കൃഷി ആസ്വദിച്ചു ചെയ്യാനുള്ള വിദ്യകളാണു പുതിയ തലമുറയെ പരിശീലിപ്പിക്കേണ്ടത്. നന്നായി കൃഷി ചെയ്തു മാന്യമായി ജീവിക്കുന്നവരുടെ വിജയഗാഥകൾ മറ്റുള്ളവരിലെത്തിക്കാനും കഴിയണം. ശാസ്ത്രീയ കൃഷി രീതികൾ പരിശീലിപ്പിക്കാനും പരിശീലിക്കാനുമുള്ള സ്ഥാപനങ്ങളും സംവിധാനങ്ങളുമാണ് ഇനിയുണ്ടാവേണ്ടത്. ഇക്കാര്യത്തിൽ കൃഷിവകുപ്പിന് ഏറെ ചെയ്യാനാകുമെന്നും ബിഷപ് കൂട്ടിച്ചേർത്തു.
വയനാട്ടിലേയും പ്രത്യേകിച്ച് മാനന്തവാടി രൂപതയിലെയും ഭൂരിഭാഗം ജനങ്ങളും കൃഷിയുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരാണ്. അതുകൊണ്ട് തന്നെ എക്കാലത്തും കൃഷിയും കർഷകരും രൂപതയുടെ പ്രധാന വിഷയം തന്നെയാണ്.
രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി 1974ൽ പ്രവർത്തനം തുടങ്ങിയതു തന്നെ മികച്ചയിനം തൈകൾ കർഷകർക്ക് ലഭ്യമാക്കാനുള്ള നഴ്സറി ആരംഭിച്ചുകെണ്ടാണ്. കാർഷിക മേഖലയിലെ പുതിയ കാൽവയ്പായ ബയോവിൻ ആരംഭിച്ചതോടെ അതിന്റെ ഗുണം വയനാട്ടിലെ കർഷകർക്കു കിട്ടിത്തുടങ്ങിയിട്ടുണ്ട്.
കൃഷിക്ക് ആവശ്യമുള്ള വെള്ളത്തിന്റെ വിതരണം ഒരിടത്തും ശാസ്ത്രീയമാണെന്നു പറയാനാവില്ല. പൈപ്പ് ഇടുന്നതും കനാലുകൾ നിർമിക്കുന്നതിലും ഒതുങ്ങരുത് ജലവിതരണം. അതു കൃഷിഭൂമിയിൽ എത്തുന്നുണ്ടെന്നു കൂടി ഉറപ്പാക്കണം.
ഫാം ടൂറിസത്തിന് അനന്ത സാധ്യതകളാണുള്ളതെന്നും മാർ ജോസ് പൊരുന്നേടം ചൂണ്ടിക്കാട്ടി. കൃഷിയിൽ നിന്നുള്ള ആദായത്തോടൊപ്പം ടൂറിസ്റ്റുകളുടെ സന്ദർശനം വഴി കർഷകർക്ക് അധികവരുമാനവും ലഭിക്കുമെന്നതാണ് അതിന്റെ പ്രത്യേകത.