പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: വിജയവാഡയിൽ 20 രൂപ വിലയുള്ള കുപ്പിവെള്ളം മോഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെ നാലംഗ സംഘം വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ട് തല്ലിക്കൊന്നു. തെലുങ്കാനയിലെ നാൽഗോണ്ട സ്വദേശി എം. സായ് കുമാർ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ടി. രവിശങ്കർ, എസ്. അയ്യപ്പ, പി. നവീൻ, സായ് പ്രണീത് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
യാദാദ്രി ഭുവനഗിരി ജില്ലയിലെ ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്ന ഇയാൾ അടുത്തിടെയാണ് വിജയവാഡ സന്ദർശിക്കാനെത്തിയത്. ഒക്ടോബർ 18-ന് പുലർച്ചെ രണ്ടരയോടെ വിജയവാഡയിലെ പടമത ഡോങ്ക റോഡിലുള്ള ഒരു കടിയൽ നിന്ന് സായ് കുമാർ ഫ്രിഡ്ജിൽ നിന്നു കുപ്പിവെള്ളം എടുക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. ഈ സമയം കടയുടമ അവിടെ ഉണ്ടായിരുന്നില്ല. എന്നാൽ കടയിലെത്തിയ പാൽ വിതരണ വാനിലെ ഡ്രൈവർ ഇത് കണ്ട് കടയിലെ ജീവനക്കാരനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് കടയിലെ ജീവനക്കാരനും ഒരു ഹോട്ടൽ ജീവനക്കാരനും മറ്റ് രണ്ടുപേരും ചേർന്ന് സായ് കുമാറിനെ സമീപത്തെ വൈദ്യുത പോസ്റ്റിൽ കെട്ടിയിടുകയും വടികൊണ്ട് മർദിക്കുകയുമായിരുന്നു. മർദനത്തെ തുടർന്ന് യുവാവ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
തുടക്കത്തിൽ റോഡിൽ കിടന്ന സായ് കുമാറിനെ കണ്ടവരും കാൽനടയാത്രക്കാരും ഇയാൾ മദ്യലഹരിയിലാണെന്നാണ് കരുതിയത്. പിന്നീട് നാട്ടുകാർ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. പൊലിസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടി. രവിശങ്കർ, എസ്. അയ്യപ്പ, പി. നവീൻ, സായ് പ്രണീത് എന്നിവരെ പൊലിസ് പിടികൂടിയത്. കൊല്ലപ്പെട്ട സായ് കുമാറിന് ഭാര്യയും രണ്ട് പിഞ്ചുകുട്ടികളുമുണ്ട്.
Tags : Murder Arrest Beat Death Water Theft