മസ്കറ്റ് അനന്തപുരിയുടെ സംഭാവന മുഖ്യമന്ത്രി ഏറ്റുവാങ്ങി
Friday, October 5, 2018 9:12 PM IST
മസ്കറ്റ്: കേരളത്തിലെ വെള്ളപൊക്കകെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി ഒമാനിലെ മസ്കറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനന്തപുരി റസ്റ്ററന്‍റിന്‍റെ നേതൃത്വത്തിൽ സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ അനന്തപുരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ബിബി ജേക്കബ്, മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം പ്രവർത്തകരായ കരുനാഗപ്പള്ളി മെർവിൻ , വള്ളിക്കാവ് ജയകുമാർ എന്നിവർ ചേർന്ന് 10 ലക്ഷം രൂപയുടെ ചെക്ക് പിണറായി വിജയനു കൈമാറി.

എല്ലാ വർഷവും ദിവസങ്ങൾ നീളുന്ന ഓണ സദ്യകൾ നടത്തുന്ന പതിവാണ് ഗ്രൂപ്പിന്‍റെ കീഴിൽ റുവിയിലും ഗോബ്രയിൽ പ്രവർത്തിക്കുന്ന "1947 റസ്റ്ററന്‍റിലും " നടക്കാറ്.

കേരളത്തിലെ പ്രളയ ദുരിതം കണക്കിലെടുത്ത് ഈ വർഷം ഓണ സദ്യകൾ ഒഴിവാക്കി തിരുവോണ ദിവസംമാത്രം സൗജന്യമായി ഉച്ചയൂണ് വിളമ്പുകയായിരുന്നു.
അതിഥികളിൽ നിന്നും ബില്ല് ഈടാക്കാതെ ഇഷ്ടമുള്ള തുകകൾ നിക്ഷേപിക്കാനുള്ള പെട്ടിയാണ് വച്ചത്. മൂവായിരത്തോളം പേർ അന്നേ ദിവസം ഭക്ഷണം കഴിക്കാനെത്തി. ഒരു നേരത്തെ സൗജന്യ കാമ്പയിനിൽ നിന്നും ഏകദേശം എട്ടര ലക്ഷത്തോളം രൂപ പിരിഞ്ഞു കിട്ടിയിരുന്നു. മലയാളി മാധ്യമ പ്രവത്തകരുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.

റിപ്പോർട്ട്: സേവ്യർ കാവാലം