വായനയുടെ വാതായനം തുറക്കാൻ വായന മരം
Wednesday, July 17, 2019 10:02 PM IST
അബുദാബി: കേരള സോഷ്യൽ സെന്‍റർ കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിന് നടപ്പാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി വായനമരം പദ്ധതിക്ക് തുടക്കമായി. സെന്‍ററിൽ നടക്കുന്ന സമ്മർ ക്യാമ്പിന് നേതൃത്വം നൽകുന്ന അധ്യപകനും എഴുത്തുകാരനുമായ ബാലചന്ദ്രൻ എരവിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ലൈബ്രെറിയൻ കെ.കെ ശ്രീവത്സൻ വായനമരം പദ്ധതിയെക്കുറിച്ച് വിവരിച്ചു. കുട്ടിയുടെ പേരും വായിച്ച പുസ്തകത്തിന്‍റെ പേരും ഗ്രന്ഥകർത്താവിന്‍റെ പേരും എഴുതിയ പേപ്പർ ഇലയുടെ ആകൃതിയിലാക്കി മര ശിഖരങ്ങളിൽ ഒട്ടിച്ചാണ് വായനയ്ക്കൊപ്പം കുട്ടികൾ വായനമരം വളർത്തുന്നത്.

വായിച്ച പുസ്തകത്തിന്‍റെ മുഖ ചിത്രത്തിന്‍റെ കോപ്പി തൂക്കിയിട്ടും മരം ഭംഗിയാക്കാം. രണ്ട് മാസത്തിലൊരിക്കൽ ഏറ്റവും കൂടുതൽ പുസ്തകം വായിച്ച് കുറിപ്പ് തയാറാക്കുന്ന കുട്ടിക്ക് സമ്മാനവും നൽകും. 15 വയസുവരെയുള്ള കുട്ടികൾക്ക് പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. "പുസ്തകചങ്ങാത്തം' എന്ന പേരിൽ കുട്ടികൾക്ക് കേരള സോഷ്യൽ സെന്‍റ ർ ലൈബ്രറിയിൽ പ്രത്യേക അംഗത്വം എടുക്കുവാനുള്ള അവസരവും ഉണ്ട്. കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുവാൻ കൈയെഴുത്ത് മാസികയും പ്രസിദ്ധപ്പെടുത്തുന്നുണ്ട്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള