കുവൈത്ത്: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്റെ(ഫോക്ക്) 13ാം വാർഷികാഘോഷവും കണ്ണൂർ മഹോത്സവവും ഫോക്ക് വനിതാ വേദി പത്താം വാർഷികവും 16ന് വെള്ളിയാഴ്ച ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ അബാസിയയിൽ ഉച്ചയ്ക്ക് 12 മുതൽ വിവിധ കലാപരിപാടികളോടെ അരങ്ങേറും.
ഫോക്ക് വനിതാവേദി പത്താം വാർഷികത്തോടനുബന്ധിച്ചു സ്ത്രീ ശാസ്തീകരണം വിഷയമാക്കി 50ൽ പരം വനിതകളെ അണിനിരത്തി ഫോക്ക് സംഘടിപ്പിക്കുന്ന നൃത്ത സംഗീത നാടകം ’വീരാംഗന’ മുഖ്യ ആകർഷകമായിരിക്കും. സിനിമ പിന്നണിഗായകനും വോയിസ് ഓഫ് അറേബ്യാ വിജയി അജയ് ഗോപാൽ, സിനിമാ പിന്നണി ഗായിക വിനിത, പ്രശസ്ത കീസ്റ്റാർ ആർട്ടിസ്റ്റ് സുമേഷ് കൂട്ടിക്കൽ, വാട്ടർ ഡ്രം പ്ലയെർ വിജയൻ ചിറ്റടി എന്നിവരെ കൂടാതെ കുവൈത്തിലെ പ്രമുഖ ഗായകരും അണിനിരക്കുന്ന സംഗീത നിശയും ഉണ്ടാവും. പ്രശസ്ത ഡിജെയും അവതാരകനുമായ ആർജെ സൂരജ് വിവിധ സാമൂഹിക പ്രവർത്തകരും പങ്കെടുക്കും. ചടങ്ങിൽ ഫോക്ക് കുടുംബത്തിലെ മികച്ച വിദ്യാർഥികൾക്കുള്ള അവാർഡുകൾ സമ്മാനിക്കും. പ്രളയ ദുരിതാശ്വാസം ഉൾപ്പെടെ 17 ലക്ഷത്തിൽപരം രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ ഈ വർഷം നടത്തിയതായി ഭാരവാഹികൾ അറിയിച്ചു.
പതിനൊന്നാമത് ’ഗോൾഡൻ ഫോക്ക്’ പുരസ്കാരം സർക്കസ് കുലപതി ജെമിനി ശങ്കരന് നവംബർ അവസാനവാരം കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഒക്ടോബർ അവസാനവാരം കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. കെ.കെ.ആർ. വെങ്ങര, കെ.കെ. മാരാർ, ദിനകരൻ കൊന്പിലാത്ത് എന്നിവരടങ്ങിയ ജൂറി അംഗങ്ങൾ. രാജേഷ് പരപ്രത്ത് , ബിജു ആന്റണി, ശശി കുമാർ എന്നിവരാണ് അവാർഡ് പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്ന കുവൈറ്റിലെ കമ്മിറ്റി അംഗങ്ങൾ.
അബാസിയ ഫോക്ക് ഹാളിൽ നടന്ന പത്ര സമ്മേളനത്തിൽ പ്രസിഡന്റ് കെ. ഓമനക്കുട്ടൻ, ജനറൽ സെക്രട്ടറി സേവ്യർ ആന്റണി, ട്രഷറർ വിനോജ് കുമാർ, കണ്ണൂർ മഹോത്സവ ജനറൽ കണ്‍വീനർ ബിജു ആന്റണി, വനിതാ വേദി ചെയർപേഴ്സണ്‍ ലീന സാബു, ജനറൽ കണ്‍വീനർ അഡ്വ. രെമ സുധീർ, അവാർഡ് കമ്മിറ്റി അംഗം ശശി കുമാർ, മീഡിയ കണ്‍വീനർ രജിത് എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ