അബുദാബി സെന്‍റ് ജോർജ് ഓർത്തോഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവം ഒന്പതിന്
Thursday, November 8, 2018 8:13 PM IST
അബുദാബി : സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നവംബർ ഒന്പതിന് (വെള്ളി) ദേവാലയാങ്കണത്തിൽ നടക്കുമെന്ന് ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത യാക്കൂബ് മാർ എലിയാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു .

രണ്ടു ഭാഗങ്ങളിലായി നടക്കുന്ന കൊയ്ത്തുത്സവത്തിന്‍റെ ആദ്യചടങ്ങുകളും വില്പനയും രാവിലെ 11 ന് ആരംഭിക്കും. രണ്ടാമത്തെ ഘട്ടം വൈകുന്നേരം നാലിന് നടക്കുന്ന പൊതുസമ്മേളനത്തോടെ ആരംഭിക്കും. കേരളത്തിന്‍റെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.

ഇടവക ജനങ്ങൾ തയാറാക്കിയ കേരളീയ ഭക്ഷണ വിഭവങ്ങൾ വിളമ്പുന്ന അൻപതിലേറെ ഫുഡ് സ്റ്റാളുകൾ , വീട്ടുപകരണങ്ങളും ,ഇലക്ട്രോണിക് - കരകൗശല - ഔഷധ സസ്യ സ്റ്റാളുകളും ഇവിടെയുണ്ടാകും. വിവിധ കലാപരിപാടികളും ശിങ്കാരി മേളവും പ്രത്യേക ആകർഷണമാകും . ഭാഗ്യനറുക്കെടുപ്പുകളും ലേലവും മേളയുടെ ഭാഗമാണ് .

പഴയകാല കാർഷിക സംസ്കാരത്തിൽ സഭയിലെ പൂർവപിതാക്കൾ അനുവർത്തിച്ച വിളവെടുപ്പ് മഹോൽസവത്തിന്‍റെ ആധുനിക പതിപ്പാണ്‌ വെള്ളിയാഴ്ച നടക്കുന്ന കൊയ്ത്തുത്സവമെന്നും ഇടവകയിലെ പഴയതും പുതിയതുമായ അംഗങ്ങളുടെ ഒത്തുചേരലിന്‍റെ ഒരു ദിനം കൂടിയാണിതെന്നും വികാരി ഫാ. ബെന്നി മാത്യു അഭിപ്രായപ്പെട്ടു .

വാർത്താസമ്മേളനത്തിൽ സഹവികാരി ഫാ. പോൾ ജേക്കബ് , ഫാ. ഗീവർഗീസ് മാത്യു ,ട്രസ്റ്റി ജോർജ് വി. ജോർജ്, സെക്രട്ടറി ജെയിംസൺ പാപ്പച്ചൻ , ജോയിന്‍റ് ജനറൽ കൺവീനർ ജോൺസൺ കാട്ടൂർ, ഫിനാൻസ് കൺവീനർ എബ്രഹാം ജോസഫ് , പബ്ലിസിറ്റി കൺവീനർ സിബി കടവിൽ എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള