ഇന്ത്യൻ ഈ വീസ: സൗദികൾക്കും ലഭ്യമാക്കും
Monday, February 18, 2019 6:27 PM IST
റിയാദ്: ഇന്ത്യയിലേക്ക് പോകുന്ന സൗദികൾക്ക് ഇലക്ട്രോണിക് വീസ ലഭ്യമാക്കാനുള്ള സൗകര്യം ഉടനെ നടപ്പിലാകും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെ ഇന്ത്യ സന്ദർശന വേളയിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം വരാൻ സാധ്യതയുള്ളതായി ഹൃസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ ഇന്ത്യൻ ടൂറിസം ഡയറക്ടർ ജനറൽ സത്യജിത് രാജൻ പറഞ്ഞു.

ഓരോ വർഷവും ഇന്ത്യയിലേക്ക് വരുന്ന വിദേശികളിൽ വലിയൊരു പങ്ക് സൗദി അറേബ്യയിൽ നിന്നാണ്. ടൂറിസം, മെഡിക്കൽ, വ്യാപാരം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ സൗദിയിൽ നിന്നും ഇന്ത്യയിലേക്ക് ആളുകൾ യാത്ര ചെയ്യുന്നുണ്ട്. വീസ ഓൺലൈൻ ആയി ലഭിക്കാനുള്ള സൗകര്യം ഉണ്ടെങ്കിൽ വരും വർഷങ്ങളിൽ ഇന്ത്യയിലേക്ക് സൗദിയിൽ നിന്നുള്ള യാത്രക്കാരിൽ വൻവർധനയാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ 166 രാജ്യങ്ങൾക്കാണ് ഇന്ത്യയിലേക്ക് ഇലക്ട്രോണിക് വീസ സൗകര്യം ഉള്ളത്. ജി സി സി രാജ്യങ്ങളിൽ യു എ ഇ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഈ വീസ ലഭ്യമാകുന്നത്. ബഹ്റൈൻ, സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ പൗരന്മാർ അതാതു രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ മുഖേനയാണ് വിസ എടുത്തിരുന്നത്. ഇന്ത്യൻ വീസ ലഭിക്കാൻ വിരലടയാളം രേഖപ്പെടുത്തൽ നിര്ബന്ധമാക്കിയതോടെ സൗദി അറേബ്യയിലെ വിദൂര പ്രദേശങ്ങളിലുള്ളവർക്ക് വിസ അപേക്ഷ സമർപ്പിക്കാൻ ഒട്ടേറെ വിഷമം നേരിട്ടിരുന്നു. ഇലക്ട്രോണിക് വിസ നടപ്പിലാകുന്നതോടെ ഇത്തരം ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും.

2014 സെപ്റ്റംബർ മാസം മുതലാണ് ഇന്ത്യ ആദ്യമായി ഇ വീസ സൗകര്യം ഏർപ്പെടുത്തിയത്. അന്ന് 46 രാജ്യങ്ങൾക്ക് മാത്രമാണ് ഇത് ലഭ്യമായിരുന്നത്. കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവയടക്കം ഇന്ത്യയിലെ 28 വിമാനത്താവളങ്ങളിലും 5 തുറമുഖങ്ങളിലും ഈ
സൗകര്യം ലഭ്യമാണ്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ