ഇസ് ലാഹി സെന്‍റർ ലൈറ്റ് കോൺഫറൻസ്
Wednesday, February 20, 2019 7:29 PM IST
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനത്തിന്‍റെ ഒഴിവ് ദിവസങ്ങളിൽ കാരുണ്യത്തിന്‍റെ പ്രവാചകൻ ലോകത്തെ പഠിപ്പിച്ച ഗുണകാംക്ഷയിലധിഷ്ഠിതമായ മതത്തിന്‍റെ നന്മയുടെ മുഖത്തെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുഹമ്മദ് നബി (സ്വ) മാതൃക, അനുധാവനം എന്ന പ്രമേയത്തിൽ ലൈറ്റ് കോൺഫറൻസ് സംഘടിപ്പിക്കുമെന്ന് കുവൈത്ത് കേരള ഇസ് ലാഹി സെന്‍റർ ഭാരവാഹികൾ അറിയിച്ചു.

ഫെബ്രുവരി 22 ന് (വെള്ളി) വൈകുന്നരം ആരംഭിക്കുന്ന കോൺഫറൻസ് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി കുവൈത്തിന്‍റെ വിവിധ വേദികളിൽ നടക്കും. ഹദീസ് പഠനത്തിന്‍റെ പ്രാധാന്യവും ഗൗരവവും പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതും സമ്മേളനം ലക്ഷ്യമിടുന്നു. ഇതിന്‍റെ ഭാഗമായി നാല് സോണുകളായി സംഘടിപ്പിച്ച പ്രചാരണ സമ്മേളനങ്ങളുടെ തുടർച്ചയായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വെള്ളിയാഴ്ച ഖുർത്വുബ ജംഇയ്യത്ത് ഇഹ് യാഉത്തുറാസ് അൽ ഇസ് ലാമി ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6 ന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഹദീസ് സെമിനാർ ജംഇയ്യത്ത് ഇഹ് യാഉത്തുറാസ് അൽ ഇസ് ലാമി ചെയർമാൻ ഷെയ്ഖ് താരിഖ് ഈസ സാമി അൽ ഈസ ഉദ്ഘാടനം ചെയ്യും. വിസ് ഡം സ്റ്റുഡൻസ് വിംഗ് സംസ്ഥാന സെക്രട്ടറിയും യുവപ്രഭാഷകനുമായ നിസാർ സ്വലാഹി പ്രവാചക ജീവിതത്തിലെ വൈകാരിക നിമിഷങ്ങൾ എന്ന വിഷയത്തിലും വിസ് ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡൻറും ജാമിഅ അൽ ഹിന്ദ് ഡയരക്ടറുമായ ഫൈസൽ മൌലവി പുതുപ്പറന്പ് ഹദീസ് പ്രാമാണികത വിമർശനങ്ങൾ മറുപടികൾ എന്ന വിഷയത്തിലും പ്രഭാഷണം നിർവഹിക്കും.

23 ന് രാവിലെ 9 മണി മുതൽ ഇസ് ലാഹി ഇൻറർ മദ്റസ സർഗമേള ജഹ്റ പാക്കിസ്ഥാൻ സ്കൂളിൽ വെച്ച് നടക്കും. ഇസ് ലാഹി സെൻറർ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അബ്ബാസിയ, ഫർവാനിയ, ഫഹാഹീൽ, സാൽമിയ, ജഹ്റ എന്നിവടങ്ങളിലായി നടക്കുന്ന മദ്റസകളിലെ വിദ്യാർഥികൾ തമ്മിൽ 6 വേദികളിലായി 84 ഇനങ്ങളിൽ മത്സരം നടക്കുന്നത്. ഇതിൻറെ മുന്നോടിയായി സംഘടിപ്പിച്ച മദ്രസ ഡേകളിൽ ഒന്നും രണ്ടും സമ്മാനം ലഭിച്ച കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. കിഡ് സ്, സബ് ജൂനിയർ, ജൂനിയർ ബോയ് സ്, ജൂണിയർ ഗേൾസ്, സീനിയർ ബോയ് സ്, സീനിയർ ഗേൾസ് എന്നീ കാറ്റഗറികളായാണ് മത്സരിക്കുന്നത്.

24 ന് വൈകിട്ട് 4 മുതൽ ഖുർത്വുബ ജംഇയ്യത്ത് ഇഹ് യാഉത്തുറാസ് അൽ ഇസ് ലാമി ഓഡിറ്റോറിയത്തിൽ കിസ് വ (കുവൈത്ത് ഇസ് ലാഹി വുമൺസ് അസോസിയേഷൻ) ആഭിമുഖ്യത്തിൽ നടക്കുന്ന വനിതാ സമ്മേളനത്തിൽ അസ്കർ സ്വലാഹി ആമയൂർ (സ്വർഗ വീഥിയിലെ ത്യാഗികൾ), ഡോക്ടർ മുഫാസില മുഹമ്മദ് (കുടുംബം ചില ഓർമപ്പെടുത്തലുകൾ) എന്നിവർ വിഷയമവതരിപ്പിക്കും.

വിസ് ഡം ഇസ് ലാമിക് ഓർഗനൈസേഷൻ പ്രസിഡൻറ് പി.എൻ.അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ യുഎഇ ഇസ് ലാഹി സെൻറർ പ്രസിഡൻറും പ്രമുഖ പ്രഭാഷകനുമായ ഹുസൈൻ സലഫി കിതാബിലെ വനിത പദവിയും ചുമതലകളും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.

ലൈറ്റ് കോൺഫറൻസിന്‍റെ സമാപന സമ്മേളനം 25 ന് (തിങ്കൾ) വൈകുന്നേരം 6 ന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടക്കും. കുവൈത്ത് പാർലമെന്‍റ് മെന്പർ മുഹമ്മദ് ഹായിഫ് അൽ മുത്വൈരിഉദ്ഘാടനം നിർവഹിക്കും. മുസ് ലിം ഉമ്മത്തിൻറെ നബിവിചാരങ്ങൾ എന്ന വിഷയത്തിൽ പി.എൻ.അബ്ദുല്ലത്തീഫ് മദനി പ്രഭാഷണം നടത്തും.മുഹമ്മദ് നബി (സ്വ) മാതൃക, അനുധാവനം എന്ന വിഷയത്തിൽ ഹുസൈൻ സലഫി സമാപന പ്രഭാഷണം നടത്തും. എല്ലാ പരിപാടികളിലേക്കും കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യമേർപ്പെടുത്തിയിട്ടുണ്ടെന്നും സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും സംഘാടക സമിതി ചെയർമാൻ പി.എൻ.അബ്ദുല്ലത്തീഫ് മദനി, ജനറൽ കൺവീനർ സുനാഷ് ശുക്കൂർ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

വിവരങ്ങൾക്ക് 97895580, 99972340, 97162805.

റിപ്പോർട്ട്: സലിം കോട്ടയിൽ