വാഴക്കുല റീലോഡഡ് മികച്ച നാടകം
Sunday, October 21, 2018 5:17 PM IST
ഖൈത്താന്‍: കേരള ആര്‍ട്‌സ് ആന്‍ഡ് നാടക അക്കാദമി സംഘടിപ്പിച്ച തോപ്പില്‍ ഭാസി നാടകോത്സവത്തില്‍ മറീന മൂവിംഗ് ആര്‍ട്‌സ് അവതരിപ്പിച്ച 'വാഴക്കുല റീലോഡഡ്' മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. കാഴ്ച കുവൈറ്റിന്റെ 'സ്വപ്നവാതില്‍ പടിയില്‍ സ്വര്‍ണ ചെരുപ്പടയാളം' ആണ് രണ്ടാമത്തെ നാടകം. മികച്ച സംവിധായകനായി ബിജോയ് സ്‌കറിയ പാലക്കുന്നേലും (വാഴക്കുല റീലോഡഡ്) രചയിതാവായി ബര്‍ഗ്മാന്‍ തോമസും (പേക്കാലം തിയറ്റര്‍ ഓഫ് ഇഡിയറ്റ്‌സ്) തെരഞ്ഞെടുക്കപ്പെട്ടു. ഐജു പൂത്തേട്ടേന്‍ (വാഴക്കുല) ആണ് മികച്ച നടന്‍. നടി: ട്രീസ വില്‍സണ്‍ (സ്വപ്ന വാതില്‍പടിയില്‍ സ്വര്‍ണ ചെരുപ്പടയാളം). ബാലതാരം: എറിക് ഡേവിഡ് (വാഴക്കുല). സാംസണ്‍ ജോസഫ് (നാനാത്വത്തില്‍ ഏകത്വം കലാസംഘം നാടകവേദി) ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹനായി. അഞ്ച് അമച്വര്‍ നാടകസമിതികള്‍ പങ്കെടുത്ത നാടകോത്സവം പ്രശസ്ത ചലച്ചിത്രനാടക പ്രവര്‍ത്തകന്‍ പ്രഫ. അലിയാര്‍ ഉദ്ഘാടനം ചെയ്തു.

നാടക പ്രസ്ഥാനത്തിന് തോപ്പില്‍ ഭാസിയുടെ സംഭാവന നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. കാനാ പ്രസിഡന്റ് കുമാര്‍ തൃത്താല അധ്യക്ഷത വഹിച്ചു. ജൂറി അംഗം പ്രഭാകരന്‍ പിള്ള, സജീവ് കെ. പീറ്റര്‍, പുന്നൂസ് അഞ്ചേരി എന്നിവര്‍ സംസാരിച്ചു. രക്ഷാധികാരി ബാബു ചാക്കോള, അഡൈ്വസര്‍ കെ.പി. ബാലകൃഷ്ണന്‍, സാങ്കേതിക ഉപദേഷ്ടാവ് ഇടിക്കുള മാത്യു, പിആര്‍ഒ റെജി മാത്യു എന്നിവര്‍ സംബന്ധിച്ചു. റാഫിള്‍ നറുക്കെടുപ്പിലൂടെ പ്രേക്ഷകരില്‍നിന്ന് 20 പേര്‍ക്ക് പ്രത്യേക സമ്മാനവും നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍