുക്കുക ളാണ്.

* കരാര്‍കൃഷിയിലെ അപകടങ്ങള്‍

കരാര്‍ കൃഷിയിലൂടെ കര്‍ഷകന്‍റെ കൃഷി ഭൂമി കോര്‍പ റേറ്റുകള്‍ അന്യാ ധീനപ്പെടുന്ന സാഹചര്യമുണ്ടാകില്ലെ ന്നാണ് സര്‍ക്കാര്‍ വ്യക്ത മാക്കുന്നത്. എന്നാല്‍ കര്‍ഷകന്റെ കൃഷി ഭൂമിയു ടെ ഉടമസ്ഥാവകാശം നഷ്ടപ്പെടാനിട യാക്കുന്ന പല വകുപ്പുകളും വിവാദമാ യ കരാര്‍കൃഷി നിയമത്തിലുണ്ട്. മൂന്നു തരം കൃഷി കരാറുകളെ കരാര്‍ കൃഷി നിയമം അംഗീകരിക്കുന്നുണ്ട്. വ്യാപാര- വാണിജ്യ കരാര്‍, ഉത്പാദ ന കരാര്‍, രണ്ടും കൂടിച്ചേര്‍ന്ന കരാര്‍ എന്നിങ്ങനെ മൂന്നു തരം കരാറുകളാ ണ് കര്‍ഷകനും കമ്പനിയും തമ്മില്‍ ഒപ്പു വയ്ക്കുന്നത്.

1. വ്യാപാര- വാണിജ്യ കരാര്‍

മുന്‍കൂട്ടി നിശ്ചയിച്ച ഗുണമേന്മാ മാനദണ്ഡങ്ങളുടെ അടിസ്ഥാന ത്തില്‍ കര്‍ഷകന്‍ ഉത്പാദിപ്പിക്കു കയും ഉത്പന്നം വിളവെടുത്ത് കമ്പനിക്കു കൈമാറുമ്പോള്‍ വില നല്‍കുകയും ചെയ്യുന്ന കൃഷി കരാറാണ് വ്യാപാര- വാണിജ്യ കരാര്‍.

2. ഉത്പാദന കരാര്‍

കാര്‍ഷിക സാങ്കേതിക സഹായം പൂര്‍ണമായോ ഭാഗികമായോ കമ്പനി നല്‍കുകയും ഉത്പാദന പ്രക്രിയ യിലെ നഷ്ടസാധ്യത കമ്പനി വഹി ക്കുകയും ചെയ്യുന്ന കൃഷി കരാറാണ് ഉത്പാദന കരാര്‍.

കര്‍ഷകന്‍ തന്റെ കൃഷി ഭൂമിയും സേവനങ്ങളും കമ്പനിക്ക് വിട്ടു നല്‍കി വേതനം പറ്റുന്ന കൃഷിയും ഉത്പാദന കരാര്‍ കൃഷിയുടെ നിര്‍വചനത്തില്‍ വരും. ഇവിടെ കര്‍ഷകന്‍, കൃഷി ഭൂമി പൂര്‍ണമായും കോര്‍പറേറ്റുകളുടെ നിയന്ത്രണ ത്തിനു വിട്ടുകൊടുക്കുന്നു.

* തര്‍ക്കപരിഹാരത്തിന് കോടതിയില്ല

പുതിയ നിയമങ്ങളില്‍ തര്‍ക്കപരി ഹാരത്തിന് കോടതികള്‍ക്കല്ല അധി കാരം. എപിഎംസികളെ മറി കടന്നു കൊണ്ടുള്ള കര്‍ഷക ഉത്പന്ന വ്യാപാര- വാണിജ്യ നിയമ ത്തിലും കരാര്‍ കൃഷി നിയമത്തിലും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് എന്ന ഉദ്യോഗസ്ഥനാണ് തര്‍ക്ക പരിഹാര ത്തിനുള്ള അധികാരം. സിവില്‍ കോടതികളെ സമീപിക്കാന്‍ കര്‍ഷ കന് അവകാ ശമില്ല. തര്‍ക്ക പരിഹാര ഉദ്യോഗസ്ഥരെ പെട്ടെന്ന് സ്വാധീനി ക്കുന്നതില്‍ ആഗോള പരിചയമുള്ള വരാണ് കോര്‍പറേറ്റുകള്‍. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ തീരു മാനത്തില്‍ പരാതിയുണ്ടെങ്കില്‍ അപ്പീല്‍ സമര്‍പ്പിക്കേണ്ടത് അദ്ദേഹ ത്തിന്റെ മേല്‍ ഉദ്യോഗസ്ഥനായ കള ക്ടര്‍ക്കാണ്. കര്‍ഷകന്‍ കമ്പനിക്ക് എന്തെങ്കിലും നഷ്ടപരിഹാരം കൊടു ക്കണമെങ്കില്‍ ഭൂവരുമാനത്തിന്റെ കുടിശിഖയായി ഈടാക്കാന്‍ സബ് ഡിവി ഷണല്‍ മജിസ്‌ട്രേറ്റിനോ അപ്പലേറ്റ് അതോറിറ്റിക്കോ ഉത്തരവിറക്കാമെന്ന് കരാര്‍ കൃഷി നിയമത്തിന്‍റെ 14(7) വകുപ്പില്‍ പറയുന്നു. ഇതു പ്രകാരം കര്‍ഷകന്റെ ഭൂമി വില്‍ക്കുന്നത് തടയാം. തുക ഈടാക്കാന്‍ കൃഷി ഭൂമി ജപ്തി ചെയ്യാം.

* കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടാം

കരാര്‍ കൃഷിയില്‍ ഏര്‍പ്പെടുമ്പോള്‍ കര്‍ഷകന്റെ ഭൂമി നഷ്ടപ്പെടാന്‍ ഇടയാ ക്കരുതെന്ന് കരാര്‍ കൃഷി നിയമത്തില്‍ പറയുന്നുണ്ട്. എന്നാല്‍ വാസ്തവം അതല്ല, പല സാഹചര്യത്തിലും കര്‍ഷ കന് കൃഷി ഭൂമിയുടെ ഉടമസ്ഥാ വകാശം നഷ്ടപ്പെടാം. കരാര്‍ കൃഷി യില്‍ കമ്പനി സാങ്കേതിക വിദ്യയും വിത്ത്, വളം തുടങ്ങിയ സേവനങ്ങളും കര്‍ഷകനു നല്‍കും. എന്നാല്‍ വായ്പ നല്‍കേണ്ടത് ബാങ്കുകളാണ്. ബാങ്ക് വായ്പ വേണമെങ്കില്‍ ഭൂമി പണയ പ്പെടുത്തേണ്ടി വരും. തിരിച്ചടവ് മുടങ്ങിയാല്‍ ഉത്തരവാദിത്വം കമ്പനി ക്കല്ല. കര്‍ഷകനു തന്നെയാണ്. അപ്പോഴും കൃഷിഭൂമി അന്യാധീനപ്പെ ടാനുള്ള സാധ്യതയുണ്ട്.* ഒരു ഇടത്തട്ടുകാരനു പകരം പലര്‍

പുതിയ കാര്‍ഷിക നിയമങ്ങള്‍ ഇടത്തട്ടുകാരെ ഒഴിവാക്കുമെന്നാണ് കേന്ദ്രത്തിന്റെ ഏറ്റവും വലിയ പ്രചാ രണം. കരാര്‍കൃഷിയില്‍ തന്നെ കമ്പനിക്കും കര്‍ഷകനും ഇടയില്‍ അഞ്ചിലേറെ ഇടത്തട്ടുകാരെ കാണാം. വിത്ത്, വളം, കാര്‍ഷിക യന്ത്രങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കാന്‍ സേവന ദാതാക്കള്‍ (സര്‍വീസ് പ്രൊ വൈഡര്‍) എന്ന പേരില്‍ ഇടത്തട്ടു കാരെ കമ്പനിക്കു നിയമിക്കാം. കരാര്‍ കൃഷി നടക്കുന്ന ഏതു സമയത്തും കര്‍ഷകന്‍ ഗുണമേന്മാ മാനദണ്ഡ ങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ പ്രത്യേക ഏജന്‍ സിയെ കമ്പനിക്ക് ഇടനിലക്കാരായി നിയമിക്കാം. വിളവെടുപ്പിനു ശേഷം ഗുണമേന്മയില്‍ തര്‍ക്കമുണ്ടായാല്‍ അതു പരിശോധിക്കാന്‍ 'തേഡ് പാര്‍ട്ടി ക്വാളിറ്റി അസേയര്‍' എന്ന മറ്റൊരു ഏജന്‍സി വരും. കര്‍ഷകരുടെ ഉത്പ ന്നങ്ങള്‍ സമാഹരിച്ച് കമ്പനിക്ക് കൈമാറുന്നതിന് 'അഗ്രിഗേറ്റര്‍' എന്ന പേരില്‍ വേറൊരു ഏജന്‍സിയും ഉണ്ടാകും. ഇതിനു പുറമെ കര്‍ഷക രുമായി നിരന്തരം ബന്ധപ്പെടാന്‍ കമ്പനിയുടെ ഏജന്റുമാരുമു ണ്ടാകും. ഈ ഇടത്തട്ടുകാരുടെയെല്ലാം പ്രതി ഫലം കര്‍ഷകരുടെ ഉത്പന്നത്തിന്റെ വിലയില്‍ നിന്നായിരിക്കും കമ്പനി കിഴിക്കുന്നത്.

* പുതിയ സാങ്കേതികവിദ്യാ കൈമാറ്റത്തിനു പിന്നില്‍

പുതിയ സാങ്കേതികവിദ്യ കര്‍ഷ കര്‍ക്കു കൈമാറുകയാണ് കാര്‍ഷിക പരിഷ്‌കാര നിയമങ്ങളുടെ ലക്ഷ്യ മെന്നാണ് കേന്ദ്രത്തിന്റെ അവകാശ വാദം. കാര്‍ഷിക സര്‍വകലാശാല കള്‍, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളാണ് സാധാരണയായി പുതിയ സാങ്കേതിക വിദ്യകള്‍ക്ക് അനുമതി നല്‍കുന്നത്. എന്നാല്‍ കരാര്‍കൃഷിയില്‍ പുതിയ സാങ്കേ തിക വിദ്യകള്‍ സര്‍ക്കാര്‍ ഏജന്‍ സികളുടെ ഒരു പരിശോധന യുമി ല്ലാതെ കമ്പനികള്‍ക്കു നേരിട്ടു കര്‍ഷകര്‍ക്കു കൈമാറാം. ഇവരുടെ സാങ്കേതിക വിദ്യകളുടെ പ്രാദേശി കമായ അനുയോജ്യതയോ ദീര്‍ഘ കാല പാരിസ്ഥിതിക സുസ്ഥിരതയോ ഒന്നും സര്‍ക്കാര്‍ പരിശോധിക്കുകയേ ഇല്ല.

* ആന്ധ്രയിലെ അനുഭവം

ആന്ധ്രയിലെ കുപ്പം മേഖലയില്‍ കയറ്റുമതിക്കു വേണ്ടി സ്വകാര്യ കമ്പനികള്‍ നടത്തിയ ഗെര്‍ക്കിന്‍സ് (അച്ചാര്‍ വെള്ളരി) കൃഷി കുറഞ്ഞ കാലം കൊണ്ട് കര്‍ഷകരെ തകര്‍ത്തു. കീടനാശിനി, രാസവളം തുടങ്ങിയ വയുടെ അമിത പ്രയോഗം കൊണ്ട് മണ്ണ് വിഷലിപ്തമായി. മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെട്ടു. ഭൂഗര്‍ഭ ജല നിരപ്പു താഴ്ന്നു. പെട്ടെന്ന് ലാഭം കൊയ്ത കമ്പനികള്‍ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ കര്‍ഷകരെ ഉപേ ക്ഷിച്ചു പോവുകയും ചെയ്തു.

* താങ്ങുവിലയും ബോണസും പഴങ്കഥയാകും

കരാര്‍ കൃഷി നിയമത്തില്‍ ഉത്പന്ന ത്തിന് വില നിശ്ചയിക്കുന്നതും കര്‍ ഷകര്‍ക്ക് അനുകൂലമായല്ല. താങ്ങു വിലയും ഉത്പാദന ബോണസും നല്‍കാന്‍ വ്യവസ്ഥയില്ല. സര്‍ക്കാര്‍ കുറ്റം പറയുന്ന എപിഎംസി മണ്ഡി യിലെ വില അടിസ്ഥാന വിലയായി എടുത്ത് അതിന്റെ കൂടെ ഉത്പാദന ബോണസും നല്‍കാനാണ് വ്യവസ്ഥ. ഇത് കര്‍ഷകര്‍ക്ക് ഒട്ടും ലാഭകരമല്ല. അതെ സമയം ഗുണമേന്മയുടെ പേരി ലുള്ള നേരിയ പ്രശ്‌നം ചൂണ്ടിക്കാട്ടി ഉത്പന്നം നിരസിക്കാനോ വില ഇടി ക്കാനോഉള്ള സാധ്യതകള്‍ ഏറെ യാണ്.

* ഗുജറാത്തില്‍ കര്‍ഷകര്‍ കോടതി കയറി

ഗുജറാത്തില്‍ രണ്ടു വര്‍ഷം മുമ്പ് പെപ്‌സി കമ്പനി ഉരുളക്കിഴങ്ങ് കര്‍ഷകരെ നഷ്ടപരിഹാരം ആവശ്യ പ്പെട്ട് കോടതി കയറ്റിയിരുന്നു. പുതിയ വിത്തിനങ്ങളുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ കേസു കളില്‍ കര്‍ഷകരെ സംരക്ഷിക്കുന്ന തിനുള്ള വ്യവസ്ഥയും കരാര്‍കൃഷി നിയമത്തില്‍ ഇല്ല.

* ഗത്യന്തരമില്ലാതെ കോര്‍പ്പറേറ്റുകള്‍ കാര്‍ഷിക മേഖലയിലേക്ക്

മറ്റു മേഖലകളില്‍ ലാഭം കൊയ്യാനുള്ള വഴികള്‍ അടഞ്ഞതോടെ കോര്‍പ്പ റേറ്റുകള്‍ നോട്ടമിട്ടിരിക്കുന്നത് കാര്‍ ഷിക മേഖലയെയാണ്. അവരെ അകമഴിഞ്ഞു സഹായിക്കുന്നതാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍. ഏതാനും ഭേദഗതികള്‍ കൊണ്ട് കര്‍ ഷക ചൂഷണം ഒഴിവാകില്ല.

മൂന്നു നിയമങ്ങളും അപ്പാടെ പിന്‍വലിക്കുകയാണ് ഏക പരിഹാരം. എന്തെങ്കിലും പരിഷ്‌കാരങ്ങള്‍ ആവ ശ്യമാണെങ്കില്‍ ഫെഡറല്‍ തത്വങ്ങള്‍ മുറുകെപ്പിടിച്ചു കൊണ്ട് കര്‍ഷകരുമാ യി ചര്‍ച്ച ചെയ്ത് അവ നടപ്പാക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണം.

ബീഹാറിലെ കര്‍ഷക ദുരിതം

എപിഎംസി വിപണികള്‍ക്കു പകരം സ്വകാര്യ കാര്‍ഷിക വിപണികള്‍ വന്നാല്‍ ഉത്പന്നങ്ങള്‍ക്ക് നല്ല വില കിട്ടുമെന്നും കര്‍ഷകരുടെ വരുമാനം വര്‍ധിക്കുമെന്നുമാണ് മോദി സര്‍ക്കാരിന്റെ അവകാശ വാദം. എന്നാല്‍ ഇതിന്റെ വിപരീത ദിശയിലാണ് കാര്യങ്ങള്‍ നടക്കുകയെന്ന് ബീഹാറിന്റെ അനുഭവം പഠിപ്പിക്കുന്നു. കാര്‍ഷിക വിപണി പരിഷ്‌കാരത്തിന്റെ പേരില്‍ 2005-ല്‍ അധികാരത്തില്‍ എത്തിയതിന്റെ പിന്നാലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബീഹാറിലെ എപിഎംസി നിയമം റദ്ദാക്കി. പകരം വരുന്ന സ്വകാര്യ കച്ചവടക്കാര്‍ കര്‍ഷകര്‍ക്ക് നല്ലവില നല്‍കി ഉത്പന്നങ്ങള്‍ സംഭരിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. വലിയ എപിഎംസി മണ്ഡികള്‍ അടച്ചുപൂട്ടി. 15 വര്‍ഷം പിന്നിടുമ്പോള്‍ ബീഹാറിലെ കര്‍ഷകര്‍ വലിയ ദുരിതത്തിലാണ്. കര്‍ഷകര്‍ക്ക് തരക്കേടില്ലാത്ത വില ലഭിച്ചിരുന്ന എപിഎംസി വിപണികള്‍ പോയതോടെ കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കേണ്ട ഗതികേടിലാണ് ബീഹാറിലെ കര്‍ഷകര്‍.

ബീഹാറിലെ ജനസംഖ്യയുടെ 77 ശതമാനവും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. കൃഷി ഇന്ന് ബീഹാറില്‍ ഒരു വിധത്തിലും ലാഭകരമല്ല. ഗ്രാമീണ ജനസംഖ്യയില്‍ നല്ലൊരു ഭാഗവും കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ കുടിയേറ്റ തൊഴിലാളികളാണ്. എപിഎംസി മണ്ഡികള്‍ അടച്ചു പൂട്ടിയപ്പോള്‍ പകരം സംഭരണത്തിന്റെ ചുമതല ഏല്‍പ്പിച്ചത് പ്രാഥമിക കാര്‍ഷിക സംഘങ്ങളെയാണ്.ഈ സംഭരണം പൂര്‍ണമായും പരാജയപ്പെട്ടു. ഗവണ്‍മെന്റ് സംഭരണം വളരെ വൈകുന്നതിനാല്‍ കര്‍ഷകര്‍ ഉത്പന്നങ്ങള്‍ കിട്ടുന്ന വിലയ്ക്ക് സ്വകാര്യ കച്ചവടക്കാര്‍ക്കു വില്‍ക്കുന്നു. അവരാകട്ടെ സംഘടിതമായി വില ഇടിക്കുന്നു. കേന്ദ്രം പ്രഖ്യാപിക്കുന്ന താങ്ങുവിലയുടെ പകുതി പോലും ബീഹാറിലെ കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല.

'ഗോദി മീഡിയയും' യാഥാര്‍ഥ്യവും

സ്വകാര്യ കാര്‍ഷിക വിപണികള്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്ന സര്‍ക്കാര്‍ അനുകൂലികളായ മാധ്യമങ്ങളുടെ ('ഗോദി മീഡിയ')അവകാശവാദം ശരിയായിരുന്നുവെങ്കില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ബീഹാറിലെ കര്‍ഷകരുടെ വരുമാനം വര്‍ധിക്കേണ്ടതായിരുന്നു. എന്നാല്‍ അവരുടെ വരുമാനം കുത്തനെ ഇടിയുകയാണുണ്ടായത്. എപിഎംസി മണ്ഡികള്‍ നിലവിലുണ്ടാ യിരുന്നപ്പോള്‍ കമ്മിറ്റികള്‍ ഇടപെട്ട് കര്‍ഷകര്‍ക്ക് നല്ല വില ഉറപ്പാക്കിയിരുന്നു.

അതാണ് ബീഹാറില്‍ ഇല്ലാതായത്. സഹകരണ സംഘങ്ങള്‍ ഭാഗികമായി മാത്രമാണ് ധാന്യങ്ങള്‍ സംഭരിക്കുന്നത്. വില നല്‍കാന്‍ മാസങ്ങളെടുക്കും. പെട്ടെന്ന് ഉത്പന്നങ്ങളുടെ വില ലഭിക്കാന്‍ കുത്തക വ്യാപാരികളെ ആശ്രയിക്കുകയല്ലാതെ ബീഹാര്‍ കര്‍ഷകര്‍ക്കു മുമ്പില്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. ഇടത്തട്ടുകാര്‍ വഴി കുറഞ്ഞ വിലയ്ക്ക് കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന കുത്തക വ്യാപാരികള്‍ അത് പഞ്ചാബിലെ എപിഎംസി മണ്ഡികളില്‍ എത്തിച്ച് കുറഞ്ഞ താങ്ങു വിലയ്ക്ക് വിറ്റ് ലാഭം കൊയ്യുന്നു. എപിഎംസി അടച്ചുപൂട്ടിയതോടെ ബീഹാറില്‍ ഇടത്തട്ടുകാര്‍ ഇല്ലാതായില്ല. അവരെല്ലാം സ്വകാര്യ കച്ചവടക്കാരുടെ ഇടത്തട്ടുകാ രായി പുതിയ ലാവണങ്ങള്‍ കണ്ടെത്തി.

ഡോ. ജോസ് ജോസഫ്‌