വാർത്താ സമ്മേളനത്തിനിടെ ബിജെപി ദേശീയ വക്താവ് ഇറങ്ങിപ്പോയി
Friday, October 5, 2018 7:31 PM IST
ഫര്‍വാനിയ (കുവൈത്ത്): വാർത്താസമ്മേളനത്തിനിടെ ബിജെപി ദേശീയ വക്താവും ന്യൂഡല്‍ഹി എംപിയുമായ മീനാക്ഷി ലേഖി ഇറങ്ങിപ്പോയി. ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടിയുടെ ഒദ്യോഗിക നിലപാട് ആരാഞ്ഞ പത്രപ്രവര്‍ത്തകന്‍റെ ചോദ്യമാണ് മീനാക്ഷിയെ പ്രകോപതിയാക്കിയത്. അരിശത്തോടെ പ്രതികരിച്ച എംപി വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഇറങ്ങിപോവുകയായിരുന്നു.

പാര്‍ട്ടിയുടെ ദേശീയ നിലപാടുകളെക്കുറിച്ച് വാചാലമായ ലേഖി, മോദിയുടെ ഭരണനേട്ടങ്ങളെ കുറിച്ച് പറയുന്നിടെയായിരുന്നു വിവാദ സംഭവമുണ്ടായത്. സ്ത്രീയെന്ന നിലയില്‍ സുപ്രിം കോടതി വിധിയെ കുറിച്ച് ചോദിച്ചപ്പോള്‍ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിലപാടാണ് തനിക്കെന്ന മറുപടിയും മിനാക്ഷി ലേഖി നൽകിയിരുന്നു .

മിനാക്ഷി ലേഖിയുടെ പെട്ടന്നുള്ള പ്രതികരണത്തില്‍ പകച്ചുപോയെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള വാര്‍ത്താ സമ്മേളനം തുടരുകയായിരുന്നു. മീനാക്ഷി ലേഖിയുടെ പ്രതികരണം വൈകാരികമായി കാണേണ്ടതില്ലെന്നും ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്ന കൃത്യമായ നിലപാടാണ് സംസ്ഥാന നേതൃത്വത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ