റിയ അബീര്‍ രക്തദാന ക്യാമ്പ് നടത്തി
Sunday, January 20, 2019 4:04 PM IST
റിയാദ്: ഇന്ത്യയുടെ എഴുപതാമസ് റിപ്പബ്ലിക്ക് ദിനത്തിനു മുന്നോടിയായി വെള്ളിയാഴ്ച റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) അബീര്‍ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ചുകൊണ്ട് രക്തദാന ക്യാമ്പ് നടത്തി. ലോകാരോഗ്യ സംഘടനയുടെ മുദ്രാവാക്യമായ 'രക്തം നല്കു ജീവന്‍ രക്ഷിക്കൂ' എന്ന ആശയത്തെ മുന്‍നിര്‍ത്തി റിയാദ് കിങ് ഖാലിദ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നടന്ന രക്തദാന ക്യാമ്പയിനില്‍ വനിതകള്‍ ഉള്‍പ്പെടെ 126 ആളുകളാണ് രക്തദാനം നിര്‍വഹിച്ചത്

തുടര്‍ന്ന് റിയയുടെ പ്രസിഡന്റ് അബ്ദുള്‍സലാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ രക്ത ദാന ക്യാമ്പയിന്‍ കോര്‍ഡിനേറ്റര്‍ ഷെറിന്‍ ജോസഫ് സ്വാഗതം പറഞ്ഞു .ഇന്ത്യന്‍ എംബസിയുടെ സെക്കന്റ് സെക്രട്ടറി വിജയ് കുമാര്‍ സിംഗ് റിയ ചെയ്തുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും രക്ത ദാതാക്കളെ അഭിനന്ദിക്കുകയും ചെയ്തു. രക്ത ദാനത്തിന്റെ ആവശ്യകതയെ കുറിച്ചു ഊന്നിപ്പറയുകയുണ്ടായി റിപ്പബ്ലിക്ക് ദിനത്തില്‍ എല്ലാവരെയും എംബസിയിലേക്ക് ക്ഷണിക്കുകയും ചെയ്തു . ബ്ലഡ് ബാങ്ക് ജീവനക്കാരായ ഡോ .സലിം, മന്നന്‍ എന്നിവരുടെ ആശംസ പ്രസംഗത്തില്‍ റിയയുടെ രക്തദാന ക്യാമ്പയിനെ പ്രശംസിച്ചു. ഡോ .ഷനൂബ് (അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് ) ആശംസകള്‍ അറിയിച്ചു തുടര്‍ന്നും റിയയുമായി ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.റിയയുടെ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഏലിയാസ് റിയ ചെയ്തു വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയുണ്ടായി. വനിത പ്രതിനിധിയായി സ്വപ്ന മഗേഷും യോഗത്തില്‍ സംസാരിക്കുകയുണ്ടായി.

റിയയുടെ സെക്രട്ടറി ബിജു ജോസഫ് രാവിലെ 9 മണിക്ക് രക്തദാനം ചെയ്ത ഉദ്ഘാടനം ചെയ്കയും ,ഷെറിന്‍ ജോസഫ്, ഏലിയാസ് അയ്യമ്പിളി , ബിജു ജോസഫ് , മോനിച്ചന്‍, കോശി മാത്യു ,ഡെന്നി ഇമ്മട്ടി, ശിവകുമാര്‍ ,നസീര്‍ കുമ്പശ്ശേരി , മെഹബൂബ് , മോഹന്‍ പോന്നത്ത്, ഉമ്മര്‍കുട്ടി ,ജോര്‍ജ് ജേക്കബ്, ബെന്നി തോമസ്,സിനില്‍ , സ്വപ്ന മഗേഷ് എന്നിവര്‍ ഈ രക്തദാന പ്രചാരണത്തിന് നേതൃത്വം നല്കുകയും ചെയ്തു.

സന്നദ്ധ രക്തദാതാക്കളെ റിയ പ്രത്യേകം അഭിനന്ദിച്ചു. കൂടാതെ കിങ് ഖാലിദ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ജീവനക്കാരോടും പ്രത്യേകം നന്ദി അറിയിച്ചു. കിങ് ഖാലിദ് ആശുപത്രിയില്‍ രക്തദാനത്തിനു വേണ്ടുന്ന എല്ലാ വിധ സഹായ സഹകരണം ചെയ്തു തന്ന സല്‍മാന്‍ ഖാലിദിനോടും മുതലാഖ് അല്‍ റാഷിദിനോടും റിയയുടെ പ്രത്യേകം നന്ദി അറിയിച്ചു.കൂടതെ രക്ത ദാന ദിവസത്തില്‍ സന്നദ്ധ സേവനം ചെയ്ത എല്ലാ ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്കും പ്രശംസാപത്രവും കൈമാറി.