ഫിറ്റ്നസ് സെന്ററിന്റെ മറവിൽ എംഡിഎംഎ വിൽപന; യുവാവ് പിടിയിൽ
Monday, October 20, 2025 12:46 AM IST
ആലപ്പുഴ: നൂറനാട്ട് ഫിറ്റ്നസ് സെന്ററിന്റെ മറവിൽ എംഡിഎംഎ വിൽപന നടത്തിയ യുവാവ് പിടിയിൽ. പാലമേൽ കൈലാസം വീട്ടിൽ അഖിൽ നാഥ് (31) എന്നയാളാണ് പിടിയിലായത്.
ഇയാളുടെ വീട്ടിൽ നിന്ന് 48 ഗ്രാം എംഡിഎംഎയുമായി പിടിച്ചെടുത്തു. നൂറനാട് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്.
നൂറനാട് പടനിലത്ത് ഫിറ്റ്നസ് സെന്റർ നടത്തുകയായിരുന്നു അഖിൽ നാഥ്. ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതി. ഫിറ്റ്നസിനായി രാസലഹരി ആവശ്യമാണെന്ന് വരുത്തിത്തീർത്താണ് യുവതീ യുവാക്കൾക്ക് ലഹരി വിൽപന നടത്തിയിരുന്നത്.
സ്ഥാപനത്തിൽ സ്ഥിരമായി എത്തിയിരുന്ന ചില യുവാക്കൾ മയക്കുമരുന്ന് ഉപയോഗിച്ച് നൂറനാട്ടുള്ള ലഹരിവിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ഇയാൾ ലഹരി ഉപയോഗത്തിനായി പ്രത്യേക പാർട്ടികളും നടത്തിയിരുന്നതായി പോലീസ് പറയുന്നു.
കേരളത്തിന് പുറത്തുനിന്നാണ് രാസലഹരി എത്തിച്ചിരുന്നത്. രണ്ടുമാസം മുൻപ് ഇയാളുടെ ഫിറ്റ്നസ് സെന്ററിലെ ട്രെയിനറായിരുന്ന കിരണിനെ ഇതേ സ്ക്വാഡ് പിടികൂടിയിരുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ 'ഓപ്പറേഷൻ ഡി-ഹട്ട്' ന്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് കിഴക്കൻ പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതിനെത്തുടർന്നായിരുന്നു വൻ ലഹരിവേട്ട. വർഷങ്ങളായി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന ഇയാൾ ആദ്യമായാണ് ലഹരി വസ്തുക്കളുമായി പിടിയിലാകുന്നത്.