പശു വളർത്തലിലൂടെ വിജയഗാഥ രചിക്കുന്ന മുൻ സൈനികൻ
Friday, September 17, 2021 8:34 AM IST
അന്തിക്കാട്: വാർധക്യത്തിലും പട്ടാളച്ചിട്ട കൈവിടാതെ ധർമരാജന്റെ ക്ഷീരവിജയം. പട്ടാളക്കാരന്റെ വീറും വീര്യവും നിലനിർത്തി എണ്‍പതാം വയസിലും 18 പശുക്കളെ വളർത്തി വിജയഗാഥ രചിക്കുകയാണു മുൻ സൈനികനായ ചാഴൂർ കുഞ്ഞാലുക്കൽ തത്തപ്പുഴ ധർമരാജൻ.
വിരമിച്ച ശേഷം നാട്ടിൽ സ്ഥിര താമസമായതോടെ പാൽക്കച്ചവടത്തിൽ സജീവമായി.18 പശുക്കളുണ്ട് തൊഴുത്തിൽ. എച്ച്എഫ്, ഗീർ, ജഴ്സി തുടങ്ങി കറവപ്പശുക്കൾ പത്തെണ്ണമുണ്ട്. എണ്പതു ലിറ്ററോളം പാലാണു ദിവസവും വിൽക്കുന്നത്.
കറവയും പശുക്കളെ തീറ്റലും കുളിപ്പിക്കലും പാൽ വില്പനയുമൊക്കെ പൂർത്തിയാകുന്പോൾ രാവിലെ പത്താകും. പുല്ല് അരിയാനും തൊഴുത്ത് വൃത്തിയാക്കാനും വേറെ സമയം കണ്ടെത്തും. ഉച്ചയ് ക്ക് 12 ന് വീണ്ടും കറവ.
1971 ലെ ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധത്തിൽ പോരാടിയ ധർമരാജൻ, അതേ വീറും വാശിയും എണ്‍പതിലും നിലനിർത്തുന്നുണ്ട്. പശുക്കളെ തീറ്റാൻ ഒരേക്കറിൽ തീറ്റപ്പുൽ കൃഷി ചെയ്യുന്നു.
പുള്ളിൽ നെൽകൃഷിയും ഉണ്ട്. ഇവിടെ നിന്ന് കിട്ടുന്ന വൈക്കോലും പശുക്കൾക്കു തീറ്റയാകും. ആഴ്ചയിൽ മൂന്നു ലോഡ് ചാണകവും വിൽക്കും.
വാർധക്യത്തിലും തളരാതെ അധ്വാനിക്കാനുള്ള മനസാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നു ധർമരാജൻ പറഞ്ഞു. ഭാര്യ ദേവാവതിയും സഹായത്തിനുണ്ട്.