താമസ രേഖാ കാലാവധി കഴിഞ്ഞവര്‍ പിഴ അടക്കണം
Wednesday, April 8, 2020 10:17 PM IST
കുവൈത്ത് സിറ്റി: താമസ രേഖാ കാലാവധി കഴിഞ്ഞ് പുതുക്കുന്നവര്‍ മാർച്ച് 1 മുതൽ ആരംഭിക്കുന്ന കാലതാമസത്തിനു പിഴ നല്‍കേണ്ടി വരുമെന്നു അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. വിദേശികള്‍ക്ക് താമസ രേഖ പുതുക്കുന്നതിനായും ഇടപാടുകൾ വേഗത്തിലാക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം ഓൺലൈൻ റസിഡൻസ് പുതുക്കൽ സേവനം ആരംഭിച്ചിരുന്നു.

കൃത്യസമയത്ത് റെസിഡൻസി വീസ പുതുക്കാതിരുന്നാല്‍ ആ ദിവസങ്ങളില്‍ പിഴ ചുമത്താനാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. പിഴ നല്‍കുവാന്‍ സാധിക്കാത്തവര്‍ പൊതുമാപ്പ് ആനുകൂല്യം ഉപയോഗിച്ച് മാതൃ രാജ്യത്തേക്ക് പോകണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കും ഫാമിലി വീസകൾക്കുമായി മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് (www.moi.gov.kw) വഴി ഓൺലൈനിൽ താമസ പുതുക്കൽ സേവനങ്ങൾ ലഭ്യമാണ്.

കൊറോണ വൈറസ് വ്യാപിക്കുന്നതിന്‍റെ പാശ്ചാത്തലത്തില്‍ താമസ രേഖ പുതുക്കല്‍ ഓണ്‍ലൈന്‍ വഴി ചെയ്യുവാനും അതിലൂടെ ആളുകള്‍ കൂടിച്ചേരുന്നത് ഒഴിവാക്കാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

റിപ്പോർട്ട്: സലിം കോട്ടയിൽ