സ്വദേശിവത്കരണം ത്വരിതപ്പെടുത്തി കുവൈത്ത്
Thursday, May 16, 2019 4:35 PM IST
കുവൈത്ത് സിറ്റി : വിവിധ വകുപ്പുകളില്‍ സ്വദേശിവത്കരണം ത്വരിതപ്പെടുത്തുവാനുള്ള നീക്കങ്ങളുമായി കുവൈത്ത് സര്‍ക്കാര്‍. എണ്‍പതിനായിരത്തിലേറെ സ്വദേശികളാണ് സർക്കാർ ജോലിക്കുവേണ്ടി അപേക്ഷ നൽകിയിട്ടുള്ളത്. വിവധ ഘട്ടങ്ങളിലായി 75627 പേർക്ക് നിയമനം നൽകിയതായി സിവില്‍ സര്‍വീസ് കമ്മിറ്റി അറിയിച്ചു.

സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയം 220 വിദേശികളെ പിരിച്ചുവിട്ടു. പൊതുമേഖലയിൽ സ്വദേശിവത്കരണം പൂർത്തിയാക്കണമെന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായാണ് തീരുമാനം.

അതിനിടെ വിവിധ മേഖലകളിൽ വിദഗ്ധരായ തൊഴിലാളികളുടെ കുറവ് സ്വദേശിവത്കരണം മൂലം അനുഭവപ്പെടുന്നതായി ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡോക്ടർ, നഴ്സ്, അധ്യാപനം തുടങ്ങിയ മേഖലയില്‍ സ്വദേശികളായ പ്രവൃത്തിപരിചയമുള്ളവരെ ലഭിക്കുവാന്‍ വളരെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. 65 വയസ് പൂര്‍ത്തിയാക്കിയ വിദേശികളെ ആരോഗ്യ വകുപ്പില്‍ നിന്നും പിരിച്ചു വിടുവാന്‍ നടപടികള്‍ ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ടു ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ