പുതിയ കോൺക്രീറ്റ് മേൽപ്പാലവും റിംഗ് റോഡും ഒരുങ്ങുന്നു
പുതിയ കോൺക്രീറ്റ് മേൽപ്പാലവും റിംഗ് റോഡും ഒരുങ്ങുന്നു
ശബരിമല: ശബരിമലയിൽ പുതിയ കോൺക്രീറ്റ് മേൽപ്പാലവും റിംഗ് റോഡും നിർമിക്കുന്നു. സന്നിധാനത്തെ വനംവകുപ്പിന്റെ ഓഫീസിന്റെ സമീപത്തുള്ള യൂ ടേണിലുണ്ടാകുന്ന തിരക്ക് കുറയ്ക്കുന്നതിനു വേണ്ടിയാണ് പുതിയ മേൽപ്പാലം നിർമിക്കുന്നത്. മൂന്നു മീറ്റർ വീതിയിൽ 80 മീറ്റർ നീളത്തിൽ നിർമിക്കുന്ന മേൽപ്പാലം നടപ്പന്തലിൽ എത്തിനിൽക്കും. പാലം നിർമിക്കുന്നതോടെ യൂടേണിലെ തിരക്ക് കുറയ്ക്കാൻ കഴിയുമെന്നാണ് കരുതുന്നത്. അഞ്ചു കോടി 64 ലക്ഷം രൂപയാണ് വേണ്ടിവരുന്നത്. പാലം യാഥാർഥ്യമാകുന്നതോടെ ചന്ദ്രാനന്ദ റോഡിലൂടെ വരുന്നവർക്ക് പാലത്തിലൂടെ നടപ്പന്തലിൽ എത്താനാകും.


ശബരിമലയിലെ തിരക്ക് കുറയ്ക്കുന്നതിനും ട്രാക്ടറുകൾക്ക് സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടി ക്ഷേത്രവളപ്പിന്റെ പുറത്ത് ഒന്നര മീറ്റർ ദൂരത്തിൽ രണ്ടു കോടി രൂപ ചെലവിൽ ഔട്ടർ റിംഗ് റോഡ് നിർമിക്കുന്നതിനും ഹൈ പവർ കമ്മിറ്റി തീരുമാനിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്തു ചേരുന്ന യോഗത്തിൽ റോഡിന്റെയും പാലത്തിന്റെയും നിർമാണത്തിന് അന്തിമരൂപം നൽകുമെന്നും ദേവസ്വം അധികൃതർ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.