വന്ദേഭാരത് മിഷൻ: ഒമാനിൽ നിന്നും മേയ് 28 മുതൽ ജൂൺ 7 വരെ 15 സർവീസുകൾ
Tuesday, May 26, 2020 12:05 PM IST
മസ്കറ്റ്: വന്ദേഭാരത് ദൗത്യത്തിന്‍റെ രണ്ടാം ഘട്ടത്തിന്‍റെ തുടർച്ചയായി ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യയും അനുബന്ധ കമ്പനിയായ എയർ ഇന്ത്യാ എക്സ്പ്രസും സലാലയിൽ നിന്നും മസ്കറ്റിൽ നിന്നുമായി 15 സർവീസുകൾ നടത്തും.

മേയ് 28 നു മുതൽ ജൂൺ 7 വരെയാണ് സർവീസുകൾ. സലാലയിൽ നിന്നും കണ്ണൂരിലേക്ക് മൂന്നും മസ്കറ്റിൽ നിന്ന് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് എഴും ജയ്‌പുർ, അഹമ്മദാബാദ്, ഭൂവനേശ്വർ, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഒരോ സർവീസുകളുമാണ് നടത്തുക.

ഈ വിമാനങ്ങളിൽ യാത്ര ചെയ്യുവാൻ അർഹതയുള്ളവരുടെ പട്ടിക ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ തയാറാകുന്നുണ്ട്. നിലവിൽ എംബസിയിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്ന ഗർഭിണികൾ, വയോധികർ, തുടർചികിൽസ ആവശ്യമുള്ളവർ, തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ തുടങ്ങി അടിയന്തര സ്വഭാവം കണക്കിലെടുത്ത് എംബസിയിൽ നിന്നും ഇ മെയിൽ വഴിയും നേരിട്ട് ഫോണിലും ബന്ധപ്പെടുമെന്ന് എംബസി അറിയിച്ചു.

പ്രവാസികളെ കൂടുതൽ വേഗത്തിൽ നാട്ടിലെത്തിക്കുന്നത് ലക്ഷ്യം വച്ചുകൊണ്ട് വിദേശ കാര്യ വകുപ്പിന്‍റെ അഭ്യർഥന പ്രകാരം കേന്ദ്ര സർക്കാർ ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികൾക്കും ചാർട്ടർ കമ്പനികൾക്കും സർവീസ് നടത്താൻ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഇതുപ്രകാരം ഈയാഴ്ച തന്നെ ഇൻഡിഗോ മസ്കറ്റിൽ നിന്നും പ്രത്യേക സർവീസുകൾ നടത്തും.

കോവിഡ് സുരക്ഷാ ലംഘനം 136 വിദേശികൾ അറസ്റ്റിൽ

കോവിഡ് വ്യാപനം തടയുന്നതുമായി രാജ്യത്ത് രൂപീകൃതമായ ഉന്നതാധികാര സമിതിയായ സുപ്രീം കമ്മിറ്റിയുടെ താക്കീതുകൾ ലംഘിച്ച് ഈദ്‌ ആഘോഷങ്ങൾ നടത്തിയ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികളെ ദാഖിലിയ ഗവർണറേറ്റിൽ നിന്നും മസ്‌കറ്റിലെ ഗാല, അൽഖൂദ് എന്നിവിടങ്ങളിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കുന്ന ഇവർക്ക് കുറഞ്ഞത് 100 ഒമാനി റിയാൽ (19600രൂപ) വീതവും പരിപാടി സംഘടിപ്പിച്ചവർ 1500 റിയാൽ (2,95000രൂപ) വീതവും പിഴ ഒടുക്കേണ്ടി വരും.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഒമാനിൽ കർശനമായ ആഘോഷ വിലക്കുകൾ ബന്ധപ്പെട്ടവർ നൽകിയിരുന്നു. മസ്ജിദുകളിൽ ആളുകൾ കൂടിയുള്ള നിസ്കാരമുൾപ്പെടെ നിരോധിച്ചിരുന്നു.
ഇന്നലെ ഈദ്‌ പ്രമാണിച്ച് അവധി ആയിരുന്നതു കൊണ്ട് ആരോഗ്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക കോവിഡ് ബുള്ളറ്റിൻ പുറത്തിറക്കിയില്ല. മരണസംഖ്യ 37 ൽ നിൽക്കുന്ന രാജ്യത്ത് ഞായറാഴ്ച ഏറ്റവും അധികം രോഗികളെ രജിസ്റ്റർ ചെയ്തു. ഇന്നലെ രജിസ്റ്റർ ചെയ്ത 519 കേസുകളിൽ 334 രോഗ ബാധിതരും വിദേശികളാണ്.

റിപ്പോർട്ട്: സേവ്യർ കാവാലം