സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും കെ.സി.വേണുഗോപാലും
ന്യൂഡൽഹി: രാജസ്ഥാൻ മരുഭൂമിയിൽ രാഷ്ട്രീയക്കാറ്റ് മാറുമ്പോൾ കോൺഗ്രസ് ക്യാമ്പിൽ ചർച്ചയാകുന്നത് ഒരേയൊരു പേരാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്നിലാക്കി കോൺഗ്രസ് നേടിയ മുന്നേറ്റം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് വഴിതുറക്കുമ്പോൾ പാർട്ടിയുടെ സംഘടനാ സംവിധാനത്തെ അടിത്തട്ടിൽ നിന്ന് ശക്തിപ്പെടുത്തുന്നതിൽ കെ.സി.വേണുഗോപാൽ നടത്തിയ ഇടപെടലുകളും ശ്രദ്ധേയമാകുകയാണ്.
നേതാക്കൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ചും സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും രാജസ്ഥാനിൽ കോൺഗ്രസിനെ വീണ്ടും സജീവമാക്കാനുള്ള ഹൈക്കമാൻഡ് നീക്കങ്ങളിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നുവെന്നാണ് പാർട്ടി വൃത്തങ്ങളുടെ വിലയിരുത്തൽ. ദേശീയതലത്തിൽ കോൺഗ്രസിന് പുതിയ ആത്മവിശ്വാസം നൽകുന്നതാണ് രാജസ്ഥാനിലെ ഈ മുന്നേറ്റം.
പിന്നിൽ നിന്ന് പടനയിച്ച് കെ.സി.വേണുഗോപാൽ
രാജ്യത്ത് എവിടെ കോൺഗ്രസ് തോറ്റാലും വിമർശകർ ആദ്യം കൈചൂണ്ടുന്നത് കെ.സിയുടെ നേരെയാണ്. അതിനെയെല്ലാം അവഗണിച്ചാണ് കെ.സി.വേണുഗോപാൽ രാജസ്ഥാനിലേക്ക് ഫ്ലൈറ്റ് കയറിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നൽകിയ നിർദേശങ്ങൾ താഴെത്തട്ടിൽ നടപ്പാക്കുന്നതിന്റെ ഏകോപനച്ചുമതല കെ.സി.വേണുഗോപാലാണ് ഏറ്റെടുത്തത്.
നേതാക്കൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുക, സംഘടനാ പ്രവർത്തനങ്ങൾ സജീവമാക്കുക, പ്രവർത്തകരെ തെരഞ്ഞെടുപ്പ് രംഗത്ത് കൂടുതൽ സജ്ജരാക്കുക തുടങ്ങിയ കാര്യങ്ങളിൽ ഹൈക്കമാൻഡ് നടത്തിയ ഇടപെടലുകൾക്ക് തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം കരുത്തുപകരുന്നതായാണ് കോൺഗ്രസ് ക്യാമ്പിന്റെ വിലയിരുത്തൽ.
രാജസ്ഥാനിലെ സംഘടനാ സംവിധാനത്തെക്കുറിച്ച് നേരത്തെയുണ്ടായിരുന്ന ആശങ്കകൾ പരിഹരിക്കാനും നേതാക്കൾക്കിടയിൽ ഏകോപനം ഉറപ്പാക്കാനും നടത്തിയ ശ്രമങ്ങൾ ഇപ്പോൾ രാഷ്ട്രീയ ചർച്ചകളിൽ ഇടംപിടിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ മുഴുവൻ ക്രെഡിറ്റും ഒരാൾക്ക് നൽകാനാവില്ലെങ്കിലും സംഘടനാ ഏകോപനത്തിൽ കെ.സി.വേണുഗോപാലിന്റെ പങ്ക് പാർട്ടി വൃത്തങ്ങൾ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.
ഗെലോട്ടും പൈലറ്റും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെടാൻ കാരണമായ ഘടകങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടത് മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ആഭ്യന്തര ഭിന്നതകളായിരുന്നു. എന്നാൽ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരുനേതാക്കളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചെന്നും ഒരുമിച്ച് പ്രചാരണരംഗത്ത് സജീവമായതും പാർട്ടിക്ക് ഗുണകരമായെന്നാണ് വിലയിരുത്തൽ.
പിസിസി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോത്താസ്ര, പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ള നേതാക്കൾക്കൊപ്പം ഗെലോട്ടും പൈലറ്റും പ്രചാരണത്തിൽ പങ്കെടുത്തു. മുൻകാല ഭിന്നതകൾക്കപ്പുറം നേതാക്കൾ ഒരുമിച്ച് പ്രവർത്തിച്ചത് താഴെത്തട്ടിലെ പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകി. ഈ ഐക്യം രൂപപ്പെടുത്തുന്നതിന് ഹൈക്കമാൻഡ് നടത്തിയ ഇടപെടലുകളും സംഘടനാ തലത്തിലെ ഏകോപനവും പ്രധാനപ്പെട്ട ഘടകങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതോടെയാണ് കെ.സി.വേണുഗോപാലിന്റെ സംഘടനാ ചുമതലകളും വീണ്ടും ചർച്ചയാകുന്നത്.
ഗ്രാമങ്ങളിൽ കോൺഗ്രസിന് മേൽക്കൈ; ബിജെപിക്ക് തിരിച്ചടി
7,520 പഞ്ചായത്ത് സമിതി സീറ്റുകളിൽ 3,758 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ബിജെപിക്ക് 2,213 സീറ്റുകളാണ് ലഭിച്ചത്. ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിച്ച 1,271 സീറ്റുകളിൽ 794 എണ്ണം കോൺഗ്രസ് സ്വന്തമാക്കിയപ്പോൾ ബിജെപിക്ക് 357 സീറ്റുകളിലാണ് വിജയിക്കാനായത്. ഗ്രാമീണ മേഖലകളിൽ കോൺഗ്രസ് നേടിയ ഈ മുന്നേറ്റം ബിജെപി സർക്കാരിന് രാഷ്ട്രീയ വെല്ലുവിളിയാണെന്ന് രാഷ്ട്രീയ നിരൂക്ഷകർ പറയുന്നു.
ജയ്പൂർ, ജോധ്പൂർ തുടങ്ങിയ പ്രധാന ജില്ലകളിലും മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ ഭരത്പൂരിലും കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചത് ശ്രദ്ധേയമായി. ഗ്രാമീണ മേഖലകളിലെ വികസന മുരടിപ്പും സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തതുമാണ് തിരിച്ചടിക്ക് പിന്നിലെന്നാണ് കോൺഗ്രസിന്റെ ആരോപണം. തെരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തി ആവശ്യമായ തിരുത്തലുകൾ നടത്തുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്.
ദേശീയതലത്തിൽ കോൺഗ്രസിന് പുതിയ ആത്മവിശ്വാസം
രാജസ്ഥാനിലെ മുന്നേറ്റം ഒരു സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നാണ് കോൺഗ്രസ് ക്യാമ്പിന്റെ വിലയിരുത്തൽ. സംഘടനാ സംവിധാനം ശക്തിപ്പെടുത്തിയാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാമെന്ന സന്ദേശമാണ് ഈ ഫലങ്ങൾ നൽകുന്നതെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്. പ്രതിപക്ഷ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ സംഘടനാ ശേഷിയും നേതാക്കൾക്കിടയിലെ ഏകോപനവും ചർച്ചയാകുന്ന ഘട്ടത്തിൽ രാജസ്ഥാനിലെ ഫലം ദേശീയതലത്തിൽ പാർട്ടിക്ക് ആത്മവിശ്വാസം പകരുന്നതാണ്.
2028 ലക്ഷ്യം; മുന്നിലുള്ളത് വലിയ വെല്ലുവിളി
2028-ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് ഇനി രാജസ്ഥാൻ കോൺഗ്രസിന്റെ പ്രധാന ലക്ഷ്യം. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭാ വിജയത്തിന് ഉറപ്പല്ലെങ്കിലും ഗ്രാമീണ വോട്ടർമാർക്കിടയിലെ സ്വാധീനം നിലനിർത്താനും സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനും കോൺഗ്രസിന് അവസരം നൽകുന്നുണ്ട്. 2028-ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് ഇനി രാജസ്ഥാൻ കോൺഗ്രസിന്റെ പ്രധാന ലക്ഷ്യം.
തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭാ വിജയത്തിന് ഉറപ്പല്ലെങ്കിലും ഗ്രാമീണ വോട്ടർമാർക്കിടയിലെ സ്വാധീനം നിലനിർത്താനും സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനും കോൺഗ്രസിന് അവസരം നൽകുന്നുണ്ട്. ഗെലോട്ട്- പൈലറ്റ് ഐക്യം തുടരുക, പ്രാദേശിക നേതാക്കളെ ഏകോപിപ്പിക്കുക, പ്രവർത്തകരെ സജീവമാക്കുക, പ്രാദേശിക കക്ഷികളുമായുള്ള രാഷ്ട്രീയ സമവാക്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുക തുടങ്ങിയവയാണ് മുന്നിലുള്ള വെല്ലുവിളികൾ. രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി, ഭാരത് ആദിവാസി പാർട്ടി തുടങ്ങിയ പ്രാദേശിക കക്ഷികളുടെ സ്വാധീനവും നിർണായകമാകും.
Tags : Election results RajasthanElections Congress RajasthanPolitics LocalBodyElections K.C.Venugopal