National
മുംബൈ: ദീപാവലി ആഘോഷിക്കാനായി നാട്ടിലെത്തിയ ഇൻഡിഗോ എയർലൈൻസ് ജീവനക്കാരിയെ വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൂന വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിൽ ജോലി ചെയ്തിരുന്ന വർഷ തുർക്കറാണ് (35) കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര-മധ്യപ്രദേശ് അതിർത്തിക്ക് സമീപം ഗോണ്ടിയ ജില്ലയിലെ ബോണ്ട്രാനി വനമേഖലയിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
ദീപാവലി ആഘോഷങ്ങൾക്കായി സ്വന്തം നാട്ടിലെത്തിയതായിരുന്നു വർഷ. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് വർഷ സുഹൃത്തായ നിതേഷ് അഗർവാളിനൊപ്പം വീട്ടിൽ നിന്നും പുറപ്പെട്ടത്. എന്നാൽ കുറച്ചുസമയം കഴിഞ്ഞപ്പോൾ നിതേഷ് തന്നെയാണ് വർഷയ്ക്ക് അപകടം പറ്റിയ വിവരം കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചറിയിച്ചത്.
തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ വർഷയെ രക്തത്തിൽ കുളിച്ച നിലയിലാണ് വനത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതർ തങ്ങളെ ആക്രമിച്ച് കവർച്ച നടത്തുകയായിരുന്നുവെന്നാണ് നിതേഷ് അഗർവാൾ പൊലിസിന് മൊഴി നൽകിയിട്ടുള്ളത്. തങ്ങളെ തടഞ്ഞുനിർത്തിയ മൂന്നംഗ സംഘം കവർച്ചയ്ക്കു ശ്രമിക്കുകയും ഇതിനിടെ വർഷയുടെ വയറ്റിൽ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. എന്നാൽ, ഈ ആക്രമണത്തിൽ നിതേഷിന് യാതൊരുവിധ പരിക്കുകളും പറ്റിയിട്ടില്ലെന്നത് പൊലിസിൽ സംശയമുണർത്തിയിട്ടുണ്ട്. മരിച്ച വർഷയുടെ സ്വർണമാല നഷ്ടപ്പെടാതെ ശരീരത്തിൽ തന്നെ ഉണ്ടായിരുന്നുവെന്നതാണ് പൊലിസിനെ കുഴപ്പിക്കുന്നത്.
നിലവിൽ കസ്റ്റഡിയിലുള്ള നിതേഷിനെ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യുവതിയുടെ കൊലപാതകത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ അതോ ആസൂത്രിതമായ കൊലപാതകമാണോ എന്ന കോണിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
National
ന്യൂഡൽഹി: ഡൽഹിയിലെ വസ്ത്രശാലയിലെ ട്രയൽ റൂമിൽ പതിനെട്ടുകാരിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെസ്റ്റ് ഡൽഹി സ്വദേശിനിയായ ശബ്നം ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മുൻ സുഹൃത്തായ സൂരജ് എന്ന യുവാവിനെ ഡൽഹി പൊലിസ് അറസ്റ്റ് ചെയ്തു.
മോതി നഗർ മെട്രോ സ്റ്റേഷന് സമീപമുള്ള ടെക്സ്റ്റൈൽസ് ഷോറൂമിൽ ശനിയാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നത്. ഷോറൂമിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട ശബ്നം. ജോലി അവസാനിക്കാറായ സമയത്ത് ഷോറൂമിലെത്തിയ പ്രതി യുവതിയെ ട്രയൽ റൂമിലേക്ക് വിളിച്ചുകൊണ്ടുപോയി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നു എന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.
രാത്രി ഒമ്പതോടെ ഷോറൂം അടയ്ക്കുന്നതിന് മുന്നോടിയായി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് രക്തത്തിൽ കുളിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്. കൃത്യത്തിന് ശേഷം നഗരത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പൊലിസ് പിടികൂടിയത്.
മുൻപ് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ ഏതാനും മാസങ്ങളായി അകൽച്ചയിലായിരുന്നുവെന്നും, പ്രണയപ്പകയോ വ്യക്തിപരമായ തർക്കങ്ങളോ ആകാം കൊലപാതകത്തിന് പിന്നിലെന്നുമാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
National
പറ്റ്ന: ബിഹാറിലെ ജമാൽപുരിൽ ഭാര്യയെ യുവാവ് കുത്തിക്കൊന്നു. റിട്ടയേർഡ് റെയിൽവേ ഉദ്യോഗസ്ഥൻ ദശരഥ് മണ്ഡലാണ് ഭാര്യ പൂജാദേവിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം തുണികൊണ്ട് മൂടിയിട്ട പ്രതി, രണ്ട് പെൺമക്കളെയുമായി ജമാൽപൂർ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
പത്തുവയസുകാരിയായ മകൾ ശ്രീനിക പൊലിസിന് നൽകിയ മൊഴിയാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. താനും അനിയത്തി ഇഷികയും ഉറങ്ങിക്കിടക്കുമ്പോഴാണ് അച്ഛൻ അമ്മയെ ക്രൂരമായി ഉപദ്രവിച്ചതെന്ന് ശ്രീനിക പൊലിസിനോട് പറഞ്ഞു. അച്ഛൻ തങ്ങളെ കട്ടിലിൽ നിന്ന് താഴേക്ക് വലിച്ചിറക്കി ഷാൾ കൊണ്ട് കെട്ടിയിട്ട ശേഷമാണ് അമ്മയെ രണ്ടുതവണ കത്തികൊണ്ട് കുത്തിയത്. അയൽവാസികളെ വിവരമറിയിക്കാൻ ശ്രമിച്ചെങ്കിലും അച്ഛൻ അനുവദിച്ചില്ലെന്നും കുട്ടി വ്യക്തമാക്കി.
അമ്മയെ കൊലപ്പെടുത്തുന്നത് കണ്ട് നിലവിളിച്ച മക്കളോട് ദശരഥ് ക്രൂരമായാണ് പ്രതികരിച്ചത്. അയൽവാസികളെ വിളിക്കാൻ ശ്രമിച്ച മക്കളോട്, "നിന്റെ അമ്മ ചത്തു, ഞാൻ നിനക്ക് വേറൊരു അമ്മയെ കൊണ്ടുവന്നു തരാം" എന്നായിരുന്നു അയാൾ പറഞ്ഞത്. എന്നാൽ "അമ്മയ്ക്ക് പകരം അമ്മ മാത്രമേയുള്ളൂ, ആ സ്ഥാനത്ത് മറ്റാരെയും കാണാനാവില്ല" എന്ന് തങ്ങൾ അച്ഛനോട് തിരിച്ച് പറഞ്ഞതായി പെൺകുട്ടി പൊലിസിനെ അറിയിച്ചു.
കൊലപാതകം നടക്കുന്നതിന്റെ തലേദിവസം മാതാപിതാക്കൾ തമ്മിൽ വഴക്കുണ്ടായിരുന്നതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
National
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലിയോടനുബന്ധിച്ച് 8,000 രൂപ ധനസഹായം നല്‍കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന മുന്നറിയിപ്പുമായി ഗുജറാത്ത് പൊലിസ്. ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിനും ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്തുന്നതിനും കാരണമാകാമെന്നും പൊലിസ് അറിയിച്ചു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് സൈബര്‍ തട്ടിപ്പുകാര്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മൊബൈല്‍ നമ്പര്‍ ധനസഹായത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്ന വ്യാജ വെബ്സൈറ്റിലേക്കാണ് ഉപയോക്താക്കളെ എത്തിക്കുന്നത്. തുടര്‍ന്ന് സന്ദേശം അഞ്ച് വാട്സ്ആപ്പ് അല്ലെങ്കില്‍ ടെലിഗ്രാം ഗ്രൂപ്പുകളിലേക്കോ 20 സുഹൃത്തുക്കള്‍ക്കോ അയയ്ക്കാന്‍ ആവശ്യപ്പെടും. പിന്നീട് പണം ലഭിക്കുന്നതിനായി മൊബൈല്‍ നമ്പര്‍ നല്‍കാനും നിര്‍ദേശിക്കും.
അടുത്ത ഘട്ടത്തില്‍ എട്ട് അക്കങ്ങളുള്ള ഒരു കണക്ഷന് കോഡ് സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. ഈ കോഡ് വാട്സ്ആപ്പിലെ ‘ലിങ്കിഡ് ഡിവൈസ്’ ഓപ്ഷനില്‍ നല്‍കാനാണു നിര്‍ദേശം. ഇങ്ങനെ ചെയ്യുന്നതോടെ തട്ടിപ്പുകാര്‍ക്ക് ഇരയുടെ വാട്സ്ആപ്പ് അക്കൗണ്ട് മറ്റൊരു അനധികൃത ഉപകരണവുമായി ബന്ധിപ്പിച്ച് നിയന്ത്രണം നേടാന്‍ സാധിക്കും.
യഥാര്‍ഥ വാട്സ്ആപ്പ് നമ്പര്‍ ലഭിച്ചാല്‍ മാത്രമേ അക്കൗണ്ട് മറ്റൊരു ഉപകരണവുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ പൂര്ത്തിയാക്കാനാകൂ എന്നതിനാലാണ് തട്ടിപ്പുകാര്‍ ഇരകളുടെ യഥാര്‍ഥ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുന്നതെന്ന് സൈബര്‍ ക്രൈം ഡെപ്യൂട്ടി കമ്മീഷണര്‍ ലവീന സിന്‍ഹ പറഞ്ഞു. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ടു-സ്റ്റെപ്പ് വെരിഫിക്കേഷന് ആക്ടിവേറ്റ് ചെയ്യണമെന്ന് പൊലിസ് നിര്‍ദേശിച്ചു.
National
ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ ഭാര്യയുടെ മുന്നിൽ കൊല്ലപ്പെട്ടു.
ചരൺ ഗൗഡ (39) ആണു കൊല്ലപ്പെട്ടത്. സ്വന്തം ഓഫീസിനു മുന്നിൽവച്ചാണ് ഗൗഡയെ അക്രമികൾ വെട്ടിക്കൊന്നത്.
കാറിൽനിന്നിറങ്ങവേ രണ്ടു പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസിലെ തർക്കങ്ങളാകാം കൊലപാതകത്തിനു കാരണമെന്നാണ് പൊലിസിന്റെ നിഗമനം.
National
ദിസ്പൂർ: ആസമിലെ ശ്രീഭൂമി ജില്ലയിൽ കുടുംബവഴക്കിനെത്തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഫറൂഖ് അഹമ്മദാണ് പിതാവ് ഖലീൽ ഉദ്ധീൻ, ഇളയ സഹോദരങ്ങളായ ജഹാംഗീർ ഹുസൈൻ (എട്ട്), ആലം ഉദ്ധീൻ (ഏഴ്) എന്നിവരെ കൊലപ്പെടുത്തിയത്. സംഭവത്തിൽ അമ്മയ്ക്കും മറ്റൊരു സഹോദരനും ഗുരുതരമായി പരിക്കേറ്റു.
വ്യാഴാഴ്ച രാത്രി കുടുംബത്തിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് ഫറൂഖ് അഹമ്മദ് കുടുംബത്തിലെ അഞ്ച് അംഗങ്ങളെ ആക്രമിക്കുകയായിരുന്നു. ജഹാംഗീറും, ആലം ഉദ്ധീനും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഖലീൽ ഉദ്ധീനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികത്സയിലായിരിക്കെ വെള്ളിയാഴ്ച മരണത്തിനു കീഴടങ്ങുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ പ്രതിയുടെ അമ്മ ആലിയ ബീഗം, മറ്റൊരു സഹോദരൻ അൽതാഫ് ഹുസൈൻ എന്നിവരും ആശുത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുവരുടെയും നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വർഷങ്ങളായി നിലനിൽക്കുന്ന കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രതിയായ ഫറൂഖ് അഹമ്മദ് ലഹരിക്ക് അടിമയായിരുന്നുവെന്നും ഇത് കുടുംബത്തിലെ തർക്കങ്ങൾ കൂടുതൽ വഷളാക്കാൻ കാരണമായിട്ടുണ്ടാകാമെന്നും വിവരങ്ങളുണ്ട്. എങ്കിലും കൊലപാതകത്തിന് പിന്നിലുള്ള കൃത്യമായ കാരണം എന്താണെന്ന് കണ്ടെത്താൻ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പ്രതിയെ ചോദ്യം ചെയ്തുവരുകയാണെന്നും പൊലിസ് അറിയിച്ചു.
National
ചെന്നൈ: തമിഴ്നാട്ടിലെ രാജ് അണ്ണാമലൈപുരത്ത് ഓട്ടോ ഡ്രൈവറെ നാലംഗ സംഘം വെട്ടിക്കൊന്ന കേസിൽ പ്രതികൾ മണിക്കൂറുകൾക്കകം അറസ്റ്റിൽ. അയ്യപ്പന്റെ മകനുമായ ശിവകുമാറാണ് (27) കൊല്ലപ്പെട്ടത്. സംഭവത്തിൽ ലോകനാഥൻ, വീര, അജിത്, രാമു എന്നിവർ അറസ്റ്റിലായി. രാമകൃഷ്ണ മഠം റോഡിന് സമീപം ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
ഓട്ടോയിൽ ഇരിക്കുകയായിരുന്ന ശിവകുമാറിനെ ഇരുചക്ര വാഹനങ്ങളിലെത്തിയ നാലംഗ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശിവകുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലപ്പെട്ട ശിവകുമാറും ലോകനാഥനും തമ്മിൽ മൂന്ന് വർഷം മുമ്പുണ്ടായ ഒരു അടിപിടിയുടെ പേരിൽ മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഈ മുൻവൈരാഗ്യത്തെത്തുടർന്ന് ലോകനാഥൻ മറ്റ് മൂന്നു പേരുടെ സഹായത്തോടെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പൊലിസ് സംശയിക്കുന്നത്.
ശിവകുമാറിന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് കേസെടുക്കുകയും മണിക്കൂറുകൾക്കകം പ്രതികളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
റയ്പൂർ: ഛത്തീസ്ഗഡിലെ ജാഷ്പൂരിൽ അവയവ മോഷണത്തിനായി നാല് വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ബന്ധു അറസ്റ്റിൽ. കാർഷിക തൊഴിലാളി ബസുദേവ് കോർവയാണ് (27) അവയവക്കടത്തിലൂടെ പെട്ടെന്നു പണമുണ്ടാക്കാനായി കുട്ടിയെ കൊലപ്പെടുത്തിയത്.
പ്രതിയായ ബസുദേവിന്റെ ബന്ധുവായ രാംജീത് റാമും കുടുംബവും സന്ന ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. നവംബർ അഞ്ചിനു രാംജീത്തിന് മദ്യം നൽകി ബോധം കെടുത്തിയ ശേഷം, ബസുദേവ് ഇയാളുടെ നാലു വയസുകാരനായ മകനെ കോഴിക്കറി കാണിച്ചും മദ്യം കുടിപ്പിച്ചും തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം വൃക്കകൾ ഉൾപ്പെടെയുള്ള ആന്തരാവയവങ്ങൾ പുറത്തെടുത്ത് പ്ലാസ്റ്റിക് ബാഗിലാക്കിയ പ്രതി, മൃതദേഹം ഗ്രാമത്തിന് 500 മീറ്റർ അകലെ ബ്ലാങ്കറ്റിൽ പൊതിഞ്ഞ് മറവു ചെയ്യുകയും ചെയ്തു.
കുട്ടിയെ കാണാതായതിനെ തുടർന്ന് പിതാവ് പൊലിസിൽ പരാതി നൽകുകയും നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ നടത്തുകയുമായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ബസുദേവിനൊപ്പം കുട്ടിയെ കണ്ടതായി ഒരു ദൃക്സാക്ഷിയും പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
തുച്ഛമായ വരുമാനത്തിൽ നിന്ന് പെട്ടെന്നു പണം സമ്പാദിക്കാനുള്ള വഴികൾ തേടിയാണ് ബസുദേവ് ചില ഓൺലൈൻ ഗ്രൂപ്പുകളിൽ അംഗമായത്. എന്നാൽ ഇംഗ്ലീഷിലുള്ള ചർച്ചകൾ വായിച്ചു മനസിലാക്കാൻ പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള പ്രതിക്ക് കഴിഞ്ഞിരുന്നില്ല. ഇതിനായി ഫോണിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം തേടുകയായിരുന്നു. ഹിന്ദിയിൽ ചോദ്യങ്ങൾ ചോദിക്കാനും മറുപടി മനസിലാക്കാനും എഐ ടൂൾ ഇയാളെ സഹായിച്ചു.
എഐയുമായുള്ള ആശയവിനിമയത്തിനിടയിലാണ് വിവിധ സൈറ്റുകളിലേക്കും ലിങ്കുകളിലേക്കും ഇയാൾ എത്തിപ്പെട്ടത്. അവയവങ്ങൾ വിറ്റാൽ വലിയ തുക സമ്പാദിക്കാമെന്ന വീഡിയോ കണ്ട് ഇയാൾ, പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കുന്ന ആന്തരികാവയവങ്ങൾ വാങ്ങാൻ ഡൽഹിയിൽനിന്ന് ആളുകൾ എത്തുമെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ പ്രതിക്ക് ഇത്തരം സൈറ്റുകളിൽ അക്കൗണ്ടുകളോ ബ്രൗസിംഗ് ഹിസ്റ്ററിയോ ഇല്ലാത്തതിനാൽ കൃത്യമായി ഏതു വീഡിയോയാണ് ഇയാൾ കണ്ടതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
National
ബംഗളൂരു: കർണാടകയിലെ ദൊഡ്ഡതൊഗൂരുവിൽ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി ഹൃദയാഘാതമാണെന്നു വരുത്തിത്തീർത്തു. സംഭവത്തിൽ അനിത (36), കാമുകൻ തലസാനി മധുസൂധൻ റെഡ്ഡി (48) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. അനിതയുടെ ഭർത്താവ് ഉപേന്ദ്രയാണ് (41) കൊല്ലപ്പെട്ടത്.
ഉപേന്ദ്രയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഒക്ടോബർ 12-നാണ് അദ്ദേഹത്തിന്റെ സഹോദരൻ പൊലിസിൽ പരാതി നൽകിയത്. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ പൊലിസ് അന്വേഷണം ഊർജിതമാക്കുകയും ചെയ്തു. നവംബർ അഞ്ചിനു ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോഴാണ് തലസാനി മധുസൂധൻ റെഡ്ഡി കൊലപാതകവിവരം പുറത്തുപറഞ്ഞത്.
അനിതയും തലസാനി മധുസൂധൻ റെഡ്ഡിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഉപേന്ദ്ര ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ബന്ധത്തിന് തടസമാകുമെന്നു കരുതിയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഒക്ടോബർ 12-ന് പുലർച്ചെ ഉപേന്ദ്രയുടെ മൂക്കും വായയും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മരണവിവരം പുറത്തറിയാതിരിക്കാൻ ശുചിമുറിയിൽ തെന്നി വീണ് ഹൃദയാഘാതം മൂലം മരിച്ചതാണെന്ന് ഇവർ നാട്ടുകാരെയും ബന്ധുക്കളെയും വിശ്വസിപ്പിക്കാൻ ശ്രമിച്ചു.
തലസാനി മധുസൂധൻ റെഡ്ഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ദൊഡ്ഡതൊഗുരുവിലെ വീട്ടിൽ നിന്നും അനിതയെയും പൊലിസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഏഴു ദിവസത്തെ പൊലിസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.
National
ബംഗളൂരു: ബംഗളൂരുവിൽ ടാക്സി ഡ്രൈവർ ഒരേ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ അവസാന രണ്ട് മൃതദേഹങ്ങൾ കൂടി ഷിരാഡി ഘാട്ട് വനമേഖലയിൽനിന്ന് പൊലിസ് കണ്ടെടുത്തു. പ്രതി എസ്. ഇന്ദുശേഖറിന്റെ ഭാര്യയുടെ സഹോദരൻ ശങ്കർ, ഭാര്യ നളിനി എന്നിവരുടെ മൃതദേഹങ്ങളാണ് ഷിരാഡി ഘാട്ടിൽനിന്ന് കണ്ടെത്തിയത്. ഇതോടെ സംഭവത്തിൽ കൊലചെയ്യപ്പെട്ട മുഴുവൻ പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലിസ് പറഞ്ഞു. അറസ്റ്റിലായ പ്രതി ഇന്ദു ശേഖറിനെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ചോദ്യം ചെയ്തു വരികയാണ്.
നവംബർ ആറിന് നന്ദി ഹിൽസിൽനിന്നാണ് പ്രതിയുടെ ഭാര്യസഹോദരന്റെ മകൻ പൂനിതിന്റെ മൃതദേഹം ആദ്യം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച പ്രതിയുടെ ഭാര്യ സുനിത, ഭാര്യാമാതാവ് രൂപവതി എന്നിവരുടെ മൃതദേഹങ്ങൾ തമിഴ്നാട്ടിലെ സേലം വനമേഖലയിൽനിന്നും ഞായറാഴ്ച മൈസൂരു ചാമുണ്ടി കുന്നുകളുടെ താഴ്വരയിൽനിന്ന് ഭാര്യസഹോദരൻ ശിവകുമാർ, ദിവ്യ ദമ്പതികളുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു.
കുടുംബവഴക്കുകളെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കുടുംബാംഗങ്ങൾക്ക് ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി ബോധം കെടുത്തിയ ശേഷം ആട്ടുകല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹങ്ങൾ ചാക്കുകളിൽ പൊതിഞ്ഞ് നന്ദി ഹിൽസ്, സേലം, ചാമുണ്ടി ഹിൽസ്, ഷിരാഡി ഘാട്ട് തുടങ്ങി സ്ഥലങ്ങളിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
കോൽക്കത്ത: ലിവ്-ഇൻ പങ്കാളിയെ കുത്തിക്കൊന്ന കേസിൽ യുവതിയും അമ്മയും പിടിയിൽ. സോഫ്റ്റ്വെയർ എൻജിനീയറായ സർതക് സർക്കാറാണ് (25) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ പങ്കാളി സഞ്ചാലിക ബസു, അമ്മ മൗമിത ബസു എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കോൽക്കത്തയിലെ ഗാരിയയിൽ വാടകയ്ക്ക് എടുത്ത ഫ്ലാറ്റിലാണ് സർതക് സഞ്ചാലികയ്ക്കൊപ്പം താമസിച്ചിരുന്നത്.
ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ പ്രകോപിതയായ സഞ്ചാലിക മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സർതക്കിന്റെ തോളിൽ കുത്തുകയായിരുന്നു. യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ പരിക്കേറ്റ സർതക്കിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് സഞ്ചാലികയെ കസ്റ്റഡിയിലെടുത്ത പൊലിസ്, പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിൽ അമ്മ മൗമിത ബസുവിനും പങ്കുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിൽ അമ്മയുടെ പങ്ക് എന്താണെന്ന് കണ്ടെത്താൻ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സഞ്ചാലികയും സർതക്കും കുറച്ചുകാലമായി ഈ ഫ്ലാറ്റിൽ താമസിച്ചു വരികയായിരുന്നു. എന്നാൽ ഇരുവരെയും കൊലപാതകത്തിലേക്ക് നയിച്ചത്തിന്റെ യഥാർഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
National
ബംഗളൂരു: ബംഗളൂരുവിൽ ടാക്സി ഡ്രൈവർ ഒരേ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. പ്രതി എസ്. ഇന്ദുശേഖറിന്റെ മൂത്ത സഹോദരൻ ശിവകുമാർ, ഭാര്യ ദിവ്യ എന്നിവരുടെ മൃതദേഹങ്ങളാണ് മൈസൂരുവിലെ ചാമുണ്ഡി ഹില്ലിന് സമീപമുള്ള വനപ്രദേശത്തുനിന്നും കണ്ടെത്തിയത്. ഇതോടെ സംഭവത്തിൽ ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം അഞ്ചായി ഉയർന്നു.
മൈസൂരുവിലെ തവരക്കട്ടയ്ക്കും ചാമുണ്ഡി ഹില്ലിനും ഇടയിലുള്ള വനമേഖലയിൽ പ്രതിയുമായി പൊലിസ് നടത്തിയ തെളിവെടുപ്പിനിടെയാണ് ഇവിടുന്ന് 500 മീറ്റർ അകലെയായി മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒക്ടോബർ 16 നും 31 നും ഇടയിലുള്ള ദിവസങ്ങളിലാണ് കൊലപാതകം നടന്നയത്. ഭാര്യയുമായുള്ള കുടുംബപ്രശ്നങ്ങളും വഴക്കുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസ് നൽകുന്ന വിവരം. ഭാര്യ സുനിത ഇടയ്ക്കിടെ സ്വന്തം വീട്ടിലേക്ക് പോകുന്നതും വീട്ടുകാർ സുനിതയെ പിന്തുണയ്ക്കുന്നതുമാണ് ഇന്ദുശേഖറിൽ വൈരാഗ്യമുണ്ടാക്കാൻ കാരണം.
പ്രതിയുടെ ഭാര്യ സുനിത, ഭാര്യാമാതാവ് രൂപവതി എന്നിവരുടെ മൃതദേഹങ്ങൾ സേലം ജില്ലയിലെ വനത്തിൽനിന്ന് കഴിഞ്ഞ ശനിയാഴ്ച കണ്ടെത്തിയിരുന്നു. ഇപ്പോൾ ശിവകുമാറിന്റെയും ഭാര്യ ദിവ്യയുടെയും മൃതദേഹങ്ങളും കണ്ടെത്തി. ശിവകുമാറിന്റെ മകൻ പുനീതിന്റെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു.
ഇനി സുനിതയുടെ മറ്റൊരു സഹോദരനായ ശങ്കറിന്റെയും ഭാര്യയുടെയും മൃതദേഹങ്ങൾ കൂടി കണ്ടെത്താനുണ്ട്. ഇതിനായുള്ള തെരച്ചിൽ തുടരുകയാണ്.
National
തേനി: തമിഴ്നാട്ടിലെ തേനിയിൽ റോഡിൽ റീൽസ് ചിത്രീകരിക്കുന്നത് ചോദ്യം ചെയ്ത പൊലിസ് ഉദ്യോഗസ്ഥനെ മദ്യപസംഘം തല്ലിക്കൊന്നു. സ്പെഷൽ സബ് ഇൻസ്പെക്ടർ സെന്തിൽ കുമാറാണ് (56) കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. തേനിക്ക് സമീപം സമധർമ്മപുരത്ത് ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മദ്യപിച്ചെത്തിയ ഒരു സംഘം യുവാക്കൾ പൊതുറോഡിൽ വാഹനങ്ങൾ തടഞ്ഞിട്ട് പടക്കം പൊട്ടിക്കുകയും ഇത് മൊബൈൽ ഫോണിൽ റീൽസായി ചിത്രീകരിക്കുകയും ചെയ്തിരുന്നു. വിവരം അറിഞ്ഞെത്തിയ സ്പെഷൽ സബ് ഇൻസ്പെക്ടർ സെന്തിൽ കുമാർ, റീൽസ് ചിത്രീകരണവും പടക്കം പൊട്ടിക്കലും തടയാൻ ശ്രമിച്ചു. എന്നാൽ ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനുമായി സംഘം വാക്കേറ്റത്തിനൊടുവിൽ പ്രകോപിതരായി കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സെന്തിൽ കുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ ഇതിനോടകം നാല് പേരെ പിടികൂടിയിട്ടുണ്ടെന്നും അക്രമത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പൊലിസ് വ്യക്തമാക്കി.
National
ചണ്ഡിഗഡ്: ഹരിയാനയിലെ ഫരീദാബാദിൽ കാർ പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് അയൽവാസിയുടെ വെടിയേറ്റു യുവാവ് മരിച്ചു. സിംഗപ്പൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന പരഞ്ജീത് ധങ്കറാണ് കൊല്ലപ്പെട്ടത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാൻ ഇദ്ദേഹം രണ്ട് ദിവസം മുമ്പാണ് ഫരീദാബാദിൽ എത്തിയത്. ഇദ്ദേഹത്തിന്റെ അയൽവാസി മോഹനാണ് പരഞ്ജീതിനെ വെടിവച്ചു കൊലപ്പെടുത്തിയത്. ഇയാൾ തന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് പതിനഞ്ചിലധികം തവണ വെടിയുതിർക്കുകയും അതിൽ മൂന്നോ നാലോ വെടിയുണ്ടകൾ പരഞ്ജീതിന്റെ ശരീരത്തിൽ തുളച്ചുകയറി അദ്ദേഹം സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയുമായിരുന്നു.
സംഭവം നടക്കുന്ന ദിവസം ജിമ്മിൽ നിന്ന് രാത്രി വീട്ടിലെത്തിയ പരഞ്ജീതും മോഹനും തമ്മിൽ വാഹന പാർക്കിംഗിനെച്ചൊല്ലി വാക്കുതർക്കമുണ്ടായതാണ് കൊലപാതകത്തിൽ കലാശിച്ചത്. എന്നാൽ ഈ തർക്കത്തിന് വളർത്തുനായയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കാരണമായിരുന്നോ എന്ന് പൊലിസ് സംശയിക്കുന്നുണ്ട്.
രണ്ട് കുടുംബങ്ങളും തമ്മിൽ മുമ്പും പല പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലിസ് വ്യക്തമാക്കുന്നു. സംഭവത്തിന് അഞ്ച് ദിവസം മുമ്പ് പ്രതി പരഞ്ജീതിന്റെ മകനെ അസഭ്യം പറഞ്ഞിരുന്നു. സംഭവത്തിന് ശേഷം പ്രതിയും കുടുംബവും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ പൊലിസ് സ്ഥലത്തെത്തി. ഒളിവിൽ കഴിയുന്ന പ്രതിക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ബംഗളൂരു: കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയേയും ആറു ബന്ധുക്കളേയും ടാക്സി ഡ്രൈവർ കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയായ ഇന്ദു ശേഖറിനെ (45) പൊലിസ് പിടികൂടി. ഇന്ദു ശേഖറിന്റെ ഭാര്യ സുനിത, ഭാര്യമാതാവ് രൂപവതി, ഭാര്യാ സഹോദരന്മാരായ ശിവകുമാർ, ശങ്കർ, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ശങ്കറിന്റെ ഏഴ് വയസുള്ള മകൻ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടത്.
ആദ്യം ഭാര്യ സുനിതയെയാണ് ഇന്ദു ശേഖർ വധിച്ചത്. തുടർന്ന് വീട്ടിൽ ഒരു പാർട്ടി ഉണ്ടെന്ന് പറഞ്ഞ് സുനിതയുടെ സഹോദരന്മാരെ ഇയാൾ അങ്ങോട്ട് വിളിച്ചുവരുത്തി കൊലപ്പെടുത്തി. ഇതിനുപിന്നാലെ ഇവരുടെ ഭാര്യമാരേയും രൂപവതിയേയും പുനീതിനേയും വീണ്ടും ഫോണിൽ വിളിച്ചുവരുത്തി ഒന്നിനുപിറകെ ഒന്നായി കൊലപ്പെടുത്തുകയായിരുന്നു.
അരകല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് ഏഴുപേരെയും പ്രതി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കുന്നതിനായി വീടുകളിലെ രക്തക്കറകൾ രാസവസ്തുക്കൾ ഉപയോഗിച്ച് ഇയാൾ വൃത്തിയാക്കി. തുടർന്ന് മൃതദേഹങ്ങൾ സ്വന്തം വാഹനത്തിൽ കയറ്റി ബംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും നന്ദി ഹിൽസ് പോലെയുള്ള വിജനമായ സ്ഥലങ്ങളിലും കൊണ്ടുപോയി തള്ളുകയായിരുന്നു.
കുടുംബാംഗങ്ങളെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരങ്ങൾ പുറത്തുവന്നത്. കൊല്ലപ്പെട്ട ഏഴുവയസുകാരൻ പുനീതിന്റെ മൃതദേഹം പൊലിസ് കണ്ടെടുത്തു. ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ പൊലിസ് തുടരുകയാണ്.
National
ബംഗളൂരു: കര്‍ണാടകയിലെ ചിക്കബെല്ലാപൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഗൗരിബിദനൂർ സ്വദേശി ചന്ദ്രയാണ് ഭാര്യ പത്മയെ കൊലപ്പെടുത്തിയത്.
ചന്ദ്രയും പത്മയും തമ്മിൽ കുടുംബപരമായ പ്രശ്നങ്ങളെ തുടർന്ന് സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. തർക്കങ്ങൾ പതിവായതോടെ പത്മ സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. സംഭവദിവസം പത്മയുടെ വീട്ടിലെത്തിയ ചന്ദ്ര, തനിക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് യുവതിയെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വിജനമായ സ്ഥലത്തുവച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം നടത്തിയ ഉടൻ തന്നെ പ്രതിയായ ചന്ദ്ര പത്മയുടെ അമ്മയെ ഫോണിൽ വിളിച്ച് "നിങ്ങളുടെ മകളെ ഞാൻ കൊന്നു" എന്ന് വിവരം അറിയിച്ചു. ഇതിന് പിന്നാലെ നേരിട്ട് പൊലിസ് സ്റ്റേഷനിലെത്തിയ ഇയാൾ താൻ ഭാര്യയെ കൊലപ്പെടുത്തിയ വിവരം പൊലിസിന് മുന്നിൽ തുറന്ന് സമ്മതിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പൊലിസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ദമ്പതികൾ തമ്മിൽ മുമ്പും പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും കൊലപാതകത്തിലേക്ക് നയിച്ച യഥാർഥ കാരണം എന്താണെന്ന് വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പൊലിസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ കണ്ണൗജിൽ ഭാര്യയെ കസേരയിൽ കെട്ടിയിട്ട് പെട്രോൾ ഒഴിച്ച് തീവച്ചു കൊലപ്പെടുത്തിയ ശേഷം പ്രതി മക്കളുമായി കടന്നുകളഞ്ഞു. സുഖ്ബീർ സിംഗ് (35) എന്ന യുവാവാണ് ഭാര്യ സോനത്തിനെ (30) കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം.
11 വർഷം മുമ്പ് വിവാഹിതരായവരാണ് സുഖ്ബീർ സിംഗും സോനവും. ഹരിയാനയിലെ ഹിസാറിൽ ജോലി ചെയ്തുവരികയായിരുന്ന സുഖ്ബീർ ഏകദേശം 15 ദിവസങ്ങൾക്ക് മുമ്പാണ് വീട്ടിൽ തിരിച്ചെത്തിയത്. സോനത്തിന് നാട്ടിലെ ഒരു യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന് സുഖ്ബീർ സംശയിച്ചിരുന്നു. ഇതിന്റെ പേരിൽ കഴിഞ്ഞ രണ്ട് ദിവസമായി ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ സോനത്തെ കസേരയിൽ കെട്ടിയിട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് ഏഴ് വയസുള്ള മകനും അഞ്ച് വയസുള്ള മകളുമായി പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
വീടുകൂടി കത്തുന്നത് കണ്ട് അയൽവാസികൾ ഓടിയെത്തുകയും പൊലിസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുകയുമായിരുന്നു. ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് ഫയർഫോഴ്സ് തീയണച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സോനത്തിന്റെ മൃതദേഹം കണ്ടെടുത്തത്. ഒളിവിൽ പോയ പ്രതിക്കായി പൊലിസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
National
ചണ്ഡിഗഡ്: ഹരിയാനയിലെ റേവാരിയിൽ ബൈക്ക് നന്നാക്കാനെത്തിയ യുവാവ് വെടിയേറ്റ് മരിച്ചു. ജസ്വന്ത് സിംഗിന്റെ മകൻ മനോജാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച ഉച്ചയ്ക്ക് ബൈക്ക് നന്നാക്കാനായി ഗോകൽഗഡിലുള്ള വർക്ക്ഷോപ്പിൽ എത്തിയതായിരുന്നു മനോജ്. ഈ സമയം ബൈക്കിലെത്തിയ മൂന്നംഗ സംഘം മനോജുമായി തർക്കിക്കുകയും സംഘത്തിലൊരാൾ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് അദ്ദേഹത്തിന്റെ വയറ്റിൽ വെടിവയ്ക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മനോജ് തന്നെയാണ് അമ്മയെയും സുഹൃത്ത് അഭിഷേകിനെയും വിളിച്ച് വെടിയേറ്റ വിവരം അറിയിച്ചത്. സുഹൃത്ത് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
കൊല്ലപ്പെട്ട മനോജിന്റെ പിതാവ് ജസ്വന്ത് സിംഗിന്റെ പരാതിയിൽ പൊലിസ് കേസെടുത്തു. മവീന്ദ്ര, വിശാൽ, മഹേഷ് എന്നിവരാണ് പ്രതികളെന്ന് പരാതിയിൽ പറയുന്നു. ഇതിൽ മവീന്ദ്രയാണ് വെടിയുതിർത്തതെന്നും മറ്റുള്ളവർ ഒപ്പമുണ്ടായിരുന്നെന്നും പിതാവ് വ്യക്തമാക്കി. പ്രതികൾക്കെതിരെ നേരത്തെയും വിവിധ കേസുകൾ നിലവിലുണ്ട്.
പ്രതികളെ പിടികൂടാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലിസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുനൽകും. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ നിഷാദിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഗോരഖ്പൂരിലെ സ്കൂളിൽ 2018 മുതൽ അധ്യാപികയായി ജോലി ചെയ്തുവന്ന റാണി വിശ്വകർമയാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച ശമ്പളം വാങ്ങാനായി സ്കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങിയ റാണി പിന്നീട് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
ദിയോറ ജില്ലയിലെ രുദ്രാപൂർ മേഖലയിൽ റോഡരികിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം യുവതിയെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ലെങ്കിലും മൃതദേഹത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് റാണിയാണെന്ന് സ്ഥിരീകരിച്ചത്.
റാണിയുമായി കഴിഞ്ഞ കുറച്ചുവർഷങ്ങളായി താൻ പ്രണയത്തിലായിരുന്നുവെന്നും എന്നാൽ വിവാഹം കഴിക്കാൻ യുവതി നിരന്തരം സമ്മർദം ചെലുത്തിയിരുന്നുവെന്നും പ്രതി പൊലിസിനോട് പറഞ്ഞു. ശനിയാഴ്ച കാറിൽ ഒപ്പം വരാൻ ആവശ്യപ്പെട്ട പ്രതി യാത്രാമധ്യേ വാഹനം നിർത്തി സംസാരിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ റാണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. തുടർന്ന് മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
അതേസമയം റാണിയുടെ ശമ്പളത്തിന്റെ ഒരു ഭാഗം പ്രിൻസിപ്പൽ തടഞ്ഞുവച്ചിരുന്നുവെന്നും കുടിശിക വാങ്ങാനാണ് യവതി സ്കൂളിലേക്ക് പോയതെന്നും സഹോദരി രാഗിണി ആരോപിച്ചു. ശമ്പളത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നും കുടുംബം ശക്തമായി സംശയിക്കുന്നു.
സംഭവത്തിൽ നിഷാദിനു പുറമെ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് റാണിയുടെ കുടുംബവും നാട്ടുകാരും വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിയുടെ സ്കൂളും വീടുകളും ഇടിച്ചുനിരത്തണമെന്നും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നുമാണ് ഇവരുടെ ആവശ്യം. കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ പൊലിസ് കേസെടുത്തിട്ടുള്ളത്.
National
ദിസ്പൂർ: ആസാമിൽ കൂട്ടക്കൊലപാതക കേസിലെ പ്രതി പൊലിസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. ഗുവാഹത്തിയിലെ ഹോട്ടൽ ബിലാസിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പ് കേസിൽ അറസ്റ്റിലായ ഘനകാന്ത ഗൊഗോയാണ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലിസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. ശിവസാഗർ ജില്ലയിലെ ജയിലിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം.
കഴിഞ്ഞ തിങ്കളാഴ്ച ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പ്രതിയെ സെൻട്രൽ ജയിലിലേക്ക് അയച്ചിരുന്നു. ഇതിനുശേഷമുള്ള മാറ്റത്തിനിടയിലാണ് സംഭവം. വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ വിശ്രമത്തിനായി പുറത്തിറക്കിയ സമയത്ത് പ്രതി പൊലിസിന്റെ തോക്ക് പിടിച്ചുവാങ്ങി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
തോക്ക് ഉപയോഗിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച ഷാർപ്പ് ഷൂട്ടറാണ് ഘനകാന്ത ഗൊഗോയ് എന്ന് പൊലിസ് വ്യക്തമാക്കി. പ്രതിയുടെ ആക്രമണത്തിൽ ഒരു പൊലിസ് ഉദ്യോഗസ്ഥന്റെ കാലിന് പരിക്കേൽക്കുകയും പൊലിസ് വാഹനത്തിൽ രണ്ട് വെടിയുണ്ടകൾ പതിക്കുകയും ചെയ്തു. പൊലിന്റെ തിരിച്ചടിയിൽ വെടിയേറ്റ പ്രതിയെ കീഴ്പ്പെടുത്തി ആശുപത്രിയിലേക്കു കൊണ്ടുവന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ഒക്ടോബർ 26-നാണ് ഗുവാഹത്തിയിലെ ഹോട്ടലിനാണ് കൂട്ടക്കൊലപാതകം അരങ്ങേറിയത്. സ്വത്ത് തർക്കത്തെ തുടർന്നുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഹോട്ടലിൽ അതിക്രമിച്ചു കയറിയ പ്രതി നടത്തിയ നടുക്കുന്ന വെടിവയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയായിരുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി ശേഷം യുവാവ് ജീവനൊടുക്കി. ഹോട്ടൽ ഉടമയായിരുന്ന നരേന്ദ്ര സാഹുവാണ് (35) ഭാര്യ സോംലത (30), മകൾ കൃതി (10), മകൻ കുഷ് (ആറ്) അമ്മ സരസ്വതി (55), എന്നിവരെ കൊലപ്പെടുത്തിയ ശേഷം ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങളുടെ തലയിൽ ചുറ്റികയ്ക്ക് അടിച്ച് ബോധംക്കെടുത്തിയ ശേഷം, കത്തികൊണ്ട് കഴുത്ത് അറുക്കുകയായിരുന്നു. ഒരു മുറിയിൽ സോംലതയുടെയും കുഷിന്റെയും മൃതദേഹങ്ങളും മറ്റൊരു മുറിയിൽ സരസ്വതിയുടെയും കൃതിയുടെയും മൃതദേഹങ്ങളും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉറങ്ങിക്കിടക്കുമ്പോൾ തന്നെ ഇവർക്ക് വിഷാംശമോ ഉറക്കഗുളിയോ നൽകി മയക്കിയ ശേഷമാണ് കൊലപാതകം നടത്തിയതെന്ന സംശയവും പൊലിസ് അന്വേഷിക്കുന്നുണ്ട്. അടുക്കളയിൽ നിന്ന് കണ്ടെത്തിയ ചെറിയ ഗ്ലാസ് കുപ്പികൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം വീട് പുറത്തുനിന്ന് പൂട്ടി നരേന്ദ്ര ബൈക്കിൽ പോകുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. പിന്നീട് ചോപ്ഡ കലാൻ റെയിൽവേ ട്രാക്കിൽ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവത്തിനു തൊട്ടുമുമ്പ് നരേന്ദ്രയുയെ ബന്ധുവായ ദീപക് സിംഗിനെ ഫോണിൽ വിളിച്ച് എത്രയും പെട്ടെന്ന് ചോപ്ഡ കലാനിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു. എന്താണെന്ന് ചോദിച്ചപ്പോൾ അത് അത്യാവിശമാണെന്ന് പറഞ്ഞ് കോൾ കട്ട് ചെയ്യുകയായിരുന്നു. ദീപക് അവിടെയെത്തി നരേന്ദ്രയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് നരേന്ദ്രയുടെ വീട്ടിലെത്തി നോക്കിയപ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു.
രാവിലെ പത്തിനു റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയ വിവരം അറിഞ്ഞ ദീപക്, പിന്നീട് വീണ്ടും നരേന്ദ്രയുടെ വീട്ടിലെത്തി പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലിസെത്തി വീടിന്റെ പൂട്ട് തകർത്ത് അകത്തു കയറിയപ്പോഴാണ് നാല് പേരുടെ കൊലപാതക വിവരം പുറത്തറിയുന്നത്.
ബിസിനസിലുണ്ടായ നഷ്ടവും കടബാധ്യതയുമാണ് നരേന്ദ്രയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കി. ലാൽപുത് റാത്തോഡ് (52), ഭാര്യ ജാനുത ദേവി (50) എന്നിവരാണ് മരിച്ചത്.
കുടുംബവഴക്കും ഭാര്യയുടെ സ്വഭാവത്തിലുള്ള സംശയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കത്തിയും ഇഷ്ടികയും ഉപയോഗിച്ച് ഭാര്യ ജാനുതയെ ആക്രമിച്ച ശേഷം ലാൽപുത് ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലിസ് പറയുന്നത്. ഓട്ടോ ഡ്രൈവറായ മകൻ രാവിലെ ആറനു ജോലിക്കായി പോയിരുന്നു. മാതാപിതാക്കൾ തമ്മിൽ അന്നേദിവസം മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായതായി താൻ അറിഞ്ഞിരുന്നില്ലെന്ന് ഇയാൾ പറഞ്ഞു. പിന്നീട് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ സഹോദരൻ കരയുന്ന ശബ്ദം കേട്ട് അകത്തേക്ക് ഓടിയെത്തിയതായും മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടതായും മകൻ വ്യക്തമാക്കി.
പൊലിസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവസ്ഥലത്തുനിന്ന് കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് കരുതുന്ന കത്തിയും ഇഷ്ടികയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
National
അമരാവതി: ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂളിലെ ക്ലാസ് മുറിയിൽ അതിക്രമിച്ചുകയറി പത്താംക്ലാസ് വിദ്യാർഥിയെ യന്ത്രവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിക്ക് നേരെ പൊലിസ് വെടിവയ്പ്പ്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലിസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പൊലിസ് വെടിയുതിർത്തത്. പ്രതിയായ ഹേമന്താണ് (21) പൊലിസിന്റെ വെടിവയ്പ്പിൽ പരിക്കേറ്റ് ചികിത്സയിലുള്ളത്.
വനമേഖലയിൽ ഒളിവിൽ കഴിയുകയാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലിസ് ഇയാളെ വളയുകയായിരുന്നു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കത്തിയുമായി പൊലിസിന് നേരെ തിരിയുകയും കല്ലെറിയുകയും ചെയ്തു. നിരവധി പൊലിസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതോടെയാണ് പൊലിസ് വെടിയുതിർത്തത്. ആറോളം റൗണ്ട് വെടിയുതിർത്തതായും ഗുരുതരമായി പരിക്കേറ്റ പ്രതിയെ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലിസ് വ്യക്തമാക്കി.
ഒക്ടോബർ 31-ന് രാവിലെയാണ് റാപ്തഡവിലെ ഹൈസ്കൂളിൽ ഹേമന്ത് യന്ത്രവാളുമായി ക്ലാസ് മുറിയിലേക്ക് അതിക്രമിച്ചു കയറിയത്. പത്താംക്ലാസ് വിദ്യാർഥികളെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
പ്രതിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു പെൺകുട്ടിയുടെ വലതുകൈപ്പത്തി പൂർണമായും അറ്റുപോയി. കഴുത്തിലും മുഖത്തും ഗുരുതര വെട്ടേറ്റ കുട്ടിയുടെ തലയോട്ടിക്കും വാരിയെല്ലുകൾക്കും ഒടിവുകളുണ്ട്. നില ഗുരുതരമായതിനെ തുടർന്ന് അനന്തപൂർ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി പെൺകുട്ടിയെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ തീവ്രശ്രമം തുടരുകയാണ്.
National
ചെന്നൈ: തമിഴ്നാട്ടിലെ അരിയലൂർ ജില്ലയിൽ പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത ഹോം ഗാർഡിനെ പ്രതികൾ മർദിച്ച് കൊലപ്പെടുത്തി. സെന്തുറൈക്ക് സമീപമുള്ള തളവായ് പൊലിസ് സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന വെങ്കടേശൻ ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
ഒക്ടോബർ 29-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി പൊലിസ് കോൺസ്റ്റബിൾ രാജാകണ്ണും വെങ്കടേശനും പട്രോളിംഗ് നടത്തുന്നതിനിടയിൽ സ്വകാര്യ സിമന്റ് ഫാക്ടറിക്ക് സമീപം മൂന്നുപേർ മദ്യപിക്കുന്നത് കാണുകയും അവിടം വിട്ടുപോകാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
തുടർന്ന് പുലർച്ചെയോടെ ഇതേസംഘം വിനായകർ ക്ഷേത്രത്തിന് സമീപം വീണ്ടും മദ്യപിക്കുന്നത് പട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുകയും, ഇത് വീണ്ടും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിൽ പ്രകോപിതരായ പ്രതികൾ കോൺസ്റ്റബിൾ രാജാകണ്ണിനെ തടഞ്ഞുവച്ച് വെങ്കടേശന്റെ മുഖത്തും തലയിലും ക്രൂരമായി മർദിക്കുകയായിരുന്നു. മർദനമേറ്റ് ഗുരുതരമായി പരിക്കേറ്റ വെങ്കടേശൻ ബോധരഹിതനായി വീഴുകയായിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റു പൊലിസുകാർ ഉടൻതന്നെ ഇദ്ദേഹത്തെ സെന്തുറൈ സർക്കാർ ആശുപത്രിയിലും പിന്നീട് തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വെങ്കടേശൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതികളായ മൂന്ന് പേരെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
National
കോയമ്പത്തൂർ: കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയി. ഈറോഡ് ഭവാനി സ്വദേശിയായ രാഘവൻ (25) ആണ് ഇന്ന് അർധരാത്രി 12.45-ഓടെ സുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ച് കടന്നുകളഞ്ഞത്. പൊലിസിന്റെ കസ്റ്റഡിയിൽ നിന്ന് ഇയാൾ രക്ഷപ്പെടുന്നത് ഇത് രണ്ടാം തവണയാണ്.
കവർച്ചക്കേസിൽ കോയമ്പത്തൂർ റൂറൽ പരിധിയിലെ അന്നൂർ പൊലിസ് വെള്ളിയാഴ്ചയാണ് രാഘവനെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി ഉത്തരവ് പ്രകാരം റിമാൻഡ് നടപടികൾക്കായി രാത്രി 11ഓടെ ഫാസ്റ്റ് ട്രാക്ക് കോടതി മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി ജയിലിൽ എത്തിച്ചപ്പോഴായിരുന്നു ഇയാൾ രക്ഷപ്പെട്ടത്.
സുരക്ഷാ ഗേറ്റുകൾക്കിടയിലൂടെ കൊണ്ടുപോകുന്നതിനിടെ വിലങ്ങ് അഴിച്ചുമാറ്റിയ തക്കം നോക്കി കാവലുണ്ടായിരുന്ന പൊലിസുകാരെ തള്ളിമാറ്റി പ്രതി ജയിൽ വളപ്പിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ കഴിഞ്ഞ ജൂണിൽ കോയമ്പത്തൂരിൽ നിന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടയിലും പൊലിസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയിരുന്നു.
സംഭവത്തെ തുടർന്ന് പ്രതിയെ കണ്ടെത്താൻ അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചതായി പൊലിസ് അറിയിച്ചു. നഗരത്തിൽ ഡ്രോൺ, സിസിടിവി കാമറകൾ എന്നിവയുടെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
National
അമരാവതി: ആന്ധ്രപ്രദേശിലെ അനന്തപുർ ജില്ലയിൽ സ്കൂളിലെ ക്ലാസ്മുറിയിലേക്ക് അതിക്രമിച്ചു കയറി പത്താംക്ലാസ് വിദ്യാർഥിനിയെ യന്ത്രവാൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഇരുപത്തൊന്നുകാരൻ പിടിയിൽ.
ശ്രീ സത്യസായ് ജില്ലയിലെ ധർമവരം നഗലൂർ സ്വദേശിയായ ഹേമന്ത് ആണ് ക്രൂരകൃത്യം നടത്തിയത്. പെൺകുട്ടിയുടെ ബന്ധുവാണ് പ്രതിയെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റും.
അനന്തപുർ ജില്ലയിലെ രപ്തഡു മണ്ഡലിലുള്ള ജില്ലാ പരിഷദ് ഹൈസ്കൂളിൽ ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ക്ലാസ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് സ്കൂളിൽ അതിക്രമിച്ചുകയറിയ ഹേമന്ത് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തും കഴുത്തിലും പുറത്തും ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. മറ്റ് വിദ്യാർഥികൾ നിലവിളിച്ചിട്ടും പ്രതി ആക്രമണം തുടർന്നു. ഈ സമയം പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറ്റൊരു വിദ്യാർഥിനിക്കും പരിക്കേറ്റു.
രക്തത്തിൽ കുളിച്ചുകിടന്ന പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതി സ്കൂളിൽനിന്നും രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലിസെത്തിയാണ് പരിക്കേറ്റ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തിൽ കൊലപാതകശ്രമത്തിന് കേസെടുത്ത പൊലിസ്, പിന്നീട് ധർമവരം റെയിൽവേ സ്റ്റേഷനിൽനിന്നാണ് പ്രതിയെ പിടികൂടിയത്. ആക്രമണത്തിനുള്ള യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തത വന്നിട്ടില്ല.
National
ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ പ്രണയബന്ധം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന് പതിനാലുകാരിയെ പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ പെൺക്കുട്ടിയുടെ പിതാവ് ശിവശാസ്ത്രിയെ (40) പൊലിസ് അറസ്റ്റ് ചെയ്തു.
ശിവശാസ്ത്രിയും ഭാര്യ എസ്. വിമലും രണ്ട് പെൺമക്കളും വാനൂരിലാണ് താമസിച്ചിരുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇളയ മകൾ പഠനത്തിനായി റാണിപേട്ടിലുള്ള മുത്തശിയുടെ വീട്ടിലേക്ക് പോയിരുന്നു. അവിടെവച്ച് കുട്ടി ജീവ എന്ന യുവാവുമായി അടുപ്പത്തിലായി.
പെൺകുട്ടിയുടെ പ്രണയവിവരമറിഞ്ഞ മാതാപിതാക്കൾ കുട്ടിയെ ശാസിക്കുകയും പിന്നീട് വീട്ടിലേക്ക് തിരികെ കൊണ്ടുവന്ന് സമീപത്തുള്ള സ്കൂളിൽ പത്താം ക്ലാസിൽ ചേർക്കുകയും ചെയ്തു. എന്നാൽ കുടുംബത്തിന്റെ എതിർപ്പുകൾ അവഗണിച്ച് പെൺകുട്ടി കഴിഞ്ഞ മൂന്ന് മാസമായി ഫോണിലൂടെ ജീവയുമായി ബന്ധം തുടർന്നുവരികയായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി.
സംഭവദിവസം രാത്രിയിൽ പെൺകുട്ടി ഉറങ്ങിക്കിടക്കുമ്പോൾ ശിവശാസ്ത്രി കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ സഹോദരൻ ശശികുമാറിനെ വിളിച്ച് വിവരം പറയുകയും ചെയ്തു.
തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തുകയും ബോധരഹിതയായ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ പൊലിസ് കേസെടുത്ത് ശിവശാസ്ത്രിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ മദ്യപിക്കാൻ പണം നൽകാത്തതിനെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ആറു വയസുകാരനെ കിണറ്റിൽ എറിഞ്ഞുകൊന്ന പിതാവ് പിടിയിൽ. സംഭവത്തിൽ കെ. സെൽവരാജിനെ (40) പൊലിസ് അറസ്റ്റ് ചെയ്തു.
മദ്യം വാങ്ങുന്നതിനായി സെൽവരാജ് ഭാര്യ ദേവിയോട് പണം ആവശ്യപ്പെടുകയും തുക നൽകിയില്ലെങ്കിൽ കുട്ടികളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ഇതിനിടെ മകൻ സഞ്ജയിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്തു.
വിവരമറിഞ്ഞ് പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി. സമീപകാലത്തെ മഴയിൽ കിണറ്റിൽ വെള്ളം നിറഞ്ഞിരുന്നതിനാൽ മൃതദേഹം പുറത്തെടുക്കുന്നതിനായി ഫയർഫോഴ്സ് പമ്പ് ഉപയോഗിച്ച് കിണറ്റിലെ വെള്ളം വറ്റിച്ചു. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് സഞ്ജയിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെടുത്തത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത പൊലിസ് പ്രതിയായ സെൽവരാജിനെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടത്തിവരികയും ചെയ്യുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ മണ്ട്സൗറിൽ അയൽവാസി വഴക്കുപറഞ്ഞതിന്റെ വൈരാഗ്യത്തിൽ നാലുവയസുകാരനെ കൊലപ്പെടുത്തിയ പന്ത്രണ്ടുകാരി പിടിയിൽ. ഒക്ടോബർ 24-നാണ് സംഭവം നടന്നത്.
നാലുവയസുകാരന്റെ ചോക്ലേറ്റ് കഴിച്ചതുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുട്ടിയുടെ അമ്മ പെൺകുട്ടിയെ ശകാരിച്ചിരുന്നു. ഈ വിദ്വേഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലിസ് വ്യക്തമാക്കി. സംഭവദിവസം ഉച്ചയ്ക്ക് വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം നോക്കി ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് പെൺകുട്ടി നാലുവയസുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
കുട്ടി എത്തിയ ഉടൻ തന്നെ വാട്ടർ ടാങ്കിലേക്ക് തള്ളിയിട്ട പെൺകുട്ടി ടാങ്ക് മൂടി ഉപയോഗിച്ച് അടച്ചു. കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പൊലിസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ അവസാനമായി കണ്ടത് പെൺകുട്ടിക്കൊപ്പമാണെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലിസ് പെൺകുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും വീട്ടിൽ പരിശോധന നടത്തുകയും ചെയ്തതോടെയാണ് വാട്ടർ ടാങ്കിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിച്ചു. തുടർന്ന് ജുവനൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ വിദിഷയിലെ ചൈൽഡ് ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.
National
ലക്നോ: ഉത്തർപ്രദേശിലെ സാദത്ത്ഗഞ്ചിൽ പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേരെ പ്രതി വെടിവച്ചുകൊന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഒക്ടോബർ 26-ന് രാവിലെ പത്തരയോടെയാണ് കൊലപാതകം നടന്നത്. കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ശുക്ലയും (30) തിവാരി കുടുംബവും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇത് പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെയാണ് പ്രതി വെടിവച്ചത്. വെടിവയ്പ്പിന്റെ 22 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇതിൽ വെറും 22 സെക്കൻഡിനുള്ളിൽ അഞ്ച് തവണയാണ് പ്രതി ശുക്ല ഇവർക്ക് നേരെ വെടിയുതിർത്തത്. രണ്ട് തവണ വെടിവച്ച ശേഷം പിസ്റ്റൾ റീലോഡ് ചെയ്ത് വീണ്ടും ഇയാൾ വെടിയുതിർക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇയാൾ സ്വന്തം മൊബൈലിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. "അവർ എന്നെ ഇഷ്ടികകൊണ്ട് എറിഞ്ഞു, അതുകൊണ്ടാണ് ഞാൻ വെടിവച്ചത്" എന്ന് ശുക്ല പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കേൾക്കാം.
സംഭവത്തിൽ ശിവാജി തിവാരി (62), സഹോദരൻ ശിവേന്ദ്ര തിവാരി (55), ശിവേന്ദ്രയുടെ മകൻ സുയാഷ് തിവാരി (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നാലെ സംഭവസ്ഥലത്തുനിന്ന് തന്നെ പ്രതി ശുക്ലയെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റളും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് അറിയിച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഭാര്യയെ അടിച്ച് കൊലപ്പെടുത്തി. മധുവിനെയാണ് ഭർത്താവ് ആനന്ദ് ശ്രീവാസ്തവ അടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ ആനന്ദ് ശ്രീവാസ്തവയെ പൊലിസ് കസ്റ്റഡിയിലെടുത്തു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് മധു മരിച്ചത്. കൊലപാതകത്തിന് ശേഷം പ്രതിയായ ആനന്ദ് നേരിട്ട് പൊലിസ് സ്റ്റേഷനിൽ എത്തി കുറ്റം സമ്മതിക്കുകയായിരുന്നു. പൊലിസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
ആനന്ദും മധുവും നിരന്തരം വഴക്കിട്ടിരുന്നുവെന്ന് ദമ്പതികളുടെ കുട്ടി പൊലിസിനോട് പറഞ്ഞു. കൊലപാതകത്തിന് തലേദിവസം ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നതായി കുട്ടി വെളിപ്പെടുത്തി. 2010-ലായിരുന്നു ഇവർ വിവാഹിതരായത്. ദമ്പതികൾക്ക് ഒരു മകനും മകളുമുണ്ട്.
എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
റാഞ്ചി: ജാർഖണ്ഡിൽ നവവധുവായ പിങ്കി മഹ്തോയുടെ ദുരൂഹ മരണത്തിൽ ഭർത്താവും ഭർതൃവീട്ടുകാരും അറസ്റ്റിൽ. സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി കൊല്ലപ്പെട്ടതാണെന്ന കുടുംബത്തിന്റെ പരാതിയിലാണ് ആദിത്യപൂർ പൊലിസ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഭർത്താവ് മനീഷ് ശർമ്മ, പിതാവ് ശ്യാം ശർമ്മ, അമ്മ പൂനം ശർമ്മ, സഹോദരൻ സതീഷ് ശർമ്മ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
ആദിത്യപൂരിലെ ജോയ് നെക്സ്റ്റ് അപ്പാർട്ട്മെന്റിലായിരുന്നു പിങ്കിയും മനീഷും താമസിച്ചിരുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇവർ വിവാഹിതരായത്. എന്നാൽ വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ പിങ്കിയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പിങ്കിയുടെ പിതാവ് ലളിത് മഹ്തോ പൊലിസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
ഗർഭിണിയായിരുന്ന പിങ്കിയെ സംഭവദിവസം ഭർതൃവീട്ടുകാർ മർദിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. ഗുരുതരാവസ്ഥയിലായ യുവതിയെ ആദ്യം ജംഷഡ്പൂരിലെ എം.ജി.എം ആശുപത്രിയിലും പിന്നീട് റാഞ്ചിയിലെ റിംസിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
എന്നാൽ പിങ്കിയുടെ മരണം അപ്പാർട്ട്മെന്റിന്റെ ടെറസിൽ നിന്ന് ചാടി ജീവനൊടുക്കിയതാണെന്ന് വരുത്തിതീർക്കാൻ ഭർതൃവീട്ടുകാർ ശ്രമം നടത്തിയതായി കുടുംബം ആരോപിച്ചു. ഇത് സംബന്ധിച്ച് ബന്ധുക്കൾ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെയാണ് പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചത്. അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയമായി പരിശോധിച്ച് വരികയാണെന്നും കേസിൽ അന്വേഷണം നടത്തിവരികയാണെന്നും പൊലിസ് അറിയിച്ചു.
National
ന്യൂഡൽഹി: ഭക്ഷണത്തോടൊപ്പം കൂടുതൽ കറി ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഡൽഹിയിലെ നിഹാൽ വിഹാറിലാണ് സംഭവം നടന്നത്. കാർ ഡ്രൈവറായ സന്ദീപ് (35) ആണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ കടയുടമയായ ചിന്തു ഗുപ്തയെ പൊലിസ് പിടികൂടി.
ജ്വാലാപുരി നാലയ്ക്ക് സമീപമുള്ള ചന്തയിൽ ചോലെ ഭട്ടൂരെ വിൽക്കുന്ന ചിന്തു ഗുപ്തയുടെ കടയിലാണ് സന്ദീപ് എത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ കുറച്ചുകൂടി കറി ആവശ്യപ്പെട്ടത് ചോദ്യം ചെയ്ത കച്ചവടക്കാരനുമായി വാക്കുതർക്കമുണ്ടായി. ഇത് പിന്നീട് കൈയാങ്കളിയിൽ കലാശിക്കുകയും പ്രകോപിതനായ ചിന്തു ഗുപ്ത സന്ദീപിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലായിരിക്കെ മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ കടയുടമയായ ചിന്തു ഗുപ്തയെ പൊലിസ് പിടികൂടി റിമാൻഡ് ചെയ്തു. ആദ്യം വധശ്രമത്തിന് കേസെടുത്ത പശ്ചിം വിഹാർ വെസ്റ്റ് പൊലിസ് സന്ദീപിന്റെ മരണത്തെ തുടർന്ന് വകുപ്പ് ഭേദഗതി ചെയ്ത് കൊലപാതകക്കുറ്റം ചുമത്തുകയായിരുന്നു. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലിസ് അന്വേഷിച്ചു വരികയാണ്.
National
ന്യൂഡൽഹി: ഡൽഹിയിലെ സിരാസ്പൂരിൽ പിറന്നാളാഘോഷത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രായപൂർത്തിയാകാത്തവരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഒക്ടോബർ 23-നു രാത്രിയിലാണ് സിരാസ്പൂരിലെ ജീവൻ പാർക്കിന് സമീപം ഒരു യുവാവിന് കുത്തേറ്റതായി പൊലിസിന് വിവരം ലഭിക്കുന്നത്. തുടർന്ന് പൊലിസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ യുവാവിന്റെ നെഞ്ചിലും വയറിലും നിരവധി കുത്തേറ്റതായി വ്യക്തമായി. ചികിത്സയിലിരിക്കെ യുവാവ് മരണത്തിന് കീഴടങ്ങി. സംഭവത്തിൽ കേസെടുത്ത പൊലിസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലിസ് നാല് പേരെ പിടികൂടുകയായിരുന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പ് നടന്ന പിറന്നാളാഘോഷത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രായപൂർത്തിയാകാത്ത പ്രതികൾ ചോദ്യം ചെയ്യലിൽ പൊലിസിനോട് സമ്മതിച്ചു. ആഘോഷത്തിനിടയിലേക്ക് കടന്നുവന്ന കൊല്ലപ്പെട്ട യുവാവും സുഹൃത്തുക്കളും തങ്ങളെ അപമാനിക്കുകയും അതിലൊരാളെ മർദിക്കുകയും ചെയ്തിരുന്നു. ഈ വിരോധം കാരണം പ്രതികാരം ചെയ്യാൻ പദ്ധതിയിട്ട ഇവർ, യുവാവിന്റെ ജോലികഴിഞ്ഞ് രാത്രി വൈകിയുള്ള മടക്കം ഉൾപ്പെടെയുള്ള ദിനചര്യകൾ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് സംഭവം നടക്കുന്ന ദിവസം രാത്രി ഇവർ യുവാവിനെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
പിടിയിലായ നാല് പേരും സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരാണെന്ന് പൊലിസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ലക്നോവിൽ കാർ പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മൂന്ന് പേരെ വെടിവച്ചു കൊന്നു. ശിവജി തിവാരി (62), ശിവേന്ദ്ര തിവാരി (55), സുയാഷ് തിവാരി (30) എന്നിവരാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ പ്രതിയായ റിഷഭ് ശുക്ല (30) എന്ന യുവാവിനെ പൊലിസ് സംഭവസ്ഥലത്തുവച്ചുതന്നെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ 10:30-ഓടെയാണ് സംഭവം.
അയൽവാസികളായ സേവ തിവാരിയുടെ കുടുംബവും റിഷഭ് ശുക്ലയുടെ കുടുംബവും തമ്മിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏറെ നാളായി തർക്കം നിലനിന്നിരുന്നു. ഒഴിഞ്ഞ സ്ഥലത്ത് വാഹനം പാർക്ക് ചെയ്തത് ശിവജി, ശിവേന്ദ്ര, സുയാഷ് എന്നിവർ ചോദ്യം ചെയ്തതിനെത്തുടർന്നാണ് തർക്കം രൂക്ഷമായത്. വാക്കുതർക്കത്തിനിടെ പ്രകോപിതനായ റിഷഭ് ശുക്ല കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് മൂന്ന് പേർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിൽ രണ്ട് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരണമടഞ്ഞത്. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ പിതാവും മകനുമാണെന്ന് പൊലിസ് സ്ഥിരീകരിച്ചു.
വിവരമറിഞ്ഞ ഉടൻ തന്നെ പൊലിസ് സ്ഥലത്തെത്തി പ്രതിയായ റിഷഭ് ശുക്ലയെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് തോക്കും കണ്ടെടുത്തു.
കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചിണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ഇറ്റാവയിൽ പിതാവിനെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയിൽ ഒളിപ്പിച്ച സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിൽ. സുരക്ഷാ ജീവനക്കാരനായ ശ്യാം സുന്ദർ കത്തേരിയ (55) ആണ് കൊല്ലപ്പെട്ടത്. മകൾ പൂജയെയും കാമുകനെയുമാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
ഇറ്റാവയിലെ കാൻഷിറാമിൽ പൂട്ടിയിട്ട മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികളാണ് പൊലിസിൽ വിവരം അറിയിച്ചത്. പൊലിസ് സ്ഥലത്തെത്തി പൂട്ട് തകർത്ത് അകത്തു കയറിയപ്പോഴാണ് പോളിത്തീനിലും മൂന്ന് കമ്പിളികളിലും പൊതിഞ്ഞ് പെട്ടിയിലാക്കിയ നിലയിൽ അഴുകിയ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലിസ് വ്യക്തമാക്കി. ശ്യാമിനൊപ്പം താമസിച്ചിരുന്ന പൂജയെ സംഭവത്തിനു ശേഷം കാണാതാവുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരെയും കാമുകനെയും പിടികൂടുകയുമായിരുന്നു. പ്രണയബന്ധം ശ്യാം എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു.
അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് ശ്യാം സുന്ദറുമായി അവസാനമായി സംസാരിച്ചതെന്ന് ഔറയ്യ ജില്ലയിൽ താമസിക്കുന്ന മൂത്ത മകൾ കാജൽ പറഞ്ഞു. വെള്ളി, ഞായർ ദിവസങ്ങളിൽ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് അയൽവാസികളാണ് ശ്യാമിന്റെ മൃതദേഹം കണ്ടെത്തിയ വിവരം അറിയിക്കുന്നത്. പൂജയുടെ പെരുമാറ്റത്തിൽ സംശയമുണ്ടായിരുന്നതായും വിവാഹത്തിന് മുമ്പ് തന്നെ ഇവർ ഒരാളുമായി ബന്ധത്തിലായിരുന്നുവെന്നും കാജൽ ആരോപിച്ചു. മാതാവ് ശശി ദേവി പത്തുവർഷമായി വേറെയാണ് താമസം. കാജൽ, പൂജ, കുശി എന്നിങ്ങനെ മൂന്ന് പെൺമക്കളാണ് ശ്യാം സുന്ദറിനുള്ളത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണത്തെക്കുറിച്ചുള്ള കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പൊലിസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ പട്ടാപ്പകൽ യുവാവ് ക്രൂരമായി കൊല്ലപ്പെട്ടു. ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്ന ദേവേശ് എന്ന ബണ്ടി ദീക്ഷിതിനെയാണ് പ്രതി സ്കൂട്ടറിൽ കാറിടിച്ച് വീഴ്ത്തിയ ശേഷം ഹോക്കി സ്റ്റിക്കും ഇരുമ്പ് വടിയും ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ പവൻ പരാശറിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ തിരക്കേറിയ സിഡ്കോ എൻ-7 മേഖലയിലുള്ള ബജ്റംഗ് ചൗക്കിന് സമീപമാണ് സംഭവം നടന്നത്.
പ്രതിയായ പവൻ പരാശർ ഓടിച്ച കാർ ദീക്ഷിതിന്റെ സ്കൂട്ടറിന് പിന്നിൽ ഇടിപ്പിക്കുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ദീക്ഷിതിനെ കാറിലുണ്ടായിരുന്ന ആയുധങ്ങൾ പുറത്തെടുത്ത് പ്രതി തലയ്ക്കും മുഖത്തും മർദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ദീക്ഷിത് സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.
ആക്രമണത്തിന് ശേഷം പ്രതി പവൻ പരാശർ നേരിട്ട് പൊലിസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. കൊലപാതകത്തിന് ഉപയോഗിച്ച കാറും ഇരുമ്പ് വടിയും ഹോക്കി സ്റ്റിക്കും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട ദീക്ഷിത് ഒരു റെസ്റ്റോറന്റ് നടത്തിപ്പുകാരനും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമാണ്. ഇയാളും പ്രതി പവൻ പരാശറും തമ്മിൽ കുറച്ചുകാലമായി വ്യക്തിപരവും ബിസിനസ്പരവുമായ തർക്കങ്ങൾ നിലനിന്നിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. എങ്കിലും സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ചണ്ഡിഗഡ്: ചണ്ഡിഗഡിൽ വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തിനിടെയുണ്ടായ വെടിവയ്പിൽ പതിനേഴുകാരൻ കൊല്ലപ്പെട്ടു. സംഭവത്തിൽ മറ്റൊരു വിദ്യാർഥിക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സെക്ടർ 22 സ്വദേശി നൈതിക് (17) ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രി സെക്ടർ 22-ലെ ക്ഷേത്രത്തിന് സമീപമുള്ള പാർക്കിംഗിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന നൈതികിന് നേരെ സൈക്കിളിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ട് വിദ്യാർഥി സംഘങ്ങൾ തമ്മിലുള്ള മുൻവൈരാഗ്യവും തർക്കവുമാണ് ഈ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലിസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ശ്രീനഗർ: ജമ്മു കഷ്മീരിലെ ഉധംപൂരിൽ രണ്ടാനമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ മകൻ പിടിയിൽ. മോക്ഷ് വർമ്മയാണ് രണ്ടാനമ്മയായ സുഷ്മ ദേവിയെ കൊലപ്പെടുത്തിയത്.
വീട്ടിൽവച്ച് മോക്ഷ് വർമ്മ സുഷ്മയുടെ ദേഹത്ത് ഡീസൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഏകദേശം 70 ശതമാനത്തോളം പൊള്ളലേറ്റ സുഷ്മ ദേവി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടാൻ ശ്രമിച്ചു. അയൽവാസികൾ ഓടിയെത്തി തീ അണച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലായിരിക്കെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ കുറേ മാസങ്ങളായി മോക്ഷ് സുഷ്മ ദേവിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലിസിന് ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ഹൈദരാബാദ്: വിജയവാഡയിൽ 20 രൂപ വിലയുള്ള കുപ്പിവെള്ളം മോഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെ നാലംഗ സംഘം വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ട് തല്ലിക്കൊന്നു. തെലുങ്കാനയിലെ നാൽഗോണ്ട സ്വദേശി എം. സായ് കുമാർ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ടി. രവിശങ്കർ, എസ്. അയ്യപ്പ, പി. നവീൻ, സായ് പ്രണീത് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
യാദാദ്രി ഭുവനഗിരി ജില്ലയിലെ ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്ന ഇയാൾ അടുത്തിടെയാണ് വിജയവാഡ സന്ദർശിക്കാനെത്തിയത്. ഒക്ടോബർ 18-ന് പുലർച്ചെ രണ്ടരയോടെ വിജയവാഡയിലെ പടമത ഡോങ്ക റോഡിലുള്ള ഒരു കടിയൽ നിന്ന് സായ് കുമാർ ഫ്രിഡ്ജിൽ നിന്നു കുപ്പിവെള്ളം എടുക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. ഈ സമയം കടയുടമ അവിടെ ഉണ്ടായിരുന്നില്ല. എന്നാൽ കടയിലെത്തിയ പാൽ വിതരണ വാനിലെ ഡ്രൈവർ ഇത് കണ്ട് കടയിലെ ജീവനക്കാരനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് കടയിലെ ജീവനക്കാരനും ഒരു ഹോട്ടൽ ജീവനക്കാരനും മറ്റ് രണ്ടുപേരും ചേർന്ന് സായ് കുമാറിനെ സമീപത്തെ വൈദ്യുത പോസ്റ്റിൽ കെട്ടിയിടുകയും വടികൊണ്ട് മർദിക്കുകയുമായിരുന്നു. മർദനത്തെ തുടർന്ന് യുവാവ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
തുടക്കത്തിൽ റോഡിൽ കിടന്ന സായ് കുമാറിനെ കണ്ടവരും കാൽനടയാത്രക്കാരും ഇയാൾ മദ്യലഹരിയിലാണെന്നാണ് കരുതിയത്. പിന്നീട് നാട്ടുകാർ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. പൊലിസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടി. രവിശങ്കർ, എസ്. അയ്യപ്പ, പി. നവീൻ, സായ് പ്രണീത് എന്നിവരെ പൊലിസ് പിടികൂടിയത്. കൊല്ലപ്പെട്ട സായ് കുമാറിന് ഭാര്യയും രണ്ട് പിഞ്ചുകുട്ടികളുമുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ കൺപൂരിൽ യുവാവിനെ കാറിന്റെ മുകളിൽ കൈകൾ ബന്ധിച്ച് ഒന്നര കിലോമീറ്ററോളും വലിച്ചിഴച്ച ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞ് കാർ കയറ്റി കൊലപ്പെടുത്തി. ഫുഡ് പ്രൊഡക്ട്സ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്ന ബിരു സിംഗ് ഭദൗരിയ (37) ആണ് കൊല്ലപ്പെട്ടത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബിരു സിംഗും രാജ്വീർ, മേവലാൽ എന്നിവരുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നതായി ബിരു സിംഗിന്റെ പിതാവ് റാം ശങ്കർ സിംഗ് പറയുന്നു. ചൊവ്വാഴ്ച രാത്രി മേവലാൽ, രാജ്വീർ എന്നിവരുൾപ്പെടെയുള്ള അഞ്ച് പേർ ചേർന്ന് കാറിലെത്തി ബിരു സിംഗിനെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
രക്ഷപ്പെടാൻ ശ്രമിച്ച ബിരു സിംഗിനെ പ്രതികൾ കാർ കൊണ്ട് ഇടിച്ചു വീഴ്ത്തി. തുടർന്ന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കാറിന്റെ മുകളിൽ കിടത്തുകയും രണ്ട് കൈകളും കാറിന്റെ മുൻവശത്തെ ജനലുകൾക്കിടയിൽ കുടുക്കി ജനൽ അടച്ച ശേഷം വാഹനം അമിതവേഗത്തിൽ ഓടിച്ചുപോവുകയുമായിരുന്നു. ഒന്നര കിലോമീറ്ററോളും ഈ രീതിയിൽ വലിച്ചിഴച്ചുകൊണ്ടുപോയ ശേഷം ബിരു സിംഗിനെ റോഡിലേക്ക് വലിച്ചെറിയുകയും ശരീരത്തിലൂടെ കാർ കയറ്റി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ജനലുകളിൽ കൈകൾ കുടുങ്ങി അദ്ദേഹത്തിന്റെ വിരലുകൾ ഗുരുതരമായി ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന പത്തിലേറെ സിസിടിവി കാമറകളിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. തുടക്കത്തിൽ കുടുംബം നൽകിയ പരാതിയിൽ പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയാറായില്ലെന്ന് ആരോപിച്ച് ബുധനാഴ്ച ബന്ധുക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തുടക്കത്തിൽ ഇതൊരു സാധാരണ വാഹനാപകടമായിട്ടാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിലും പിന്നീട് കുടുംബം കൊലപാതക ആരോപണവുമായി രംഗത്തുവരികയായിരുന്നു.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു. കാറിന്റെ രജിസ്ട്രേഷൻ നമ്പറും പ്രതികളുടെ മൊബൈൽ ഫോൺ ലൊക്കേഷനുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതികളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ഫത്തേപൂർ ജില്ലയിലെ ജഹാനാബാദിൽ കണ്ടെത്തിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള തെരച്ചിൽ പൊലിസ് ഊർജിതമാക്കി.
National
റാഞ്ചി: ജാർഖണ്ഡിലെ സെറായ്കേല-ഖാർസവാൻ ജില്ലയിൽ ഭക്ഷണം കിട്ടാൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. മാംഗോ സ്വദേശി ശേഖർ തിർക്കിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പൂജാ പന്തലിൽ ലൈറ്റ് ഇടുന്ന ജോലിക്ക് എത്തിയതായിരുന്നു ശേഖറും സുഹൃത്തുക്കളും. ബുധനാഴ്ച പുലർച്ചെ ഒന്നിന് ശേഖറും സുഹൃത്ത് ഗോലുവും ഫുഡ് സ്ട്രീറ്റിലെ ഒരു ഭക്ഷണശാലയിൽ ഭക്ഷണം കഴിക്കാനെത്തി. തുടർന്ന് ഓർഡർ ചെയ്ത ഭക്ഷണം ലഭിക്കാൻ വൈകിയതിനെത്തുടർന്ന് ശേഖർ കടയുടമയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഒടുവിൽ ഓർഡർ റദാക്കാൻ ഇവർ ആവശ്യപ്പെട്ടതോടെ കടയുടമയും ജീവനക്കാരും പ്രകോപിതരായി.
തുടർന്ന് ജീവനക്കാർ ഇരുവരെയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി. സംഘർഷം തടയാൻ ഇടപ്പെട്ട നാട്ടുകാരായ സാഗർ ഝാ, അരുൺ പാണ്ഡെ എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ നാല് പേരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ശേഖർ മരണത്തിന് കീഴടടങ്ങുകയായിരുന്നു. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
National
മംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ വാഹനാപകടമെന്ന് കരുതിയ സംഭവം കൊലപാതകമെന്ന് പൊലിസ് അന്വേഷണത്തിൽ കണ്ടെത്തി. മൊബൈൽ ഫോൺ തർക്കത്തെത്തുടർന്നുള്ള പ്രതികാരമാണ് ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ പ്രതിയായ ഹഫീസിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ബോലിയാറിലെ പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അരേബിനഗർ സ്വദേശി മുഹമ്മദ് അർഫാസ് (22), സുഹൃത്ത് മുഹമ്മദ് അഫ്രാസ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇരുവരും സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിനു പിന്നിൽ ഒരു പിക്കപ്പ് വാൻ അമിതവേഗത്തിൽ ഇടിച്ചുകയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചു. തുടർന്ന് പിക്കപ്പ് വാനും പോസ്റ്റിൽ ഇടിക്കുകയും പോസ്റ്റ് ഒടിയുകയും ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് യുവാക്കളും സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. തുടക്കത്തിൽ ഇതൊരു സാധാരണ വാഹനാപകടമാണെന്നാണ് കരുതിയിരുന്നത്.
എന്നാൽ സിസിടിവി ദൃശ്യങ്ങളും പൊലിസിന്റെ പ്രാഥമികാന്വേഷണവും കേസിലെ വഴിതിരിവായി. സുഹൃത്തിന്റെ മൊബൈൽ ഫോണുമായി ബന്ധപ്പെട്ട് പ്രതിയായ ഹഫീസും കൊല്ലപ്പെട്ട യുവാക്കളും തമ്മിൽ രന്തദ്ക ക്രോസിന് സമീപം തർക്കമുണ്ടായിരുന്നു. ഈ വാക്കേറ്റം പിന്നീട് കൈയാങ്കളിയിൽ കലാശിച്ചു. ഇതേ തുടർന്നാണ് പ്രതി പിക്കപ്പ് വാൻ ഉപയോഗിച്ച് യുവാക്കളുടെ സ്കൂട്ടറിനെ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തിയത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊലപാതക കുറ്റം ചുമത്തി കേസെടുത്ത പൊലിസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
National
ബംഗളൂരു: കർണാടകയിലെ വിജയപുരയിൽ പ്രഭാതസവാരിക്കിടെ വാഹനാപകടത്തിൽ മരിച്ചയാൾ കൊല്ലപ്പെട്ടതാണെന്ന് പൊലിസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ രാജശേഖർ ബിരാദറിന്റെ (42) ഭാര്യ അശ്വിനി (30), കാമുകനായ ആനന്ദ് റൗത്തപ്പ കല്ലൂർ (25), പ്രായപൂർത്തിയാകാത്ത മറ്റൊരു കൂട്ടാളി എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ നാലിന് പുലർച്ചെയാണ് രാജശേഖർ കാറിടിച്ച് മരിച്ചത്. പ്രഭാതസവാരിക്കിറങ്ങിയ ഭർത്താവിനെ അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചെന്നുമായിരുന്നു അശ്വിനി പൊലിസിനോട് പറഞ്ഞത്. തുടർന്ന് വാഹനാപകടത്തിന് പൊലിസ് കേസെടുക്കുകയും ചെയ്തിരുന്നു.
പത്തുവർഷം മുമ്പ് വിവാഹിതരായ രാജശേഖറിനും അശ്വിനിക്കും ആറുവയസുള്ള ഇരട്ടക്കുട്ടികളുണ്ട്. ഏഴുമാസം മുമ്പ് പുതിയ വീട്ടിലേക്ക് താമസം മാറിയ ഇവരുടെ വീട്ടിലേക്ക് പെയിന്റിംഗിനായി എത്തിയ ആനന്ദുമായി അശ്വിനി അടുപ്പത്തിലാകുകയായിരുന്നു. തുടർന്ന് ഒരുമിച്ച് ജീവിക്കുന്നതിനായി ഇരുവരും ചേർന്ന് രാജശേഖറിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
കൊലപാതകം വാഹനാപകടമാക്കി മാറ്റാനായിരുന്നു പ്രതികൾ ലക്ഷ്യമിട്ടത്. ഇതിനായി ആനന്ദ്, സച്ചിൻ എന്നയാളുടെയും പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയുടെയും സഹായം തേടി. സംഭവം നടക്കുന്ന ദിവസം പുലർച്ചെ അഞ്ചിന് പ്രഭാതസവാരിക്കായി രാജശേഖർ ഇറങ്ങിയ വിവരം അശ്വിനി ആനന്ദിനെ അറിയിച്ചു. തുടർന്ന് കാറുമായി വഴിയിൽ കാത്തുനിന്ന സംഘം അദ്ദേഹത്തിന് നേരെ വാഹനം ഇടിച്ചുകയറ്റി ശേഷം രക്ഷപ്പെടുകയായിരുന്നു.
പൊലിസിന്റെ വിശദമായ അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലുമാണ് സംഭവം ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസിലെ മറ്റൊരു പ്രതിയായ സച്ചിനായുള്ള തെരച്ചിൽ പൊലിസ് ഊർജിതമാക്കിയിട്ടുണ്ട്.
National
റാഞ്ചി: സർക്കാർ ജോലി സ്വന്തമാക്കാൻ ഭാര്യ കാമുകനൊപ്പം ചേർന്ന് യുവാവിനെ കൊലപ്പെടുത്തി. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് സംഭവം. സെൻട്രൽ കോൾഫീൽഡ് ലിമിറ്റഡ് ജീവനക്കാരനായ മംഗ്ലേഷ് പാൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ സോണാലി കുമാരി (23), ഇവരുടെ കാമുകനും ബന്ധുവുമായ കൗശിക് കുമാർ നൗനിയ, പ്രായപൂർത്തിയാകാത്ത മറ്റൊരു കൂട്ടാളി എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് മരിച്ചാൽ ആ ജോലി തനിക്കു ലഭിക്കും എന്ന പ്രതീക്ഷയിലാണ് യുവതി കാമുകനൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. ഒക്ടോബർ 18-ന് പുലർച്ചെയായിരുന്നു കൊലപാതകം. വീടിനുള്ളിൽ അതിക്രമിച്ചുകയറിയ അജ്ഞാതരായ മോഷ്ടാക്കൾ തന്നെ കെട്ടിയിടുകയും തുടർന്ന് ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് സോണാലി ആദ്യം പൊലിസിന് മൊഴി നൽകിയത്.
എന്നാൽ കേസിന്റെ ഗൗരവം ഉൾക്കൊണ്ട് ഹസാരിബാഗ് എസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധിച്ചു. തുടർന്ന് സോണാലിയുടെ മൊഴികളിലെ വൈരുധ്യങ്ങൾ കണ്ടെത്തിയ പൊലിസ്, ഇവരെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചാണ് മംഗ്ലേഷിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
നാഗ്പുർ: കഫേ ഉടമയുടെ മരണത്തെ തുടർന്ന് ഒളിവിൽ പോയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശ്രദ്ധ ദുബെ പിടിയിൽ. നാഗ്പുരിൽ നിന്നാണ് ശ്രദ്ധയെ യുപി പൊലിസ് കസ്റ്റഡിയിലെടുത്തത്. ശ്രദ്ധ ദുബെയുടെ സഹോദരി രശ്മി ദുബെയും ഡ്രൈവർ ഡാനിഷും പിടിയിലായിട്ടുണ്ട്.
ലക്നോവിൽ നിരവധി റെസ്റ്റോറന്റുകളുടെ ഉടമയായ ശിവ ശർമ്മ ശ്രദ്ധ ദുബെയുടെ അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. ശ്രദ്ധ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ശിവയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രദ്ധ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലിസ് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
യുപി പൊലിസിന്റെ പ്രത്യേക ദൗത്യസംഘവും നാഗ്പുര്‍ പൊലിസും ചേർന്നാണ് മൂവരെയും പിടികൂടിയത്. ശിവയുടെ മരണത്തിന് പിന്നാലെ മൂവരും ലക്നോവിൽ നിന്ന് നേപ്പാളിലേക്ക് കടന്നിരുന്നു. പിന്നീട് നേപ്പാളില്‍ നിന്ന് റായ്ബറേലി വഴി ആഗ്രയിലെത്തി. അവിടെനിന്ന് നാഗ്പൂരിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ ലക്നോവിലേക്ക് കൊണ്ടുവരുമെന്ന് പൊലിസ് അറിയിച്ചു.
National
ജയ്പൂർ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവെയ്പ്പ് നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. രാജസ്ഥാനിലെ കോട്ട പൊലിസിന്റെ മിന്നൽ നീക്കത്തിനൊടുവിലാണ് മൂന്ന് പ്രതികളെയും ട്രെയിനിൽ വെച്ച് പിടികൂടിയത്. വിവരങ്ങൾ ലഭിച്ച് വെറും 15 മിനിറ്റിനുള്ളിലാണ് പൊലിസ് സംഘം പ്രതികളെ വലയിലാക്കിയത്.
കഴിഞ്ഞ ദിവസം മുംബൈയിലെ ജുഹുവിൽ വെച്ചാണ് ടൈഗർ ഷ്റോഫ് സഞ്ചരിച്ച കാറിന് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിർത്തത്. സംഭവത്തിൽ നടൻ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. ലോറൻസ് ബിഷ്ണോയ് ഗാംഗുമായി ബന്ധമുള്ളവരാണ് പ്രതികളെന്നാണ് പ്രാഥമിക വിവരം.
ഹരിയാന സോനിപത് സ്വദേശിയായ 17 കാരൻ, ഹരിയാന സ്വദേശിയായ മറ്റൊരു യുവാവ്, ബിഹാർ ബെഗുസരായ് സ്വദേശിയായ റിതിക് കുമാർ എന്നിവരാണ് പിടിയിലായത്. ആക്രമണത്തിന് ശേഷം ബൈക്ക് ഉപേക്ഷിച്ച് ട്രെയിൻ മാർഗം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് കോട്ട പൊലിസ് ഇവരെ പിടികൂടിയത്.
National
ബംഗളൂരു: ബംഗളൂരുവിൽ വീട്ടുവാടക നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു. പട്ടന്തൂർ അഗ്രഹാര സ്വദേശി മഞ്ജുനാഥ് (42) ആണ് കൊല്ലപ്പെട്ടത്. മഞ്ജുനാഥിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന രണ്ട് ബിഹാർ സ്വദേശികളാണ് വെടിയുതിർത്തത്. സംഭവത്തിനു ശേഷം പ്രതികൾ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11:30-ഓടെയാണ് സംഭവം.
മഞ്ജുനാഥിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നവരുമായി വാടക തുക നൽകാത്തതിനെച്ചൊല്ലി തർക്കം നിലനിന്നിരുന്നു. ഈ തർക്കത്തിനൊടുവിൽ പ്രതികൾ മഞ്ജുനാഥിന് നേരെ വെടിയുതിർക്കുകയായിരുന്നു. മഞ്ജുനാഥിന്റെ നെറ്റിയിലാണ് വെടിയേറ്റത്. സംഭവസ്ഥലത്ത് വച്ചുതന്നെ അദ്ദേഹം മരിച്ചു. പ്രതികൾ രണ്ടുപേരും ഫുഡ് ഡെലിവറി ബോയ്സായി ജോലി ചെയ്തുവരികയായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി.
വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തി കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതികൾക്കായി പ്രത്യേക അന്വേഷണ സംഘം തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട മഞ്ജുനാഥിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.