പ്രമേഹവും കോവിഡും
പ്രമേഹവും കോവിഡും
കോവിഡ് നിയന്ത്രണാതീത വ്യാപനത്തോടെ എല്ലാ രോഗങ്ങളെയും നിയന്ത്രിക്കുന്നതിന്റെ താളം തെറ്റിയിരിക്കുകയാണ്.

പകരാന്‍ സാധ്യതയില്ലാത്ത രോഗങ്ങളില്‍ (നോണ്‍ ക്യൂണിക്കബിള്‍ ഡിസീസ്) ഏറ്റവും പ്രധാനവും നിയന്ത്രിക്കാന്‍ വളരെ വിഷമമുള്ളതുമാണ് പ്രമേഹം. പ്രമേഹ നിയന്ത്രണത്തിന് മരുന്നുകള്‍ക്കു പുറമേ ആഹാരരീതിയിലും വ്യായാമത്തിലും ജീവിതശൈലിയിലും മാറ്റങ്ങള്‍ അത്യാവശ്യമാണ്. അങ്ങനെയുള്ള ഒരു ജീവിതശൈലി രോഗമായ പ്രമേഹത്തിന്റെ ഗതിയെയും ചികിത്സയെയും കോവിഡ് രോഗം പലവിധത്തില്‍ ബാധിക്കും.

കോവിഡിന്റെ ആദ്യ നാളുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ പുറത്തു സ്ഥിരമായി വ്യായാമം ചെയ്തിരുന്ന പ്രമേഹരോഗികളെ അത് കാര്യമായി ബാധിച്ചു. വ്യായാമം കുറയ്ക്കുമ്പോള്‍ പ്രമേഹരോഗ നിയന്ത്രണം തകരാറിലാവുന്നത് സാധാരണമാണ്. അതുപോലെ വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന പ്രമേഹരോഗികള്‍ ഇടയ്ക്കിടയ്ക്ക് ചെറുപലഹാരങ്ങള്‍ കഴിക്കുന്നതും പ്രമേഹസാധ്യത കൂട്ടി. ജോലി സ്ഥലത്തേക്കുള്ള യാത്രയില്‍ അല്‍പം വ്യായാമം കിട്ടിയിരുന്ന പ്രമേഹരോഗികള്‍ക്ക് അതും നഷ്ടമായി. പ്രമേഹ രോഗം മൂര്‍ച്ഛിക്കുന്നതിന് ഇതും കാരണമാകും.

പ്രമേഹ രോഗികള്‍ മറ്റുള്ളവരേക്കാള്‍ പ്രതിരോധശേഷി കുറഞ്ഞവരായതുകൊണ്ട് അവര്‍ക്ക് കോവിഡ് വരാന്‍ കൂടുതല്‍ സാധ്യതയുണ്ട്. ഇങ്ങനെയുള്ളവരില്‍ കോവിഡ് ബാധിച്ചാല്‍ അത് കൂടുതല്‍ സങ്കീര്‍ണതകള്‍ക്ക് കാരണമാകും. എന്നാല്‍, പ്രമേഹ രോഗികളില്‍ കൂടുതല്‍ കോവിഡ് ബാധിച്ചതായോ ഇതുവരെ കേരളത്തില്‍ കോവിഡ് ബാധിച്ചു മരിച്ചവരില്‍ പ്രമേഹരോഗികള്‍ കൂടുതലാണെന്ന് പറയുന്നതിനോ ആധികാരികമായ വിവരങ്ങളില്ല.


ടൈപ്പ് 1 പ്രമേഹ രോഗം, ഒരു ഓട്ടോ ഇ്യമ്മൂണ്‍ രോഗമാണ്. കോവിഡ് രോഗികള്‍ക്ക് ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിലെ കോശങ്ങള്‍ക്ക് ഏറെ വ്യതിചലനം സംഭവിക്കുന്നതായി വിവിധ പ്രബന്ധങ്ങളില്‍ ഇപ്പോള്‍ രേഖപ്പെടുത്തിയിുണ്ട്. കോവിഡ് ബാധിച്ചതിനുശേഷം ടൈപ്പ് 1 പ്രമേഹം ബാധിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ വന്നിട്ടുണ്ട്. ഇത് ആധികാരികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അങ്ങനെ വരാന്‍ സാധ്യതയുണ്ട്. പ്രമേഹ രോഗത്തിന് ഉപയോഗിക്കുന്ന മെറ്റ്‌ഫോര്‍മിന്‍ മരുന്ന് കോവിഡ് വരാതിരിക്കാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതു ശ്രദ്ധിക്കാം

പ്രമേഹരോഗികള്‍ ഈ കോവിഡ് കാലഘട്ടത്തില്‍ പ്രത്യേകം സൂക്ഷിക്കണം. അനാവശ്യമായി പുറത്ത് പോകുകയോ ആളുകളുമായി ഇടപഴകുകയോ ചെയ്യരുത്. ക്രമമായ ആഹാരം കഴിച്ചും വീട്ടിനുള്ളില്‍ ചെയ്യാവുന്ന വ്യായാമങ്ങള്‍ ചെയ്തും പ്രമേഹ രോഗം നിയന്ത്രിക്കണം. വീട്ടിനുള്ളില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതുകൊണ്ട് ആഹാര നിയന്ത്രണത്തില്‍ വളരെ അച്ചടക്കം പാലിക്കേണ്ടതാണ്. പ്രമേഹ രോഗികള്‍ കൂടെ കൂടെ രക്തം പരിശോധിച്ച് പ്രമേഹം നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്തുകയും വേണം. പ്രമേഹ രോഗികള്‍ ഈ മുന്‍കരുതലുകള്‍ എടുക്കുന്നത് കോവിഡിനെ നേരിടുന്നതിന് ഏറെ സഹായകമാകും.

സീമ മോഹന്‍ലാല്‍
വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ.ആര്‍.വി ജയകുമാര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ്, എന്‍ഡോക്രൈനോളജിസ്റ്റ്, ആസ്റ്റര്‍ മെഡ്‌സിറ്റി, എറണാകുളം