കുവൈത്തിൽ ഹെൽത്ത് കെയർ എക്സ്പോ സംഘടിപ്പിച്ചു
Tuesday, March 19, 2019 11:01 PM IST
കുവൈത്ത് സിറ്റി: കുവൈത്ത് മെഡിക്കൽ അസോസിയേഷന്‍റേയും ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്‍റേയും ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിലിന്‍റേയും സഹകരണത്തോടെ കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹെൽത്ത് കെയർ എക്സ്പോ സമാപിച്ചു.

ആരോഗ്യമേള ഉദ്ഘാടനം ചെയ്ത കുവൈത്ത് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ മുഹമ്മദ് അൽ റിദാ, രാജ്യത്തെ ആരോഗ്യമേഖലയിൽ ഇന്ത്യൻ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും നൽകി വരുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതെന്ന് പറഞ്ഞു.

റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ പ്രസിഡന്‍റ് ഡോ. ശ്രീനാഥ് റെഡ്ഡി മുഖ്യപ്രഭാഷണം നടത്തി. സാധാരണക്കാർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാകുന്ന കാര്യത്തിൽ ഇന്ത്യയിലെ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന ശ്രദ്ധ എടുത്തുപറയേണ്ടതാണെന്ന് ഡോ. ശ്രീനാഥ് റെഡ്ഡി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ അംബാസഡർ കെ. ജീവ സാഗർ, കുവൈത്ത് മെഡിക്കൽ അസാസിയേഷൻ പ്രസിഡന്‍റ് ഡോ. അഹമ്മദ് അൽതുവൈനി അൽ അനേസി, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡന്‍റ് ഡോ. സുരേന്ദ്ര നായക്, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷണൽ കൗൺസിൽ അധ്യക്ഷൻ ഷിവി ബാസിൻ എന്നിവർ സംസാരിച്ചു.

ഇന്ത്യൻ ആരോഗ്യമേഖലയിലെ പുത്തൻ സാധ്യതകൾ പരിചയപ്പെടുത്തിയ ബെസ്റ്റ് ഓഫ് ഇന്ത്യൻ ഹെൽത്ത് കെയർ എക്സ്പോ ശ്രദ്ധേയമായിരുന്നു. ഇന്ത്യൻ ആരോഗ്യമേഖല കൈവരിച്ച നേട്ടങ്ങൾ കുവൈത്ത് സമൂഹത്തിനും വിദേശികൾക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോ സംഘടിപ്പിച്ചത്.

റാഡിസൺ ബ്ലൂ ഹോട്ടലിൽ രണ്ടുദിവസങ്ങളിലായി നടന്ന മേളയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ചികിത്സാലയങ്ങളും ആരോഗ്യപ്രവർത്തകരും പങ്കെടുത്തു. അപ്പോളോ മാക്സ് സൂപ്പർ സ്പെഷാലിറ്റി, സൈഫി യൂണിറ്റി കെയർ ആൻഡ് ഹെൽത്ത് സർവിസസ്, ഇഖ്‌റ തുടങ്ങി 20ഓളം ആശുപത്രികൾ തങ്ങളുടെ സേവനങ്ങൾ പരിചയപ്പെടുത്തി. കോട്ടക്കൽ ആര്യവൈദ്യശാല, ആയുർഗ്രീൻ തുടങ്ങിയ ആയുർവേദ ചികിത്സ കേന്ദ്രങ്ങളും മേളയിൽ പങ്കെടുത്തു. മേളയുടെ ആദ്യദിനംതന്നെ ആയുർവേദ ചികിത്സയുടെ സാധ്യത തേടി നിരവധി പേരാണ് എത്തിയത്. ഇന്ത്യയിലെ ചികിത്സ ചെലവ് സംബന്ധിച്ചും അന്വേഷണങ്ങൾ ഉണ്ടായതായി സംഘാടകർ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ