മലയാളം മിഷന്‍ ഒമാന്‍ ചാപ്റ്റർ കലാമേള മാർച്ച് 21, 22, 23 തീയതികളിൽ
Thursday, March 21, 2019 9:18 PM IST
മസ്കറ്റ് : പ്രവാസികളില്‍ മലയാള ഭാഷ വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തോടെ "എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന മുദ്രാവാക്യവുമായി മലയാളം മിഷന്‍ ഒമാൻ ചാപ്റ്റർ "ഉത്സവം' എന്ന പേരിൽ കലാമേള സംഘടിപ്പിക്കുന്നു.

തെയ്യം, കരിങ്കാളിയാട്ടം, മയിലാട്ടം, ഗോദാവരിയാട്ടം, കണ്ണേറു പാട്ടുകള്‍, തോറ്റം പാട്ടുകള്‍, നാടന്‍ പാട്ടുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് കലാമേളയിൽ അണിനിരക്കുന്നത്.

പരിപാടിയുടെ ഭാഗമായി കളരിപ്പയറ്റിലെ ശക്തമായ സ്ത്രീ സാന്നിധ്യമായ പത്മശ്രീ മീനാക്ഷി അമ്മയെ വേദിയില്‍ ആദരിക്കും. ഏഴാം വയസില്‍ പരിശീലനം തുടങ്ങി എഴുപത്തെട്ടാം വയസിലും കളരിയുമായി ജീവിക്കുന്ന അതുല്യ പ്രതിഭയുടെ നേതൃത്വത്തില്‍ എത്തുന്ന സംഘം മസ്കറ്റിലെ പ്രവാസികള്‍ക്കായി കളരിപ്പയറ്റ് പ്രദര്‍ശനം നടത്തും.

മസ്കറ്റ് പഞ്ചവാദ്യസംഘത്തിന്‍റെ തായമ്പകയും പ്രശസ്ത നർത്തകികളായ ശ്രീവിദ്യ വിജയൻ, വർഷ വിജയൻ എന്നിവർ ചേർന്നൊരുക്കുന്ന ശാസ്ത്രീയ നൃത്തവും പരിപാടിയിൽ അരങ്ങേറും.

മാര്‍ച്ച് 21ന് നിസ്വയിലെ നിസ്വ ഹെറിറ്റേജ് കൾച്ചറൽ സെന്‍ററിലും 22 ന് റൂവിയിലെ അല്‍ ഫലാജ് ഹോട്ടലിലും 23 ന് സോഹാറിലെ ഹംബറിലുള്ള വിമൻസ് അസോസിയേഷൻ ഹാളിലുമായാണ് ഉത്സവം സംഘടിപ്പിക്കുന്നത്.

2019 ലെ പ്രവാസി ഭാരതീയ സമ്മാൻ അവാർഡിന് അർഹനായ വി.ടി.വിനോദിന് പരിപാടിയിൽ സ്വീകരണം നൽകും. ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ പി.കെ.പ്രകാശ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

റൂവി ഗോൾഡൻ തുലിപ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ മലയാളം മിഷൻ ഒമാൻ ചാപ്റ്റർ ചീഫ് കോ ഓർഡിനേറ്റർ സന്തോഷ് കുമാർ, സംഘാടക സമിതി ചെയർമാൻ സിദ്ധിക്ക് ഹസൻ, കമ്മിറ്റി അംഗങ്ങളായ കെ. രതീശൻ, സരസൻ മാസ്റ്റർ, ഷമീർ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: ബിജു വെണ്ണിക്കുളം