ശബരിമല പാതയിൽ കാട്ടാനക്കൂട്ടം; പൈനാപ്പിൾ കച്ചവടം പ്രധാന കാരണമെന്ന് വനപാലകർ
ശബരിമല പാതയിൽ കാട്ടാനക്കൂട്ടം; പൈനാപ്പിൾ കച്ചവടം പ്രധാന കാരണമെന്ന് വനപാലകർ
ശബരിമല: ശബരിമല പാതയിൽ കാട്ടാനക്കൂട്ടം. രാത്രിയാണ് കാട്ടാനകൾ കൂട്ടമായി ഇറങ്ങിയത്. നിലയ്ക്കലിനടുത്ത് ആര്യാട്ടുകവല, ചെളിക്കുഴി, കമ്പകത്തു വളവ്, ളാഹ എന്നീ സ്‌ഥലങ്ങളിലാണ് കാട്ടാനകൾ കൂട്ടമായി ഇറങ്ങിയത്. വൈകുന്നേരം 6.30ന് നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ 15 കാട്ടാനകളാണ് നിലയുറപ്പിച്ചത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവ കാട്ടിലേക്ക് പിന്മാറാൻ തയാറാകാഞ്ഞതോടെ വനപാലകർ ശബ്ദമുണ്ടാക്കി ആനകളെ കാട്ടിലേക്ക് തുരത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് എലിഫന്റ് സ്ക്വാഡിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘം സ്‌ഥലത്തെത്തുകയും അടിയന്തര സാഹചര്യം നേരിടാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിരുന്നു.

രാത്രി വളരെ വൈകിയാണ് ഇവ കാട്ടിലേക്കു പിന്മാറിയതെങ്കിലും പമ്പാ പാതയിലെ ആര്യാട്ടുകവല ഉൾപ്പെടെയുള്ള സ്‌ഥലങ്ങളിൽ റോഡിലിറങ്ങുകയായിരുന്നു. നിരവധി വാഹനങ്ങളാണ് ഈ സമയം പമ്പയിലേക്കു വന്നുകൊണ്ടിരുന്നത്. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി കാട്ടാനകൾ റോഡിലേക്ക് ഇറങ്ങി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ചെളിക്കുഴി ഭാഗത്താണ് ആനകളെ കണ്ടത്.


നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിലും തീർഥാടന പാതയിലും പൈനാപ്പിൾ കച്ചവടം ചെയ്യുന്നതും ഇവയുടെ അവശിഷ്‌ടങ്ങൾ വലിച്ചെറിയുന്നതുമാണ് കാട്ടാനകൾ റോഡിലേക്കിറങ്ങാൻ കാരണമെന്ന് വനപാലകർ പറഞ്ഞു. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ ഒരേ സമയം കുറഞ്ഞത് രണ്ടായിരത്തിലധികം വാഹനങ്ങളാണ് പാർക്ക് ചെയ്യുന്നത്. ഗ്രൗണ്ടിന്റെ സമീപത്തെല്ലാം പൈനാപ്പിൾ കച്ചവടം നടക്കുന്നതിനാലാണ് ആനകൾ ഇവിടേക്ക് എത്തുന്നതെന്ന് വനപാലകർ പറയുന്നു. ഈ പ്രദേശങ്ങളിലെ കച്ചവടം നിർത്താനുള്ള നടപടി ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് പല പ്രാവശ്യം രേഖാമൂലം ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നും ഈ സ്‌ഥിതി തുടർന്നാൽ ദുരന്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥർ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.