ഉദ്യോഗസ്‌ഥർ മൊബൈൽഫോൺ ഉപയോഗിക്കരുതെന്നു നിർദേശം
ഉദ്യോഗസ്‌ഥർ മൊബൈൽഫോൺ ഉപയോഗിക്കരുതെന്നു നിർദേശം
ശബരിമല: ശബരിമലയിലും പമ്പയിലും ജോലിചെയ്യുന്ന സമയത്ത് സബ്ഇൻസ്പെക്ടർ റാങ്കിനു താഴെയുള്ള ഉദ്യോഗസ്‌ഥർ മൊബൈൽഫോൺ ഉപയോഗിക്കരുതെന്നു നിർദേശം. കടമ മറന്ന് പോലീസ് ഉദ്യോഗസ്‌ഥർ ജോലിസമയത്ത് വാട്സ്ആപും ഫേസ്ബുക്കും ഉപയോഗിക്കുന്നെന്ന് കഴിഞ്ഞ 17–നു രാഷ്ട്രദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്തയുടെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തെത്തുടർന്നാണ് ശബരിമല പോലീസ് ജോയിന്റ് കോ–ഓർഡിനേറ്ററും ഡിഐജിയുമായ പി.വിജയൻ നിർദേശം നൽകിയത്.

ജോലിസമയത്ത് സബ്ഇൻസ്പെക്ടറും അതിനു മുകളിലുള്ള ഉദ്യോഗസ്‌ഥരും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ മൊബൈൽഫോൺ ഉപയോഗിക്കാവൂ എന്ന നിബന്ധനയുമുണ്ട്. രാഷ്ട്രദീപിക പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിൽ തീരുമാനമെടുത്തതെന്നും പി.വിജയൻ പറഞ്ഞു.


ജോലിസമയത്ത് മൊബൈൽഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവ പിടിച്ചെടുക്കാനും അവർക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാനും നിർദേശമുണ്ട്. ഇന്ന് ചുമതലയേൽക്കുന്ന പോലീസിന്റെ പുതിയ സേനാംഗങ്ങൾക്ക് രാവിലെ നൽകുന്ന ബ്രീഫിംഗിൽ പരസ്യമായി ഈ നിർദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ലഹരികൾക്കടിമപ്പെട്ടതുപോലെ പോലീസ് സേനയിലെ ചിലർ നവമാധ്യമങ്ങൾക്ക് അടിമപ്പെട്ടിരിക്കുകയാണെന്നും ഇവർക്കു പ്രത്യേക കൗൺസലിംഗും ചികിത്സയും അടിയന്തരമായി നൽകിയില്ലെങ്കിൽ സേനയിലാകെ അച്ചടക്കരാഹിത്യം ഉണ്ടാകുമെന്ന മുന്നറിയിപ്പും ഡിഐജി നൽകി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.