ദുബായ് സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നവംബർ 9 ന്
Wednesday, November 7, 2018 9:50 PM IST
ദുബായ്: സുവർണ ജൂബിലി ആഘോഷിക്കുന്ന ദുബായ് സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും കുടുംബ സംഗമവും നവംബർ 9 -ന് (വെള്ളി) നടക്കും.

വൈകിട്ട് അഞ്ചിന് വിശിഷ്ടാതിഥികളെ ദേവാലയ കവാടത്തിൽ നിന്ന് ശിങ്കാരി മേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ സമ്മേളന വേദിയിലേക്ക് സ്വീകരിക്കും. തുടർന്ന് പൊതുസമ്മേളനം നടക്കും. ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ, തുംബൈ ഗ്രൂപ്പ് ഫൗണ്ടർ പ്രസിഡന്‍റ് ഡോ. തുംബൈ മൊയ്‌തീൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് ഇ.പി. ജോൺസൺ , മാധ്യമ പ്രവർത്തകൻ രാജു മാത്യു എന്നിവർ മുഖ്യാതിഥികളാകും.

ഇടവകാംഗങ്ങൾ വീടുകളിൽ തയാറാക്കിയ തനി നാടൻ വിഭവങ്ങളുടെ സ്റ്റാളുകൾ, തട്ടുകടകൾ, ഗൃഹാതുരത്വമുണർത്തുന്ന മാടക്കട , കുട്ടികൾക്കുള്ള ഗെയിം സ്റ്റാളുകൾ എന്നിവ കൊയ്ത്തുത്സവത്തിന്‍റെ പ്രത്യേക ആകർഷണങ്ങളാണ്.

പിന്നണി ഗായകർ നജീം അർഷാദ്, പ്രീതി വാര്യർ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള, ഉല്ലാസ് പന്തളം നയിക്കുന്ന ചിരിയരങ്ങു, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും അരങ്ങേറും.

പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റീ ചെറിയാൻ സി. തോമസ്, സെക്രട്ടറി ബാബു വർഗീസ്, ജൂബിലി കൺവീനർമാരായ പി.കെ.ചാക്കോ, ജോസ് ജോൺ, കൊയ്ത്തുത്സവം ജനറൽ കൺവീനർ ജീൻ ജോഷ്വ , ജോയിന്‍റ് ജനറൽ കൺവീനർ ബിജു ജോർജ് എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക് 04-337 11 22.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള