നവകേരള നിർമിതി: കേളിയുടെ രണ്ടാംഘട്ട സഹായം മുഖ്യമന്ത്രിക്ക് കൈമാറി
Thursday, March 21, 2019 9:06 PM IST
റിയാദ്: പ്രളയകെടുതിയിൽ തകർന്ന കേരളത്തിന്‍റെ പുനർനിർമിതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാസ്വാസനിധിയിലേക്കുള്ള റിയാദ് കേളി കലാ സാംസ്കാരിക വേദിയുടെ രണ്ടാംഘട്ട സഹായധനം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കേളി മുഖ്യ രക്ഷാധികാരി കെ.ആര്‍ ഉണ്ണികൃഷ്ണന്‍റെ സാന്നിധ്യത്തില്‍ മുഖ്യരക്ഷാധികാരി കമ്മിറ്റി അംഗം കെ.പി.എം.സാദിക്ക് ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. കേളി കേന്ദ്രകമ്മിറ്റി അംഗം റഫീക്ക് പാലത്ത്, മുന്‍ കേന്ദ്രകമ്മിറ്റി അംഗം പ്രിയേഷ് കുമാര്‍ എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ചു.

ഒന്പതാമത് കേളി ഫുട്‌ബോളിന്‍റെ ഉദ്ഘാടന ചടങ്ങിൽ ചേനാടൻ ഗ്രൂപ്പിന്‍റെ സംഭാവനയോടെയായിരുന്നു ദുരിതാസ്വാസനിധിയിലെക്കുള്ള രണ്ടാം ഘട്ട പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കേളിയുടെ ആദ്യ ഗഡുവായി സമാഹരിച്ച 30 ലക്ഷം രൂപ മന്ത്രി ഇ.പി.ജയരാജന് കൈമാറിയിരുന്നു. കൂടാതെ റിയാദിലെ പ്രവാസി കൂട്ടായ്‌മകളുടെ പൊതുവേദിയായ എന്‍ആര്‍കെ വെല്‍ഫയര്‍ ഫോറത്തിന്‍റെ നേതൃത്വത്തില്‍ സമാഹരിച്ച ദുരിതാശ്വാസ ഫണ്ടിലേക്ക് കേളിയുടെ വിഹിതമായി ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത കേളിയുടെ പ്രവർത്തകരുടെയും തമിഴ്നാട് സ്വദേശിയായ സിദ്ദിക്ക് കൊബ്ലാന്‍റേയും സംഭാവനയടക്കം അരക്കോടിയിലേറെ രൂപയാണ് കേളി ഇതുവരെയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുള്ളത്.

റിപ്പോർട്ട്: സലിം കോട്ടയിൽ