കഴക്കൂട്ടത്ത് യുവതിയെ പീഡിപ്പിച്ച സംഭവം; പ്രതിയെ മധുരയിൽ നിന്ന് പിടികൂടി
Monday, October 20, 2025 1:28 AM IST
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവത്തില്‍ തമിഴ്നാട് സ്വദേശിയെ മധുരയിൽ നിന്ന് പിടികൂടി. ഇയാളെ കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
17ന് (വെള്ളിയാഴ്ച്ച) പുലര്‍ച്ചെ പരാതി ലഭിച്ചെന്നും പിറ്റേന്ന് (ശനിയാഴ്ച്ച) വൈകുന്നേരത്തോടെ തന്നെ പ്രതിയിലേക്ക് എത്താനുള്ള വിവരങ്ങള്‍ ലഭിച്ചെന്നും ഡിസിപിടി ഹറാഷ് വ്യക്തമാക്കി. മധുരയില്‍ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു.
ലോറി ഡ്രൈവറായ പ്രതി ജോലിക്കായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു എന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.വാഹനം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് ഇയാളിലേക്ക് പോലീസിനെ എത്തിച്ചത്.
പ്രതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്യും. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കഴക്കൂട്ടത്ത് നൈറ്റ് പട്രോളിങ് കൂടുതല്‍ ഊര്‍ജസ്വലമാക്കും. എല്ലാ ഹോസ്റ്റലുകള്‍ക്കും കൃത്യമായ രജിസ്റ്റര്‍ വേണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.' ഡിസിപി അറിയിച്ചു.
ഒക്ടോബര്‍ 17നായിരുന്നു ഐടി ജീവനക്കാരിയായ യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ച് കയറിയ പ്രതി പീഡിപ്പിച്ചത്. ഉറക്കത്തിലായിരുന്ന യുവതിയെ ഇയാള്‍ ആക്രമിക്കുകയായിരുന്നു.