സൗദിയിൽ മലയാളികളെ ജീവനോടെ കുഴിച്ചു മൂടിയ കേസിലെ പ്രതികളുടെ വധ ശിക്ഷ നടപ്പിലാക്കി
Monday, October 22, 2018 10:12 PM IST
ദമാം: മലയാളികൾ ഉൾപ്പടെ 5 തൊഴിലാളികളെ ജീവനോടെ കുഴിച്ചു മൂടിയ കേസിലെ പ്രതികളായ മൂന്ന് സ്വദേശികളുടെ വധ ശിക്ഷ നടപ്പിലാക്കി. യൂസഫ് ഹസൻ മുത്വവ്വ, അമ്മാർ അലി അൽ ദഹീം, മുർതദ ബിൻ മുഹമ്മദ് മൂസാ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ സഫ്വാ പട്ടണത്തിനു സമീപമുള്ള കൃഷിയിടത്തിൽ വച്ചാണ് കൊല്ലം ശാസ്താംകോട്ട സ്വദേശി ഷാജഹാൻ, കിളിമാനൂർ സ്വദേശി അബ്ദുൾ കാദർ സലിം, കൽക്കുളം സ്വദേശി ലാസർ, കൊല്ലം കണ്ണനല്ലൂർ സ്വദേശി ഷെയ്ഖ്‌, കന്യാകുമാരി സ്വദേശി ബീഷീർ എന്നിവർ കൊല്ലപ്പെട്ടത്.

2014 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ‌സ്വദേശി പൗരൻ തന്‍റെ കൃഷിയിടത്തിൽ പൈപ്പു ചാലു കീറുന്നതിനിടെ മൃതദേഹവിശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് കൊലപാതകം പുറം ലോകം അറിയുന്നത്. തുടർന്നു പോലീസെത്തി കൃഷിയിടം പൂര്‍ണമായും കിളച്ചു നോക്കിയതിനെതുടര്‍ന്നാണ് 5 പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

മദ്യത്തിൽ മയക്കു മരുന്ന് കലർത്തി നല്കി ബോധം കെടുത്തിയ ശേഷം 5 പേരേയും ജീവനോടെ കുഴിച്ചു മൂടുകയായിരുന്നുവെന്ന് പ്രതികകള്‍ കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം