പ്രതീകാത്മക ചിത്രം
ഭുവനേശ്വർ: ഒഡിഷയിലെ ബലേശ്വരിൽ ബിസ്കറ്റ് എടുത്തുവെന്നാരോപിച്ച് 13 വയസുകാരനെ കടയുടമയും മകനും ചേർന്ന് തല്ലിക്കൊന്നു. ഏഴാം ക്ലാസ് വിദ്യാർഥിയായ ദിനേഷ് ബാഗ്സിംഗാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കടയുടമ സന്തോഷ് ബെഹ്റയെയും മകൻ മനസ് ബെഹ്റയെയും പൊലിസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ കുട്ടി പിന്നീട് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ ഊർജിത തെരച്ചിലിനൊടുവിൽ ശനിയാഴ്ച രാവിലെ കടയ്ക്ക് പിന്നിലുള്ള നിർമാണം പൂർത്തിയാകാത്ത കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കടയിൽ നിന്ന് അനുവാദമില്ലാതെ ബിസ്കറ്റ് എടുത്തു കഴിച്ചെന്ന് ആരോപിച്ച് കുട്ടിയെ കടയ്ക്കുള്ളിൽ തടഞ്ഞുവച്ച് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് കുടുംബം പരാതിപ്പെട്ടു. മർദനമേറ്റുള്ള പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് സ്ഥലത്തെത്തി കടയുടെ പൂട്ടുപൊളിച്ച് പരിശോധന നടത്തി. കൂടാതെ, സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്കും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ കുട്ടിയെ മർദിച്ചതായി കടയുടമ സന്തോഷ് ബെഹ്റ സമ്മതിച്ചതായി പൊലിസ് വ്യക്തമാക്കി. മൃതദേഹം കടയ്ക്ക് പിന്നിലെ കെട്ടിടത്തിൽ ഉപേക്ഷിച്ചതിൽ സന്തോഷ് ബെഹ്റയ്ക്കും മകൻ മനസ് ബെഹ്റയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇരുവരേയും പൊലിസ് അറസ്റ്റ് ചെയ്തു.
സംഭവമറിഞ്ഞ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകാൻ അനുവദിക്കാതെ നാട്ടുകാർ ഏകദേശം 12 മണിക്കൂറോളം റോഡിൽ സമരം നടത്തി. ജില്ലാ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെത്തി കർശന നടപടി ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. തുടർന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
Tags : Shopkeeper Beat Student Death