പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രവാസികളും രംഗത്തിറങ്ങണം: സോഷ്യൽ ഫോറം കുവൈത്ത്
Tuesday, December 10, 2019 10:29 PM IST
കുവൈത്ത്: രാജ്യത്തെ പൗരന്മാരെ മതത്തിന്‍റെ പേരിൽ വേർതിരിച്ച് പീഡിപ്പിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രവാസികളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത് കേരളാ സ്റ്റേറ്റ് കമ്മറ്റി അഭിപ്രായപ്പെട്ടു.

രാജ്യത്തെ പൗരന്മാർക്ക് ഭരണഘടന ഉറപ്പു നൽകുന്ന എല്ലാ മൂല്യങ്ങളും അവഗണിച്ച് കേന്ദ്ര സർക്കാർ പാസാക്കിയെടുത്ത ഈ ബില്ലിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കേണ്ടത് അനിവാര്യമാണ്. വിവിധ രീതിയിലുള്ള അക്രമങ്ങൾക്ക് വിധേയരായി കൊണ്ടിരിക്കുന്ന രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് നേരെ ഭരണകൂടം നേരിട്ടു നടത്തുന്ന അക്രമമാണിത്. തീർത്തും വർഗീയ താൽപര്യമുള്ള ഈ ബില്ലിനെതിരേ മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒന്നിച്ച് അണിനിരക്കണമെന്നും കൗണ്‍സിൽ ആവശ്യപ്പെട്ടു.

വർഗീയ ധ്രുവീകരണം സാധ്യമാക്കി മതത്തിന്‍റെ പേരിൽ രാജ്യത്തെ വെട്ടിമുറിക്കാനുള്ള ഫാഷിസ്റ്റുകളുടെ തന്ത്രത്തിന്‍റെ ഭാഗമാണിത്. ഇതിനെതിരെ പ്രവാസലോകത്ത് യോജിച്ചുള്ള പ്രതിഷേധങ്ങൾക്കും ബോധവൽകരണ പരിപാടികൾക്കും ഇന്തൃൻ സോഷൃൽ ഫോറം നേതൃത്വം നൽകുമെന്നും സ്റ്റേറ്റ് കമ്മിറ്റി അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ