അബാസിയയില്‍ സൗജന്യ ഭക്ഷ്യ വിതരണം ആരംഭിച്ചു
Thursday, April 9, 2020 9:35 PM IST
ജലീബ്, കുവൈത്ത്: സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അബാസിയയിൽ സർക്കാർ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഭക്ഷണ വിതരണം ചെയ്തു. ഭക്ഷണം നൽകുന്നതിനെ തുടർന്ന് നീണ്ട ക്യൂവുകളാണ് രൂപപെട്ടത്. എല്ലാ ദിവസവും പ്രദേശത്തെ ആളുകൾക്കായി ഭക്ഷണ വിതരണം ഉണ്ടാകും. അടിസ്ഥാന ആവശ്യങ്ങൾക്കും ജലത്തിനും ഒരു കുറവുമില്ലെന്ന് അധികൃതർ ഉറപ്പ് വരുത്തിയതായും പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങൾ വിലയിരുത്തുന്നതിനുള്ള സംവിധാനങ്ങൾ നിലവിലുണ്ടെന്നും അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

ആവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി കോ-ഓപ്പറേറ്റിവ് സ്റ്റോറുകളുടെ എല്ലാ ശാഖകളും തുറന്നിട്ടുണ്ട്. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. ഭക്ഷണ, മെഡിക്കൽ ആവശ്യങ്ങൾക്കായി 112 എന്ന നമ്പറിൽ വിളിക്കാവുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിവിൽ ഐഡി അടിസ്ഥാനമാക്കി കോൾ ലഭിച്ചുകഴിഞ്ഞാൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു നൽകുമെന്നും അധികൃതർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ