കോവിഡ് പ്രതിരോധം അബുദാബി ശക്തമാക്കുന്നു. ചൊവ്വാഴ്ച മുതൽ കടുത്ത ഗതാഗത നിയന്ത്രണം
Monday, June 1, 2020 12:02 PM IST
അബുദാബി: കൊവിഡ് വ്യാപന പ്രതിരോധനടപടികൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായി അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. നാളെ മുതൽ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനും അബുദാബിയില്‍ നിന്ന് പുറത്തുപോകുന്നതിനും വിലക്കുണ്ട്. അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്റ എന്നീ മേഖലകളിൽ താമസിക്കുന്നവർ മറ്റു മേഖലകളിലേക്ക് പോകുന്നത് നിരോധിച്ചു .

അബുദാബി എമര്‍ജന്‍സീസ് ആന്റ് ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയും അബുദാബി പൊലീസും അബുദാബി ഹെല്‍ത്ത് സര്‍വീസസും സംയുക്തമായാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ജൂണ്‍ രണ്ട് ചൊവ്വാഴ്ച മുതല്‍ ഒരാഴ്ചത്തേക്കായിരിക്കും ഈ നിയന്ത്രണങ്ങളെന്ന് അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു. യുഎഇ പൗരന്മാരടക്കമുള്ള രാജ്യത്തെ എല്ലാ താമസക്കാര്‍ക്കും ഇത് ബാധകമാണ്.എന്നാല്‍ ആരോഗ്യമേഖലയടക്കം അത്യാവശ്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും പ്രത്യേക പാസുകള്‍ ഉള്ളവര്‍ക്കും യാത്രാ വിലക്കില്‍ ഇളവ് ലഭിക്കും. കൊവിഡിനെതിരായ ദേശീയ പരിശോധന പദ്ധതി കൂടുതല്‍ ഫലപ്രദമാക്കുന്നതിനായാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത് .ഇതിന്റെ ഭാഗമായി സൗജന്യ കോവിഡ് പരിശോധന ജനസാന്ദ്രതയേറിയ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിന് നടപടികൾ ആരംഭിച്ചു . താമസ കേന്ദ്രങ്ങളിൽ വൈറസ് വ്യാപനം തടഞ്ഞ് പൊതുജന ആരോഗ്യം ഉറപ്പാക്കുകയാണ് ലക്ഷ്യമാക്കുന്നത് . ജനസാന്ദ്രതയിൽ മുൻപിൽ നിൽക്കുന്ന മുസ്സഫയിൽ 3.35 ലക്ഷം പേരുടെ കോവിഡ് പരിശോധന പുരോഗമിക്കുകയാണെന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള