സുഖചികിത്സക്ക് കർക്കടകം തന്നെ ഉത്തമം
സുഖചികിത്സക്ക് കർക്കടകം തന്നെ ഉത്തമം
Thursday, August 26, 2021 3:32 PM IST
കേരളത്തിലെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുസൃതമായി കേരളീയ വൈദ്യൻമാർ രൂപപ്പെടുത്തി എടുത്ത ആയുർവേദ ചികിത്സ പദ്ധതി ആണ് കർക്കടക ചികിത്സ. പുതു വർഷമായ ചിങ്ങത്തിന് മുൻപുള്ള മാസമായ കർക്കടകത്തിൽ ശരീരസംരക്ഷണം ചെയ്യുക വഴി അടുത്ത വർഷം ഊർജസ്വലമായി അവരവരുടെ ജോലികൾ ചെയ്യുവാൻ സാധിക്കുന്നു എന്നുള്ളതാണ് കർക്കടക ചികിത്സയുടെ ഉദ്ദേശ്യം. ഒരു റീചാർജിംഗ് ആണ് കർക്കടക ചികിത്സ..

മറ്റൊരു തരത്തിൽ ചിന്തിച്ചാൽ വേനൽക്കാലവും വർഷകാലവും കഴിഞ്ഞ് അധികം വെയിലും അധികം മഴയും ഇല്ലാതെ ഇരിക്കുന്ന സുഖകരമായ കാലാവസ്ഥയാണ് കർക്കടകത്തിൽ. ചികിത്സാക്കാലം ആയി തിരഞ്ഞെടുക്കാൻ ഇതും ഒരു കാരണം ആണ്. കർക്കടകത്തിൽ ചെയ്യുന്ന ഏതാനും ചികിത്സാരീതികൾ അറിയാം...

പിഴിച്ചിൽ



നിശ്ചിത വലുപ്പത്തിലുള്ള തുണിക്കഷണങ്ങൾ സഹിക്കാവുന്ന ചൂടിലുള്ള തൈലത്തിലോ കുഴന്പിലോ മുക്കിയെടുത്ത് രോഗിയുടെ ശരീരത്തിൽ നിശ്ചിത ഉയരത്തിൽ നിന്ന് പിഴിഞ്ഞു വീഴ്ത്തുന്നതാണ് പിഴിച്ചിൽ എന്ന പ്രക്രിയ. സാധാരണ ഏഴു മുതൽ ഒന്പത് ഇഞ്ച് അകലത്തിൽ നിന്നാണ് ശരീരോപരിതലത്തിലേക്ക് പിഴിഞ്ഞു വീഴ്ത്തുന്നത്. സഹിക്കാൻ പാകത്തിനു ചൂടുള്ള തൈലം ദേഹത്തിൽ പിഴിഞ്ഞുവീഴ്ത്തി തുടങ്ങുന്നതോടെ തടവൽ ആരംഭിക്കും. പിഴിച്ചിൽ ചെയ്യുന്പോൾ രോഗിയുടെ ശരീരത്തിന്‍റെ എല്ലാ ഭാഗത്തും പിഴിഞ്ഞു പകരുകയും തടവുകയും ചെയ്യേണ്ടതുണ്ട്. അതിനാൽ രോഗിയെ വ്യത്യസ്ത പൊസിഷനുകളിൽ ഇരുത്തിയും കിടത്തിയുമാണ് ചികിത്സ ചെയ്യുന്നത്. ഇവ മുഖ്യമായും ഏഴ് തരത്തിലാണ്. പിഴിച്ചിലിനു മാത്രമല്ല അഭ്യംഗം(മസാജ്), നാരങ്ങ കിഴി, ഇലക്കിഴി തുടങ്ങിയ വിവിധ കിഴികൾ ചെയ്യുന്പോഴും ഈ ഏഴ് പൊസിഷൻ അവലംബിക്കാറുണ്ട്. രോഗാവസ്ഥയ്ക്കും ശരീരതത്തിനനുസൃതമായും ഏഴു ദിവസമോ പതിനാലു ദിവസമോ 21 ദിവസമോ പിഴിച്ചിൽ ചെയ്യാറുണ്ട്.

പക്ഷാഘാതം, സന്നിപാതം, അസ്ഥിയെ ബാധിക്കുന്ന രോഗങ്ങൾ, കേന്ദ്രനാഡീവ്യൂഹത്തെ ബാധിക്കുന്ന അപചയരോഗങ്ങൾ, നട്ടെല്ലിലെ കശേരുകൾക്ക് സ്ഥാനം തെറ്റുന്ന അവസ്ഥ, ശരീരത്തിലെ സന്ധികൾക്കിടയിലെ ജലാംശം കുറവുളളതായ അവസ്ഥ എന്നിവയ്ക്ക് ഫലദായകമാണ് പിഴിച്ചിൽ. എല്ലാവർക്കും ചെയ്യാവുന്ന ഒന്നല്ല പിഴിച്ചിൽ. ഉദാഹരണമായി ശരീരത്തിൽ നീരുള്ളപ്പോൾ പിഴിച്ചിൽ ചെയ്യാൻ പാടില്ല. ആ സമയത്തു പിഴിച്ചിൽ ചെയ്താൽ അത് നീരിനെ വർധിപ്പിക്കും.

ഉഴിച്ചിൽ



ശിരസിൽ തൈലം തേച്ചതിനുശേഷം കഴുത്തു മുതൽ ദേഹം മുഴുവൻ ഒൗഷധയുക്തമായ കർപ്പൂരാദിതൈലം, പ്രഭജ്ഞനംതൈലം തുടങ്ങി ഏതെങ്കിലും തൈലം തേച്ച് കൈതലം കൊണ്ട് ഉഴിഞ്ഞുകൊണ്ടിരിക്കുന്ന രീതിയാണിത്. രോഗമൊന്നുമില്ലാത്തവർക്ക് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വാർധക്യത്തെ അകറ്റി സുദൃഢവും അംഗലാവണ്യമുള്ളതുമായ ശരീരത്തെ നിലനിർത്തുന്നതിനും വർഷത്തിലൊരിക്കൽ ഉഴിച്ചിൽ നടത്തുന്നത് നല്ലതാണ്. ത്വക് രോഗങ്ങൾ, വാതരോഗങ്ങൾ എന്നിവയെ അകറ്റി നിർത്താനും ഉഴിച്ചിൽ പ്രയോജനപ്പെടുന്നു. രോഗികളെ സംബന്ധിച്ചിടത്തോളം ശരീരത്തിലെ രക്തപ്രവാഹം വർധിക്കുകയും നാഡികൾ ഉത്തേജിതമാകുകയും ചെയ്യുന്നതിനാൽ അവയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വേദന, തരിപ്പ് ഇവയെ ഇല്ലാതാക്കുകയും മാസംപേശികളുടെ മെലിച്ചിൽ, അംഗവൈകല്യങ്ങൾ തുടങ്ങിയവയെ ഒരുപരിധിവരെ പരിഹരിക്കുകയും ചെയ്യും. ത്വക് രോഗങ്ങളിലാവട്ടെ രോഗാധിഷ്ഠിതമായ ത്വക്കിൽ ഒൗഷധങ്ങൾ ചേർത്ത് നിർമ്മിക്കപ്പെട്ട തൈലങ്ങൾ തടവി പിടിപ്പിക്കുന്പോൾ ഔഷധവീര്യം ത്വക്ക് പാളികളിലെത്തുന്നു.

സാധാരണ ആയുർവേദ ചികിത്സ അല്ലെങ്കിൽ പഞ്ചകർമ്മം എന്നാൽ ഉഴിച്ചിൽ അല്ലെങ്കിൽ പിഴിച്ചിൽ എന്നൊരു ധാരണയുണ്ട്. ഇത് ശരിയല്ല. ജനങ്ങൾ ഇതിനെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ശരീരമാലിന്യങ്ങളെ പുറത്തു കളയുന്നതിനായി ചെയ്യപ്പെടുന്ന പഞ്ചകർമങ്ങൾക്കായി ശരീരത്തെ പാകപ്പെടുത്തുന്നതായ പൂർവകർമങ്ങൾ മാത്രമാണ് ഉഴിച്ചിലും പിഴിച്ചിലും ഞവരക്കിഴിയുമൊക്കെ.

ഉദ്വർത്തനം



നവധാന്യങ്ങൾ ഒന്നിച്ചോ എതെങ്കിലുമോ ചൂടാക്കി പൊടിച്ചതുകൊണ്ടോ അല്ലെങ്കിൽ നിർദിഷ്ട ഒൗഷധങ്ങൾ പൊടിപ്പിച്ച് അതുകൊണ്ട് പ്രതിലോമമായി(താഴേ നിന്ന് മുകളിലേക്ക്) ശരീരത്തിൽ തടവി പിടിപ്പിക്കുന്നതാണ് ഇതിന്‍റെ ചികിത്സാക്രമം. ശരീരത്തിലെ ദുർമേദസ് കുറയ്ക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. അമിതവണ്ണം ഉള്ളവർക്ക് വണ്ണം കുറയ്ക്കാൻ വളരെ പ്രയോജനപ്രദമായ ചികിത്സാരീതിയാണിത്.


തലപൊതിച്ചിൽ



അരച്ചെടുത്ത ഔഷധദ്രവ്യങ്ങൾ തലയിലാകെ തേച്ചുപിടിപ്പിക്കുന്ന രീതിയാണ് തലപൊതിച്ചിൽ. ഉണക്ക നെല്ലിക്ക, മത്തങ്ങ, ഇരട്ടിമധുരം എന്നീ ഒൗഷധങ്ങൾ മോരിൽ പുഴുങ്ങി വറ്റിച്ച് വെള്ളം തൊടാതെ നന്നായി അരച്ച് മൂർദ്ധാവിൽ പൊതിഞ്ഞ് കെട്ടിവയ്ക്കുന്നു.

ഉറക്കക്കുറവ്, ത്വക് രോഗങ്ങൾ, മാനസിക രോഗങ്ങൾ, മസ്തിഷ്ക രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഫലപ്രദമായ ചികിത്സയാണിത്.

നവരക്കിഴി



നവരയരി ആവശ്യമായ അളവിൽ മൂന്നിരട്ടി വീതം പാലും കുറുന്തോട്ടി കഷായവും കൂട്ടിച്ചേർത്ത് വേവിച്ച് വറ്റിയ്ക്കണം. ഇപ്രകാരം വേവിച്ച നവരച്ചോറ് ഉപയോഗിച്ച് ചെയ്യുന്ന കിഴിയാണ് നവരക്കിഴി. കിഴി ചെയ്തശേഷം രോഗിയെ പാത്തിയിൽ എഴുന്നേൽപ്പിച്ചിരുത്തി ദേഹമാസകലമുള്ള നവരച്ചോറിന്‍റെ പശ ഓലപ്പാളി കൊണ്ട് വടിച്ച് കളയുന്നു.
ശരീരം തടിവയ്ക്കാനും ശരീരബലം വർധിക്കാനും പ്രയോജനപ്രദമായ ചികിത്സയാണിത്. നവരനെല്ല് എന്ന പ്രത്യേകതരം നെല്ല് പുഴുങ്ങി എടുത്തതാണ് നവരയരി.

നവരതേപ്പ്



നവരക്കിഴിയുടെ ലഘുവായ രൂപമാണ് നവരതേപ്പ്. നവരയരി പൊടിച്ച് പാലിൽ വിരകി കട്ടിയുള്ള പായസരൂപത്തിലാക്കി സഹിയ്ക്കാവുന്ന ചൂടോടെ ദേഹത്തു തേച്ച് നിശ്ചിത സമയം തടവിയശേഷം നവരക്കിഴിയിലെ പോലെ തന്നെ ഓലകീറൽ കൊണ്ട് വടിച്ചു കളയുന്നു.
ദേഹപുഷ്ടി ഉണ്ടാകുന്നതിനും മെലിച്ചിലുള്ള ഭാഗങ്ങളിലും നവരതേപ്പ് പ്രത്യേകിച്ച് ഗുണം ചെയ്യുന്നു. ശരീരഭാരം അധികമുള്ളവർക്ക് ഇത് യോജിക്കുന്നതല്ല. കാരണം ശരീരഭാരം വീണ്ടും വർധിക്കാൻ ഇടയാക്കും.

ധാര



സന്ധികളിലുള്ള നീരും വേദനയും കുറയുന്നതിന് അതീവഫലപ്രദമാണ് ധാര. ഔഷധയുക്തമായ ദ്രവം ശരീരത്തിന്‍റെ നിർദിഷ്ട ഭാഗത്ത് നിശ്ചിത ഉയർത്തിൽ നിന്ന് ആവശ്യമായ സമയം ഇടമുറിയാതെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന ഒരു ചികിത്സാരീതിയാണിത്. ശരീരം മുഴുവനായോ(സർവധാര) ഏതെങ്കിലും ശരീരഭാഗങ്ങളിൽ മാത്രമായോ(ഏകാംഗധാര) ചെയ്യാവുന്നതാണ്.

കിഴി



വേദന കുറയുവാൻ വളരെ ഫലപ്രദമായ ചികിത്സയാണ് കിഴിപിടിക്കൽ. ആവശ്യമുള്ള ഒൗഷധങ്ങളെ ഒരു തുണിയിലിട്ട് കെട്ടി അത് തൈലത്തിലോ മറ്റോ മുക്കി ചൂടാക്കി അതുകൊണ്ട് ശരീരത്തിൽ പ്രത്യേക ക്രമത്തിൽ തടവുന്നതാണ് ഇത്. നാരങ്ങക്കിഴി, നവധാന്യ കിഴി, നവരക്കിഴി തുടങ്ങി വിവിധതരം കിഴികളുണ്ട്.

അഭ്യംഗം



ശിരസിൽ യുക്തമായ എണ്ണ തേച്ചതിനുശേഷം കഴുത്തു മുതൽ ദേഹം മുഴുവൻ കർപ്പൂരാദിതൈലം, കൊട്ടംചുക്കാദി തൈലം തുടങ്ങി ഒൗഷധയുക്തമായ തൈലമോ കുഴന്പോ തേച്ച് കൈകൊണ്ട് ഉഴിഞ്ഞുകൊണ്ടിരിക്കുന്ന രീതിയാണിത്.