പരസ്തു അഹമ്മദി
ടെഹ്റാൻ: ഹിജാബ് ധരിക്കാതെ സംഗീതപരിപാടി അവതരിപ്പിക്കുകയും അതിന്റെ വീഡിയോ ഓൺലൈനിൽ പങ്കുവയ്ക്കുകയും ചെയ്ത പ്രമുഖ ഇറേനിയൻ ഗായിക പരസ്തു അഹമ്മദിക്ക് (29) 74 ചാട്ടവാറടി ശിക്ഷ നടപ്പാക്കി. ഗായികയ്ക്കൊപ്പം പരിപാടിയുടെ അണിയറപ്രവർത്തകരായ മറ്റ് നാലുപേർക്കും 74 ചാട്ടവാറടി വീതം ലഭിച്ചതായി അവരുടെ അഭിഭാഷകൻ മുസ്തഫ നിലിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2024 ഡിസംബറിൽ യുട്യൂബിൽ പങ്കുവച്ച സംഗീതപരിപാടിയുടെ വീഡിയോയുമായി ബന്ധപ്പെട്ടാണു നടപടി. പത്തുലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോ വലിയ ചർച്ചയായിരുന്നു. തുടർന്ന് 2024 ഡിസംബറിൽ അറസ്റ്റിലായ പരസ്തു അഹമ്മദിക്കും നാല് സംഗീതജ്ഞരും നാല് അണിയറപ്രവർത്തകരും ഉൾപ്പെടുന്ന സംഘത്തിനും കഴിഞ്ഞ ജൂണിലാണു കോടതി ശിക്ഷ വിധിച്ചത്.
പരസ്തു അഹമ്മദിക്കും അവരുടെ സംഗീതപരിപാടിയുടെ നിർമാണ സംഘത്തിലെ നാലുപേർക്കും വിധിച്ച 74 ചാട്ടവാറടി ശിക്ഷ ഇന്നലെയാണു നടപ്പാക്കിയതെന്ന് അഭിഭാഷകൻ മുസ്തഫ നിലി വ്യക്തമാക്കിയതായി ഇസ്ന വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂണിൽ ശിക്ഷിക്കപ്പെട്ട സംഘത്തിലെ മറ്റ് നാലുപേരുടെ കാര്യത്തിൽ എന്തു തീരുമാനമുണ്ടായി എന്നതിൽ വ്യക്തതയില്ല.
വിവാദമായ സംഗീതപരിപാടി
പരമ്പരാഗത സത്രത്തിന്റെ അങ്കണത്തിൽ വലിയൊരു പേർഷ്യൻ പരവതാനി മാത്രം വിരിച്ച, മങ്ങിയ വെളിച്ചമുള്ള വേദിയിലായിരുന്നു പ്രകടനം. കാണികളില്ലാത്ത വേദിയിൽ കറുത്ത വസ്ത്രമണിഞ്ഞ പുരുഷ സംഗീതജ്ഞർക്കൊപ്പമാണു പരസ്തു പാടിയത്.
ഇറാനിലെ കർശനമായ വസ്ത്രധാരണ നിയമങ്ങളെ വെല്ലുവിളിച്ച് കൈയില്ലാത്ത നീണ്ട ഗൗൺ ധരിച്ചും ശിരോവസ്ത്രം ഒഴിവാക്കിയുമായിരുന്നു അവരുടെ പ്രകടനം. ഇറാനിൽ സ്ത്രീകൾ പൊതുവേദിയിൽ പാടുന്നതിനും വിലക്കുണ്ട്.
പൊതുസദാചാരത്തിനു നിരക്കാത്ത രീതിയിൽ പെരുമാറി, അശ്ലീലവും നിലവാരമില്ലാത്തതുമായ ഉള്ളടക്കം നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരുന്നത്. അപ്പീൽ തള്ളിക്കൊണ്ട് ഒക്ടോബറിൽ കോടതി ശിക്ഷ ശരിവച്ചപ്പോൾ ചാട്ടവാറടി ശിക്ഷ നടപ്പാക്കുന്നതിൽനിന്ന് ഇറാൻ അധികൃതർ പിന്മാറണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടിരുന്നു.
2022 സെപ്റ്റംബറിൽ വസ്ത്രധാരണ നിയമം ലംഘിച്ചെന്നാരോപിച്ചു കസ്റ്റഡിയിലെടുത്ത മഹ്സ അമിനി മരിച്ചതിനെത്തുടർന്നുണ്ടായ രാജ്യവ്യാപക പ്രതിഷേധങ്ങൾക്കുശേഷം ഇറാനിൽ ഹിജാബ് ഒഴിവാക്കി പൊതുവിടങ്ങളിൽ എത്തുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചുവരികയാണ്.
Tags : Hijab controversy Iranian singer Sleeveless Travel ban Court