"വീട്ടിൽ നിന്നും വീട്ടിലേക്ക്' സംരംഭം ജനങ്ങളുമായി സമ്പർക്കം മെച്ചപ്പെടുത്തി : അബുദാബി പോലീസ്
Saturday, May 23, 2020 5:52 PM IST
അബുദാബി: പൊതു ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയം ഉറപ്പുവരുത്തുന്നതിനും നിലവിലെ സാഹചര്യങ്ങളിൽ ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും നൽകുന്നതിനും "വീട്ടിൽ നിന്ന് വീട്ടിലേക്ക്' എന്ന സംരംഭത്തിന്‍റെ ഭാഗമായി അബുദാബി പോലീസ് ദിവസവും ഓരോ വീഡിയോ എന്ന കണക്കിൽ മാസത്തിൽ പോലീസിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കു വച്ചിരുന്നു.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പൊതു സമൂഹത്തിലേക്ക് ശരിയായ വിവരങ്ങൾ എത്തിക്കേണ്ടതിന്‍റെ ആവശ്യകത കണക്കിലെടുത്താണ് ഇത്തരത്തിൽ ഒരു സംരംഭം തുടങ്ങാൻ പ്രചോദനമായതെന്നു അബുദാബി പോലീസ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അലി അൽ മുഹൈരി പറഞ്ഞു.

പോലീസിന്‍റെ വിവിധ വിഭാഗത്തിലുള്ള വിദഗ്‌ധർ ദിവസേന അവരുടെ വീടുകളിൽ നിന്നും പൊതു ജന സുരക്ഷക്കായി മാർഗനിർദേശങ്ങൾ, ബോധവൽക്കരണ സന്ദേശങ്ങൾ തുടങ്ങിയവ പോലീസിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കൂടെ പങ്കു വച്ചിരുന്നു. അതുപോലെ കമന്‍റുകളിലൂടെ ജനങ്ങൾ തങ്ങളുടെ ആശങ്കകളും അഭിപ്രായങ്ങളും പോലീസുമായി പങ്കിട്ടു.

കുട്ടികളുടെ സുരക്ഷ, ഭിക്ഷാടനത്തിന്‍റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ്, അഗ്നി സുരക്ഷ, സുരക്ഷിതമായ ഷോപ്പിംഗ്, കുടുംബ സ്ഥിരത എന്നിവയെക്കുറിച്ചുള്ള ഉപദേശങ്ങൾ, വ്യക്തികളുടെ സുരക്ഷ നിലനിർത്താനും അപകടങ്ങൾ ഒഴിവാക്കുന്നതിനായി ട്രാഫിക് സുരക്ഷ, കവലകളിൽ വേഗത കുറയ്ക്കൽ എന്നിവ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഈ സംരംഭത്തിലൂടെ ചർച്ച ചെയ്തു.

റിപ്പോർട്ട്: അനില്‍ സി. ഇടിക്കുള